ഇന്‍ഫാക് പലിശക്കൊരു ബദല്‍

ഫൗസിയ ഷംസ് No image

പണമുള്ളവനും ഇല്ലാത്തവനും. സമൂഹം അനുഭവിക്കുന്ന തീക്ഷ്ണമായ രണ്ടു ജീവിതസാമൂഹ്യാവസ്ഥകളാണിത്. നീറിപ്പുകയുന്ന പല പ്രശ്‌നങ്ങളുടെയും മുഖ്യഹേതുവും ഈ സാമ്പത്തിക അസന്തുലിതാവസ്ഥ തന്നെ. ഏതൊരു വ്യവസ്ഥിതിക്കു കീഴിലും രാജ്യപുരോഗതിയും പൗരനന്മയും ബന്ധപ്പെട്ടു കിടക്കുന്നത് രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക നയതീരുമാനങ്ങളാണ്. രാജ്യത്തിന്റെ ക്ഷേമവും ഐശ്യര്യവും നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍, സുസ്ഥിര വികസന പദ്ധതികള്‍, എന്നിവയോടൊപ്പം സാമ്പത്തിക നയങ്ങള്‍ കൂടി സുപ്രധാന പരിഗണനയര്‍ഹിക്കുന്നു എന്നര്‍ഥം. സാമൂഹികമായ അസമത്വങ്ങളെ പോലെ തന്നെ പ്രധാനപ്പെട്ടവയാണ് സാമ്പത്തികമായ അസമത്വങ്ങളും.

ഈ ആഗോളീകരണകാലത്ത് പാവപ്പെട്ടവന്‍ കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവനാവുകയും പണക്കാരന്‍ കൂടുതല്‍ കൂടുതല്‍ പണക്കാരനാവുകയും ചെയ്യുന്ന അസന്തുലിത സാമൂഹിക ഘടന പ്രദാനം ചെയ്യുന്ന സാമ്പത്തിക ക്രമങ്ങളാണ് പല രാജ്യങ്ങളിലും നിലവിലുള്ളത്. പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയും വ്യവഹാരങ്ങളും രാഷ്ട്ര സമ്പദ് വ്യവസ്ഥനിയങ്ങളായി നിലനില്‍ക്കുന്നതാണ് പല രാജ്യങ്ങളുടെയും ആഭ്യന്തരരംഗം അസന്തുഷ്ടി നിറഞ്ഞതാകാനും അരാജകത്വത്തിലേക്ക് കൂപ്പുകുത്താനും കാരണം. സോഷ്യലിസ്റ്റ് സാമ്പത്തികനയങ്ങള്‍ അടിസ്ഥാനാശയമായി സ്വീകരിച്ച നമ്മുടെ നാട്ടിലും സാമ്പത്തിക അസമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഭീകരമാംവിധം വളര്‍ന്നിരിക്കുകയാണ്. മരിച്ച് മറമാടാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ ഇണയുടെയും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിന്റെയും ശവം തോളിലിട്ടു നടക്കേണ്ട ഗതികേടുള്ള രാജ്യത്തുതന്നെയാണ് കോടികള്‍ നികുതി വെട്ടിച്ചു നടക്കുന്ന മാന്യന്മാരായ സാമ്പത്തിക കുറ്റവാളികളുമുള്ളത്. വിദ്യാഭ്യാസവും തൊഴിലില്ലായ്മയും അതുമൂലമുള്ള പട്ടിണിയും ദാരിദ്ര്യവും മരണവുമെല്ലാം സാമ്പത്തിക അസമത്വത്തിന്റെ ഉപോല്‍പ്പന്നമാണ്. രാജ്യപുരോഗതിയെ പിന്നോട്ട് വലിക്കുന്നതിന്റെ നിര്‍ണായകഘടകം മറ്റേതൊന്നിനേക്കാളും സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെയാണ്. ഇത് പരിഹരിക്കപ്പെടണമെങ്കില്‍ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് ഓരോരുത്തരും എത്തിയേ തീരൂ. 

ലോകത്തെവിടെയും വിഭവങ്ങള്‍ ഇല്ലാത്തതല്ല. സന്തുലിത രീതിയില്‍ അതിന്റെ വിപണനവും അനുഭവിക്കാനുള്ള അര്‍ഹതയും ഇല്ലാതായിപ്പോകുന്നതാണ് ലോകജനത അനുഭവിക്കുന്ന ഏറ്റവു വലിയ ദുരന്തം. വിഭവങ്ങള്‍ ന്യൂനാല്‍ ന്യൂനപക്ഷത്തിന് അനുഭവിക്കാനും ആസ്വദിക്കാനും വിട്ടുകൊടുത്തുകൊണ്ട് വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന ഈ ചൂഷണ വ്യവസ്ഥിതി അവസാനിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കാളിത്തം വഹിക്കുന്ന സാമ്പത്തികമായ മുന്നേറ്റം കൂടിയേ തീരൂ. ഇവിടെയാണ് പലിശരഹിത സംവിധാനങ്ങളുടെ കൂട്ടായ്മകള്‍ക്ക് പ്രസക്തിയേറുന്നത്.

പണക്കാരനല്ലെങ്കിലും പണക്കാരന്‍ അനുഭവിക്കുന്നത് അനുഭവിക്കാനുള്ള ആഗ്രഹവും പൂതിയുമൊക്കെ പാവപ്പെട്ടവനും കാണും. വീടും തൊഴിലും നല്ല ഭക്ഷണവും വാഹനവും മക്കളുടെ കല്ല്യാണവുമൊക്കെ പാവപ്പെട്ടവന്റെയും ആശയും ആവശ്യവുമാണ്. അത് നിവര്‍ത്തിക്കാന്‍ സ്വന്തം കൈയില്‍ പണമില്ലെങ്കില്‍ പിന്നെ അവന്‍ നോക്കുന്നത് പണമിടപാടുരംഗമായ ബാങ്കുകളുടെ മേലെയാണ്. ആവശ്യമുള്ള പണമെടുത്ത് ആശകളെ നിവര്‍ത്തിച്ചവന്‍ കുടുംബത്തോടെ ആത്മഹത്യയിലഭയം തേടിയ വാര്‍ത്തകള്‍ നമ്മുടെ ദൃശ്യശ്രാവ്യ മാധ്യമവായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും പുതുമയല്ല. അത്രക്കാണ് കൊള്ളപ്പലിശകള്‍. വിഭവങ്ങളുടെ 85 ശതമാനവും 15 ശതമാനം വരുന്ന ചെറിയൊരു ന്യൂനപക്ഷം കൈയടക്കി വെച്ചിരിക്കുന്ന ലോകത്ത് ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്ക് സാമ്പത്തികസാമൂഹ്യ മുന്നേറ്റം കൂടിയേ തീരൂ. ഈ രംഗത്ത് സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും കൈയൊഴിയുകയോ പരാജയപ്പെടുകയോ ചെയ്യുന്നു.

ഇവിടെയാണ് അയല്‍കൂട്ട സംവിധാനങ്ങളും മൈക്രോഫിനാന്‍സ് പോലെയുള്ള സംവിധാനങ്ങളും ദുര്‍ബലവിഭാഗങ്ങളുടെയും സാമ്പത്തിക ഞെരുക്കമുള്ളവരുടെയും രക്ഷക്കെത്തുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ പിന്നോക്ക ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വിജയകരമായി നിര്‍വഹിച്ചു വരുന്ന സംവിധാനമാണിത്. സാധാരണക്കാരന്‍ സ്വരൂപിച്ചുകൂട്ടിയ സമ്പാദ്യങ്ങള്‍ നിക്ഷേപിക്കാനും അതില്‍നിന്നും യാതൊരുവിധ പലിശയുമില്ലാതെ വായ്പയെടുക്കാനും കഴിയുന്ന സംവിധാനം നമ്മുടെ ഗ്രാമീണമേഖലയുടെ സാമ്പത്തിക രക്ഷാകവചമാണ്. ദരിദ്ര ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ലഭിക്കുന്നതിനും അവരുടെ സാമൂഹ്യ ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അയല്‍കൂട്ട സംവിധാനങ്ങളും മൈക്രോഫിനാന്‍സും വലിയ സഹായമാകുന്നുണ്ട്. പലരാജ്യങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വത്തിന് വഴിയൊരുക്കിയ സംവിധാനമാണിത്. ഇത്തരം ഒരു മുന്നേറ്റമാണ് ഇന്‍ഫാക് നടത്തിക്കൊണ്ടിരിക്കുന്നത്. പലിശക്കെതിരെ അയല്‍പക്ക കൂട്ടായ്മ എന്ന മുദ്രാവാക്യവുമായി പലിശ രഹിത ചൂഷണവിമുക്ത സാമ്പത്തിക ക്രമത്തിന് വേണ്ടിയുള്ള ഈ സംവിധാനം കേരളത്തില്‍ അഭിന്ദനാര്‍ഹമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഭദ്രമായ സാമ്പത്തിക മുന്നറ്റത്തിന് പുതിയൊരുണര്‍വാണ് ഇന്‍ഫാക് നല്‍കിയിരിക്കുന്നത്. അയല്‍കൂട്ട സംഘാടനത്തിലും മൈക്രോഫിനാന്‍സ് പദ്ധതികളിലും ചൂഷണ മുക്ത മുദ്രാവാക്യവുമായി പലിശരഹിത മൈക്രോഫിനാന്‍സ് സംവിധാനവുമായി സാമൂഹ്യ പുരോഗതിയില്‍ കേരളക്കരയില്‍ പുതിയൊരു അധ്യായം രചിക്കുകയാണ് സംഗമം അയല്‍കൂട്ടങ്ങള്‍ വഴി ഇന്‍ഫെക്. മറ്റു അയല്‍കൂട്ട സംവിധാനങ്ങളില്‍ നിന്നും വിഭിന്നമായി പലിശരഹിത അയല്‍കൂട്ടായ്മ എന്ന ആശയം തന്നെയാണ് ഇന്‍ഫാകിന്റെ പുരോഗതിയുടെ അടിസ്ഥാന ഘടകം. പലിശക്കെതിരായ പ്രായോഗിക ബദല്‍, സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്തല്‍, ദുര്‍വ്യയത്തിനെതിരെ ജാഗ്രത, സ്വാശ്രയത്വ ബോധം, ആത്മാഭിമാനം, സ്ത്രീശാക്തീകരണം, നേതൃശേഷി വര്‍ധിപ്പിക്കല്‍, പരസ്പര സഹകരണം, സേവന സന്നദ്ധത, സമൂഹത്തില്‍ കൃത്യനിഷ്ഠ, വിശ്വാസ്യത, വാഗ്ദത്ത പാലനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ വ്യക്തിഗതവും സാമൂഹ്യവുമായ ഒരായിരം നന്മകളെ വിളക്കിചേര്‍ത്താണ് ഇന്‍ഫാകിനു കീഴില്‍ സംഗമം അയല്‍കൂട്ടങ്ങള്‍ പ്രയാണം തുടരുന്നത്.

അയല്‍കൂട്ടങ്ങളിലൂടെ സ്ത്രീകളുടെ കര്‍മശേഷിയും പൊതുപങ്കാളിത്തവും ഉപയോഗപ്പെടുത്തി ക്രിയാത്മകമായ  സാമൂഹ്യ മുന്നേറ്റത്തിനാണ് ഇന്‍ഫാകിലൂടെ കേരളം സാക്ഷ്യം വഹിക്കുന്നത്.

സര്‍ക്കാര്‍ തലത്തിലും മതസാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് അയല്‍കൂട്ടങ്ങള്‍ കേരളീയ പുരോഗതിയില്‍ തെളിമയാര്‍ന്ന പങ്കാളിത്തം വഹിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളായി സ്തുത്യര്‍ഹ സേവനമാണ് നിര്‍വഹിക്കുന്നത്.് സാമ്പത്തിക രംഗത്ത് ചൂഷണ മുക്തമായ പ്രായോഗിക ബദല്‍ രീതികള്‍ കേരളത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2012ല്‍ രൂപീകൃതമായ സന്നദ്ധ സംഘടനയാണ് സംഗമം ഇന്‍ഫാക് സസ്റ്റയിനബിള്‍ സൊസൈറ്റി. ജാതിമത ഭേതമന്യേ സാമൂഹ്യ പുരോഗതിയില്‍ തോളോട് തോള്‍ ചേര്‍ന്ന് കൈകോര്‍ത്ത് ഒറ്റ മനസ്സോടെ മുന്നേറുന്നതിനുള്ള വലിയ പരിശ്രമമാണ് സംഗമം അയല്‍കൂട്ടങ്ങള്‍. 

വട്ടിപ്പലിശകളും കഴുത്തറുപ്പന്‍ ബാങ്ക് പലിശയും സാധാരണക്കാരനെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടി രിക്കുന്ന ഇക്കാലത്ത് അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പലിശരഹിതമായ വായ്പ സംവിധാനങ്ങളാണ് സംഗമം അയല്‍കൂട്ടത്തിലൂടെ സാധ്യമാക്കുന്നത്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളില്‍ അയല്‍കൂട്ട രൂപീകരണം, പലിശരഹിത മൈക്രോഫിനാന്‍സ് സംവിധാനത്തിന്റെ ആശയരൂപീകരണവും പ്രചാരണവും, അയല്‍കൂട്ടങ്ങള്‍ക്കും മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും ഓഡിറ്റിങ്ങും, അയല്‍കൂട്ടങ്ങളുമായും മൈക്രോഫിനാന്‍സുമായും ബന്ധപ്പെട്ട ഗവേഷണങ്ങള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയാണ് ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങള്‍. 

ഓരോ പ്രദേശത്തെയും വികസനത്തിന്റെയും പുരോഗതിയുടെയും അവകാശി കളായ അടിസ്ഥാന ജനവിഭാഗത്തെ കൂട്ടിയോജിപ്പിച്ച് പഞ്ചായത്ത് തലങ്ങളില്‍ പ്രാദേശിക സന്നദ്ധ സംഘടനകള്‍ രൂപീകരിച്ചുണ്ടാണ് ഇന്‍ഫാക് മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം സന്നദ്ധ സംഘടനകളാണ്  ഇന്‍ഫാകിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രാദേശിക സന്നദ്ധ സംഘടനയും അവര്‍ക്ക് കീഴില്‍ സാധ്യമാവുന്ന പ്രദേശങ്ങളില്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്നു. ഓരോ അയല്‍കൂട്ടത്തിലും പരമാവധി 20 അംഗങ്ങളാണ് ഉള്‍പ്പെടുക.

ജാതിമതഭേദമന്യേ അയല്‍കൂട്ട പരിധിയിലെ ആര്‍ക്കും അയല്‍കൂട്ടങ്ങളില്‍ അംഗത്വമെടുക്കാവുന്നതാണ്. ഓരോ അംഗത്തിനും അവരുടെ നിക്ഷേപത്തിന നുസൃതമായ പലിശ രഹിത വായ്പ ലഭിക്കുന്നു എന്നതാണ് ഇന്‍ഫാകിന്റെ നയം. സുശക്തമായ അയല്‍കൂട്ട സംവിധാനവും മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതിന് നിരന്തരമായ പരിശീലകളും പ്രോത്സാഹനവുമാണ് ഇന്‍ഫാക് നല്‍കുന്നത്. 

ഏതൊരു സമൂഹത്തിന്റെയും അഭിവൃദ്ധിസാധ്യമാകുന്നത് അവിടങ്ങളിലെ സ്ത്രീകളുടെ ക്ഷേമൈശ്വര്യങ്ങളെ മുന്‍നിര്‍ത്തിയാണ്. സാമൂഹിക പങ്കാളിത്തവും ക്രിയാശേഷിയെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക വഴി സ്ത്രീകള്‍ രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ കൂടുതല്‍ ഭാഗമാവുകയാണ്. സാമ്പത്തിക സമ്പാദനം സ്ത്രീകളെ ശാക്തീകരണത്തിന്റെ പുതിയ മാനങ്ങളിലേക്ക് എത്തിക്കുകയാണ്. വലിയ വലിയ അക്കാദമിക ബിരുദങ്ങള്‍ തന്നെ വേണമെന്നില്ല കുടുംബത്തെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ എന്ന് ഒരുപറ്റം സ്ത്രീകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം അയല്‍ക്കൂട്ട സംവിധാനങ്ങളിലെ സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ടാണ്. വീടിന്റെ ചുറ്റുവട്ടത്തിരുന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചത് അവര്‍ ഇത്തരം മൈക്രോഫിനാന്‍സ് സംവിധാനങ്ങളുടെ ബലത്തിലാണ്.  

ഓരോ പ്രദേശത്തെയും അടുത്തടുത്ത വീടുകളിലെ 20 സ്ത്രീകള്‍ ചേര്‍ന്നതാണ് ഒരു അയല്‍കൂട്ടം. ഓരോ അയകൂട്ട അംഗവും ഓരോ ആഴ്ചയിലും അവരുടെ നീക്കിയിരുപ്പ് അയല്‍കൂട്ടങ്ങളില്‍ നിക്ഷേപിച്ച് അത് പലിശരഹിത ലോണായും നിക്ഷേപമായും സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലൂടെ സാമൂഹ്യ സഹവര്‍ത്തിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മികച്ച മാതൃകയാണ് ഇന്‍ഫാകിലൂടെ നിര്‍വഹിക്കപ്പെടുന്നത്. കേരളത്തില്‍ എല്ലാ ജില്ലകളിലും അയല്‍കൂട്ടങ്ങളും പ്രാദേശിക സന്നദ്ധ സംഘടനകളും  രൂപീകരിച്ച് എന്‍.ജി.ഒ മോഡല്‍ മൈക്രോഫിനാന്‍സിലൂടെ സാധാരണക്കാരന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതില്‍ ഇന്‍ഫാക് വിജയിച്ചിരിക്കുന്നു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരെന്നു കരുതുന്ന സ്ത്രീസമൂഹത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലൂടെ സാമൂഹ്യ സേവന മേഖലയില്‍ ചൂഷണ രഹിതമായ മൈക്രോഫിനാന്‍സ് സംവിധാനത്തെ പ്രൊമോട്ട് ചെയ്യാന്‍ ഇന്‍ഫാ കിനു സാധിച്ചിട്ടുണ്ട്. 

2012-ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും 2015 ജനുവരി 31-ന്  ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്ത ഇന്‍ഫാകിന്റെ ചെയര്‍മാന്‍ ടി.കെ. ഹുസൈനാണ്. 2017 നവംബറില്‍ 107 പ്രാദേശിക സന്നദ്ധ സംഘടനകളും 1312 അയല്‍കൂട്ടങ്ങളും ഇരുപത്തി ആറായിരത്തിലധികം അംഗങ്ങളുമുണ്ട്.

ഭവനനിര്‍മാണം, വിദ്യാഭ്യാസ ആവശ്യം, ചികിത്സ, സ്വയംതൊഴില്‍, കുടിവെള്ളം, വിവാഹം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തണലേകാന്‍ ഇന്‍ഫാകിനു സാധിച്ചിട്ടുണ്ട്. 

ചൂഷണ രഹിതമായ പുതിയൊരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്‍ഫാകിന്റെ പുതിയ ചുവടുവെപ്പുകള്‍ വലിയ മുതല്‍കൂട്ടാവുമെന്നു നമുക്ക് പ്രത്യാശിക്കാം. വ്യവസ്ഥാപിത ബാങ്കിംഗ് സംവിധാനങ്ങള്‍ സമ്പന്നരുടെയും മറ്റും സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് മുന്‍ഗ ണന നല്‍കുന്നത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ബാങ്കിംഗ് സംവിധാനം അന്യമാവുന്ന കാലത്ത്, അവര്‍ക്ക് അത്താണി യാവേണ്ട കോപറേറ്റീവ് ബാങ്കുകളും മൈക്രോ ഫിനാന്‍സ് സംരംഭങ്ങളും വരെ കഴുത്തറുപ്പന്‍ പലിശക്കെണിയില്‍ പെടുത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. ജനകീയവും പലിശരഹിത വുമായ പദ്ധതികളിലൂടെ സാമൂഹ്യ വികസന ത്തിന് മാറ്റ് കൂട്ടുകയാണ് സംഗമം അയല്‍കൂട്ടങ്ങള്‍ വഴി ഇന്‍ഫാക്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top