ദേശസ്‌നേഹവും ദേശദ്രോഹവും വീക്ഷണങ്ങളിലെ വ്യത്യാസം

ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ No image

നിരപരാധികളായ ജനങ്ങളെ തടവിലിടാനും ക്രൂരമായി പീഡിപ്പിക്കാനും വഴിയൊരുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന മണിപ്പൂരിലെ ഇറോം ശര്‍മിള ഭരണകൂടത്തിന്റെ ഭാഷയില്‍ അപകടകാരിയായ രാജ്യദ്രോഹിയാണ്‌. എന്നാല്‍ രാജ്യത്തെ സാധാരണക്കാരുടെയും അവരോടൊപ്പം നില്‍ക്കുന്നവരുടെയും ഭാഷയില്‍ അവര്‍ മനുഷ്യസ്‌നേഹിയായ വിപ്ലവകാരിയും ദേശഭക്തയായ ധീരപോരാളിയുമാണ്‌. പാവപ്പെട്ടവരോടൊപ്പം നില്‍ക്കുകയും ദരിദ്രരായ രോഗികളെ കാരുണ്യത്തോടെ കാണുകയും ചെയ്യുന്ന ബിനായക്‌ സെന്നും ഭരണകൂട ഭാഷയില്‍ ദേശശത്രുവാണ്‌. എന്നാല്‍ പൊതുജനം അദ്ദേഹത്തെ വലിയ മനുഷ്യസ്‌നേഹിയും രാജ്യസ്‌നേഹിയുമായാണ്‌ കാണുന്നത്‌.അതുകൊണ്ട്‌ തന്നെ ജനങ്ങളുടെ ഭാഷയും ഭരണകൂടത്തിന്റെ ഭാഷയും പലപ്പോഴും പരസ്‌പര വിരുദ്ധമായിരിക്കും.
രാജ്യസ്‌നേഹത്തേയും രാജ്യദ്രോഹത്തെയും സംബന്ധിച്ച്‌ സദാ സംസാരിക്കുകയും അവക്ക്‌ ഔദ്യോഗിക ഭാഷ നല്‍കുകയും ചെയ്യുന്നവരാണ്‌ യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന്‌ കാര്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവര്‍ ഉറച്ച്‌ വിശ്വസിക്കുന്നു. അവരാണ്‌ അഴിമതിയിലൂടെ രാജ്യത്തിന്റെ കോടികള്‍ കവര്‍ന്നെടുക്കുന്നത്‌. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കയ്യേറ്റം നടത്തുന്നത്‌.നിരപരാധികളായ പൗരന്മാരെ പീഡിപ്പിക്കുന്നത്‌. കാരാഗൃഹത്തില്‍ അടക്കപ്പെടേണ്ട പെരും കള്ളന്മാരാണ്‌ പലപ്പോഴും രാജ്യസ്‌നേഹത്തിന്റെ ആള്‍ക്കാരായി രംഗത്ത്‌ വരാറുള്ളത്‌.
ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ഭഗത്‌സിംഗ്‌ കടുത്ത രാജ്യദ്രോഹിയും അത്യന്തം അപകടകാരിയുമായിരുന്നു. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹം 24-ാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വീര വിപ്ലവകാരിയാണ്‌. ഇപ്രകാരം തന്നെ പല നാടുകളിലെയും വിമോചന പോരാളികള്‍ വിജയം വരിക്കുന്നതുവരെ വിഘടനവാദികളും ദേശവിരുദ്ധരുമായിരിക്കും. സമരം വിജയിച്ചാല്‍ സ്വാതന്ത്ര്യ പോരാളികളായി വാഴ്‌ത്തപ്പെടുകയും ചെയ്യും.
അടിയന്തരാവസ്ഥ രാജ്യത്തെ എല്ലാറ്റിനെയും തകിടം മറിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ മഹത്‌കൃത്യങ്ങളായി വാഴ്‌ത്തപ്പെട്ടു. സ്വാതന്ത്ര്യ നിഷേധം ദേശസ്‌നേഹമായി കണക്കാക്കപ്പെട്ടു. നിരപരാധരുടെ നേരെയുള്ള കൊടിയ പീഡനങ്ങള്‍ രാജ്യരക്ഷക്കായുള്ള വീരകൃത്യങ്ങളായി വിശേഷിപ്പിക്കപ്പെട്ടു. മൗലികാവകാശങ്ങളുടെ നിഷേധം ദേശസുരക്ഷക്ക്‌ അനിവാര്യമാണെന്ന്‌ വിശദീകരിക്കപ്പെട്ടു. കൊള്ളക്കും കൊലക്കും ഉള്‍പ്പെടെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും ദേശസ്‌നേഹത്തിന്റെയും രാജ്യസുരക്ഷയുടെയും പരിവേഷമണിയിക്കപ്പെട്ടു. അന്ന്‌ വയനാടന്‍ കാട്ടില്‍ കൊല്ലപ്പെട്ട വര്‍ഗീസ്‌ വലിയ രാജ്യദ്രോഹിയായിരുന്നു. അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ നേതൃത്വം നല്‍കിയ ലക്ഷ്‌മണ മഹാനായ രാജ്യസ്‌നേഹിയും. എന്നാല്‍ ഇപ്പോള്‍ അയാള്‍ ക്രൂരനായ കൊലയാളിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. പൂജപ്പുര ജയിലില്‍ അഴികള്‍ എണ്ണിക്കഴിയുകയാണ്‌. അന്ന്‌ ക്രൂരമായി കൊല്ലപ്പെട്ട എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥി രാജന്‍ അപകടകാരിയായ ദേശവിരുദ്ധനായിരുന്നു. ഇന്നോ, ചെറുപ്രായത്തില്‍ രക്തസാക്ഷിയായ നിരപരാധിയും. എങ്കിലും രാജന്റെ കൊലയാളികള്‍ പിടികൂടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. അവന്റെ അച്ഛന്‍ ഈച്ഛരവാര്യര്‍ പുത്രവിയോഗത്തിന്റെ വേദനകള്‍ സഹിച്ച്‌ ജീവിതാന്ത്യം വരെ കഴിയേണ്ടിവന്നു. അല്ലെങ്കിലും അതങ്ങനെ തന്നെയാണ്‌. ഭൂമിയില്‍ വെച്ച്‌ നീതി പൂര്‍ണമായും പുലരുകയാണെങ്കില്‍ പിന്നെ പരലോകത്തിന്റെ ആവശ്യവും പ്രസക്തിയും ഇല്ലല്ലോ. എന്നാല്‍ ആരെത്ര വിചാരിച്ചാലും ഭൂമിയില്‍ കണിശമായ നീതി നടപ്പാക്കുക സാധ്യമല്ല. ലക്ഷമണയെ ജയിലിലടച്ചത്‌ കൊണ്ട്‌ വര്‍ഗീസിന്റെ ജീവന്‍ തിരിച്ചുകിട്ടുകയില്ല. രാജന്റെ കൊലയാളികള്‍ പിടികൂടപ്പെട്ടാലും ഈച്ഛരവാര്യരുടെ ദുഃഖത്തിന്‌ പരിഹാരമാവുകയില്ല. കുറ്റങ്ങള്‍ക്ക്‌ ശിക്ഷ നടപ്പാക്കുന്നത്‌ ഭൂമിയില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്താനാണ്‌, കണിശവും കൃത്യവുമായ നീതി അതിലൂടെ പുലരുമെന്ന്‌ പ്രതീക്ഷിച്ചല്ല. `നിങ്ങള്‍ക്ക്‌ പ്രതിക്രിയയില്‍ ജീവിതമുണ്ടെന്ന്‌' ഖുര്‍ആന്‍ പറഞ്ഞത്‌ അതിനാലാണ്‌.
അരുണോദയത്തെ ഗര്‍ഭം ധരിക്കാതെ അര്‍ദ്ധരാത്രി കടന്നു വരാറില്ല. എല്ലാ പാതിരാവുകള്‍ക്കുശേഷവും അനിവാര്യമായും പ്രഭാതമുണ്ടാവും. അടിയന്തരാവസ്ഥയുടെ സ്ഥിതിയും അതുതന്നെ. 21 മാസം അത്‌ രാജ്യത്തെ കൂരിരുളിലാഴ്‌ത്തി. സ്വാതന്ത്ര്യം കവര്‍ന്നെടുത്തു. അടിമത്വത്തിന്‌ വിധേയമാക്കി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. അതിനാല്‍ സര്‍ക്കാര്‍ ഭാഷ്യം മാത്രമേ പുറത്ത്‌ വന്നുള്ളൂ. ലോക ഇസ്‌ലാമിക ചലനങ്ങളും വാര്‍ത്തകളും മാത്രമല്ല ഇന്ത്യയിലെ പല സംഭവങ്ങളും അറിയാന്‍ ആശ്രയിച്ചിരുന്നത്‌ കുവൈത്തില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന `അല്‍ മുജ്‌തമഇ'നെയും ഈജിപ്‌തിലെ `അദ്ദഅ്‌വാ'യെയും ലണ്ടനില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന `ഇംപാക്‌റ്റി'നെയുമായിരുന്നു. അമ്മാനിലെ കമാലുശ്ശരീഫ്‌ അയച്ചു തന്നിരുന്ന `അദ്ദസ്‌തൂറും' നല്ല അവലംഭമായിരുന്നു.അല്‍ മുജ്‌തമഇന്റെ ഒരു ലക്കം പുറത്തിറങ്ങിയത്‌ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയേയും അതിനെ നിരോധിച്ചതിനേയും സംബന്ധിച്ച വിശദമായ ലേഖനങ്ങളോടെയായിരുന്നു. അതിന്റെ കവര്‍ ചിത്രം ജയിലില്‍ കഴിയുന്ന അഖിലേന്ത്യ അമീര്‍ മുഹമ്മദ്‌ യൂസുഫ്‌ സാഹിബിന്റെതായിരുന്നു. വിദേശത്ത്‌ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളെ അവലംബിച്ച്‌ അക്കാലത്ത്‌ ചന്ദ്രിക ദിനപത്രത്തില്‍ ധാരാളം ലേഖനങ്ങളെഴുതി. ലോക ഇസ്‌ലാമിക ചലനങ്ങള്‍ മലയാള വായനക്കാരെ അറിയിക്കാനുള്ള മാര്‍ഗമായി ഉപയോഗിച്ചത്‌ പ്രസ്‌തുത ലേഖനങ്ങളായിരുന്നു. ആഴ്‌ചയില്‍ രണ്ടുമൂന്ന്‌ ലേഖനങ്ങള്‍ ചന്ദ്രികയില്‍ എഴുതിയ കാലമായിരുന്നു അത്‌.
അടിയന്തരാവസ്ഥ കാലത്ത്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനം നടത്താന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചു. മഞ്ചേരിയില്‍ നടന്ന എം.ഇ.എസിന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ബുക്ക്‌ സ്റ്റാള്‍ ഉള്‍പ്പെടെ ഒട്ടെറെ പരിപാടികള്‍ സംഘടിപ്പിച്ചു. എം.പി.എം അബ്ദുറഹ്‌മാന്‍ കുരിക്കളാണ്‌ അന്ന്‌ അതിന്‌ നേതൃത്വം നല്‍കിയത്‌.
ശഹീദ്‌ സയ്യിദ്‌ ഖുത്തുബിന്റെ `മതം പ്രായോഗിക ജീവിതത്തില്‍', `ഇസ്‌ലാം നാളെയുടെ മതം' (അല്‍ മുസ്‌തഖ്‌ബിലു ലി ഹാദദ്ദീന്‍) എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചതും അടിയന്തരാവസ്ഥ കാലത്താണ്‌. 1976 മെയ്‌ 27ന്‌ മതം പ്രായോഗിക ജീവിതത്തിലും സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ `മുസ്‌ലിം വിദ്യാര്‍ത്ഥികളും ഇസ്‌ലാമിക നവോത്ഥാനവും' 1976 ഒക്‌ടോബര്‍ എട്ടിനും, `ഇസ്‌ലാം നാളെയുടെ മതം' 1977 മാര്‍ച്ച്‌ എട്ടിനും പുറത്തിറക്കി. അക്കാലത്ത്‌ ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ച പ്രധാനകൃതികള്‍ക്കെല്ലാം ടി.പി കുട്ട്യാമു സാഹിബ്‌ ലീഗ്‌ ടൈംസില്‍ നിരൂപണങ്ങളെഴുതുകയുണ്ടായി. അസാധാരണമാം വിധം സഹൃദയനും സമുദായ സ്‌നേഹിയുമായ കുട്ട്യാമു സാഹിബ്‌ അവയിലൂടെ വമ്പിച്ച പ്രോത്സാഹനവും പ്രേരണയുമാണ്‌ നല്‍കിക്കൊണ്ടിരുന്നത്‌. ഞാന്‍ ഗുരുവര്യനെപ്പോലെയാണ്‌ അദ്ദേഹത്തെ കണക്കാക്കിയിരുന്നതെങ്കിലും അദ്ദേഹം എന്നോട്‌ ഉറ്റ സുഹൃത്തിനെപോലെയാണ്‌ പെരുമാറിയിരുന്നത്‌. മരണാനന്തരം അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ എന്റെ `ദൈവം മതം വേദം സ്‌നേഹസംവാദം' എന്ന പുസ്‌തകം തെരെഞ്ഞെടുക്കപ്പെട്ടപ്പോഴും തലശ്ശേരിയില്‍ വെച്ച്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോഴും അതിയായ സന്തോഷം തോന്നി. കേരളം കണ്ട വളരെ വലിയ ഒരു വിശുദ്ധ വ്യക്തിത്വത്തിന്റെ പേരിലുള്ളതാണല്ലോ അവാര്‍ഡ്‌ എന്നതാണ്‌ എന്നെ ആഹ്ലാദിപ്പിച്ചത്‌.
ഞാന്‍ ഏറെ സ്‌നേഹിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്‌ത എടവണ്ണ എ. അലവി മൗലവിയുടെ ദേഹവിയോഗമുണ്ടായതും അടിയന്തരാവസ്ഥക്കാലത്താണ്‌. 1976 മെയ്‌ 20ന്‌. ഖുര്‍ആന്‍ പരിഭാഷകന്‍ കൂടിയായ അദ്ദേഹം ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധജ്ഞാനമുള്ള വിശുദ്ധ ജീവിതം നയിച്ച സാത്വികനായിരുന്നു. അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അലവി മൗലവി നടത്തിയ സമരം മഹത്തരവും വിജയകരവുമായിരുന്നു. പ്രമുഖ പണ്‌ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ അബ്ദുസ്സലാം സുല്ലമി അദ്ദേഹത്തിന്റെ മകനും എ. ജമീല എടവണ്ണ മകളുമാണ്‌.
തൃശ്ശൂരിലെ പ്രൊഫസര്‍ സയ്യിദ്‌ മുഹയുദ്ദീന്‍ ഷാ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി ഇസ്‌ലാം ദര്‍ശനം എന്ന ബൃഹദ്‌ ഗ്രന്ഥം തയ്യാറാക്കിക്കൊണ്ടിരുന്നത്‌ അക്കാലത്താണ്‌. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഏതാനും ദിവസം തൃശൂരില്‍ താമസിച്ച്‌ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും മറ്റു ജോലികള്‍ കാരണം, ഇസ്‌ലാം ദര്‍ശനം രചനയില്‍ കാര്യമായ പങ്കുവഹിക്കാന്‍ സാധിച്ചില്ല.
അടിയന്തരാവസ്ഥക്ക്‌ അറുതി
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ എന്തായാലും വിജയിക്കുമെന്ന ധാരണയാണ്‌ രഹസ്യാന്വേഷണ വിഭാഗം ഇന്ദിരാഗാന്ധിയിലുണ്ടാക്കിയത്‌. അവരുടെ ഇഷ്ടത്തിനെതിരായി ആര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യമാണല്ലോ അന്നുണ്ടായിരുന്നത്‌.അവരെ സുഖിപ്പിക്കുന്ന റിപ്പോര്‍ട്ടാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌. അങ്ങനെ 1977 മാര്‍ച്ച്‌ 19ന്‌ പൊതുതെര്‌ഞെടുപ്പ്‌ പ്രഖ്യാപിച്ചു. അതോടെ അന്തരീക്ഷം പൂര്‍ണമായി മാറി. ശ്വസിക്കാന്‍ സ്വാതന്ത്യത്തിന്റെ ശുദ്ധവായു ലഭിച്ചുതുടങ്ങി. ജമാഅത്ത്‌ പ്രവര്‍ത്തകര്‍ ഈ അവസരം പൂര്‍ണമായി ഉപയോഗപ്പെടുത്തി. രാജ്യത്തെ അടിമത്തത്തിലേക്ക്‌ തള്ളിവിടുകയും മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും സംഘടനയെ നിരോധിക്കുകയും ചെയ്‌തവര്‍ക്കെതിരെ ശക്തമായി തന്നെ നിലകൊണ്ടു. ജീവിതത്തില്‍ ആദ്യമായി സമ്മതിദനാവകാശം വിനിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ശൂറയിലെ പ്രമുഖ നേതാക്കളെല്ലാം ജയിലിലായിരുന്നതിനാല്‍ യോഗം ചേര്‍ന്ന്‌ കൂടിയാലോചിക്കാനും തീരുമാനമെടുക്കാനും സാധിച്ചില്ല. അതിനാല്‍ സംഘടനയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധിച്ചില്ല. എങ്കിലും പ്രവര്‍ത്തകര്‍ക്കെല്ലാം അടിയന്തരാവസ്ഥക്ക്‌ അറുതിവരുത്താന്‍ ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിക്കാന്‍ നേതാക്കള്‍ അനുവാദം നല്‍കി.
1977 മാര്‍ച്ച്‌ 6ന്‌ മദ്രാസിലെ ഡോക്ടര്‍ ഹബീബ്‌ മുഹമ്മദിന്റെ വസതിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ യോഗം കഴിഞ്ഞ്‌ മടങ്ങി വരവെ ഈ ലേഖകനും ഉസ്‌മാന്‍ തറുവായിയും പി.കോയാ സാഹിബും ഇലക്ഷനില്‍ എന്തു നിലപാട്‌ സ്വീകരിക്കണമെന്ന്‌ ആലോചിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്‌തു. അടിയന്തരാവസ്ഥ നടപ്പിലാക്കിയവര്‍ക്കെതിരെ സാധ്യമായതൊക്കെ ചെയ്യണമെന്നായിരുന്നു തീരുമാനം. ഒരു ലഘുലേഖ തയ്യാറാക്കുവാനും കഴിയുന്നത്ര കോപ്പികള്‍ വോട്ടര്‍മാരുടെ കൈകളില്‍ എത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പ്രതിപക്ഷ കക്ഷികളെ സഹായിക്കാന്‍ ആഹ്വാനം ചെയ്യുന്നതും അടിയന്തരാവസ്ഥയിലെ കൊടിയ ക്രൂരതകള്‍ വിവരിക്കുന്നതുമായ ലഘുലേഖ തയ്യാറാക്കി വ്യാപകമായി വിതരണം നടത്തി. ദേശാഭിമാനി ദിനപത്രം പ്രസ്‌തുത ലഘുലേഖ പുന:പ്രകാശനം ചെയ്‌തു.
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണി നൂറ്റിപ്പതിനൊന്ന്‌ സീറ്റു നേടി വമ്പിച്ച വിജയം നേടിയെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം അടിയന്തരാവസ്ഥയുടെ ആള്‍ക്കാര്‍ ഗണ്യമായ പരാജയം ഏറ്റുവാങ്ങി. ഇന്ദിരാ ഗാന്ധിയും സജ്ഞയ്‌ ഗാന്ധിയും ശുക്ലയും ഗോഖലെയുമുള്‍പ്പെടെ പ്രമുഖന്മാരെല്ലാം തറപറ്റി. അങ്ങനെ ഇരുപത്തി ഒന്നുമാസം ഇരുളിലാഴ്‌ത്തി കൊടിയ മര്‍ദ്ദനങ്ങള്‍ കാണിച്ചവരെ ജനങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച ആദ്യ അവസരം മുതലാക്കി പാഠം പഠിപ്പിച്ചു. അടിമത്തം അന്തസ്സായി കാണുകയും അടിയന്തരാവസ്ഥയുടെ ആള്‍ക്കാരെ അനുകൂലിക്കുകയും ചെയ്‌ത കേരളീയ ജനത ചരിത്രത്തിലെ ഏറ്റവും വലിയ അബന്ധം ചെയ്യുകയായിരുന്നു. അതുവഴി ചരിത്രത്തിലെ പരിഹാരമില്ലാത്ത കളങ്കം ഏറ്റുവാങ്ങുകയും ചെയ്‌തു. രാജ്യത്തുണ്ടായ രണ്ടാം സ്വാതന്ത്യസമരത്തില്‍ പ്രതിലോമപരമായ നിലപാട്‌ സ്വീകരിച്ച കേരളീയര്‍ സാക്ഷരതയും സ്വാതന്ത്ര്യബോധവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ തെളിയിക്കുകയായിരുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top