ആര്‍ഭാടഭ്രമം മുസ്‌ലിം സ്ത്രീകളില്‍

പ്രൊഫ. മുഹമ്മദ് ഹസന്‍ No image

(ഓര്‍മത്താളില്‍നിന്ന്‌)

ഭൗതിക ജീവിതഭ്രമം അശേഷം പാടില്ലെന്ന് അനുശാസിക്കുന്ന മതമാണ് ഇസ്‌ലാം. നശ്വരമായ ഈ ഭൗതിക ജീവിതം അനശ്വരമായ പാരത്രിക ജീവിത വിജയത്തിന് വേണ്ടി വിനിയോഗിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ശാശ്വതലോകത്തേക്കുള്ള യാത്രക്കിടയിലെ ഒരു വിശ്രമകേന്ദ്രമായിട്ടാണ് ഇഹലോകജീവിതത്തെ ഇസ്‌ലാം ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ പാരത്രിക ലോകത്തേക്കുള്ള കൃഷിയിടമായിട്ട്.

ഭൗതിക ലോകത്തെ ഹ്രസ്വമായ ജീവിതത്തെ നിസ്സാരമായിക്കണ്ടവരാണ് പ്രവാചകന്മാരും യഥാര്‍ഥ അനുചരരും. അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും സാമ്പത്തിക ശേഷിയുണ്ടായിട്ടും ജീവിതത്തെ ആര്‍ഭാട രഹിതമാക്കിയവരാണവര്‍. സ്വര്‍ണ്ണക്കൂമ്പാരങ്ങളും അമൂല്യ സമ്പത്തുകളും വലിച്ചെറിഞ്ഞ് ഫക്കീറായി ജീവിച്ചവരാണവര്‍. ഉടുതുണിക്ക് മറുതുണിയും വയറുനിറയെ ആഹാരവും ലഭിക്കാതെ ജീവിച്ച മഹാരഥന്മാരുടെ എണ്ണം കുറവല്ല. പക്ഷെ, ആ മാതൃകാ പുരുഷന്മാരുടെ അനന്തരഗാമികളായ ആധുനിക മുസ്‌ലിം സമൂഹം ഇന്ന് എത്തിയിരിക്കുന്നതെവിടെ?

ലളിതജീവിതം നയിച്ച് ലോകത്തിന് മാതൃകയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ സമുദായം ആര്‍ഭാടഭ്രമത്തില്‍ മുങ്ങിത്താഴുന്നു. വസ്ത്രഭ്രമം നമ്മുടെ സ്ത്രീകളുടെ മുഖമുദ്രയാവുന്നു. ആഭരണഭ്രമം മുസ്‌ലിം സമൂഹത്തെ അധീനപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മുസ്‌ലിം സമുഹത്തില്‍ ഭൗതിക ജീവിതഭ്രമം വളര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ വിശകലനം ചെയ്യുകയാണ് ഈ കുറിപ്പില്‍.

സ്ത്രീ, സൗന്ദര്യത്തെ സ്‌നേഹിക്കുന്നവളാണ്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എന്തും ത്യജിക്കാന്‍ അവള്‍ സന്നദ്ധയാണ്. സൗന്ദര്യം നിലനിര്‍ത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള സ്ത്രീയുടെ ശ്രമം ജന്മസിദ്ധമാണ്. കാരണം അവള്‍ സൗന്ദര്യം സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു.

പുരുഷന്റെ സൗന്ദര്യം സൃഷ്ടിയില്‍ തന്നെ പൂര്‍ണ്ണമാണ്. അവന്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കേണ്ടതില്ല. അതേസമയം സ്ത്രീ സൗന്ദര്യം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അവള്‍ക്ക് നിലനില്‍പ്പില്ല. മനുഷ്യനില്‍ മാത്രമല്ല മറ്റുജീവജാലങ്ങളിലും ഇതുതന്നെയാണവസ്ഥ. ഉദാഹരണമായി ഒരു മയിലിനെക്കുറിച്ചു ചിന്തിച്ചുനോക്കൂ, അല്ലെങ്കില്‍ ഒരു കോഴിയെക്കുറിച്ച്, ആണ്‍മയിലിനും പൂവന്‍കോഴിക്കും വേണ്ടത്ര സൗന്ദര്യമുണ്ട്. അതേ സമയം പെണ്‍മയിലിനും പിടക്കോഴിക്കും സൗന്ദര്യം ആര്‍ജ്ജിച്ചെടുക്കണം. ഇതുപോലെ തന്നെയാണ് സ്ത്രീയും. ആര്‍ത്തവ-ഗര്‍ഭ കാലഘട്ടങ്ങളിലെല്ലാം അവള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള സൗന്ദര്യം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും അവള്‍ ശ്രമിക്കണം.

സൗന്ദര്യം നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിലും ഇസ്‌ലാം എതിരല്ല. അല്ലാഹു സൗന്ദര്യം ഇഷ്ടപ്പെടുന്നവനാണെന്നാണ് ഖുര്‍ആന്‍ ഭാഷ്യം. എന്നാല്‍ സൗന്ദര്യപ്രദര്‍ശനവും ആര്‍ഭാടവും ഇസ്‌ലാം നിയന്ത്രിക്കുന്നു.

സൗന്ദര്യപ്രദര്‍ശനവും നഗ്നത മറക്കാതിരിക്കലും സൗന്ദര്യവര്‍ധനവിന്റെ മാനദണ്ഡങ്ങളായി ആധുനിക സമൂഹം സ്വീകരിച്ചിരിക്കുന്നു. ധര്‍മ്മപാതയില്‍ നിന്നും സമൂഹത്തിന് അപഭ്രംശം സംഭവിക്കാനുള്ള പ്രധാനഹേതു ഈ സൗന്ദര്യനഗ്നതാ പ്രദര്‍ശനങ്ങളാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. പുരുഷനെ ആകര്‍ഷിക്കാനും വീഴ്ത്താനും വേണ്ടി സ്ത്രീ വേഷം കെട്ടുന്നു. സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നു, അഥവാ വെറുമൊരു പ്രദര്‍ശനവസ്തുവാക്കുന്നു.

മുന്‍കൈയും മുഖവും ഒഴികെ ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും മറക്കണമെന്ന് അനുശാസിക്കുന്ന ഇസ്‌ലാം മതാനുയായികളായ സ്ത്രീകളും ഈ സൗന്ദര്യ-നഗ്നതാ പ്രദര്‍ശനങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നതാണ് നമ്മുടെ ദുര്യോഗം. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളാണ് സമൂഹത്തിലെ കുത്തഴിഞ്ഞ ലൈംഗികതക്ക് കാരണം. പുരുഷവികാരത്തെ ഇളക്കിവിടുന്ന തരത്തിലുള്ള വേഷങ്ങളും ചലനങ്ങളും സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ പുരുഷന്‍ സ്വാഭാവികമായും അതില്‍ അകപ്പെടുകയാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സ്ത്രീകള്‍ ചെലവഴിക്കുന്ന സമയം വളരെയധികമാണ്. മഴപെയ്യുമ്പോള്‍ കൂണുകള്‍ മുളച്ചു പൊന്തുന്നപോലെ ഇന്ന് ഗ്രാമങ്ങളില്‍ വരെ ബ്യൂട്ടിപാര്‍ലറുകള്‍ മുളച്ചു പൊങ്ങുകയാണ്. ഈ സൗന്ദര്യഭ്രമം തീരെ തോത് കുറയാതെ മുസ്‌ലിം സ്ത്രീകളെയും സ്വാധീനിച്ചിരിക്കുന്നുവെന്നതാണ് വസ്തുത.

ഇസ്‌ലാം നിര്‍ണയിച്ച അതിര്‍വരമ്പുകള്‍ മറികടന്നുകൊണ്ടുള്ള ഈ ഗമനം സമൂഹത്തെ അധഃപതനത്തില്‍ മാത്രമേ എത്തിക്കുകയുള്ളൂ. ഭൗതിക ജീവിതത്തിലുള്ള അമിതമായ താല്‍പര്യത്തെ സൂചിപ്പിക്കുന്നതാണ് ഈ സൗന്ദര്യഭ്രമം.

ഇസ്‌ലാമിലെ വസ്ത്രധാരണാവ്യവസ്ഥകളില്‍ നിന്നുമാറി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്വഭാവം ഈയിടെയായി മാറിവരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മുസ്‌ലിം സ്ത്രീകളില്‍ പര്‍ദ്ദ ഇന്നൊരു യൂണിഫോം ആയിരിക്കുന്നു. പക്ഷെ, ഈ സ്വഭാവം മതാചാരം എന്നതിലുപരി ഇന്നത്തെ ഫാഷന്‍ എന്ന മാനദണ്ഡത്തിലാണ് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്നത്. ചുരുക്കത്തില്‍ ഭൗതിക ജീവിതത്തെ വിഗണിക്കേണ്ടവര്‍ അതില്‍ അള്ളിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ പ്രഥമ തെളിവാണ് സ്ത്രീയിലെ സൗന്ദര്യഭ്രമം. 

വസ്ത്രഭ്രമം മറ്റൊരു അപചയകാരണമാണ്. വസ്ത്രങ്ങളുടെ കാര്യത്തില്‍ സ്ത്രീകളെ വെല്ലാന്‍ പുരുഷന്മാര്‍ക്ക് ഒരിക്കലുമാവില്ല. കല്യാണദിവസം മാത്രം ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന പട്ടുസാരികളുടെ കഥ ഒരു പുതിയ വര്‍ത്തമാനമല്ല. നിമിഷങ്ങള്‍ മാത്രം അണിഞ്ഞതിന് ശേഷം ആയിരക്കണക്കിന് രൂപയുടെ വസ്ത്രങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് തള്ളുമ്പോള്‍ അതിലൊന്ന് ലഭിക്കാതെ നരകിക്കുന്ന മനുഷ്യരെക്കുറിച്ച് ഓര്‍ക്കാന്‍ ആരും മിനക്കെടാറില്ല. നമസ്‌കാരത്തിന് ശേഷം വേഗം എഴുന്നേറ്റ് വീട്ടില്‍പോയി തന്റെ വസ്ത്രം ഭാര്യക്ക് നല്‍കി അവള്‍ക്ക് നമസ്‌കരിക്കാന്‍ അവസരം നല്‍കുന്ന സ്വഹാബിയുടെ കഥ മുസ്‌ലിം സ്ത്രീകളുടെ സ്മൃതിപഥത്തിലെത്താത്തതെന്ത്‌കൊണ്ട്? അമിതമായ യാതൊന്നിനെയും അംഗീകരിക്കാത്ത ഇസ്‌ലാം മതത്തിലെ സ്ത്രീകള്‍ അമിതമായി വസ്ത്രമുപയോഗിക്കുകയെന്നത് വിരോധാഭാസമാണ്. ഭൗതിക ജീവിതഭ്രമം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണിവിടെയും.

മുസ്‌ലിം സ്ത്രീകളുടെ ആഭരണ ഭ്രമത്തെക്കുറിച്ച് എഴുതാനൊരുമ്പെട്ടാല്‍ ഗ്രന്ഥങ്ങള്‍ തന്നെ വേണ്ടിവരും. ആഭരണഭ്രമം ഇത്രയധികമുള്ള മറ്റൊരു സമൂഹം ലോകത്തെവിടെയെങ്കിലുമുണ്ടോയെന്ന് ചിന്തിച്ചാല്‍ ഒരു പക്ഷെ, ഇല്ലെന്ന് തന്നെയായിയിരിക്കും ഉത്തരം. ആഭരണങ്ങള്‍ക്ക് പിന്നാലെ ഓടുന്ന സ്ത്രീകളുടെ ചിത്രം കാണുമ്പോള്‍ മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ഏതാനും ആഭരണങ്ങള്‍ മാത്രമാണോയെന്ന് സംശയിച്ചുപോകും. ശരീരത്തിലണിയുന്ന ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചാണ് ഇന്ന് വിവാഹങ്ങള്‍ നടക്കുന്നത്. സ്വന്തമായി ആഭരണങ്ങളില്ലെങ്കില്‍ അന്യരുടേത് കടംവാങ്ങിയെങ്കിലും ധരിച്ചതിന് ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങാന്‍ പാടുള്ളുവെന്നാണ് പുതിയ നിയമം. 

സ്ത്രീകളുടെ ആഭരണഭ്രമം വരുത്തിവെക്കുന്ന വലിയൊരു പ്രശ്‌നത്തിലേക്ക് ഒരു പക്ഷെ, അധികമാരും ചിന്തിച്ചുകാണില്ല. നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന ആകെ ആക്രമണങ്ങളുടെ ഒരു കണക്കെടുക്കുമ്പോള്‍ അതില്‍ നല്ലൊരു ഭാഗവും ആഭരണങ്ങളുമായി ബന്ധപ്പെട്ടതാണെന്നുകാണാം. പിടിച്ചുപറികള്‍, കളവുകള്‍, വഞ്ചനകള്‍, ഭവനഭേദനങ്ങള്‍ തുടങ്ങിയവക്കെല്ലാം പ്രചോദനം സ്ത്രീയുടെ ശരീരത്തിലെ ഭാരമേറിയ ആഭരണങ്ങളാണ്.

പരമമായ ലക്ഷ്യം ആഭരണങ്ങളാണെന്ന വിധമാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ടാണല്ലോ അണുമണിതൂക്കം ആഭരണം കുറവുണ്ടെങ്കില്‍പോലും വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നത്.

മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ ആഭരണങ്ങള്‍ക്ക് വേണ്ടി അനുഭവിക്കുന്ന ത്യാഗങ്ങള്‍, ഏതെങ്കിലുമൊരു വികസനോന്മുഖ മേഖലയില്‍ പ്രയോഗിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ, മലബാറിന്റെ മുഖച്ഛായതന്നെ മാറുമായിരുന്നു. മുസ്‌ലിം സ്ത്രീകളിലെ ആഭരണഭ്രമം, ശാശ്വത ലോകത്തെക്കുറിച്ചുള്ള ചിന്തകളും മോഹങ്ങളും നമ്മുടെ മനസ്സില്‍ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്.

ആര്‍ഭാടഭ്രമമാണ് മറ്റൊരുവ്യാധി. ആര്‍ഭാടമില്ലാത്ത മുസ്‌ലിം സ്ത്രീയെ പരതുകയാണെങ്കില്‍ അവരുടെ എണ്ണം വളരെ തുച്ഛമായിരിക്കും. ആര്‍ഭാടവും അത്യാഗ്രഹവും വിരോധിച്ച ഒരു മതത്തിന്റെ അനുയായികള്‍ ഇന്ന് അവ്ക്ക് നടുവിലാണ്. രണ്ട് നേരം പട്ടിണി കിടന്നാണെങ്കിലും സമൂഹത്തിന് മുന്നില്‍ ആര്‍ഭാടത്തോടെ ജീവിക്കണമെന്നാണ് പൊതുവെയുള്ള നിലപാട്. അതിന് വേണ്ടിയാണ് പലരുടെയും ശ്രമം. ഗള്‍ഫ് ഇതിനൊരുദാഹരണമാണ്.

ഗള്‍ഫിലെ പൊരിവെയിലില്‍ ജോലിയെടുക്കുന്ന ഒരു സുഹൃത്തിനെ വിളിച്ച് അദ്ദേഹം ഈ ജോലി ചെയ്യുന്നതെന്തിനാണെന്ന് ചോദിക്കുക. അദ്ദേഹം പറയും ഒരു വീടുവെക്കാനാണെന്ന്. അല്ലെങ്കില്‍ മകളുടെ വിവാഹം നടത്താന്‍. കൃഷിപ്പാടങ്ങളും സമ്പാദ്യവുമൊന്നുമല്ല അവരുടെ ആവശ്യം. ആര്‍ഭാടമാണ്. അഞ്ച് സെന്റ് സ്ഥലമാണുള്ളതെങ്കില്‍ അതിലൊരു ഭീമന്‍ വീടാണവരുടെ ആവശ്യം. അഞ്ചരസെന്റിലും വീട്. നമ്മുടെ വിവാഹാഘോഷങ്ങളിലെ ധൂര്‍ത്തും ആര്‍ഭാടഭ്രമവും എടുത്തുപറയേണ്ടതില്ല. ആഢംഭരഭ്രമവും നമ്മെ ബാധിച്ചിരിക്കുന്നു. ഇവയെല്ലാം ഏറ്റവുമധികം മുസ്‌ലിം സ്ത്രീകളെയാണെന്നതില്‍ തര്‍ക്കം വേണ്ട.

അത്യാഗ്രഹങ്ങളും അതിമോഹങ്ങളും വര്‍ധിക്കാനവസരം നല്‍കുന്ന ഒന്നാണ് ആര്‍ഭാടഭ്രമം. കിട്ടാത്തതും ആവശ്യമില്ലാത്തും കൈയിലൊതുക്കാനുള്ള മോഹം ആര്‍ഭാടഭ്രമത്തിന്റെ സൃഷ്ടിയാണ്. അസൂയവര്‍ധിപ്പിക്കാനും ഇത് സഹായകമാവുന്നു. ആര്‍ഭാടഭ്രമവും അതോടൊപ്പം ഇത്തരം ദുശ്ശീലങ്ങളും നമ്മുടെ സ്ത്രീകളില്‍ വളര്‍ന്നുവന്നിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഇസ്‌ലാം വിലക്കുന്ന കാര്യങ്ങളാണെങ്കിലും അവയെല്ലാം പ്രയോഗവല്‍ക്കരിക്കാന്‍ നമ്മുടെ സമൂഹം തന്നെയാണ് മുന്നിലെന്നതാണ് ദുഖകരം.

ഇസ്‌ലാം മിതത്വത്തിന്റെയും ലാൡത്യത്തിന്റെയും മതമാണ്. അനുവദനീയമായ കാര്യങ്ങളില്‍ പോലും ഭ്രമം നല്ലതല്ലെന്നതാണ് ഇസ്‌ലാമിക വീക്ഷണം. ഭ്രമം അത്യാഗ്രഹവും അതിമോഹവും അസൂയയും സൃഷ്ടിക്കും. അത് നമ്മെ നാശത്തിലേക്ക് നയിക്കും.

ഭൗതിക ജീവിതത്തിലുള്ള ഭ്രമം ഇസ്‌ലാം തീര്‍ച്ചയായും അനുവദിക്കുന്നില്ല. മുസ്‌ലിമിന്റെ ലക്ഷ്യം പരലോക മോക്ഷമാണ്. അഥവാ സ്വര്‍ഗപ്രവേശം. അതിന് വേണ്ടിയാണവര്‍ യത്‌നിക്കേണ്ടത്. എന്നാല്‍ ഇന്നിവിടെ സംഭവിക്കുന്നത് മറിച്ചാണ്. ഭൗതിക ജീവിതത്തില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാനാണ് എല്ലാവരുടെയും മോഹം. ഭീമന്‍ വീടുകളും സുന്ദരമായ ഉദ്യാനങ്ങളും അങ്ങിനെ പലതുമാണ്. യഥാര്‍ത്ഥത്തില്‍ വിശ്വാസി സുന്ദരമായ ഒരു വീട് നിര്‍മ്മിക്കേണ്ടത് സ്വന്തം മനസ്സിലാണ്. മനസ്സിനെ ശുദ്ധീകരിക്കാനും നിയന്ത്രിക്കാനുമാണ് വിശ്വാസി സമയം ചിലവഴിക്കേണ്ടത്.

മുസ്‌ലിം സമൂഹത്തിന് നേരിട്ട ഈ ധാര്‍മ്മികാധഃപതനത്തിന്റെ വഴിത്താരയില്‍ ചെറുതല്ലാത്ത ഒരു പങ്ക് സ്ത്രീക്കുണ്ടെന്നകാര്യം അനിഷേധ്യമാണ്. സ്ത്രീകളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാന്‍ വേണ്ടിയാണ് പുരുഷന്‍ ഭൂരിഭാഗം സമയവും വിനിയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ ഇന്നാര്‍ക്കും സംശയമില്ല. സ്ത്രീയുടെ കണ്ണുനീരിന് മുന്നില്‍ പതറുന്ന പുരുഷന്‍ അവളുടെ ഭ്രമങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടി നെട്ടോട്ടമാണ്.

അരുതാത്തതിനെ പ്രയോഗവല്‍ക്കരിക്കാനുള്ള ത്വര മനുഷ്യസഹജമായ സ്വഭാവമാണ്. ഇത് സ്ത്രീകളില്‍ അധികമാണ്. വിലക്കപ്പെട്ട പഴത്തിന് നേരെ ആദ്യം കൈനീട്ടിയത് ഹവ്വാബീവിയാണ്. ഹവ്വയുടെ ആവശ്യം നിറവേറ്റാനാണ് ആദം നബി അരുതാത്തത് പ്രവര്‍ത്തിച്ചത്.

പറയുന്നത്, മുസ്‌ലിം സമൂഹം ഇന്നെത്തിച്ചേര്‍ന്നിരിക്കുന്ന ധാര്‍മ്മികാധഃപതനത്തില്‍ വലിയൊരു പങ്ക് സ്ത്രീക്കുണ്ട് എന്നാണ്. ഭൗതിക ജീവിതഭ്രമം നമ്മെ കാര്‍ന്നുതിന്നുകയാണ്. ഭൗതിക ജീവിതഭ്രമം ഭൗതിക ജീവിതസുഖത്തെ നശിപ്പിക്കുകയാണെന്ന വസ്തുത നാം വേണ്ട രീതിയില്‍ മനസ്സിലാക്കിയിട്ടില്ല. ജീവിത ഭ്രമം വര്‍ധിക്കുമ്പോള്‍ മാനസിക പിരിമുറുക്കങ്ങള്‍ കൂടുന്നുവെന്നതാണ് സത്യം. ഭൗതികതയില്‍ നമ്മള്‍ സുഖം തേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സുഖം നശിക്കുകയാണ് ചെയ്യുന്നത്. എന്തുകിട്ടിയാലും തൃപ്തിയാവാതെയും എത്രസൗകര്യങ്ങളുണ്ടായാലും മതിയാവാതെയും വരുമ്പോള്‍ സുഖവും സ്ഥൈര്യവും നശിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടാണ് ജീവിതഭ്രമത്തില്‍ അകപ്പെടുന്നത്. സ്ത്രീ ഒരുമ്പെട്ടാല്‍ സാധിക്കാത്തതായി യാതൊന്നുമില്ല. ഭൗതിക ജീവിതഭ്രമം നിയന്ത്രിക്കാനും സ്ത്രീക്ക് തന്നെയാണ് മറ്റാരെക്കാളും സാധിക്കുക. മത തത്വങ്ങളെ ശരിയായ രൂപത്തില്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയെന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം.

ചരിത്രത്തിന്റെ ദശാസന്ധികളില്‍ പലപ്പോഴും മോചനത്തിന്റെ വാതില്‍തുറന്നത് സ്ത്രീകളാണ.് ലോകപ്രശസ്തരായ പല മഹാന്മാരെയും സൃഷ്ടിച്ചത് അവരുടെ ഭാര്യമാരായിരുന്നു. മുസ്‌ലിം സമൂഹത്തിനു സംഭവിച്ചിരിക്കുന്ന അപഭ്രംശത്തില്‍ നിന്നും കരകയറ്റി ഋജുരേഖയിലേക്ക് നയിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് സത്രീക്ക് തന്നെയാണ്.

 

സമ്പാ: മജീദ് കുട്ടമ്പൂര്‍


(ആരാമം മാസിക 1997 ഫെബ്രുവരി)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top