ഇന്നലെ- ഒരു വരാന്തയില്‍...

ഇര്‍ഷാദ്‌ ടി.പി No image

സാഹിത്യ പഠനം ഒരിക്കലും അതിന്റെ അക്കാദമിക മാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം സാഹിത്യ പഠനം നടത്തുന്നവര്‍ സ്വന്തത്തോട്‌ ചെയ്യുന്ന വലിയ അപരാധമാണത്‌. ഒരു പക്ഷേ ഈ തിരിച്ചറിവാണ്‌ അ ക്കാലത്ത്‌ എനിക്ക്‌ നേടാന്‍ കഴിഞ്ഞ ഏറ്റവും വലിയ പാഠം. അതു കുറിക്കുമ്പോള്‍ കാണാത്ത കാഴ്‌ചകളിലേക്ക്‌ മറ മാറ്റിത്തന്ന, എത്തിപ്പെടാത്ത ചിന്തകളിലേക്ക്‌ പടികള്‍ വെച്ചുതന്ന, സര്‍വ്വോപരി തിരിച്ചറിവ്‌ എന്ന പദത്തെ പരിചയപ്പെടുത്തി തന്ന ഗുരുവന്ദ്യനെ സ്‌മരിക്കാതിരിക്കാന്‍ വയ്യ. ഡോ:യാസീന്‍ അഷ്‌റഫ്‌, ജീവിതം അനുഭവങ്ങളുടെ കാഴ്‌ചകള്‍ മാത്രമാണെന്നും അതു കാണാന്‍ വേണ്ടാത്തത്‌ കണ്ണുകള്‍ മാത്രമാണെന്നും തന്നെയാണ്‌ അദ്ദേഹത്തിലൂടെ വീണുകിട്ടിയ ഏതാനും വര്‍ഷങ്ങളുടെ നേരിട്ടുള്ള അര്‍ത്ഥം.
ചില സംഭാഷണങ്ങള്‍ വളരെ രസകരമാണ്‌. അങ്ങനെ ലോകോത്തര നിലവാരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ ഒന്നും തന്നെ അതിലുണ്ടാവണമെന്നില്ല. ആനയും ഉറമ്പുമോ അല്ലെങ്കില്‍ ചെളിവെള്ളത്തില്‍ വീണ കാറ്റിനനുസരിച്ച്‌ ഒഴുകി നടക്കുന്ന ഒരു ഇലയോ ആവാം അതിന്റെ വിഷയം. എന്തൊക്കെയോ പറഞ്ഞും വാദിച്ചും വളരെ ആരോഗ്യകരമായി അത്‌ അവസാനിക്കുകയും ചെയ്യുന്നു. ആശയ ഗര്‍ഭങ്ങളായ ലോകോത്തര കവിതകളും മറ്റും ഈ നിലയില്‍ ലാഘവത്തോടെ പഠിക്കാന്‍ കഴിയുക എന്നത്‌ വേറിട്ട അനുഭവം തന്നെയാണ്‌.
ഫറൂഖ്‌ കോളേജില്‍ അദ്ദേഹം ഉണ്ടായിരുന്ന കാലത്ത്‌ കലാലയത്തിന്റെ കോണുകളില്‍ സെമിനാറുകളിലും ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പേര്‌ നിരന്തരം മുഴങ്ങാറൊന്നുമുണ്ടായിരുന്നില്ല. 2005ല്‍ ഡോ: മുബാറക്‌ പാഷ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ പല ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും പല പേരുകളും ഉയര്‍ന്നു വന്നു. പക്ഷേ, സര്‍വ്വമാന അര്‍ഹതകള്‍ മുറ്റി നിന്നിട്ടും ഒരിക്കല്‍ പോലും ഡോ: യാസീന്‍ അഷ്‌റഫ്‌ എന്ന പേര്‌ ഒരു തമാശക്ക്‌ പോലും കേട്ടില്ല. കേളേജിന്റെ അന്തരംഗം നിരീക്ഷിച്ചിരുന്ന പലരുടെയും നെറ്റികളില്‍ ചുളിവുണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്‌. പക്ഷേ, ആരും ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ പേരിന്റെ അസാന്നിധ്യത്തില്‍ അതിശയം പ്രകടിപ്പിച്ചില്ല എന്നു വേണം കരുതാന്‍. അദ്ദേഹവുമായി ഇടപഴകുന്നവര്‍ക്കറിയാം വ്യക്തമായ ദിശാബോധം മാനദണ്ഡമാക്കിയ കര്‍മ്മങ്ങള്‍ക്കുടയോന്‍ എന്ന അര്‍ത്ഥത്തില്‍ അത്‌ മനഃപൂര്‍വ്വം തന്നെയായിരുന്നു. ഈ കലാലയത്തില്‍ മാത്രം എന്തെല്ലാം ചെയ്യണമെന്ന്‌ തീരുമാനമെടുത്ത്‌ കരിയര്‍ സ്വപ്‌നങ്ങള്‍ പടുത്തുയര്‍ത്തുന്നവരില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു അദ്ദേഹം. ക്രിയേറ്റിവിറ്റി, യു.എസ്‌.പി, ഔട്ട്‌ ഡോര്‍, കരിക്കുലം തുടങ്ങിയ വ്യര്‍ത്ഥവാക്കുകള്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല.
പദ്യം പഠിപ്പിക്കുമ്പോള്‍ അതിന്റെ ഭാവനയും ശാസ്‌ത്രവും രാഷ്‌ട്രീയവും വ്യക്തമാക്കിയിരുന്ന സാര്‍, ഗദ്യം പഠിപ്പിക്കുമ്പോഴും ഇതേ മാനങ്ങള്‍ ഉതിരാറുണ്ടായിരുന്നു. പ്രസ്ഥാനപശ്ചാത്തലമുള്ള വിദ്യാര്‍ത്ഥി എന്ന നിലക്ക്‌ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ മാനങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും ക്ലാസിന്റെ ആശയ സംവാദ ശബ്ദമുഖരിത അവസ്ഥകളിലൊന്നും തമാശക്ക്‌ പോലും അത്‌ വെളിപ്പെട്ടില്ല. ഒരു കോളേജ്‌ പ്രൊഫസര്‍ എന്നതിലുപരി അദ്ദേഹം ഒരു ജേര്‍ണലിസ്റ്റായിട്ടാണ്‌ അറിയപ്പെട്ടത്‌. അജണ്ടകളും പ്രൊപ്പഗണ്ടകളും മറ്റ്‌ രാഷ്‌ട്രീയ സംവോദനത്തിന്റെ മാര്‍ഗങ്ങളും ഒരു മീഡിയ വിദ്യാര്‍ത്ഥി എന്നര്‍ത്ഥത്തില്‍ വളരാന്‍ ശ്രമിച്ചപ്പോള്‍ മാത്രമേ ഈയുള്ളവന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ നിലപാടുകളുടെ ആഴവും അറിഞ്ഞുള്ളൂ.
ക്ലാസ്‌മുറിയിലെ സമീപനങ്ങളുടെ ആകെ തുക വര്‍ഷങ്ങള്‍ ഇപ്പുറമിരുന്ന്‌ അദ്ദേഹത്തിന്റെ ക്ലാസ്സുകളെ നിരീക്ഷിക്കുമ്പോഴാണ്‌ അനുഭവപ്പെടുന്നത്‌. അറിവും ഭാവനയും ചിന്തകളും എങ്ങനെ പരപ്പും സമഗ്രവുമാക്കാമെന്നതിലേറെയായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. വിദ്യാര്‍ത്ഥിയിലെ വ്യക്തിയിലേക്ക്‌ ബോധപൂര്‍വ്വം എങ്ങനെ ഇടപെടാതിരിക്കാമെന്നതിന്‌ അദ്ദേഹത്തിന്റെ മാതൃക അദ്ദേഹത്തിന്റെത്‌ മാത്രമായി അവശേഷിക്കുന്നു. വിലയിരുത്തലുകളും പുനര്‍വിചിന്തനങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ഗുരുവില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ദാര്‍ശനികമായ ഇടപെടല്‍ തന്നെയായായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള വഴിമാറി നടത്തങ്ങള്‍. കീറ്റ്‌സിന്റെയും ഷെല്ലിയുടെയും ദാര്‍ശനികമായ അതിഭാവനകള്‍ തുളുമ്പുന്ന കവിതകളെ പറ്റിയുള്ള ചടുലമായ ക്ലാസുകള്‍ കൗതുകപൂര്‍വ്വം ദാഹത്തോടെ തന്നെയായിരുന്നു നോക്കിക്കണ്ടത്‌. അങ്ങനെയെല്ലാത്ത ഒരു നിവൃത്തിക്കും അദ്ദേഹം വാതിലുകള്‍ തുറക്കാന്‍ അനുവദിക്കുമായിരുന്നില്ല. ആംഗലേയ കവിതകളുടെ താളവും വൃത്തവും തുളുമ്പിയിരുന്ന ഓരോ ക്ലാസ്സുകളും ഒരു സമ്പൂര്‍ണ്ണ കാവ്യാനുഭവം തന്നെയായിരുന്നു.
അധ്യയന വര്‍ഷം തുടങ്ങുമ്പോഴുണ്ടാകുന്ന ഒഴിവു വേളകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയേഴ്‌സ്‌ റാഗ്‌ ചെയ്യുന്നത്‌ തമാശ നിറഞ്ഞ യാഥാര്‍ത്ഥ്യമാണ്‌. ബഹളം നിറഞ്ഞ അത്തരം വേളകളില്‍ ക്ലാസ്‌മുറിയിലെ ഡസ്‌ക്കില്‍ അപ്രതീക്ഷിതമായി അടിച്ചു ശബ്ദമുണ്ടാക്കി ജൂനിയേഴ്‌സിന്റെ രക്ഷകനാകുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അത്തരം ഇടപെടലുകളില്‍ രക്ഷപ്പെട്ടവരിലും ആക്രമിച്ചവരിലും എനിക്ക്‌ ഉള്‍പ്പെടാന്‍ പറ്റിയത്‌ ചുണ്ടുകള്‍ മേല്‍പ്പോട്ട്‌ വളയുന്ന ഒരനുഭവം തന്നെയായിട്ടാണ്‌ ഓര്‍ക്കാന്‍ കഴിയുന്നത്‌.
ഇംഗ്ലീഷ്‌ ഭാഷയുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമുള്ളവരായിരുന്നു ക്ലാസിലെ ഭൂരിഭാഗവും. എന്നാലും അദ്ദേഹം ക്ലാസില്‍ ഇംഗ്ലീഷ്‌ ഭാഷ മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഉച്ചാരണ ശുദ്ധിയും ഭാഷാപ്രയോഗത്തിന്റെ പൂര്‍ണ്ണതയും ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റാരെക്കാളും മികച്ചതായിരുന്നു. ഒരു വര്‍ഷം പോലും കേരളത്തിന്‌ പുറത്ത്‌ പഠിക്കാതെയും ചെലവഴിക്കാതെയും അദ്ദേഹം നേടിയ ഈ പൂര്‍ണ്ണത ആശ്ചര്യം തന്നെയാണ്‌.
ക്ലാസ്സ്‌മുറിക്കുള്ളിലെ അനുഭവങ്ങളില്‍ വ്യത്യസ്ഥതകള്‍ ഏറെയായിരുന്നു. ഒന്നാമത്തെ ബെഞ്ചിലിരുന്ന്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഒന്നാമതുത്തരം പറഞ്ഞ്‌ ഒന്നാന്തരം മറുചോദ്യങ്ങളും സംശങ്ങളും ചോദിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ കാലങ്ങളിലും എല്ലാ ക്ലാസുകളിലും ഉണ്ടായിരിക്കും. അത്തരക്കാരും അധ്യാപകരും തമ്മിലുള്ള പ്രത്യേക ബന്ധങ്ങളും സര്‍വ്വ സാധാരണം തന്നെ. എന്നാല്‍ ഇപ്പറഞ്ഞ `ക്ലീഷെകളില്‍' യാസീന്‍ സാര്‍ `കുത്തനെ' തന്നെയായിരുന്നു. എല്ലാതരം വിദ്യാര്‍ത്ഥികളുമായും അദ്ദേഹം തുല്യബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
മൂന്നാം വര്‍ഷാവസാനം വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്‌ വേളയില്‍ അദ്ദേഹം ഒരു കൂട്ടം നല്ല ഓര്‍മകള്‍ ചികഞ്ഞെടുത്ത്‌ ആദ്യം എല്ലാവര്‍ക്കും ചിരികള്‍ സമ്മാനിച്ചു. പിന്നീട്‌ ക്ലാസിനകത്തെ പുസ്‌തകങ്ങള്‍ തിന്നവരെ അങ്ങനെയും ക്ലാസിനു പുറത്തെ ജീവിത്തില്‍ മികച്ചു നിന്നവരെ അത്തരത്തിലും അദ്ദേഹം സ്‌മരിച്ചു. പഠിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പഠിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്‌ എന്ന്‌ അദ്ദേഹം പറയാതെ പ്രഖ്യാപിച്ചു. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വന്തം വീട്ടിലേക്ക്‌ ക്ഷണിച്ച്‌ ചെറിയ ചായ സല്‍ക്കാരം നല്‍കല്‍ അദ്ദേഹത്തിന്റെ മാത്രം ശീലമായിരുന്നു. ഒരു വ്യക്തി എന്ന അര്‍ത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ഗുണങ്ങളായ ലാളിത്യം, സൗമ്യത, നിരന്തരം മുഖത്ത്‌ തങ്ങി നിന്നിരുന്ന മന്ദസ്‌മിതം- ഇവ എടുത്തു പറയാതെ വയ്യ.
ഇതുവരെ തിരിഞ്ഞു നോക്കിയത്‌ നൂറ്‌ ശതമാനം അദ്ദേഹത്തിലെ അധ്യാപകനിലേക്കാണ്‌. 2007 ല്‍ സാറിനു നല്‍കിയ യാത്രയയപ്പ്‌ വേളയില്‍ വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന്‌ ഒരു സമ്മാനം നല്‍കിയിരുന്നു. അതില്‍ ആലേഖനം ചെയ്‌തത്‌ (If winter comes, can spring be far behind) എന്ന ഷെല്ലിയുടെ വരികളാണ്‌. നികത്താനാവാത്ത ഒരു വിടവിന്റെ ഉത്ഭവത്തില്‍ നിന്ന്‌കൊണ്ട്‌ ആ വിടവ്‌ നികത്താന്‍ എന്നെങ്കിലും ആരെങ്കിലും വരുമെന്ന്‌ വൃഥാ ശുഭാപ്‌തി വിശ്വാസത്തിലെങ്കിലും ആശ്വസിക്കാമല്ലോ അദ്ദേഹത്തിന്റെ നൂറു കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേദനയോടെ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top