പുലരും മുന്‍പേ
പെറുക്കിഎടുക്കാന്‍ തുടങ്ങിയതാണ്
പല വഴി ചിതറിപ്പോയ
എന്റെ വാക്കുകള്‍
മുറ്റത്തെ കരിയിലകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്നവ
അടുപ്പിലെ ചാരത്തിനടിയില്‍
പുകഞ്ഞിരിക്കുന്നവ
കഞ്ഞിക്കലത്തില്‍ തിളച്ചുമറിഞ്ഞവ
കുക്കറിന്റെ വിസിലടിയില്‍ ചീറിത്തെറിച്ചവ
അര കല്ലിന്റെ താളത്തില്‍ ചതഞ്ഞവ
അലക്കുസോപ്പിനൊപ്പം അലിഞ്ഞില്ലാതായവ
വിളമ്പുപാത്രങ്ങളില് ഞെളിഞ്ഞിരുന്നവ
എച്ചില്പാത്രങ്ങളില് ഒട്ടിപ്പിടിച്ചവ
തലേന്നത്തെ കിനാവിനൊപ്പം അലയാന്‍ പോയവ
കണ്ണീര് നനവില്‍ കുതിര്ന്നുപോയവ
കളിവാക്കുകൊണ്ട്
ഇളക്കംതട്ടിയവ
മറുവാക്കിന്റെ പ്രഹരമേറ്റു മുറിഞ്ഞുപോയവ.....
എല്ലാമെടുത്തു പാതിരാവില്‍ എഴുത്ത് മേശയില്‍ നിരത്തി
മിഴിനീരില്‍ കഴുകി
മനക്കണ്ണില്‍ അരിച്ചു
കുറച്ചുപേരെ മാറ്റിനിര്‍ത്തി ...
ദുര്‍ബലരെ
ദുര്ഗന്ധമുള്ളവരെ
മുറിവേറ്റവരെ
മുന്നേറാനാകാത്തവരെ
പൊട്ടിത്തെറിച്ചവരെ
പൊള്ളിക്കുന്നവരെ
ഭയപ്പെടുത്തുന്നവരെ
മടുപ്പിക്കുന്നവരെ....
അവസാനം....
മൂന്നക്ഷരങ്ങളും
അവക്കിടയിലെ
അനന്ത ശൂന്യതയും
മാത്രം ബാക്കിയാവുന്നു
ക....വി....ത.