സിസേറിയന്‍ പ്രശ്‌നങ്ങളും പ്രതിവിധികളും

ഡോ: ഇ.വി മുഹമ്മദ്‌ (ശാന്തി ഹോസ്‌പിറ്റല്‍, ഓമശ്ശേരി) No image

സിസേറിയന്‍ ശസ്‌ത്രക്രിയകള്‍ അതിപുരാതന കാലം തൊട്ടെ ചെയ്‌തുപോന്നിരുന്നതായി കാണാം. എങ്കിലും 1870 വരെ സിസേറിയന്‍ മൂലമുള്ള മരണനിരക്ക്‌ 80 ശതമാനത്തിനു മുകളിലായിരുന്നു. കുട്ടിയെ എടുത്ത ശേഷം ഗര്‍ഭപാത്രം തുന്നിവെക്കുന്ന രീതി അന്ന്‌ നിലവില്‍ വന്നിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോട്‌ കൂടി ഇത്‌ കൂറെക്കൂടി സുരക്ഷിതമായി. മെച്ചപ്പെട്ട ശസ്‌ത്രക്രിയയോടൊപ്പം ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം, അണുവിമുക്തമാക്കാനുള്ള സംവിധാനം, രക്തം കയറ്റാനുള്ള സൗകര്യം, മെച്ചപ്പെട്ട അനസ്‌തേഷ്യ സംവിധാനങ്ങള്‍ തുടങ്ങി ശസ്‌ത്രക്രിയക്ക്‌ സഹായകമാകുന്ന രീതികളിലൂടെയാണത്‌ സാധിച്ചത്‌.
സിസേറിയനെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ മൂലം ഒരുപാട്‌ ആശങ്കകളും ആവലാതികളും പൊതുജനങ്ങള്‍ക്കിടയിലുണ്ട്‌. അനാവശ്യമായി സിസേറിയന്‍ നടക്കുന്നുണ്ടോ എന്ന്‌ സംശയിക്കുമ്പോള്‍ ഏതെല്ലാം ഘട്ടങ്ങളിലാണ്‌ അത്‌ ആവശ്യമായി വരുന്നതെന്ന്‌ മനസ്സിലാക്കേണ്ടി വരും.
സിസേറിയന്‍ ആവശ്യമാകുന്ന ഘട്ടങ്ങള്‍
%പ്രസവ വേദന തുടങ്ങിയതിനു ശേഷം പ്രസവ പ്രക്രിയയില്‍ സാധാരണ ഗതിയിലുള്ള പുരോഗതി ഉണ്ടാവാതിരിക്കുക. ഉദാ: ഗര്‍ഭപാത്ര മുഖം വികസിക്കാതിരിക്കുക, കുട്ടിയുടെ തല ഇറങ്ങിവരാതിരിക്കുക.
%കുട്ടിയുടെ ഹൃദയമിടിപ്പിലുണ്ടാകുന്ന പ്രതികൂലമായ വ്യതിയാനങ്ങള്‍, കുട്ടി മഷി കുടിച്ചു പോകുക. (Meconium aspiration)
%കുട്ടിയുടെ കിടപ്പ്‌ സാധാരണത്തേതില്‍ നിന്ന്‌ മാറുക.
%അമ്മക്കുണ്ടാകുന്ന അമിത രക്തസമ്മര്‍ദ്ദം. (Pre eclampsia) തന്മൂലമുണ്ടാകുന്ന അപസ്‌മാരം (eclampsia).
%ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹം കാരണമായി കുട്ടിയുടെ തൂക്കം ക്രമാതീതമായി കൂടുമ്പോള്‍.
%ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന മുഴകള്‍.
%മറുപിള്ളയുടെ സ്ഥാനം താഴോട്ടാവുക.
%ആദ്യത്തെ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെ പ്രസവവും അങ്ങനെയാകാന്‍ സാധ്യത കൂടുതലാണ്‌. ആദ്യത്തേത്‌ സിസേറിയനായ ഗര്‍ഭിണിയെ സുഖപ്രസവമാക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മക്കും കുഞ്ഞിനും അപകട സാധ്യത കൂടുതലാണ്‌. ഏതാണ്ട്‌ രണ്ട്‌ ശതമാനത്തോളം പേരില്‍ മുമ്പത്തെ സിസേറിയന്‌ വേണ്ടി തുറന്നിട്ട ഭാഗം അകന്ന്‌ പോകാന്‍ സാധ്യതയുണ്ട്‌. ഇത്‌ യഥാസമയം കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ കുട്ടിയുടെത്‌ മാത്രമല്ല അമ്മയുടെ ജീവനും അപകടത്തിലാകും.
പെട്ടെന്ന്‌ സിസേറിയന്‍ ചെയ്യേണ്ട സാഹചര്യങ്ങള്‍
%പൊക്കിള്‍ക്കൊടി പുറത്തേക്ക്‌ ചാടുക: അഞ്ച്‌- പത്ത്‌ മിനുട്ടിനുള്ളില്‍ കുട്ടിയെ പുറത്തെടുത്തില്ലെങ്കില്‍ കുട്ടിക്ക്‌ ശ്വാസം മുട്ടുകയും മരണം സംഭവിക്കുകയും ചെയ്യാം.
%പ്രസവത്തിന്‌ മുമ്പ്‌തന്നെ മറുപിള്ളയും ഗര്‍ഭപാത്രവും തമ്മിലുള്ള ബന്ധം വിട്ടുപോവുക.
%കുട്ടിയുടെ ഹൃദയമിടിപ്പ്‌ പെട്ടെന്ന്‌ ക്രമാതീതമായി കുറയുക.
സിസേറിയന്‍ നിരക്ക്‌ ഉയരുന്നുണ്ടോ?
1965 കളില്‍ സിസേറിയന്‍ നിരക്ക്‌ 4.5 ശതമാനമായിരുന്നത്‌ 1988 ആയപ്പോഴേക്കും 25 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള സിസേറിയന്‍ നിരക്ക്‌ സാധാരണ ആശുപത്രികളില്‍ 25 ശതമാനവും സങ്കീര്‍ണ്ണമായ അവസ്ഥകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികളില്‍ 30 ശതമാനവുമാണ്‌. എന്നാല്‍ ചില ആശുപത്രികളില്‍ സര്‍ക്കാര്‍ സ്വകാര്യ ഭേദമന്യേ നിരക്ക്‌ ഇതിലും കൂടുതലാണ്‌.
കാരണങ്ങള്‍
%30 വയസ്സിനു ശേഷം ആദ്യഗര്‍ഭം ധരിക്കുന്ന സ്‌ത്രീക്ക്‌ ഗര്‍ഭസംബന്ധമായ സങ്കീര്‍ണ്ണതകളോടൊപ്പം തന്നെ സിസേറിയനുള്ള സാധ്യതയും കൂടുതലാണ്‌.
%വന്ധ്യതാ ചികിത്സക്ക്‌ ശേഷമുണ്ടായ ഗര്‍ഭത്തില്‍ പരീക്ഷണത്തിന്‌ തയ്യാറാവാതെ ഡോക്ടറും ഗര്‍ഭിണിയും സിസേറിയന്‍ തെരഞ്ഞെടുക്കുന്നു.
ഇന്നത്തെ കാലത്ത്‌ ഒരു സ്‌ത്രീ, പ്രത്യേകിച്ച്‌ ജോലിക്ക്‌ പോകുന്നവര്‍ ഒന്നോ കൂടിയാല്‍ രണ്ടോ പ്രവശ്യമേ ഗര്‍ഭം ധരിക്കുകയുള്ളൂ. ഇത്‌ തന്നെ പ്രസവത്തിന്റെ തിയ്യതിയൊക്കെ നേരത്തെ നിശ്ചയിച്ച്‌ വെക്കേഷനും ലീവുമൊക്കെ അഡ്‌ജസ്റ്റ്‌ ചെയ്‌താണ്‌ ഗര്‍ഭം ധരിക്കുന്നത്‌. ഇതിന്‌ ചെറിയൊരു അപകട സാധ്യത പോലും എടുക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. എല്ലാം വളരെ കണിശമായും പ്ലാനിംഗിലും നടക്കണം. ഇത്‌ ചികിത്സിക്കുന്ന ഡോക്ടറെ അമിത സമ്മര്‍ദ്ദത്തിലാക്കുന്നു ഇതും സിസേറിയന്‍ നിരക്ക വര്‍ധനവിന്‌ കാരണമാണ്‌.
ജനങ്ങള്‍ക്കിടയിലെ
സിസേറിയനോടുള്ള ആഭിമുഖ്യം
ചില അവസരങ്ങളില്‍ ഗര്‍ഭിണിയോ ബന്ധുക്കളോ സിസേറിയന്‌ ഡോക്ടറെ നിര്‍ബന്ധിക്കുന്നതായി കാണാറുണ്ട്‌. സമൂഹത്തിന്റെ മേലേക്കിടയിലുള്ള ആളുകളില്‍ മാത്രമല്ല സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിലുള്ളവരില്‍ പോലും ഇത്‌ കാണാറുണ്ട്‌. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക്‌ പ്രസവവേദന വന്നപ്പോള്‍ സഹിക്കവയ്യാഞ്ഞ്‌ ബഹളംവെക്കുകയും രോഗിയുടെ ബന്ധുക്കളും ഒരു യുവജന സംഘടനയുടെ കുട്ടിനേതാക്കന്മാരും ബഹളംവെക്കുകയും സ്റ്റാഫിനെ തെറിപറയുകയും ഡോക്ടറെക്കൊണ്ട്‌ നിര്‍ബന്ധിച്ച്‌ സിസേറിയന്‍ ചെയ്യിക്കുകയും ചെയ്‌ത സംഭവം നേരിട്ടറിയാവുന്നതാണ്‌. രണ്ടുമൂന്ന്‌ മണിക്കൂര്‍ കൂടി ക്ഷമിച്ചിരുന്നെങ്കില്‍ സുഖപ്രസവമാവേണ്ടിയിരുന്നതാണ്‌ അവര്‍ ആഘോഷിച്ച്‌ സിസേറിയനാക്കി മാറ്റിയത്‌!
ചികിത്സ സംബന്ധമായ
വ്യവഹാരങ്ങള്‍
ഡോക്ടര്‍ -രോഗി ബന്ധങ്ങളിലുള്ള പരസ്‌പരവിശ്വാസമില്ലായ്‌മ മൂലം അപകടസാധ്യതയുള്ള ഘട്ടങ്ങളില്‍ ഒരു കൈ നോക്കാന്‍ ഡോക്ടറും ആശുപത്രി അധികൃതരും വിമുഖത കാണിക്കുന്നു. അമേരിക്കയില്‍ ഒരു കുട്ടി പഠനത്തില്‍ പിന്നോക്കം നിന്നാല്‍ പോലും പ്രസവമെടുത്ത ഡോക്ടര്‍ നിയമനടപടിക്ക്‌ വിധേയമാകുന്ന അവസ്ഥയാണുള്ളത്‌. അതുകൊണ്ട്‌ തന്നെ അവിടെയുള്ള പ്രസവ രോഗവിദഗ്‌ധര്‍ ജോലി നിര്‍ത്തുകയോ മറ്റു ചിലര്‍ സ്‌പെഷ്യാലിറ്റി മാറുകയോ ചെയ്‌തിട്ടുണ്ട്‌. ലോകത്തിന്റെ എല്ലാ ഭാഗത്തും ഏറ്റവും കൂടുതല്‍ വ്യവഹാരങ്ങള്‍ക്ക്‌ വിധേയരാകുന്നത്‌ പ്രസവരോഗ വിദഗ്‌ധരാണെന്നുള്ളത്‌ ഇതോടൊപ്പം കൂട്ടിവായിക്കാം.
സര്‍ക്കാര്‍ ആശുപത്രിയിലും ചില സ്വകാര്യാശുപത്രിയിലുമുള്ള ക്രമാതീതമായ തിരക്ക്‌, അനസ്‌തേഷ്യ ഡോക്ടറുടെ മുഴുസമയ ലഭ്യതയില്ലായ്‌മ, രക്തം കയറ്റാനുള്ള സൗകര്യമില്ലായ്‌മ എന്നിവ മൂലം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ തോന്നുന്ന ഗര്‍ഭിണികള്‍ നേരത്തെ തന്നെ സിസേറിയന്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ പ്രസവിക്കാവുന്ന ചിലര്‍ക്കെങ്കിലും സിസേറിയന്‍ ചെയ്‌തതായിക്കാണാം.

|സിസേറിയന്‍ നിരക്ക്‌ കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
പ്രസവത്തോടുള്ള സമീപനത്തില്‍ ഗര്‍ഭിണിയുടെ ഭാഗത്ത്‌ നിന്നും ഡോക്ടറുടെ ഭാഗത്ത്‌ നിന്നും ഒരു പൊളിച്ചെഴുത്ത്‌ അത്യാവശ്യമാണ്‌. പ്രസവം സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും അതിന്‌ ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പ്‌ ഗര്‍ഭിണിയുടെയും ബന്ധുക്കളുടെയും ഭാഗത്ത്‌ നിന്നും സൂക്ഷ്‌മമായ നിരീക്ഷണം ഡോക്ടറുടെ ഭാഗത്ത്‌ നിന്നും അത്യാവശ്യമാണ്‌. അമ്മക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും തുറന്ന ചര്‍ച്ചയിലൂടെ ഉചിതമായ തീരുമാനത്തിലെത്തുകയും ചെയ്യുക എന്നതാണ്‌ ഇവിടെ കരണീയം.
ഗര്‍ഭകാലത്ത്‌ കൃത്യമായ പരിചരണം, മരുന്ന്‌, ഭക്ഷണം എന്നിവ ശ്രദ്ധിക്കുക. മാര്‍ക്കറ്റില്‍ നിന്ന്‌ വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും ചിലപ്പോള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.
-ഏതു ഡോക്ടറുടെ അടുത്താണോ പ്രസവം ഉദ്ദേശിക്കുന്നത്‌ അവരെ ഏഴ്‌ മാസമുള്ളപ്പോഴെങ്കിലും കാണിക്കാന്‍ ശ്രദ്ധിക്കുക.
-പ്രസവ സമയമാവുമ്പോഴേക്ക്‌ ഡോക്ടറുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അത്‌ തുടര്‍ചികിത്സയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഗുണകരമാവുകയും ചെയ്യും.
-ഡോക്ടറെ തെരഞ്ഞെടുക്കുമ്പോള്‍ അയാളുടെ പൂര്‍വ്വകാല ചരിത്രം ശ്രദ്ധിക്കുക. പ്രസവവും അനുബന്ധ സര്‍ജ്ജറികളും ചെയ്യുന്നതിലുള്ള നൈപുണ്യം, സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയം, ഗര്‍ഭിണിയോടുള്ള സമീപനം, കാര്യങ്ങള്‍ തുറന്ന്‌ ചര്‍ച്ചചെയ്യാനുള്ള താല്‍പര്യം, ഡോക്ടറുടെ ലഭ്യത എന്നിവ പരിഗണിക്കണം. വളരെ കുറഞ്ഞ സിസേറിയന്‍ നിരക്കുകൊണ്ട്‌ മാത്രം ഒരു ഡോക്ടറെ തെരഞ്ഞെടുക്കുന്നതില്‍ വളരെ ഏറെ അപകടമുണ്ട്‌. ആവശ്യമായ സമയത്ത്‌ സിസേറിയന്‍ ചെയ്യാതെ നീട്ടിക്കൊണ്ട്‌ പോയാല്‍ കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബുദ്ധിമാന്ദ്യം, തലച്ചോറിന്റെ വൈകല്യം എന്നിവ വരാന്‍ ഇടയാവുകയും ചെയ്യും. അമ്മയുടെ ആരോഗ്യത്തെ ബാധിക്കാനും അപൂര്‍വ്വമായി മരണം സംഭവിക്കാനും ഇത്‌ ചിലപ്പോള്‍ കാരണമാകുന്നു. പ്രസവസമയത്ത്‌ ഭര്‍ത്താവോ അടുത്ത ബന്ധുവോ സൗമ്യമായ പെരുമാറ്റമുള്ള സ്റ്റാഫോ അടുത്തുണ്ടാവുന്നത്‌ ഗര്‍ഭിണിയുടെ ഉല്‍കണ്‌ഠ അകറ്റാനും സമചിത്തതയോടെ പ്രസവത്തെ നേരിടാനും സന്നദ്ധതയുണ്ടാകും.
.
ആശുപത്രി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
അംഗീകാരമുള്ള രക്തബാങ്ക്‌ സൗകര്യം.
ഇരുപത്തിനാലു മണിക്കൂറും പരിചയസമ്പന്നനായ ഡോക്ടര്‍മാരുടെ സാമീപ്യം.
യോഗ്യതയും അനുഭവ സമ്പത്തും അര്‍പ്പണ മനോഭാവമുള്ള സ്റ്റാഫിന്റെ ലഭ്യത.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top