ഓണം അന്നും ഇന്നും ദേവകിയമ്മ

കബിത മുഖോപാധ്യായ No image

ദേവകിയമ്മയെ കണ്ടപ്പോള്‍ എനിക്ക്‌ ഒരു പാലം പോലെ തോന്നി. രണ്ട്‌ കാലത്തിന്റെ ഇടയില്‍ ഒരു മഹാ സ്രോതസ്സിന്‌ മുകളില്‍ പണിതൊരു പാലം. വീതി തീരെയില്ലാത്ത ഒരു രേഖ. അവരുടെ ഭാഷയില്‍ അലങ്കാരം തീരെയില്ല. വിവരണത്തിന്റെ കൂടെ കളകള്‍ തീരെയില്ലാത്ത ശബ്ദം.
കഥ പറയുന്ന ഒരു മുത്തശ്ശിയെ പോലെ, എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പത്തെ അന്തപുര ജീവിതത്തിലേക്ക്‌ ദേവകിയമ്മക്ക്‌ ഒരു സ്വപ്‌നാടനത്തിലെന്നപോലെ കൈ പിടിച്ചു കൊണ്ടുപോകാനാകും. ഓണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പത്തെ ഒരോണക്കാലത്തേക്ക്‌ എന്നെ പുതിയ കാലത്തിന്റെ വെളിച്ചത്തിനൊപ്പം കൂട്ടിക്കൊണ്ടു പോയി.
കപിലവസ്‌തുവില്‍ വെച്ചാണ്‌ ഞാന്‍ ഈ എഴുത്തുകാരിയുമായി പരിചയപ്പെടുന്നത്‌. അതിന്‌ കാരണമായിത്തീര്‍ന്നത്‌ ചിന്ത രവി എന്ന എന്റെ ഭര്‍തൃ സഹോദരനായിരുന്നു. രവീന്ദ്രേട്ടനെ അനുസ്‌മരിക്കുന്നതിനിടയില്‍, അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ മുമ്പെന്നോ വഴിക്കുവെച്ച്‌ നഷ്ടമായ പേനയും പെന്‍സിലും അവര്‍ ഒരിക്കലും ജീവിതത്തിന്റെ സായാഹ്നത്തില്‍ വീണ്ടും കണ്ടെടുക്കുകയും എഴുത്തിന്റെ വഴിയിലേക്ക്‌ തിരിയുകയുമില്ലായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്നു.
പഴയ സംസ്‌ക്കാരത്തിന്റെ ഓര്‍മകളെ അനാവരണം ചെയ്യുന്ന ഒരു രീതി, രവി തന്റെ സാംസ്‌കാരിക സഞ്ചാരങ്ങളിലൂടെ അനുവര്‍ത്തിച്ചിരുന്നതിന്റെ ഒരോര്‍മ കൂടിയാണിത്‌.
ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ദേവകി നിലയംകോടിന്റെ `അന്തര്‍ജനം' എന്ന പുസ്‌തകം ലോക സാഹിത്യത്തിന്‌ ഒരു യഥാര്‍ത്ഥ തുടക്കം കുറിക്കുന്നു. സമയത്തിനും പൊടിപടലങ്ങള്‍ക്കും മൂടല്‍മഞ്ഞിനുമിടയില്‍ അന്തര്‍ലീനമായിപ്പോയ ഒരു കാലഘട്ടത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നു. ഈ വെളിച്ചം വീഴുന്നത്‌ ഒരു സമൂഹത്തിന്റെ ജീവിത രീതികള്‍ക്കും, നീതിക്കും നന്മകള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതിനിടയില്‍ ജീവിതം നിര്‍ണയിക്കുന്ന ഒരു അന്തപുരത്തിലെ പെണ്ണിന്റെ അവസ്ഥാനങ്ങള്‍ക്കും മുകളിലാണ്‌.
ഞാന്‍ ചോദിച്ചു: ``ഓണം എന്നു പറഞ്ഞാല്‍ എന്താണ്‌?''
നീ ഇന്ന്‌ കാണുന്ന ഓണവും ഞാന്‍ കണ്ട ഓണവുമായി കൂറെ വ്യത്യാസങ്ങളുണ്ട്‌. ആകാശവും ഭൂമിയും വ്യത്യാസമുണ്ട്‌. ഐശ്വര്യം, വിശാലത, ഉദാരത ഈ സന്ദേശങ്ങളൊക്കെ ഓണത്തിനൊടൊപ്പമുണ്ടെങ്കിലും കൂടി ഇന്നത്തെ സമൂഹം ഓണം ആഘോഷിക്കുന്നത്‌ ഒറ്റക്കാണ്‌. സ്വന്തം കുടുംബത്തിനുള്ളില്‍ മാത്രം. പാരസ്‌പര്യത്തിലുള്ള ഉദാസീനതയാവാം ഇതിന്‌ കാരണം. ഈ പ്രത്യേക പൗരാണിക മഹോത്സവം അനുവര്‍ത്തിച്ചു വരാന്‍ ഭൂമിശാസ്‌ത്ര പരവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ കാണാന്‍ കഴിയും.
ഇവിടെ കേരളത്തില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ മനസ്സിലാവും കര്‍ക്കിടകത്തിലെ മഴയും വെള്ളക്കെടുതികളും കൃഷിനാശവുമൊക്കെയായി ദുരിതത്തിന്റെ മുഴുവന്‍ കടലും നീന്തി കരക്കെത്തുമ്പോഴാണ്‌ ചിങ്ങമാസത്തിന്റെ തുടക്കവും ചിങ്ങത്തിലെ ഓണപ്പൂക്കളും ഓണപ്പുലരിയും. അതുകൊണ്ട്‌ ഈ ഓണക്കാലം പുതിയ വെളിച്ചത്തിന്റെയും പരിശുദ്ധിയുടെയും ഐശ്വര്യത്തിന്റെതുമാണ്‌. കൃഷിക്കാരുടെ സമൂഹത്തില്‍ ഹിന്ദുവും മുസ്‌ലിമും തന്നെ ഒന്നുമല്ല. എല്ലാവരും കൃഷിയെയും സമൃദ്ധിയേയും നന്മകളെയും കാത്തു നില്‍ക്കുന്നവരാണ്‌. ഇത്‌ ഭൂമിയുടെ ഉര്‍വരതയുടെ മഹോത്സവമാണ്‌.
ഞങ്ങളുടെ ചെറുപ്പകാലത്ത്‌ ഈ ഓണക്കാലം വെളിച്ചത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും സമാരംഭകാലം കൂടിയാണ്‌.
കാലത്തെഴുന്നേറ്റ്‌ കുളിച്ചും പുത്തന്‍ വസ്‌ത്രങ്ങളണിഞ്ഞും പുതുതായി വിളവെടുത്ത സസ്യങ്ങളുടെ ഭക്ഷണങ്ങള്‍ ഒരുക്കി എല്ലാവരും ഒത്ത്‌ ഉണ്ടും എല്ലാവര്‍ക്കും നല്‍കിയും ഉള്ളുതുറന്നാഘോഷിക്കുന്ന ഉത്സവമായിരുന്നു ഓണം. ഈ പുതിയ വെളിച്ചത്തെ പരിശുദ്ധിയെ ആനയിച്ചെത്തിക്കാനായി സമൂഹം മുഴുവനും കര്‍മനിരതരാകുന്നു. ഇതില്‍ ഉയര്‍ച്ച താഴ്‌ചയോ ജാതി, വര്‍ണ്ണ, ധര്‍മ വ്യത്യാസങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഈ കൂട്ടായ്‌മയെക്കുറിച്ച്‌ ഇന്ന്‌ മനസ്സിലാക്കാന്‍ ഒരുപക്ഷേ, പ്രയാസമുണ്ടായിരിക്കും. അതുകൊണ്ട്‌ ഈ ഉത്സവത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം കൂടി പറയട്ടെ.
മഹാബലിയുടെ കാലം മാനുഷര്‍ എല്ലാവരും ഒന്നു പോലെ ആമോദത്തോടെ ജീവിച്ചിരുന്നു. ഭൂമിയിലെ സ്വര്‍ഗത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍, നാരായണന്‍ വാമനരൂപം പൂണ്ടെത്തി മഹാബലിയെ പരീക്ഷിക്കുന്നതിനായി നിയോഗിച്ചു. അദ്ദേഹം തനിക്ക്‌ മൂന്നടി മണ്ണ്‌ ദാനമായി തരണമെന്ന്‌ മഹാബലിയോട്‌ അപേക്ഷിച്ചു. വാക്ക്‌ തെറ്റിക്കാതിരിക്കുന്നതില്‍ കണിശക്കാരനായ ബലി മൂന്നാമത്തെ ചുവട്‌ വെക്കാന്‍ തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ ചുവട്‌ വെപ്പില്‍ മഹാബലി പാതാളത്തിലേക്ക്‌ താഴ്‌ന്നുപോയി. അതിനുമുമ്പ്‌ ബലി ആവശ്യപ്പെട്ട പ്രകാരം കൊല്ലത്തിലൊരിക്കല്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കാനുള്ള അവസരം കിട്ടി. ആ മഹാരാജാവിനെ സ്വീകരിക്കാനാണ്‌ എല്ലാ മലയാളികളും അടിച്ച്‌ തളിച്ച്‌ വിശുദ്ധി വരുത്തി പുതിയ പൂക്കള്‍ കൊണ്ട്‌ പൂക്കളം തീര്‍ത്ത്‌ ഓണം ആഘോഷിക്കുന്നത്‌.
പുതിയ കാലത്തിന്റെ മതശാഠ്യങ്ങള്‍ ഈ ഉത്സവത്തെയും ഞെക്കിഞെരുക്കി വളരെ സങ്കുചിതമാക്കിത്തീര്‍ത്തിരിക്കുന്നു. അല്ലെങ്കിലും ഓണം ഹിന്ദുവിന്റെ മാത്രം ഉത്സവമല്ല.
അമ്മയുടെ ദൈവ വിശ്വാസം എന്തെന്നറിയാന്‍ ഞാന്‍ ചോദിച്ചു. ``ഈ ദൈവം എവിടെയാണ്‌?''
അമ്മ: ``മനസ്സിന്റെ നന്മകള്‍ക്കുള്ളില്‍ മാത്രമാണ്‌ ദൈവത്തിന്റെ വസതി, വേറെ എവിടെയുമല്ല.''
രവീന്ദ്രേട്ടന്‍ സ്‌നേഹിച്ചിരുന്ന പൂച്ചെടികള്‍ക്ക്‌ വെള്ളം കൊടുത്തു വളര്‍ത്തി തഥാഗതന്റെ വരവും കാത്തിരിക്കുന്ന ചന്ദ്രിക ചേച്ചിയെയും ദേവകിയമ്മയെയും കപിലവസ്‌തുവില്‍ ബാക്കിവെച്ച്‌ മടങ്ങുമ്പോള്‍ മഹാബലിയുടെ കഥ എനിക്ക്‌ വിസ്‌മയമായിത്തോന്നി.
ഇത്‌ സമകാലീന മൂന്നാം ലോകത്തെ ആഗോളവത്‌ക്കരണത്തിന്റെ പേരില്‍ പുത്തന്‍ കോളനി വല്‍ക്കരണത്തിന്റെ സാഹചര്യത്തിലെ ഏതോ പ്രജാവത്സലന്റെ കഥപോലെ തന്നെ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top