ഈദ്‌ മുബാറക്‌

ആത്മനിയന്ത്രണത്തിന്റെ ചിട്ടയായ പരിശീലനത്തിന്റെ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ ഒരു പെരുന്നാള്‍ ദിനം കൂടി.
ഓരോ വിശ്വാസിയും ആനന്ദത്തേരിലേറി ഈദ്‌ ഗാഹുകളില്‍ സമ്മേളിച്ച്‌ ദൈവത്തിന്റെ നാമം പ്രകീര്‍ത്തിച്ച്‌ പിരിയുന്നതോടെ വിശ്വാസിയുടെ ജീവിതത്തിലെ രണ്ട്‌ ആഘോഷങ്ങളിലൊന്ന്‌ തീരുകയാണ്‌. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഓരോ പെരുന്നാള്‍ ദിനവും ചില കൃത്യമായ പ്രതിജ്ഞകളുടെ സമര്‍പ്പണമാണ്‌. ലോകജനതക്ക്‌ ആകമാനം വഴികാട്ടിയാകാന്‍ മാത്രം മധ്യമ സമുദായം എന്ന്‌ വിശേഷിപ്പിക്കപ്പെട്ട വിശ്വാസി സമൂഹം അവരില്‍ അര്‍പ്പിതമായ കടമകളെക്കുറിച്ച്‌ സശ്രദ്ധം ചിന്തിക്കേണ്ട ദിനം കൂടിയാണിത്‌.
ഒരു മാസക്കാലം നേടിയെടുത്ത ആത്മവിശുദ്ധിയും മാനസിക സംസ്‌കരണവും പൊട്ടിപ്പോവാതിരിക്കാന്‍ വിശ്വാസി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം നാം ആഘോഷത്തെ വരവേല്‍ക്കുന്നത്‌ ആദര്‍ശ പ്രതിബദ്ധത കൊണ്ടാണ.്‌
ഇന്നത്തെ ആഗോളീകരണകാലത്ത്‌ എളുപ്പത്തില്‍ വേരറ്റുപോകുന്നത്‌ കുടുംബമെന്ന സങ്കല്‍പ്പമാണ്‌. അഥവാ അതുണ്ടെങ്കില്‍ തന്നെ അണുകുടുംബം എന്നതിലേക്ക്‌ ചുരുങ്ങിപ്പോവുകയാണ്‌. അതിനുള്ള ബോധപൂര്‍വ്വ ശ്രമങ്ങളാണ്‌ ചുറ്റും. ബന്ധങ്ങളെ അതിന്റെ പവിത്രതയോടെ കാണാനും സ്‌നേഹത്തോടെ കൂട്ടിയിണക്കാനും നമുക്ക്‌ നേരമില്ലാതായിപ്പോയിട്ടുണ്ട്‌. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ദിനമായിരിക്കണം പെരുന്നാള്‍. നാം ഈദ്‌ഗാഹുകളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ്‌ ഇറങ്ങിപ്പോവേണ്ടത്‌ നമ്മുടെ ബന്ധു കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും ആവണം. സഹൃത്തുക്കളെ സന്ദര്‍ശിക്കാനും ബന്ധം ഊഷ്‌മളമാക്കാനും ആവണം. ഒരു പക്ഷേ നമ്മളോടൊപ്പം ഈദ്‌ ഗാഹുകളില്‍ വരാന്‍ മനസ്സുകൊണ്ട്‌ ആഗ്രഹിച്ചിട്ടും രോഗം മൂലമോ മറ്റവസ്ഥകളിലോ പോകാന്‍ പറ്റാത്തവര്‍ നമ്മുടെ ബന്ധുവീടകങ്ങളില്‍ ഉണ്ടാവാം. അവരെ സന്ദര്‍ശിക്കാനും സമാശ്വാസം നല്‍കാനും ഈ ദിനം നാം ഉപയോഗപ്പെടുത്തണം. അന്യന്റെ സങ്കടങ്ങളെ ഒപ്പിയെടുത്ത്‌ അവന്‌ ആശ്വാസം പകര്‍ന്നുകൊണ്ടാവണം നാം ഈദ്‌ ആഘോഷിക്കേണ്ടത്‌.
വിശക്കുന്നവന്റെ പ്രയാസങ്ങളെ ഒരു മാസക്കാലത്തെ വ്രതാനുഷ്‌ഠാനത്തിലൂടെ അറിഞ്ഞവരാണ്‌ നാം. പെരുന്നാള്‍ ദിനത്തില്‍ ഒരാളും പട്ടിണികിടക്കരുതെന്ന്‌ നിര്‍ബന്ധമുള്ള നാം ഫിത്വര്‍ സകാത്തിലൂടെയും സ്വദഖയിലൂടെയും പാവപ്പെട്ടവന്റെ സുഭിക്ഷത ഉറപ്പ്‌ വരുത്തിയിട്ടുണ്ട്‌. എന്നാലും അനാവശ്യമായി ഭക്ഷണമുണ്ടാക്കി പിറ്റേന്ന്‌ വരുന്ന പഞ്ചായത്ത്‌ കോര്‍പ്പറേഷന്‍ വക മാലിന്യവണ്ടികളില്‍ തള്ളുന്ന പ്രവണത ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഓരോ ആഘോഷപ്പിറ്റേന്നും പത്രത്താളുകളില്‍ നാം കാണുന്നത്‌ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്കും കണക്കില്ലാതെ മദ്യം അകത്താക്കി കുടുംബത്തില്‍ നിന്നും പടിയിറങ്ങിപ്പോയ കുടുംബനാഥന്‍ന്മാരുടെ സചിത്ര റിപ്പോര്‍ട്ടുകളാണ്‌. ഇതര ആഘോഷങ്ങളില്‍ നിന്നും ഈദിനെ വ്യതിരിക്തമാക്കുന്നത്‌ ഇത്തരം ജീര്‍ണ്ണതകളെ ഒഴിവാക്കുന്നതിലൂടെയാണ്‌. മുസ്‌ലിം പ്രദേശങ്ങള്‍ മദ്യ വിപത്തില്‍ നിന്ന്‌ രക്ഷപ്പെട്ടിരിക്കുന്നുവെന്ന്‌ നാം ഉറപ്പുവരുത്തണം. ഈ പൈശാചികതയില്‍ നിന്ന്‌ മാറി നില്‍ക്കാനുള്ള ധാര്‍മികത നേടിയവരാണ്‌ നാമെന്ന ബോധം നമ്മുടെ യുവാക്കളില്‍ നിന്നും കൈവിട്ട്‌ പോകരുത്‌.
വിശ്വസാഹോദര്യത്തിന്റെ വാക്താക്കളെന്ന നിലക്ക്‌ പരസ്‌പരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെ ഇതര മതസ്ഥരോടും സമുദായങ്ങളോടും സ്‌നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാനും നമുക്കാവണം. അതിനുള്ളതാവട്ടെ ഈ പരിശുദ്ധ ആഘോഷം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top