സൗഹൃദത്തിന്റെ പുതിയ മുഖം

ബിഷാറ മുജീബ്‌ No image

കുന്നിക്കോട്‌ ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂളില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്‌ മുഴുമിക്കാനാവാതെ തിരിഞ്ഞുനടക്കേണ്ടി വന്ന, അതിസുന്ദരനും ബുദ്ധിമാനുമായ കുട്ടിയെ സുധര്‍മ ടീച്ചര്‍ക്ക്‌ ഇപ്പോഴും മറക്കാനാവില്ല. പെന്‍ഷനായിട്ട്‌ പത്ത്‌ വര്‍ഷം തികഞ്ഞിട്ടും ആ മിടുക്കന്റെ വിധി മാറ്റിയെഴുതിയ 1988-ലെ നവംബര്‍ 9 ഇപ്പോഴും അവരെ നോക്കി കൊഞ്ഞനം കുത്താറുണ്ടത്രെ.
ശരീരത്തിന്റെ എണ്‍പത്‌ ശതമാനവും ചലിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോഴും തികഞ്ഞ ആത്മവിശ്വാസവും ഒത്തിരി പ്രതീക്ഷകളുമാണ്‌ അവനിപ്പോള്‍ കൂട്ടായുള്ളത്‌.
പേര്‌: ഷംനാദ്‌
വയസ്‌: 29
സ്ഥലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര
ടീച്ചര്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌. `` സ്‌കൂള്‍ തുറന്നപ്പോള്‍ പുതിയതായി വാങ്ങിക്കൊടുത്ത പെന്‍സില്‍ നന്നായി കൂര്‍പ്പിച്ച്‌ കീശയിലിട്ടാണ്‌ ബെല്ലടിച്ചപ്പോള്‍ അവന്‍ കളിക്കാനോടിയത്‌. കാല്‍ എന്തിലോ ഉടക്കി മറിഞ്ഞ്‌വീണ ഷംനാദ്‌ എണീക്കുന്നേയില്ലെന്ന്‌ കൂട്ടുകാര്‍ വന്ന്‌ വിവരം അറിയിച്ചപ്പോഴാണ്‌ ഞങ്ങള്‍ അവിടേക്ക്‌ ഓടിയെത്തിയത്‌. കമിഴ്‌ന്ന്‌ കിടക്കുകയായിരുന്ന അവനെ വാരിയെടുത്ത്‌ ഓഫീസ്‌ റൂമിലേക്ക്‌ കൊണ്ടു പോകുമ്പോഴാണ്‌ പോക്കറ്റിലെ പെന്‍സില്‍ ശ്രദ്ധയില്‍ പെട്ടത്‌. തറഞ്ഞ്‌ നില്‍ക്കുന്ന പെന്‍സില്‍ കണ്ട്‌ പ്രയാസം തോന്നി അത്‌ മാറ്റിക്കൊടുക്കാമെന്ന്‌ കരുതി ഒരു ടീച്ചറാണ്‌ അതെടുത്തത്‌. തറഞ്ഞു നിന്ന പെന്‍സില്‍ വലിച്ചൂരിയപ്പോള്‍ അവിടെമാകെ രക്തക്കളമായി. ഉടനെ അടുത്തുള്ള ഹോസ്‌പിറ്റലിലെത്തിച്ചെങ്കിലും അവര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ റഫര്‍ ചെയ്‌തു. പക്ഷേ, അവന്റെ കളിപ്രായത്തിന്റെ അവസാന ദിനമായിരുന്നു അതെന്ന്‌ ഞങ്ങളാരും കരുതിയിരുന്നില്ല. വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും അവന്‌ നെഞ്ചിനു മുകളില്‍ മാത്രം ചലിപ്പിക്കാന്‍ കഴിയുന്നുവെന്ന അനുഗ്രഹം മാത്രം ബാക്കിയായി. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലപ്പോഴും അവനെ കാണാന്‍ ചെന്നിരുന്നു. ചുറുചുറുക്ക്‌ നഷ്ടപ്പെട്ട്‌ നിരാശനായി അന്ന്‌ കണ്ടിരുന്ന അവനിപ്പോള്‍ പലതും നേടിയിരിക്കുന്നു. ഞാന്‍ പുസ്‌തകങ്ങള്‍ കൊടുക്കാറുണ്ട്‌. വായിച്ച്‌ അഭിപ്രായങ്ങള്‍ അവനെന്നെ അറിയിക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും.''
ഷംനാദിന്റെ ഭാഷയില്‍ കുഞ്ഞുപ്രായത്തിലെ ആശുപത്രി കിടക്കയിലെ മാനസികാവസ്ഥ വിവരാണാതീതമാണ്‌. ``എപ്പോഴും വിഷമമായിരുന്നു. ഭക്ഷണം കഴിക്കാതെ വാശികാണിച്ചു. എല്ലാത്തിനോടും ദേഷ്യം പ്രകടിപ്പിച്ചു. സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരും കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക്‌ മുഖം കൊടുക്കാതെ പുതപ്പിട്ടു മൂടി. എന്ത്‌കൊണ്ടാണതെന്ന്‌ ഇപ്പോഴും അറിയില്ല. ഒരിക്കലും രോഗത്തിന്റെ കാഠിന്യം അറിയില്ലായിരുന്നു. പനി വന്നാല്‍ തന്നെ രണ്ടു ദിവസം ഉമ്മ പുറത്ത്‌ പോകാന്‍ സമ്മതിക്കാറില്ല. അതു പോലെയായിരിക്കുമെന്ന്‌ കരുതി. പിന്നീട്‌ ഡോക്‌ടര്‍മാരുടെയും മറ്റുള്ളവരുടെയും സംഭാഷണത്തില്‍ നിന്നാണ്‌ പതിയെ ഒരിക്കലുമുള്‍കൊള്ളാനാവാത്ത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്‌. അപ്പോള്‍ അതീവ നിരാശയും വേദനയുമായിരുന്നു. മറ്റുള്ളവരെ പോലെ തനിക്കിനി ഒന്നും കഴിയില്ലല്ലോ എന്ന ചിന്ത തീര്‍ത്തും തളര്‍ത്തി.''
തളര്‍ന്ന കുഞ്ഞു മനസ്സിനും ശരീരത്തിനും ആശ്വാസവും ആത്മ വിശ്വാസവും ആദ്യം ലഭിച്ചത്‌ വീട്ടില്‍ നിന്ന്‌ തന്നെയായിരുന്നു. ചിലര്‍ അടുത്ത്‌ വന്ന്‌ കണ്ണീരൊഴുക്കി വിധിയെ പഴിക്കുമ്പോള്‍ ഏതാണ്‌ ശരി എന്നറിയാതെ അവന്‍ കുഴങ്ങി. ചില ബന്ധുക്കളും ഉസ്‌ദാതും തലയില്‍ കൈവെച്ച്‌ സമാധാനിപ്പിച്ചു. അതോടൊപ്പം ഉമ്മയുടെ നിരന്തരമായ ഉപദേശം പുതിയ വെളിച്ചം നല്‍കി. ഉപ്പ ഷംസുദ്ദീന്‍ കടയിലേക്കും ഉമ്മ സുബൈദ ബീവി അടുത്തുള്ള കശുവണ്ടി ഫാക്‌ടറിയിലേക്കും സഹോദരങ്ങള്‍ സ്‌കൂളിലേക്കും പോകുമ്പോള്‍ ഷംനാദ്‌ ഒറ്റക്കാവും. അപ്പോള്‍ ഉമ്മക്ക്‌ പകരക്കാരിയായി വല്യുമ്മ വീട്ടിലെത്തും. നല്ല സ്‌നേഹം നല്‍കുന്ന പ്രായവും രോഗവുമുള്ള അവരാണ്‌ പിന്നീട്‌ അവന്റെ ലോകത്തുണ്ടാവുക. ആരുമില്ലെങ്കില്‍ ഭക്ഷണം തൊട്ടടുത്ത്‌ തന്നെ മെല്ലെ എടുത്തുകഴിക്കാന്‍ പാകത്തില്‍ വെച്ചാണ്‌ ഉമ്മ പോവുക.
പിന്നീട്‌ പഠിക്കാനുള്ള സാഹചര്യം അന്വേഷിച്ചു. കൈകൊണ്ട്‌ ഒന്നും എഴുതാന്‍ പറ്റില്ല. ഒരാള്‍ വായിച്ച്‌ തരുന്നത്‌ കേട്ട്‌ പഠിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. അത്‌ കൊണ്ട്‌ അദ്ധ്യാപകരെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. സഹോദരി പഠിക്കുന്നത്‌ കേട്ട്‌ വായിക്കാന്‍ ശ്രമിച്ചു. വേഗത്തില്‍ വായിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം അപ്പോഴാണറിഞ്ഞത്‌. കൂടുതല്‍ ഇഷ്ടപ്പെട്ടത്‌ കവിതകളായിരുന്നു, ഒ.എന്‍.വിയുടെ `മോഹം' എന്നും ഒരു മോഹമായി മനസ്സില്‍ അലയടിക്കുന്നു. ഓരോ ക്ലാസിലേക്കുമുള്ള പുസ്‌തകങ്ങള്‍ വാങ്ങി വായിച്ചു. ജീവിതത്തിലെ പരാജയങ്ങള്‍ അതിജീവിച്ചവരുടെ ആത്മകഥകള്‍ വളരെ ഇഷ്ടമാണ്‌. അതില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു.
അപകടം പറ്റിയ സമയത്ത്‌ 10 ശതമാനം മാത്രം ചലനശേഷി ഉണ്ടായിരുന്നത്‌ പിന്നീട്‌ ന്യൂറോളജി, ആയുര്‍വേദ ചികിത്സകളിലൂടെ 20 ശതമാനമാക്കാന്‍ സാധിച്ചു. സ്‌പൈനല്‍ കോഡിന്‌ തകരാറ്‌ സംഭവിച്ചതിനാല്‍ നിരന്തര ചികിത്സയിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും അതിജീവിക്കാന്‍ കഴിഞ്ഞതിന്റെ പാരമ്യതയാണിത്‌.
പതിനെട്ട്‌ വര്‍ഷം മുമ്പ്‌ ചെന്നൈയില്‍ ഒരു ഡോക്‌ടറുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്ന അടുത്ത ബന്ധു അയാളെ കാണിക്കാന്‍ വേണ്ടി ഷംനാദിന്റെ ചികിത്സാ രേഖകളത്രയും അവിടേക്ക്‌ കൊണ്ട്‌ പോയി. പക്ഷേ യാത്രക്കിടയില്‍ അതെവിടെയോ നഷ്ടപ്പെട്ടു. ചികിത്സയുടെ തുടര്‍പ്രക്രിയയില്‍ അത്‌ പ്രയാസം സൃഷ്ടിച്ചു. ശരീരം സ്‌ട്രൈന്‍ ചെയ്യുമ്പോള്‍ പൊട്ടാതിരിക്കാനുള്ള വിദ്യകള്‍ ഡോക്‌ടര്‍ പഠിപ്പിച്ചു. അതോടെ തുടര്‍ന്നുള്ള ചികിത്സകള്‍ക്ക്‌ വിരാമമിട്ട്‌ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്‌.
നാലു വര്‍ഷം മുമ്പ്‌ പനി വന്ന്‌ ശരീരത്തിന്റെ ഒരു ഭാഗം വീര്‍ത്തു വന്നു. ഛര്‍ദിയും തുടങ്ങി. നന്നായി ക്ഷീണിച്ച്‌ അവശനായ അവനെ നാല്‍പത്‌ ദിവസത്തോളം മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. യഥാര്‍ഥ ഹോസ്‌പിറ്റല്‍ അനുഭവങ്ങള്‍ അപ്പോഴാണ്‌ അറിയുന്നത്‌. കുട്ടിയാ യിരുന്നപ്പോള്‍ തുടര്‍ച്ചയായി എട്ടു വര്‍ഷത്തോളം ചികിത്സയിലായിരു ന്നിട്ടും കാര്യമായി ഒന്നും ഓര്‍മിക്കാനു ണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന ആള്‍ മരിക്കുന്നതും അയാളുടെ ബന്ധുക്കളുടെ ദുഃഖവും നേരില്‍ കണ്ടു. മാലാഖ കണക്കെ അടുത്തെത്തുന്ന നഴ്‌സു മാരുടെ കാരുണ്യത്തിന്റെ വലിപ്പമറി ഞ്ഞു. പുതിയ കുറേ സുഹൃത്തുക്കളെ കിട്ടി. ഡോക്‌ടര്‍മാരുമായി ബന്ധം സ്ഥാപിച്ചു. നാല്‍പതു ദിവസം കഴിഞ്ഞ്‌ ഉമ്മയുടെയും മാമയുടെയും കൂട്ടുകാരന്‍ ശഫീഖിന്റെയും കൂടെ തിരിച്ചു പോരുമ്പോള്‍ വല്ലാത്ത വിഷമമായി രുന്നു. വീടല്ലാത്തൊരിടത്ത്‌ പോകാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരിക്കാം. ആ ദിവസങ്ങളത്രയും രോഗം മാറാനല്ല പ്രാര്‍ഥിച്ചത്‌, ഈമാന്‍ വര്‍ധിപ്പിക്കാ നായിരുന്നു.
വീടും സ്വന്തം റൂമും മാത്രം ലോകമായി കരുതിയിരിക്കുമ്പോഴാണ്‌ ബന്ധു പരിചയമുള്ള ലേഖകനെ കൊണ്ട്‌ പ്രമുഖ പത്രത്തില്‍ ഫീച്ചര്‍ എഴുതിപ്പിച്ചത്‌. വാര്‍ത്ത കണ്ട്‌ രണ്ട്‌ പേര്‍ കത്തയച്ചു. അതിലൊരാളുമായി ഇപ്പോഴും ബന്ധപ്പെടുന്നു. കോഴി ക്കോട്‌ പയ്യോളിയിലെ അബ്ദുള്ള എന്ന വിരലുകള്‍ വരെ ചലിപ്പിക്കാന്‍ കഴിയാത്ത കുടുംബനാഥനായ അയാള്‍ ഷംനാദിന്‌ നല്‍കിയ പ്രചോദനവും ആത്മവിശ്വാസവും ജീവിതത്തിന്റെ മറ്റൊരു തലം കാണിച്ചു കൊടുത്തു. കിടന്ന്‌ ജീവിതം പഴിക്കേണ്ടവരല്ല എന്ന്‌ തുടരെ തുടരെ കത്തുകളിലൂടെ ഓര്‍മിപ്പിച്ചു. അഞ്ച്‌ വര്‍ഷം മുമ്പ്‌ മൊബൈല്‍ ഫോണ്‍ ലഭിച്ചപ്പോള്‍ ആദ്യമായി വിളിച്ചത്‌ അബ്ദുള്ള യെയായിരുന്നു. അദ്ദേഹം പറയുന്നത്‌ ഷംനാദ്‌ നല്ല ക്ഷമയുള്ള കുട്ടിയാണെ ന്നാണ്‌, നല്ല കൂട്ടുകാരനും.
ജീവിതത്തിലെ ഏറ്റവും ദുഃഖമുള്ള അനുഭവങ്ങള്‍ ഷംനാദ്‌ വിവരിക്കുന്നത്‌ ഇങ്ങനെ. ``അപകടം സംഭവിച്ച്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വിസമ്മതിച്ച ടീച്ചര്‍മാരില്‍ രണ്ട്‌ പേര്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ നിര്യാതരായി. ഒന്ന്‌ ക്ലാസ്‌ ടീച്ചറും മറ്റൊന്ന്‌ പെന്‍സില്‍, സ്റ്റാഫ്‌ റൂമില്‍ വെച്ച്‌ ഊരിയെടുത്ത ടീച്ചറും. രണ്ടും അപകട മരണമായിരുന്നു.'' ``പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ ഏറെ കഴിവുള്ള വനാണ്‌ ഷംനാദ്‌. കിടക്കയിലാണെങ്കിലും ഉമ്മക്കും കുടുംബത്തിനും വേണ്ടി എല്ലാം നിയന്ത്രിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കു ന്നത്‌ അവന്‍ തന്നെയാണ്‌. അവനോട്‌ സംസാരച്ചാല്‍ മനസ്സില്‍ സമാധാനമാണ്‌. ലോക വിവരം നന്നായുണ്ട്‌. അവന്‍ എന്റെ സഹായ ത്തോടെ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്‌. ഷംനാദിന്റെ ജീവിതം കാണുന്നവര്‍ക്ക്‌ ഒരദ്‌ഭുതമാണ്‌.'' അധ്യാപകനായ കൂട്ടു കാരന്‍ ശഫീഖിന്റെ വാക്കുകളാണിത്‌.
ഷംനാദിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ളവരെ സൗഹൃദങ്ങള്‍ തേടിവരുന്നത്‌ അപൂര്‍വ്വമാണ്‌. വന്നാല്‍ തന്നെ അധികകാലം ആ ബന്ധം നീണ്ടു നില്‍ക്കുകയുമില്ല. കാരണം ഞങ്ങള്‍ക്ക്‌ പറയാനുള്ളതും അറിയുന്നതും പരിമിതമാണല്ലോ. എന്നാല്‍ ഇതില്‍ നിന്ന്‌ വ്യത്യസ്‌തരായ രണ്ട്‌ പേരെക്കുറിച്ച്‌ പറയാതിരിക്കാന്‍ ആവില്ല. ഇന്റര്‍നെറ്റില്‍ നിന്നും നമ്പര്‍ ലഭിച്ച്‌ ഇങ്ങോട്ട്‌ ബന്ധപ്പെട്ടവരാണവര്‍- പെരുമ്പാവൂരിലെ നസീറും ഖത്തറിലുള്ള ഷഫീഖും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ മാനസികമായും ധാര്‍മികമായും ഏറെ പിന്തുണ നല്‍കിയവരാണവര്‍. സഹായിക്കാന്‍ ഒരു സുഹൃത്തുണ്ടായിരുന്നെങ്കില്‍ എന്ന്‌ കൊതിച്ചപ്പോള്‍ കിട്ടിയ സൗഹൃദത്തിന്റെ പുതിയ മുഖം ഷംനാദിന്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല.
A/c No:31625856586
E-mail: shamnadkkd@gmail.com

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top