എന്നെ നിയമം പഠിപ്പിച്ച കലാലയം

അമ്പിളി No image

കോഴിക്കോട്‌- വയനാട്‌ ദേശീയ പാതയില്‍ പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വെള്ളിമാട്‌കുന്നെത്തും. എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സും അമൃതാനനന്ദമയി ബ്രഹ്‌മ സ്ഥാനവും പോലീസ്‌ ആംഡ്‌ റിസര്‍വ്‌ ക്യാമ്പും സ്ഥിതി ചെയ്യുന്നതിവിടെത്തന്നെയാണ്‌. കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ലോ കോളേജും പ്രൗഢഗംഭീരമായ കവാടത്തിനിരുവശവും കൊടിത്തോരണങ്ങളും ബാനറുകളും ഉയര്‍ത്തിക്കെട്ടി ചുവരെഴുത്തുകളും പോസ്റ്ററും കൊണ്ടലങ്കരിച്ച ലോ കോളേജ്‌. മതില്‍ കെട്ടിനകത്തു നിന്ന്‌ ചങ്കുപൊട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം. കണ്ണോടിച്ചാല്‍ തടിച്ച നിയമപുസ്‌തകങ്ങളില്‍ കണ്ണാഴ്‌ത്തി നീതി ദേവതയെ ധ്യാനിച്ചിരിക്കുന്ന വിദ്യാര്‍ഥികളെയും, വിപ്ലവവും സാഹിത്യവും രക്തത്തിലലിഞ്ഞ ബുദ്ധിജീവികളെയും കാണാം...
കൗമാരത്തിന്റെയും യൗവനത്തിന്റെയും ഇടക്കാലത്തെ നീണ്ട അഞ്ച്‌ വര്‍ഷങ്ങള്‍- ഒരാളുടെ ചിന്തയെയും വ്യക്തിത്വത്തെയും ഏത്‌ വിധേനയും സ്വാധീനിക്കുമെന്ന്‌ ഉറപ്പുള്ള കാലഘട്ടം. 2002 ലാണ്‌ ഞാന്‍ ലോകോളേജിന്റെ ഭാഗമാവുന്നത്‌. അന്ന്‌ പ്രൊ. എ സത്യശീലന്‍ സാറാണ്‌ പ്രിന്‍സിപ്പള്‍. നല്ല അധ്യാപകന്‍. ആഴമുള്ള വായന, ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂകുട്ടിക്ക്‌ സിനിമാലോകം ചൂണ്ടി കാണിച്ച സഹൃദയന്‍. പക്ഷെ വിവാദങ്ങള്‍ സാറിന്‌ ഹരമായിരുന്നു.
അല്‍പം ചരിത്രം
മദിരാശിയില്‍ പോയി നിയമം പഠിച്ച്‌ വക്കീല്‍ കുപ്പായമണിഞ്ഞ ഒരുപാട്‌ പേരെ പുസ്‌തകങ്ങളില്‍ കാണാം. മദ്രാസിനു പുറമേ തിരുവനന്തപുരത്തും, എറണാകുളത്തും പിന്നീട്‌ ലോ കോളേജുകള്‍ തുടങ്ങി. 1968 ല്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ രൂപീകരണത്തോടെയാണ്‌ മലബാറിന്‌ ലോ കോളേജ്‌ എന്ന സ്വപ്‌നം സത്യമായത്‌. 1970 ല്‍ മാനാഞ്ചിറയില്‍ ട്രൈയ്‌നിംഗ്‌ കോളേജിനടുത്തായിരുന്നു ലോ കോളേജിന്റെ തുടക്കം. ആദ്യബാച്ച്‌ 1973 ല്‍ പുറത്തിറങ്ങി. 1976 ല്‍ എല്‍.എല്‍.എമ്മും 1984 ല്‍ പഞ്ചവത്സര എല്‍.എല്‍.ബിയും ആരംഭിച്ചു.
1982 ജൂണിലാണ്‌ വെള്ളിമാട്‌കുന്നിലെ ഇന്നത്തെ ബില്‍ഡിംഗിലേക്ക്‌ കോളേജ്‌ മാറിയത്‌. 12 ഏക്കറിലായി കോളേജ്‌ റിസര്‍ച്ച്‌ സെന്റര്‍, ഹോസ്‌റ്റലുകള്‍ എന്നിങ്ങനെ ലോ കോളേജ്‌ അതിന്റെ പൂര്‍ണാവസ്ഥയിലെത്തി.
ആദ്യദിനം
ഇരു പുറവും തിങ്ങിനിന്ന്‌ തുറിച്ചുനോക്കുന്ന സീനിയേഴ്‌സിനു നടുവിലൂടെ ഞങ്ങള്‍ ക്ലാസുകളിലേക്ക്‌ നീങ്ങി. പിന്നീട്‌ പരിചയപ്പെടലിന്റെ തിരക്കാണ്‌. ഓരോ പരിചയപ്പെടലും ഓരോ കാമ്പയ്‌നുകളാണ്‌. അന്ന്‌ ഇരു സംഘടനകളും ബലാബലത്തിലാണ്‌. ഒരു കൂട്ടിയെ എസ്‌.എഫ്‌.ഐക്കാര്‍ ഒരു മിനിറ്റെങ്ങാനും അധികം കണ്ടാല്‍ കെ.എസ്‌.യു ഒരാളെ വിട്ട്‌ അത്‌ പരിഹരിക്കുമെന്ന്‌ തീര്‍ച്ച.
ഇടയ്‌ക്ക്‌ ``ഇറങ്ങിപ്പോയിനെടാ..'' എന്നാക്രോശിച്ച്‌, ചൂരലുമായി സത്യശീലന്‍ സാര്‍ ചാടി വീഴും. പിന്നെ എല്ലാം ശാന്തം.
തെരഞ്ഞെടുപ്പ്‌
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ പിന്നെ ക്ലാസ്സ്‌ വിരളമാണ്‌. പ്രസംഗങ്ങളും, പ്രകടനങ്ങളും പോരാഞ്ഞ്‌ വോട്ട്‌ പിടിക്കാന്‍ ബിരിയാണി വരെ ഓഫറുണ്ടാവും. പ്രണയവും സൗഹൃദവും ശത്രുതയും പോലും വോട്ട്‌ തീരുമാനിക്കും. നിഷ്‌പക്ഷരായ കുട്ടികള്‍ വരെ രണ്ടാഴ്‌ചക്കാലത്തെ പ്രചാരണ മാമാങ്കത്തിനൊടുവില്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്ന അവസ്ഥയിലാവും. ഏഴോ-എട്ടോ വോട്ടുകള്‍ക്കാവും ജയം തീരുമാനിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ പേഴ്‌സണല്‍ വോട്ടുകള്‍ക്ക്‌ ആവശ്യക്കാരേറെയാണ്‌. തല്‍ക്കാലത്തേക്ക്‌ തട്ടിക്കൂട്ടിയുണ്ടാക്കുന്ന പേഴ്‌സണാലിറ്റികള്‍ പൊട്ടിപോവുമെന്നുറപ്പാണ്‌. വരും വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി മുന്‍കൂട്ടി പേഴ്‌സണാലിറ്റിയൊരുക്കുന്ന വിരുതരും ഉണ്ട്‌.
രാഷ്‌ട്രീയം
കാമ്പസിലെ ഓരോ മണ്‍തരിയും രാഷ്‌ട്രീയ വത്‌കരിക്കപ്പെട്ടതാണ്‌. തികച്ചും സൗഹാര്‍ദ്ദപരമായ രാഷ്‌ട്രീയ ചര്‍ച്ചകള്‍ മുതല്‍ അടിച്ച്‌ തലപൊട്ടിക്കുന്ന രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ വരെ ക്യാമ്പസ്‌ ഒരുപാട്‌ കണ്ടിട്ടുണ്ട്‌. കളരി നൗഫല്‍, അടി ഉണ്ണി, നെഞ്ചക്ക്‌ പീറ്റര്‍ തുടങ്ങിയ സ്ഥാനപേരുകളില്‍ അറിയപ്പെടുന്ന ചിലരും ഉണ്ടായിരുന്നു.
പ്രസംഗിച്ച്‌ പഠിക്കാനും പയറ്റിക്കയറാനും നേതാക്കള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ ലോ കോളേജ്‌. അവകാശ സമരങ്ങളുടെ ബാലപാഠങ്ങള്‍ ഇവിടെ പഠിച്ചാല്‍ അതിന്‌ വിലയേറെയാണെന്ന്‌ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം സാക്ഷ്യപ്പെടുത്തും. ചെറുതും വലുതമായ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നേതാക്കള്‍ ഈ ക്യാമ്പസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌. അബ്ദുസ്സമദ്‌ സമദാനി, ഈയിടെ അന്തരിച്ച സുജനപാല്‍, CPM ലെ വിവാദ നായകന്‍ പി. ശശി, നിരവധി പഞ്ചായത്ത്‌ ബ്ലോക്ക്‌, കോപ്പറേഷന്‍ മെമ്പര്‍മാര്‍ എന്നിങ്ങനെ പോകുന്നു അവരുടെ നിര.
ഹോസ്റ്റല്‍
കോളേജിന്റെ പുറകിലായി കോമ്പൗണ്ടിന്‌ ഉള്ളിലാണ്‌ ഹോസ്റ്റലുകള്‍. മെന്‍സ്‌ ഹോസ്റ്റലില്‍ നിന്നും ലേഡീസ്‌ ഹോസ്റ്റലിനെ വേര്‍തിരിക്കാന്‍ വലിയ മതിലും മുകളില്‍ കമ്പിവേലിയുമുണ്ട്‌.
വിദ്യാര്‍ഥി സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ്‌ ലേഡീസ്‌ ഹോസ്റ്റല്‍ വന്നത.്‌ അന്ന്‌ അതിനായി നിരാഹാരം കിടന്ന SFI യുടെ യൂണിറ്റ്‌ സെക്രട്ടറി ആര്‍.കെ ബിജു ഇന്ന്‌ ഇവിടെ അധ്യാപകനാണ്‌. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പുരുഷഹോസ്റ്റലിന്റെ ടെറസില്‍ കയറി, ഓരിയിട്ട കുറുക്കന്‍മാരായ സഹോദരന്മാര്‍ ഇന്ന്‌ എവിടെയൊക്കെയോ വക്കീലന്മാരായി വിലസുന്നുണ്ടാവണം.
ഹോസ്റ്റലില്‍ മെസ്സില്ലെങ്കില്‍ രാജേട്ടനാണാശ്രയം. ബസ്റ്റോപ്പിനടുത്ത്‌ ഹോട്ടല്‍ അശോക നടത്തുന്ന രാജേട്ടന്‍ ലോ കോളേജിന്റെ ഭാഗം തന്നെയാണ്‌. സപ്ലിയടിച്ചാല്‍ വഴക്കു പറയാനും കാശില്ലെങ്കില്‍ ഒരു നേരത്തെ അന്നം തരാനും രാജേട്ടനു മടിയില്ല. സമരക്കാലത്തും തെരഞ്ഞെടുപ്പുകാലത്തും കാമ്പസിനു ടെഷനടിച്ചാല്‍ രാജേട്ടന്‍ ആശ്വാസമാവും. ഹൈവേ വികസനത്തില്‍ ഹോട്ടല്‍ അശോകയും റോഡെടുത്ത്‌ പോകുമെന്ന്‌ കേള്‍ക്കുന്നു.
പഠിച്ചുപോയവര്‍
കേരളത്തിന്റെ രാഷ്ട്രീയ നീതിന്യായ മാധ്യമ സാംസ്‌കാരിക മേഖലകളില്‍ ഉടനീളം ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന നിരവധി പേര്‍ ഈ കലാലയത്തിന്റെ പഴയ കുട്ടികളാണ്‌. ജസ്റ്റിസ്‌ ബസന്ത്‌, മുന്‍ പ്രിന്‍സിപ്പല്‍ റീത്ത ടീച്ചര്‍, ഇന്ത്യാവിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്രീകല, കാര്‍ട്ടൂണിസ്റ്റ്‌ സുജിത്‌, സിനി ആര്‍ട്ടിസ്റ്റ്‌ അമ്പിളി, മജിസ്‌ട്രേറ്റുമാരായ ഷൈജല്‍, ജയ തുടങ്ങിയവര്‍ ഇപ്പോള്‍ ഇവിടെത്തന്നെ അധ്യാപകരായ ജവഹര്‍ സര്‍, ബിജു സര്‍, മഞ്ചേരി സുന്ദര്‍ രാജ്‌ എന്നിങ്ങനെ പോകുന്നു ആ പഴയ കുട്ടികള്‍.
*****
പൊന്നുച്ചാമിയെ ന്യായീകരിച്ച്‌ നിയമം പറഞ്ഞ്‌ നീതി നടത്താന്‍ വക്കീലന്മാരെത്തുമ്പോള്‍, ലക്ഷം കോടിയുടെ അഴിമതി നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍ നിയമനിര്‍മ്മാണം നടത്തുന്നത്‌ നിത്യ കാഴ്‌ചയാകുമ്പോള്‍, ഇല്ലാത്ത നിയമങ്ങള്‍ കരഞ്ഞു വാങ്ങുകയും ഉള്ള നിയമങ്ങള്‍ തിരശ്ശീലയുടെ പിന്നാമ്പുറത്തേക്കണയാന്‍ വെമ്പുകയും ചെയ്യുന്ന കാലഘട്ടത്തില്‍ നിയമം പഠിക്കേണ്ടത്‌ അനിവാര്യമാണെന്ന തോന്നല്‍ ഉണ്ടാവുന്ന പക്ഷം നിങ്ങള്‍ക്കും കടന്നുവരാം, പ്രതാപിയായ ഈ നിയമാലയത്തിലേക്ക്‌.
നീതിയുടേയും, സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഷയില്‍ പഠിക്കാനൊത്തിരി നിയമങ്ങളുമായി ഈ കോളേജ്‌ തുറന്നുകിടക്കും. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top