എഡിറ്റര്‍ക്ക്‌

വെളിച്ചത്തിന്‌ എന്തൊരു വെളിച്ചം
കത്തിനില്‍ക്കുന്ന മേയ്‌ മാസത്തില്‍ കുളിര്‍മഴയായി പെയ്‌തിറങ്ങിയ ആരാമത്തിന്‌ അഭിനന്ദനങ്ങള്‍. ജീവിതത്തിന്റെ വെളിച്ചമായി ആരാമത്തെ മാറ്റുന്നതില്‍ അതിന്റെ അണിയറ ശില്‍പികള്‍ക്ക്‌ അഭിമാനിക്കാം. സ്വന്തം കൂടപ്പിറപ്പുകളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത ഈ കാലത്ത്‌ ബന്ധങ്ങളുടെ പവിത്രതയെയും സദാചാര മൂല്യത്തെയും ധാര്‍മിക ശിക്ഷണത്തിന്റെ പ്രസക്തിയെയും നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ട്‌ വിരുന്നൂട്ടുന്ന `ഞങ്ങളുടെ കൂട്ടുകാരി' ക്ക്‌ നന്മയുടെ പൂച്ചെണ്ടുകള്‍. നിത്യവസന്തത്തിന്റെ പര്യായമായി ആരാമം മാറട്ടെ.
സാജിദ ബീവി ബി.കെ
കടപ്പുറം, അഞ്ചങ്ങാടി

ഇണ ഉരുകിത്തീരേണ്ടവളല്ല
മേയ്‌ ലക്കം ആരാമത്തില്‍ പ്രസിദ്ധീകരിച്ച `മുറുക്കിപ്പിടിക്കുക ദാമ്പത്യ പാശം' എന്ന ലേഖനം സ്‌ത്രീയെ നിരാശയിലേക്കും പഴമ യുടെ ദുരിതങ്ങളിലേക്കും നയി ക്കുന്നതായി അനുഭവപ്പെട്ടു. ലേഖന ത്തില്‍ ഒരുപാട്‌ പോസിറ്റീവ്‌ ചിന്തകള്‍ ഉണ്ടെങ്കിലും സ്‌ത്രീ വിവാഹത്തോടെ തന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമെല്ലാം ഭര്‍ത്താവിന്‌ വേണ്ടി ബലി നല്‍കേണ്ട വളും പരിധിയിലധികം ശ്രമിക്കേണ്ടവ ളുമാണെന്ന പരാമര്‍ശങ്ങള്‍ കുടുംബ ജീവിതം നമുക്ക്‌ പഠിപ്പിച്ചു തന്ന പ്രവാചക ജീവിതത്തോട്‌ ചേര്‍ത്ത്‌ പറയാന്‍ പറ്റുന്നതല്ല എന്ന്‌ തോന്നി.
കുടുംബ ജീവിതത്തിന്റെ ഏറ്റവും നല്ല മാതൃക പ്രവാചകനിലാണ്‌.
നബി(സ)യുടെ പ്രിയപത്‌നി ഖദീജാബീവിയുടെ മരണശേഷവും അവരുടെ ഓര്‍മകള്‍ പ്രവാചകനെ വേദനിപ്പിച്ചിരുന്നു. ദുരിതഘട്ടങ്ങളില്‍ പ്രവാചകനെ അവര്‍ അനുഗമിച്ചു. സമ്പന്നയായിരുന്ന അവര്‍ വിശിഷ്ടഭക്ഷണങ്ങളും മണിമേടവും ഉപേക്ഷിച്ച്‌ ശിഅ്‌ബുഅബീത്വാലിബില്‍ ഇതര മുസ്‌ലിംകളോടൊപ്പം ഇലയും മരത്തൊലിയും തിന്ന്‌ വിശപ്പടക്കിയിരുന്നു. ദുരിതങ്ങളും പ്രയാസങ്ങളും സഹിച്ച്‌ ഇരുപത്തഞ്ച്‌ വര്‍ഷക്കാലം ഖദീജ എന്ന വനിത ഉരുകിത്തീരുകയായിരുന്നില്ല. പ്രവാചകന്‌ കുളിരും തണലും അഭയവും നല്‍കി ലോകാവസാനം വരെയുള്ളവര്‍ക്ക്‌ മാതൃകയാവുകയായിരുന്നു.
ഖസ്‌റജ്‌ ഗോത്രത്തിലെ ഖൗല ബിന്‍ത്‌ ഥഅ്‌ലബ ഒരിക്കല്‍ പ്രവാചകനെ സമീപിച്ച്‌ തന്റെ ഭര്‍ത്താവ്‌ ഔസ്‌ `മേലില്‍ നീ എനിക്ക്‌ ഉമ്മയെപ്പോലെയാണെന്ന്‌' പറഞ്ഞ വിവരം ധരിപ്പിച്ചു. സത്യം ബോധ്യപ്പെട്ട പ്രവാചകന്‍ ഔസിനെ വിളിപ്പിച്ച്‌ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഭാര്യാഭര്‍തൃബന്ധം പാടില്ല എന്ന്‌ പറഞ്ഞു. വാര്‍ധക്യം മൂലം അവശനായ അദ്ദേഹത്തെ തനിച്ചാക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തതിനാല്‍ ഖൗല വീണ്ടും പ്രവാചകനെ സമീപിച്ചു. കഠിനവേദനയാല്‍ അവര്‍ അല്ലാഹുവോട്‌ കേണുകൊണ്ടിരുന്നു. അതിനു മറുപടിയായി പ്രവാചകന്‌ ദിവ്യസന്ദേശമായി അല്‍-മുജാദലയിലെ ഒന്നുമുതല്‍ നാലു വരെ ആയത്തുകളിറങ്ങി.
സ്‌ത്രീ ഉരുകിത്തീരേണ്ടവളല്ല, ദൈവം അവള്‍ക്കു നല്‍കിയ മഹത്വം അദ്വിതീയമാണ്‌.
റുബി എം
ഷാര്‍ജ

ബോധവല്‍ക്കരിക്കണം
ഞാന്‍ ആരാമത്തിന്റെ ഒരു സ്ഥിരം വായനക്കാരിയാണ്‌. ദിവസവും പത്രത്തിലെ കുത്തഴിഞ്ഞ വാര്‍ത്തകള്‍ വായിച്ച്‌ മരവിച്ച്‌ പ്രതികരിക്കാനാവാതെ ജീവിക്കുന്നു. കുറ്റവാളികളില്‍ കൂടുതലും സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന വിദ്യാഭ്യാസം നേടാത്ത ആളുകളാണെന്ന്‌ മനസ്സിലാകുന്നു. ആറാം നൂറ്റാണ്ടില്‍ പെണ്‍മക്കളെ ജീവനോടെ കുഴിച്ചു മൂടിയെങ്കില്‍ ഇന്ന്‌ അതിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണ്‌. ആരാമത്തിലൂടെ ഇതിനെല്ലാം ഒരു പരിധിവരെ ബോധവല്‍ക്കരണം നടത്താന്‍ സാധിക്കുമോ?
റസിയാ ബീവി എഫ്‌
തിരുവനന്തപുരം

ഒന്നിനൊന്ന്‌ മെച്ചം
ജൂലൈ ലക്കത്തില്‍. പ്രൊഫസര്‍ ആബിദയെ കുറിച്ചുള്ള ഫീച്ചര്‍ പഠനത്തില്‍ താല്‍പര്യമുണ്ടായിട്ടും അതിന്‌ അവസരം കൊടുക്കാത്ത ഭര്‍ത്താക്കന്മാര്‍ക്കും മറ്റും ഒരു മാതൃകയാവട്ടെ. ഗര്‍ഭാലസ്യത്തിലും പരീക്ഷയെഴുതി നേടിയ റാങ്കിന്റെ തിളക്കം പതിന്‍ മടങ്ങു തന്നെ.
അമ്മിണിയമ്മയെ കുറിച്ചുള്ള ഫീച്ചര്‍ വളരെ ഹൃദയസ്‌പര്‍ശിയായി. കൊടും ദാരിദ്ര്യത്തിലും ഇത്രയും മക്കളെ പോറ്റിവലുതാക്കിയ അവരുടെ മുമ്പില്‍, ഒന്നോ രണ്ടോ കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ മാനസികമായി കഷ്ടപ്പെടുന്ന ഇപ്പോഴത്തെ അമ്മമാര്‍ തലകുനിക്കണം.
നദീറ ഫൈസല്‍
ഒറ്റപ്പാലം

ഞാഞ്ഞൂല്‍ പ്രണയം
പുതുമയോടെ മുന്നിലെത്തിയ ആരാമത്തിന്‌ മൊഞ്ചു കൂടിയിട്ടുണ്ട്‌. വിധു വിന്‍സെന്റിന്റെ `ഒരു ഞാഞ്ഞൂല്‍ പ്രണയം' അത്ഭുതപ്പെടുത്തി. മണ്ണിരയെയും അതുപോലുള്ള മറ്റു ജീവികളെയും മാത്രമല്ല അതിനെ തൊടുന്നവരെപ്പോലും വളരെ അറപ്പും വെറുപ്പുമായിരുന്നു. ചെറുപ്പത്തില്‍ ജീവികളോടുണ്ടായിരുന്ന അകല്‍ച്ച ഇപ്പോഴും മാറിയിട്ടില്ല. ഇന്ന്‌ എന്റെ മക്കള്‍ക്ക്‌ എന്തിനെയും പിടിക്കാനും പരിശോധിക്കാനുമുള്ള സ്വാതന്ത്യം കൊടുക്കുന്നു. വലുതാവുമ്പോള്‍ അവര്‍ക്കും വേണ്ടേ ഒരു `ഞാഞ്ഞൂല്‍ പ്രണയം'.
റാഹില എസ്സിന്റെ അനുഭവം എല്ലാവര്‍ക്കും ഒരു പാഠമാണ്‌. പോലിസല്ലേ എന്ന്‌ വിചാരിച്ച്‌ വാതില്‍ തുറന്നിരുന്നെങ്കില്‍? പരിചയമില്ലാത്ത ഏത്‌ ആളായാലും വാതില്‍ തുറക്കരുതെന്ന്‌ ആ അനുഭവം പഠിപ്പിക്കുന്നു.
ആബിദ സി.എച്ച്‌
പരിയാരം

കാലികപ്രസക്ത ലേഖനങ്ങള്‍ വേണം
നിക്ഷേപക തട്ടിപ്പാണ്‌ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കമ്പനികള്‍ നല്ല തുക സ്വരൂപിച്ച്‌ നിക്ഷേപകരെ പറ്റിച്ച്‌ നാടുവിടുന്നു. ഇങ്ങനെ വഞ്ചിതരാവുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ സഹോദരിമാരാണ്‌. ഇത്തരം ചതികളില്‍ സ്‌ത്രീകള്‍ ചെന്നു ചാടരുത്‌. പണത്തോട്‌ ആര്‍ത്തി പാടില്ല.
ആരാമം ഓരോ ലക്കവും ഒന്നിനൊന്ന്‌ മികവ്‌ പുലര്‍ത്തുന്നു. കാലികപ്രസക്തമായ വിഷയങ്ങള്‍ ആരാമത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ നന്നായിരിക്കും.
മുഹമ്മദ്‌ ഷബീര്‍
വാടാനപ്പള്ളി

കുട്ടിആരാമം
തിളക്കമാര്‍ന്ന വിജയത്തിലൂടെ അധികാരത്തിലേറിയ പഴശ്ശിപ്പടയുടെ പിന്‍മുറക്കാരി, ജയലക്ഷ്‌മിയുമായുള്ള അഭിമുഖം അസ്സലായി, അവസരോചിതമായി.
ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ പേജ്‌ നിറക്കാതെ തുടക്കക്കാരിയായ മന്ത്രിയുടെ തിരക്കിനെ പരിഗണിച്ച്‌ പ്രസക്തമായവ മാത്രം ഉപയോഗപ്പെടുത്തിയതില്‍ നന്ദിയുണ്ട്‌.
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരുപാട്‌ പുസ്‌തകങ്ങള്‍ വനിതകള്‍ എഴുതുന്നുണ്ട്‌. അത്തരം പുസ്‌തകങ്ങളുടെ ഗൗരവമാര്‍ന്ന ഒരു ആസ്വാദനക്കുറിപ്പ്‌ ആഗ്രഹിക്കുന്നു. `കുട്ടിആരാമം' എന്ന പേരില്‍ കുട്ടികള്‍ക്ക്‌ വേണ്ടി ഒരു പേജ്‌ നീക്കിവെച്ചുകൂടേ ആരാമം കരുത്താര്‍ജിച്ച്‌ മുന്നോട്ട്‌ പോകട്ടെ.
ചന്തിരൂര്‍ ത്വാഹ
ആലപ്പുഴ
രചനകള്‍ ലളിതമാക്കുക
ആഡംബരജീവിതം നയിക്കുന്നവരെ മുന്നില്‍ കണ്ട്‌ പാശ്ചാത്യ ജീവിത ശൈലികള്‍ പരിചയപ്പെടുത്തുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ നിറഞ്ഞ ഈ കാലത്ത്‌ സമൂഹത്തെ സന്മാര്‍ഗത്തിന്റെയും ഉണര്‍വ്വിന്റെയും ലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തുന്ന ആരാമത്തിന്റെ അവതരണരീതി അഭിമാനകരമാണ്‌. രചനകള്‍ കൂടുതല്‍ ലളിതവും ഒഴുക്കുള്ളതുമാകണം. കവര്‍പേജ്‌ ഒറ്റനോട്ടത്തില്‍ തന്നെ ആകര്‍ഷകമാക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുകയും വേണം.
മൂനീര്‍ എന്‍.പി
തൂത

കെ.വൈ.എക്ക്‌ പിന്നിലാര്‌?
ചുറ്റുവട്ടത്തില്‍ വിമാനം എത്ര സുരക്ഷിതം എന്ന കെ.വൈ.എയുടെ ലേഖനം വായിച്ചാസ്വദിച്ചു. സൗദി അറേബ്യയിലെ പ്രവാസജീവിതത്തില്‍ പല തവണ വിമാനത്തില്‍ യാത്ര ചെയ്‌തിട്ടുണ്ട്‌. ആദ്യയാത്രാനുഭവങ്ങള്‍, അതിന്റെ അങ്കലാപ്പ്‌ എന്നിവ മാറിക്കിട്ടിയപ്പോള്‍ ആ അനുഭവങ്ങളൊക്കെ വീണ്ടും മനസ്സില്‍ നിന്നെടുത്ത്‌ താലോലിക്കാന്‍ ലേഖനം നിമിത്തമായി. എഴുത്തിന്റെ ആ ശൈലി അഭിനന്ദനീയം. ഒറ്റ ഇരുപ്പില്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു. കെ.വൈ.എ എന്ന ചുരുക്കപേരില്‍ ഒളിച്ചിരിക്കുന്നത്‌ ആരാണെന്നറിയാന്‍ ആഗ്രഹമുണ്ട്‌.
സുരേഷ്‌ കാനപ്പിള്ളി
ചെറായി

പെണ്‍കുട്ടികള്‍ക്കെന്തിനാണ്‌ ജോലി?
മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും വിലക്കപ്പെട്ടിരുന്ന പെണ്‍കുട്ടികള്‍ അഞ്ചക്ക ശമ്പളം വാങ്ങുന്ന തൊഴില്‍ മേഖലകളിലേക്ക്‌ കടന്നു വന്നിരിക്കുന്നു. തീര്‍ച്ചയായും ഈ മാറ്റം അഭിമാനകരമാണ്‌. എങ്കിലും സാമൂഹിക- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തു
ന്നതിന്‌ വേണ്ടി പെണ്‍കുട്ടികള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്‌.
അല്‍പം ഗ്ലാമറുള്ള തൊഴില്‍ നേടാനായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുക എന്നത്‌ പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്‌. കേവലം സാമ്പത്തിക സുരക്ഷിതത്വം മാത്രമാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങളിലെ കുട്ടികളും തൊഴില്‍ അന്വേഷിക്കുന്നതെന്തിന്‌?
കുടുംബിനിയായിരിക്കുക എന്നത്‌ അപമാന മായാണ്‌ പുതിയ തലമുറ കരുതുന്നത്‌. ജോലി ചെയ്യുന്നവര്‍ സ്റ്റാറ്റസ്‌ ഉള്ളവരും അല്ലാത്തവര്‍ ഒന്നിനും കൊള്ളാത്തവരും ആണ്‌ എന്നാണ്‌ ധാരണ. ജീവിക്കുമ്പോള്‍ നല്ലൊരു സംഖ്യ ശമ്പളമായി ലഭിച്ചാല്‍ ആണ്‍തുണയുടെ ആവശ്യം തന്നെ ഇല്ലെന്ന്‌ ചിലര്‍ വാദിക്കുന്നു. വൈവാഹിക ജീവിതത്തെക്കാള്‍ ഇത്തരക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌ കരിയറിനാണ്‌. ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും അതിന്റെ വേരുകള്‍ പൂര്‍ണ്ണമായും നശിച്ചു പോയിട്ടില്ല എന്നാണ്‌ ഇതില്‍നിന്നും മനസ്സിലാവുന്നത്‌.
ഉദ്യോഗസ്ഥകള്‍ കറവപ്പശുവായി ജീവിക്കുക യാണ്‌. ഭര്‍ത്താവ്‌ അധ്വാനിച്ചു കൊണ്ടുവരുന്നതില്‍ തൃപ്‌തിപ്പെട്ട്‌ മക്കളെ പരിപാലിക്കാനാണ്‌ അവരും ആഗ്രഹിക്കുന്നത്‌.
സ്‌ത്രീ വീട്‌ വിട്ടിറങ്ങുന്നതോടെ അവിടം അടുക്കും ചിട്ടയുമില്ലാത്ത പ്രേതാലയമായിത്തീരുന്നു. അവളുടെ അഭാവത്തില്‍ അനാഥരായിത്തീരുന്ന വൃദ്ധരായ മാതാ
പിതാക്കളെയും മക്കളെയും വല്ലവരെയും ഏല്‍പിക്കാതെ നിവൃത്തിയില്ല. ഹോം നഴ്‌സും ആയമാരും വീടകങ്ങളില്‍ ഭരണം തുടങ്ങിയിട്ട്‌ അധികം നാളായില്ല. ഡേ കെയര്‍ സെന്ററുകളും വൃദ്ധ സദനങ്ങളും നമ്മുടെ നാട്ടില്‍ മുളച്ച്‌ പൊന്തിയത്‌ വളരെ അടുത്ത കാലത്ത്‌ മാത്രമാണ്‌.
ഓഫീസ്‌ ജോലികളും വീട്ടു ജോലികളും ഒരുമിച്ച്‌ ചെയ്യുക സാധ്യമല്ല. കൂടുതല്‍ പരിഗണന നല്‍കു ന്നത്‌ മാത്രമേ നന്നാവുകയുള്ളൂ. സ്വാഭാവികമായും മറ്റേ മേഖലയില്‍ നിന്ന്‌ പരാതികള്‍ ഉയരും. മുന്‍കോപികളായ മേലുദ്യോഗസ്ഥരും അഡ്‌ജസ്റ്റ്‌ ചെയ്യാത്ത വീട്ടുകാരുമാണെങ്കില്‍ ആ സ്‌ത്രീ കടുത്ത മനഃസംഘര്‍ഷം അനുഭവിക്കുകയാവും ഫലം. വിശ്രമമില്ലാത്ത അധ്വാനവും ടെന്‍ഷനും അവളെ നശിപ്പിക്കും.
സ്‌ത്രീയുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താന്‍ ധാരാളം നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ബസിലെ കിളി മുതല്‍ മേലുദ്യോസ്ഥര്‍ വരെ അവളെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു. ജോലിസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്ന്‌ പത്രവാര്‍ത്തകള്‍ വിളിച്ചു പറയുന്നു.
സമയക്കുറവ്‌ കൊണ്ട്‌ കുഞ്ഞുങ്ങളുടെ കാര്യം മുത്തശ്ശിമാരെയോ ആയമാരേയോ ഏല്‍പിക്കുമ്പോള്‍ അമ്മയുമായി കുട്ടി അകന്നു പോകുന്നു. വാര്‍ധക്യ കാലത്ത്‌ വിശ്രമജീവിതം നയിക്കാന്‍ അവരെ പേരക്കുട്ടികള്‍ സമ്മതിക്കില്ല. കുഞ്ഞുങ്ങളുടെ സ്വഭാവ സംസ്‌കരണവും സംരക്ഷണവും അമ്മയെക്കാള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ ആര്‍ക്കു കഴിയും? മുതിര്‍ന്ന കുട്ടികള്‍ അപഥസഞ്ചാരത്തിന്‌ തുനിയുന്നതും വീട്ടുകാരുടെ അശ്രദ്ധ മുതലെടുത്താണ്‌. നന്നല്ലാത്ത ഒട്ടനവധി വഴികള്‍ തുറന്നു കിടക്കുമ്പോള്‍ ഓരോ മാതാവും ജാഗരൂകയായിരിക്കണം.
വലിയ സംഖ്യ ബാങ്ക്‌ ബാലന്‍സുണ്ടായിട്ടും മക്കളുടെ ദര്‍ശനം പോലും ലഭിക്കാതെ വാര്‍ധക്യ കാലത്ത്‌ ഒറ്റപ്പെട്ട്‌ പോകുന്ന ധാരാളം പേരുണ്ട്‌. സ്വന്തം ബാധ്യതകളും ഉത്തരവാദിത്തങ്ങളും മറന്നു ധനസമ്പാദനത്തിനായി യൗവനം ചെലവഴിച്ചതിനാണ്‌ മക്കളുടെ ഈ അവഗണന എന്നവര്‍ തിരിച്ചറിയുന്നു.
ഒരു ബി.എഡുകാരി പറഞ്ഞു: ``ഒരു കാര്യം സമൂഹത്തോട്‌ പറയുമ്പോള്‍ ഒരു വീട്ടമ്മ പറയുന്നതും അധ്യാപിക പറയുന്നതും തമ്മില്‍ വ്യത്യാസമില്ലേ'' എന്ന്‌. ഈ ചിന്താഗതി ഫെമിനിസ്റ്റ്‌ ആശയങ്ങളില്‍ നിന്നും ഉണ്ടായതാണ്‌. നമ്മുടെ സാമൂഹിക- സാംസ്‌കാരിക- രാഷ്‌ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ കുടുംബിനികള്‍ മാത്രമായ ചില സ്‌ത്രീകള്‍ക്ക്‌ കഴിഞ്ഞി
ട്ടുണ്ട്‌. ലോക പ്രശസ്‌ത കവയിത്രി മാധവിക്കുട്ടി തന്റെ പ്രിയതമന്റെയും മാതാവിന്റെയും ആരോഗ്യകാര്യങ്ങളെ കുറിച്ച്‌ ആകുലപ്പെടുന്ന വെറുമൊരു കുടുംബിനിയായിക്ക
ഴിഞ്ഞിരുന്ന കാലം അവരുടെ ജീവിതാനുഭവങ്ങളില്‍ വായിക്കാം.
സര്‍ട്ടിഫിക്കറ്റുകള്‍ ഒരിക്കലും പുരുഷന്‌ മീതെ മേല്‍ക്കോയ്‌മ നേടിയെടുക്കാനും സമത്വം വാദിച്ചെടു
ക്കാനുമുള്ള ഒന്നായിത്തീരരുത്‌. പലതരത്തിലുള്ള ടെന്‍ഷനുകളും അനുഭവിച്ച്‌ കലുഷിതമായ മനസ്സുമായി കുടുംബ നാഥന്‍ വരുന്നത്‌ വീട്ടിലേക്കാണ്‌. അവിടെ മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒന്നും കണ്ടെത്താനാ യില്ലെങ്കില്‍ അവന്‍ അസ്വസ്ഥനാവും. അവനെക്കാള്‍ ടെന്‍ഷന്‍ അനുഭവിക്കുന്ന വളാണ്‌ അവിടെയുള്ളതെങ്കില്‍ സമാധാനം ഉണ്ടാവില്ല. കുടുംബ കലഹങ്ങള്‍ തുടര്‍ക്കഥയാവും.
ഇസ്‌ലാം പുരുഷനെയാണ്‌ കുടുംബത്തിന്റെ ഉത്തര
വാദിത്വം ഏല്‍പിച്ചിരിക്കുന്നത്‌. സ്‌ത്രീ സമ്പാദിച്ച്‌ കൊണ്ടു
വരാന്‍ തുടങ്ങിയാല്‍ അവന്‍ അലംഭാവിയും അലസനു
മായിത്തീരും. ആവശ്യങ്ങളില്ലാത്ത പണം കൈയ്യില്‍ മിച്ചം വരും. അങ്ങനെ മിച്ചം വരുന്ന സമയവും ധനവും ഊര്‍ജ്ജവും ചെലവഴിക്കാന്‍ അവന്‍ അസാന്‍മാര്‍ഗിക വഴികള്‍ തേടിയേക്കാം.
നമ്മുടെ നാട്ടില്‍ ഡോക്‌ടര്‍മാര്‍ക്കും എന്‍ജിനിയര്‍
മാര്‍ക്കും പഞ്ഞമുണ്ടായിട്ടാണോ വര്‍ഷാവര്‍ഷം നിരവധി പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ്‌ പരീക്ഷക്കിരിക്കുന്നത്‌? സമൂഹത്തില്‍ ഒരു പദവിയും പ്രശസ്‌തിയും ആഡംബര ജീവിതവും നയിക്കാനല്ലാതെ പട്ടിണിമാറ്റാന്‍ ജോലിക്ക്‌ പോകുന്നവര്‍ എത്രയുണ്ട്‌? സമയം കളയാന്‍ മാത്രം ജോലിക്ക്‌ പോകുന്ന അഭ്യസ്‌ത വിദ്യരായ സ്‌ത്രീകളുണ്ട്‌. അവരുടെ സമയം ഏതെങ്കിലും ജോലിസ്ഥലത്ത്‌ കൊന്നു തീര്‍ക്കുകയും അതിനുള്ള മാസപ്പടി കൃത്യമായി വാങ്ങിക്കുകയും ചെയ്യുന്നതിനു പകരം അവരുടെ അറിവും സമയവും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌.
ബ്യൂട്ടീഷന്‍ കോഴ്‌സുകളും എയര്‍ഹോസ്റ്റസ്‌ കോഴ്‌സുകളും ഫാഷന്‍ ഡിസൈനിംങും മറ്റും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഇസ്‌ലാമിന്റെ അതിര്‍ വരമ്പുകളെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌.
നമ്മുടെ അവകാശങ്ങളെക്കുറിച്ച്‌ വാചാലരാകുമ്പോള്‍ പലപ്പോഴും ബാധ്യതകളെക്കുറിച്ച്‌ സംസാരിക്കാന്‍ ആരും മെനക്കെടാറില്ല.

സി.എച്ച്‌. ഫരീദ
കണ്ണൂര്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top