ഹജ്ജിനെ വായിക്കുമ്പോള്‍

അമല്‍ അബ്ദുറ്മാന്‍ No image

ഹജ്ജ്, ഇബ്രാഹീം, ഹാജറ തുടങ്ങി ചരിത്രങ്ങള്‍ വായിച്ചതും കേട്ടതും മനസ്സിലാക്കിയതും ഒരുപാടാണ്. പലതും പുതിയ പുതിയ അറിവുകളാണ് പകര്‍ന്നു തന്നത്. അതിലൊന്നും വായിക്കാത്ത ഹാജറയുടെ ചരിത്രം ''HAGAR  The mtarix, mtariarch and paradigm'' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കുന്നു.

      ഹജ്ജ് ഒരു യാത്രയാണ്. ജീവിതവും ഒരു യാത്രയാണ്. പ്രപഞ്ച സത്യമന്വേഷിച്ചുള്ള യാത്ര. ഈ യാത്രയില്‍ യാത്രികന്‍ ഇബ്‌റാഹീം, ഇസ്മാഈല്‍, ഹാജറ എന്നിവരാകുന്നു. ജീവിതം ദൈവസന്നിധിയില്‍ ദൈവതൃപ്തിക്കായി സമര്‍പ്പിച്ച കുടുംബം. ദൈവത്തിന്റെ കുടുംബത്തിലേക്കുള്ള മടക്കമാണത്. ജൂത-ക്രൈസ്തവ-ഇസ്‌ലാം മതങ്ങള്‍ കൂടിച്ചേരുന്ന കുടുംബം. ജാതി-മത-വര്‍ഗ-ഭാഷ-ദേശ വര്‍ണഭേദങ്ങളില്‍ നിന്നും മനുഷ്യന്‍ സ്വതന്ത്രമാകുന്നിടമാണത്. മനുഷ്യ നാഗരികതയുടെ ഉറവിടമാണത്. ദൈവത്തിന്റെ ഏകത്വവും മനുഷ്യന്റെ ഏകത്വവും പ്രഖ്യാപിക്കുന്നു ഇബ്‌റാഹീം കുടുംബം. ദൈവമെന്ന ഏകനു മുമ്പില്‍ ഏകരായ മനുഷ്യര്‍. നിറത്തിനോ കുലത്തിനോ തൊഴിലിനോ സന്താനങ്ങള്‍ക്കോ സമ്പത്തിനോ ദൈവത്തിനു മുമ്പില്‍ പ്രസക്തിയില്ല. ഇരുകാലില്‍ നടക്കുന്ന സകല മനുഷ്യരും ദൈവത്തിനു മുമ്പില്‍ സമന്മാര്‍. ഭൗതികമായ എല്ലാ അനുഗ്രഹങ്ങളും ദൈവം നല്‍കിയ സമ്മാനങ്ങള്‍ മാത്രം. അവകാശങ്ങള്‍ ദൈവത്തിന്റേതാണ്. അവന്‍ നല്‍കിയ ഔദാര്യങ്ങള്‍ ചോദിക്കുന്ന നേരം സന്തോഷത്തോടെ തിരിച്ചു നല്‍കുന്നവനാണ് യഥാര്‍ഥ വിശ്വാസി. സകല മനുഷ്യര്‍ക്കുമുള്ള വിശ്വാസത്തിന്റെ മാതൃകകളാണ് ഇബ്‌റാഹീം കുടുംബം.

ഇബ്‌റാഹീം കുടുംബത്തിലെ ഓരോ അംഗവും ഓരോ പാഠപുസ്തകമാണ്. പലപ്പോഴും ഇബ്‌റാഹീമിലൂടെയാണ് നാം ആ ചരിത്രം വായിക്കാറുള്ളത്. ഇവിടെ ഹാജറയിലൂടെ ആ ചരിത്രം പറഞ്ഞുതരികയാണ് അഹമദ് മുഹമ്മദി (അഹമദ് കുട്ടി ശിവപുരം)ന്റെ 'ഹാഗാര്‍ ദ മട്രിക്‌സ്, മട്രിയാര്‍ക് ആന്റ് പാരഡിം' (HAGAR - The mtarix, mtariarch and paradigm) എന്ന പുസ്തകം. ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ അദര്‍ ബുക്‌സ് കോഴിക്കോട് ആണ്. ഹജ്ജ് എന്നത് ഇംഗ്ലീഷ് ഭാഷയില്‍ എഴുതുമ്പോള്‍ ഹാജറ (Hajara) എന്ന പേരിന്റെ പകുതിയാണെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ യാസീന്‍ അഷ്‌റഫ് പ്രസ്താവിക്കുന്നുണ്ട്. ഹജ്ജും ഹാജറയും തമ്മിലുള്ള അഭേദ്യബന്ധം വിളിച്ചോതുന്ന പുസ്തകം വായിക്കപ്പെടേണ്ടിയിരിക്കുന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ നല്‍കുന്ന ഹജ്ജിലൂടെ സാധ്യമാകേണ്ടത് ഒരു പുതു പിറവിയാണ്. ഹാജറയുടെ ത്യാഗത്തിന്റെ ഫലമായി ഇസ്മാഈല്‍ എന്ന അനുഗ്രഹപുത്രന്‍ ജന്മം കൊണ്ടതു പോലെ, ഓരോ മനുഷ്യനും ഹജ്ജിലൂടെ പുതിയൊരു പിറവി സാധ്യമാകണം. ഇബ്‌റാഹീം ഉയര്‍ത്തിപ്പിടിച്ച ഏകദൈവ സന്ദേശത്തിന്റെ വാഹകരാകാനും മനുഷ്യരെ ഏകരായി കാണാനും നമുക്ക് അതിലൂടെ സാധ്യമാകുന്നു. 'ഹാഗാര്‍' പറയുന്ന ഹാജറയുടെ ചരിത്രം ഇങ്ങനെ: 

''സ്വതന്ത്രയായി ജനിച്ചവളായിരുന്നു ഹാജറ. ഉമ്മയുടെയും ഉപ്പയുടെയും സ്‌നേഹലാളനങ്ങളില്‍ വളര്‍ന്നവള്‍. കളിയും ചിരിയുമായി നൈലിന്റെ തീരങ്ങളില്‍ ഓടിക്കളിച്ചിരുന്നവള്‍. പക്ഷേ, അവളുടെ സന്തോഷത്തിന്റെ നാളുകള്‍ അധികം നീണ്ടുനിന്നില്ല. അവളുടെ വീടും നാടുമെല്ലാം അക്രമങ്ങള്‍ക്കു വിധേയമായി. സ്വേച്ഛാധിപതിയായ രാജാവും സംഘവും അവളുടെ കുടുംബത്തെയും ചരക്കുകളാക്കി മാറ്റി. സ്വേച്ഛാധിപതികളായിരുന്ന ഫറോവമാരുടെ അടുക്കലേക്ക് മൂസാ(അ)ക്കു മുമ്പേ വന്നവളായിരുന്നു ഹാജറ. അതെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചക നായിക.

കീഴടക്കിയ ജനങ്ങളെ രാജാവ് ബന്ധികളാക്കി. ആണും പെണ്ണും കുട്ടികളും വൃദ്ധന്മാാരും യുവാക്കളുമെല്ലാം അതിലുള്‍ക്കൊള്ളുന്നു. ഭക്ഷണവും വസ്ത്രവും പാര്‍ക്കാനൊരിടവും അവര്‍ക്കു ലഭിച്ചു. അതിനു പകരമായി രാവും പകലുമില്ലാതെ അവര്‍ പണിയെടുത്തു. സ്വാതന്ത്ര്യം എന്നത് അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അവര്‍ തേടിക്കൊണ്ടിരുന്ന സ്വര്‍ഗം അതായിരുന്നു. അതെ, ഹാജറയുടെ ഹൃദയം സ്വാതന്ത്ര്യത്തിനായി മിടിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ നിലക്കാത്ത കണ്ണീര്‍ പൊഴിച്ചു. നൈലിന്റെ പുത്രി ഹാജറ സ്വാതന്ത്ര്യത്തിനായി വെമ്പി.

ഹാജറ സുന്ദരിയായിരുന്നെങ്കിലും ആരും അവളെ ഇന്നേവരെ സ്പര്‍ശിച്ചിട്ടില്ല. ശരീരത്തിലും ഹൃദയത്തിലും അവള്‍ പരിശുദ്ധയായിരുന്നു. അടിമകളുടെ ക്യാമ്പില്‍ നിന്നും സുന്ദരികളായ പെണ്‍കുട്ടികളെ രാജസന്നിധിയിലേക്ക് ചിലപ്പോള്‍ കൊണ്ടുപോകാറുണ്ട്. രാജാവിന്റെ കാമദാഹം തീരുന്നതോടെ അവര്‍ വലിച്ചെറിയപ്പെടുന്നു. ചില സ്ത്രീകള്‍ ഇതൊരു ഭാഗ്യമായി കരുതി. രാജാവിന്റെ സന്തതിയുടെ ഗര്‍ഭം ചുമക്കുക, ഫറോവയുടെ ഉമ്മയാവുക എന്നതില്‍ അവര്‍ അഭിമാനം പൂണ്ടു. പക്ഷേ, ഹാജറ വ്യത്യസ്തയായിരുന്നു. അവളൊരിക്കലും അത് ആഗ്രഹിച്ചില്ല. ചിന്തയിലും ആത്മാവിലും രക്തത്തിലും മാംസത്തിലും അവള്‍ പരിശുദ്ധി നിലനിര്‍ത്തി. തെരഞ്ഞെടുക്കപ്പെട്ടവളാണ് എന്ന പോലെ അവള്‍ ജീവിച്ചു.

അങ്ങനെ ഹാജറയുടെ സമയം വന്നെത്തി. ചുവന്ന കോട്ടു ധരിച്ച ഒരു ഭടന്‍ അവളെ രാജാവിനടുക്കലേക്ക് കൊണ്ടുപോകാനെത്തി. പക്ഷേ, പതിവില്‍നിന്നും വ്യത്യസ്തമായി ആര്‍ക്കോ സമ്മാനിക്കാനെന്ന പോലെ അവള്‍ അലങ്കരിക്കപ്പെട്ടു. പാട്ടും കൊട്ടുമായി അവള്‍ രാജസന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. ആര്‍ക്കാണ് ഹാജറയെ സമ്മാനിക്കുന്നത്? ഇത്രയും പ്രൗഢിയോടെ? അതാ രാജകൊട്ടാരത്തില്‍ നില്‍ക്കുന്നു കുലീനയായ ഒരു വനിത. പ്രഭാത സൂര്യനെപ്പോലെ ശോഭിക്കുന്നു ആ സ്ത്രീ രത്‌നം. അനിര്‍വചനീയമായ വ്യക്തിപ്രഭാവം. സാധിയായ ആ സ്ത്രീക്കു ചുറ്റും പ്രകാശത്തിന്റെ വലയം ദര്‍ശിക്കാം. അവളാണ് സാറ. ചരിത്രപുരുഷന്‍ ഇബ്‌റാഹീമിന്റെ ഇണയായ സാറ.

സാറ രാജകൊട്ടാരത്തിലെത്തിച്ചേര്‍ന്ന ചരിത്രം ഇങ്ങനെയായിരിക്കാം. തന്റെ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന സാറ വഴിതെറ്റുകയും പട്ടാളക്കാരുടെ പിടിയിലകപ്പെടുകയും ചെയ്തു. അവര്‍ അവരെ തുറുങ്കിലടച്ചു. അങ്ങനെ ഒരു ദിവസം ഈ വിശുദ്ധ സ്ത്രീയെ കാമാര്‍ത്തിയാല്‍ രാജാവ് സമീപിക്കാനിടയായി. സാറയുടെ തൊലികള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച അദ്ദേഹം പേടിച്ചരണ്ട് പിന്മാറുകയാണുണ്ടായത്. സാറയുടെ കൈകള്‍ക്ക് കടുത്ത ചൂട്. കൊടും ചൂടേറ്റ രാജാവിന്റെ കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചു. തന്റെ ശരീരം മുഴുവന്‍ കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള ഒരു തീയായ് അവള്‍ അനുഭവപ്പെട്ടു. തീ പാറുന്ന സാറയുടെ കണ്ണുകളിലേക്കു നോക്കി പേടിച്ചരണ്ട രാജാവ് പിറുപിറുത്തു.

'ഇതൊരു മനുഷ്യന്‍ തന്നെയോ? അതോ ജിന്നോ?'

വൈകിയാണ് രാജാവ് ഈ മഹതി ആരാണെന്ന സത്യം മനസ്സിലാക്കിയത്. ദൈവത്തിന്റെ കൂട്ടുകാരന്‍ ഇബ്‌റാഹീമിന്റെ സഹധര്‍മിണി സാറ. സാറയെത്തേടി ഇബ്‌റാഹീം രാജകൊട്ടാരത്തിലെത്തി. അജ്ഞമായ ഉദ്ദേശ്യത്തിനെന്ന പോലെ പരീക്ഷണങ്ങള്‍ക്കു വിധേയമായ സാറയും ഇബ്‌റാഹീമുമിതാ, രാജാവിനു മുമ്പില്‍ നില്‍ക്കുന്നു. തലയുയര്‍ത്തി ചങ്കൂറ്റത്തോടെ അഭിമാനത്തോടെ പുഞ്ചിരിയോടെ. എന്നാല്‍ പേടിച്ചു വിറക്കുകയായിരുന്നു രാജാവ്. സാറയില്‍ നിന്നേറ്റ തീ അദ്ദേഹത്തെ തിന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഒരു അടിമയെപ്പോലെ കാരുണ്യത്തിനായി സാറയോടും ഇബ്‌റാഹീമിനോടും അയാള്‍ കേണുകൊണ്ടിരുന്നു.

കാരുണ്യത്തിന്റെ നിറകുടമായിരുന്ന അവര്‍ രാജാവിന് പൊറുത്തുകൊടുത്തു. നടന്നതെല്ലാം അവര്‍ മറന്നു. സമയം കളയാതെ യാത്ര പറയുകയായി. ഒരു നന്ദിവാക്കുമാത്രം പറയുന്നതുകൊണ്ട് രാജാവ് സംതൃപ്തനായില്ല. ഇനിയും സാറയുടെ തീ തന്നെ പിടികൂടുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായി. സ്ത്രീയുടെ അഭിമാനത്തെ കളങ്കപ്പെടുത്തിയ താന്‍ പാരിതോഷികമായി നല്‍കേണ്ടത് ഒരു പരിശുദ്ധയായ സ്ത്രീയെത്തന്നെയാണെന്നയാള്‍ വിശ്വസിച്ചു. അതെ, ഹാജറ അങ്ങനെയാണ് സാറക്കു സമ്മാനമായി ലഭിച്ചത്. അതു കാലത്തിന്റെ തേട്ടമായിരുന്നു. സാറയുടെയും ഇബ്‌റാഹീമിന്റെയും ഹാജറയുടെയും തേട്ടം. അന്ത്യനാള്‍ വരെ ജനിച്ചുവീഴാന്‍ പോകുന്ന ഓരോ കുഞ്ഞിന്റെയും തേട്ടം.

അടിമയായിക്കഴിഞ്ഞിരുന്ന ഹാജറ വീണ്ടും സ്വാതന്ത്ര്യത്തിന്റെ വിഹായസില്‍ പാറി നടന്നു. സാറയുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും അവള്‍ വളര്‍ന്നു. സ്വതന്ത്രയായിരുന്ന തന്നെ അടിമയാക്കിയതോടെ അവള്‍ കാലത്തിനോടും ദൈവങ്ങളോടും പ്രതികരിച്ചതിങ്ങനെയായിരുന്നു: 'ദൈവങ്ങളില്ല..' ഇന്നു സാറയിലൂടെ അവള്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചു പഠിച്ചു. ഏകനായ സര്‍വവ്യാപിയായ സര്‍വജ്ഞനായ സര്‍വാധിപതിയായ ദൈവത്തെ അവള്‍ അറിഞ്ഞു. ഹാജറ പ്രഖ്യാപിച്ചു: 'ദൈവങ്ങളില്ല.., ഏകനായ അല്ലാഹുവല്ലാതെ.'

അങ്ങനെയിരിക്കെ ഒരു ദിവസം സാറ ഹാജറയോട് അണിഞ്ഞൊരുങ്ങാനാവശ്യപ്പെട്ടു. ശേഷം തന്റെ ഭര്‍ത്താവിന്റെ മുറിയിലേക്ക് അവളെ ആനയിച്ചു. ഹാജറ വിഭ്രാന്തിയിലായി. തന്റെ യജമാനന്റെ കിടപ്പുമുറിയില്‍ പ്രവേശിക്കാന്‍ അവള്‍ നിരസിച്ചു. ഒടുവില്‍ സാറയുടെ ആജ്ഞക്ക് അവള്‍ വഴങ്ങി. വീട്ടിലേക്കു കയറിവന്ന ഇബ്‌റാഹീം തന്റെ മുറിയില്‍ ഹാജറയെക്കണ്ട് ഞെട്ടിത്തരിച്ചു. അവളെ ശകാരിച്ചു. അപ്പോള്‍ പിന്നില്‍നിന്നും സാറ ഇബ്‌റാഹീമിനോടായി പറഞ്ഞു: 'നിര്‍ത്തൂ. ദൈവം എന്നെ സന്താനമുണ്ടാകുന്നതില്‍ നിന്നും തടഞ്ഞു വെച്ചിരിക്കുന്നു. എന്റെ തോഴിയെ ഇണയായി സ്വീകരിക്കൂ. ഒരുപക്ഷേ, അവളിലൂടെ എനിക്കൊരു കുഞ്ഞുണ്ടായേക്കാം.' (ഉല്‍പത്തി 16:2)

സാറ തന്റെ തോഴിയുടെ ഗര്‍ഭപാത്രം അവളുടേതായി കരുതി. അവളുടെ സ്ത്രീത്വത്തിന് പാരിതോഷികമായി ലഭിച്ചത് അവളുടേത് തന്നെയാണല്ലോ. അതെ, ഹാജറ സാറയുടെ തന്നെ ഭാഗമായിരുന്നു. സാറക്കു ലഭിച്ച മറ്റൊരു ഗര്‍ഭപാത്രം. അത് അവള്‍ ഇബ്‌റാഹീമിനായി നല്‍കി. ലോകജനതക്കു മുഴുവനായി നല്‍കി.

ഹാജറ ഗര്‍ഭം ധരിച്ചു. അത് അവളില്‍ സന്തോഷവും അഭിമാനവും ഉണ്ടാക്കി. ഇതു സാറയില്‍ സന്താപവും അപമാനവും വളര്‍ത്തി. വൃദ്ധയായ, മച്ചിയായ താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന് അവള്‍ ധരിച്ചു. അടിമയും യജമാനനും ഇല്ലെന്ന് ഹാജറയെ പഠിപ്പിച്ച സാറ തന്നെ അവളെ വീട്ടില്‍നിന്നും പുറത്താക്കി. ചരിത്രത്തിന്റെ ചില അജ്ഞാതമായ തീരുമാനങ്ങള്‍ അങ്ങനെയാണ്. ക്രൂരമായി അത് നമ്മോട് പെരുമാറും. പക്ഷേ,  അതിലൂടെ പ്രപഞ്ചത്തിന്റെ നിലനില്‍പിനാവശ്യമായ ചില ദൗത്യങ്ങള്‍ നിറവേറ്റപ്പെടുന്നു.

ഗര്‍ഭസ്ഥ ശിശുവിനേയും പേറി ഹാജറ യാത്രപോയി. ഒഴുകുന്ന ഒരു ചെറുപുഴക്കരികെ ഇസ്മാഈല്‍ പിറന്നു. ഇസ്മാഈല്‍ എന്നാല്‍ 'ഉത്തരം' എന്നാണര്‍ഥം. അതെ, രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇബ്‌റാഹീം ആകാശത്തേക്ക് കൈകളുയര്‍ത്തി റബ്ബിനോടു തേങ്ങിക്കരഞ്ഞ് പ്രാര്‍ഥിച്ചതിന്റെ ഉത്തരമാണ് ഇസ്മാഈല്‍. അടിമകളുടെ ക്യാമ്പില്‍നിന്നും സ്വാതന്ത്ര്യമായ സ്വര്‍ഗത്തെക്കുറിച്ച് ഹാജറ നെയ്ത കിനാക്കള്‍ക്ക് ദൈവം നല്‍കിയ ഉത്തരം ഇസ്മാഈല്‍. വിമോചനത്തിനായി ദാഹിക്കുന്ന മനുഷ്യകുലത്തിന് ദൈവം നല്‍കിയ ഉത്തരം ഇസ്മാഈല്‍.

കൈക്കുഞ്ഞിനേയും കൊണ്ട് ഹാജറയും ഇബ്‌റാഹീമും വിശാലമായ മരുഭൂമിയിലെത്തിച്ചേര്‍ന്നു. ആദിമ മനുഷ്യരായ ആദമും ഹവ്വയും സ്വര്‍ഗത്തില്‍നിന്നും വേര്‍പിരിഞ്ഞതിനു ശേഷം ഭൂമിയില്‍ സമാഗമിച്ച അതേ മരുഭൂമി. അറഫ ചരിത്രത്തില്‍ ഇടം നേടുന്നത് അങ്ങനെയാണ്. ഭൂമിയില്‍ രണ്ടിടങ്ങളിലേക്കാണ് സ്വര്‍ഗത്തില്‍നിന്ന് ആദമും ഹവ്വയും അയക്കപ്പെട്ടത്. വിശാലമായ ഭൂമിയില്‍ ഏകാന്തപഥികരായി അവര്‍ അലഞ്ഞു നടന്നു. ആദം ഹവ്വയെത്തേടി... ഹവ്വ ആദമിനെത്തേടി. ഒടുവില്‍ അറഫയില്‍ അവര്‍ സമാഗമിച്ചു. ഒന്നും ഒന്നും ഇമ്മിണി വല്ല്യൊന്ന് എന്നപോലെ മനുഷ്യസമൂഹം മുഴുവനും ഉണ്ടായത് ആ കൂടിക്കാഴ്ചയിലൂടെയാണ്. അവിടെയാണ് ഭൂമിയിലാദ്യത്തെ ദൈവഭവനം നിര്‍മിക്കപ്പെട്ടത്. നൂഹ് നബിയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ അതു നശിക്കുകയും വീണ്ടും ദൈവദൂതനായ ഇബ്‌റാഹീമും ഇസ്മാഈലും അത് പടുത്തുയര്‍ത്തുകയും ചെയ്തു. നക്ഷത്ര ഗോളങ്ങളും ഭൂമിയിലെ സത്യവിശ്വാസികളും പ്രദക്ഷിണം ചെയ്യുന്ന ദൈവത്തിന്റെ ഭവനം- കഅ്ബ.

അങ്ങനെയതാ ഇബ്‌റാഹീമിന് ദൈവത്തിന്റെ ആജ്ഞ ലഭിക്കുന്നു.

 'അബ്രഹാമികം' എന്ന കവിതാ സമാഹരത്തില്‍ അഹ്മദ് കുട്ടി ശിവപുരം ആ സന്ദര്‍ഭം വിശദീകരിക്കുന്നതിങ്ങനെ:

''കേട്ടാനബ്രഹാമിവ്വിധമൊരു സന്ദേശം,
വിട്ടേക്കുക നീയാമകനേയുമമ്മയേയു മറേബ്യയില്‍
മരുഭൂവെയിലില്‍ വിട്ടുപോരേണ മിബ്‌റാഹീ-
മിരുവരേയും, അതീശ്വരശാസനം! സമര്‍പ്പിതനതു സമ്മതം.
നാടുകടത്തലിന്‍ തീരുമാനതുകേട്ട് ഹഗാര്‍ അമ്പരന്നുപോയ്;
വിനയാന്വിതയവള്‍ ചോദിച്ചനേരം (ചേര്‍ക്കുന്നൊരുദ്ധരണം)
'തണ്ണീരുമായവളെ മരുഭൂവിലാക്കി-
തിണ്ണ ഗമിപ്പതിന് ദൈവമുരച്ചതാണോ?'
വച്ചിച്ചാനുത്തരമായ് ഭര്‍ത്താവ്, ഇശ്മയേലിന്‍ താതനിവ്വിധം
'ചെയ്തില്ലെയൊന്നു, മവനാജ്ഞ കൊടുത്തിടാതെ!'
ക്ഷിപ്രം പ്രസന്ന വതിയായ വളോതി 'എങ്കില്‍
പൊയ്‌ക്കൊള്‍ക വേഗമിഹ ഞങ്ങള്‍ വസിച്ചുകൊള്ളാം.'

ഇബ്‌റാഹീം ദൈവത്തിന്റെ ആജ്ഞപ്രകാരം ഹാജറയെയും കുഞ്ഞിനെയും മരുഭൂമിയില്‍ തനിച്ചാക്കി യാത്രയാവുന്നു. വിജനമായ മരുഭൂമിയില്‍ ഹാജറക്കു കൂട്ട്, കാറ്റും വെളിച്ചവും രാവും പകലും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും മണല്‍ത്തരികളും. ഹാജറയില്‍ ജ്ഞാനത്തിന്റെ (ംശറെീാ) ചിറകുകള്‍ മുളച്ചു. ആ ചിറകുകളാല്‍ പ്രതീക്ഷയുടെ, ശാന്തിയുടെ അനന്തവിഹായസ്സില്‍ അവള്‍ പറന്നു. അന്നാണ് ഹാജറ പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിച്ചത്. ഭൗതികമായ എല്ലാ കേടുപാടുകളില്‍നിന്നും അവള്‍ക്ക് വിമോചനം. ദൈവവും പ്രപഞ്ചവും ഹാജറക്കു കൂട്ട്. ആകാശത്തെ നക്ഷത്രഗോളങ്ങള്‍ അവള്‍ക്കു ചുറ്റും ത്വവാഫ് ചെയ്തു. നിറഞ്ഞ മനസ്സുമായി നില്‍ക്കുന്ന ഹാജറ സര്‍വശക്തനായ ദൈവത്തിനു മുമ്പില്‍ പ്രണാമമര്‍പ്പിച്ചു.

ഉമ്മയുടെയും കുഞ്ഞിന്റെയും കൈയിലുള്ളത് തോല്‍സഞ്ചിയിലെ അല്‍പം വെള്ളം മാത്രം. കരയുന്ന ഇസ്മാഈലിന് ഹാജറ മുലപ്പാലും വെള്ളവും നല്‍കി. ദാഹിച്ച് ഹാജറയും വെള്ളം കുടിച്ചു. വെയിലിനു കാഠിന്യമേറി. കുഞ്ഞ് വീണ്ടും കരയാന്‍ തുടങ്ങി. വെള്ളം തീര്‍ന്നു. ഹാജറയുടെ മുലപ്പാല്‍ വറ്റി. കരയുന്ന കുഞ്ഞിനെ നോക്കി എന്തുചെയ്യണമെന്നറിയാതെ ഹാജറ പ്രയാസപ്പെട്ടു. ഒരു പാറക്കെട്ടിന്റെ തണലില്‍ ഇസ്മാഈലിനെ കിടത്തി ഹാജറ രണ്ട് കുന്നുകള്‍ക്കിടയിലായി വെള്ളത്തിനായി ഓടിനടന്നു. ഒരു മനുഷ്യജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു അത്. മനുഷ്യകുലത്തിന്റെ വിമോചനത്തിനായുള്ള പ്രാര്‍ഥനയും. സഫായും മര്‍വായും പ്രതിനിധീകരിക്കുന്നത് പോരാട്ടവും പ്രാര്‍ഥനയുമാണ്.

ഭൂമി ആകാശത്തേക്കു നോക്കി വിങ്ങിപ്പൊട്ടിയ ദിനമായിരുന്നു അത്. പ്രപഞ്ചമാകമാനം ഹാജറക്കായി, ഇസ്മാഈലിനായി കണ്ണീര്‍പൊഴിച്ച ദിനം. 'അബ്രഹാമികം' എന്ന പുസ്തകത്തില്‍നിന്നും:

''അരുമയാം തനന്റെ പാദസ്പര്‍ശമേറ്റു

മരുഭൂമി കരഞ്ഞുവോ അവിടെയതാ തണ്ണീര്‍!

അതു മണ്ണിന്റെ കണ്ണീരോ?''

പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയയായ ഹാജറയില്‍നിന്നും ഇസ്മാഈല്‍ ഉണ്ടായതുപോലെ ഭൂമിയില്‍നിന്നും ഉണ്ടായ സ്വാതന്ത്ര്യത്തിന്റെ നിലക്കാത്ത നീരുറവയാണ് സംസം.

ദൈവകൃപയാല്‍ ഉമ്മയും കുഞ്ഞും ജീവന്‍ നിലനിര്‍ത്തി. ചരിത്രത്തിന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണത്തിന്റെ ആവശ്യാനുസരണം ഹാജറയും ഇസ്മാഈലും ദാഹിച്ചു മരിച്ചില്ല. ഒടുവില്‍ ഇബ്‌റാഹീം ഹാജറയെയും ഇസ്മാഈലിനെയും കാണാനായി അവിടെ എത്തിച്ചേര്‍ന്നു. കാത്തിരിപ്പിനൊടുവിലുണ്ടായ തന്റെ മകനോട് ഇബ്‌റാഹീം താന്‍ ദര്‍ശിച്ച സ്വപ്‌നത്തെക്കുറിച്ച വിവരം അറിയിച്ചു.

തന്നെ ബലിയര്‍പ്പിക്കാനുള്ള ദൈവസന്ദേശം കേട്ട ഇസ്മാഈല്‍ പിതാവിനോടരുളി:

'പ്രിയ പിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ, അതു പ്രവൃത്തിച്ചാലും. ഇന്‍ശാ അല്ലാഹ് - അങ്ങേക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം.'(വി:ഖു-37:102)

തങ്ങളില്‍ വന്നുചേര്‍ന്ന വിധിയെ പഴിക്കാതെ റബ്ബിന്റെ തൃപ്തിക്കായി സ്വന്തത്തെ ബലികഴിക്കാന്‍ ആ കുടുംബം തീരുമാനിച്ചു. അനന്തമായ അനശ്വരമായ ഫിര്‍ദൗസിന്റെ മോഹങ്ങളായിരുന്നു അപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍. ആറ്റുനോറ്റു ലഭിച്ച പ്രിയപുത്രനെ ബലിക്കായി കൊണ്ടുപോകുമ്പോള്‍ ഹാജറക്ക് ഒരു മാതാവെന്ന നിലക്ക് പ്രതിഷേധിക്കാമായിരുന്നു. പക്ഷേ, മാതൃത്വം തന്റെ അവകാശമല്ല എന്നും, മറിച്ച്, റബ്ബിന്റെ കാരുണ്യത്താല്‍ ലഭിച്ച ഔദാര്യമാണെന്നും പ്രഖ്യാപിച്ച് പ്രസവിച്ച മകനെ സന്തോഷത്തോടു കൂടി ബലിക്കു തയ്യാറാക്കുന്ന ഉമ്മയെ ഹാജറയിലൂടെ നാം ദര്‍ശിക്കുന്നു. കാലങ്ങളായി റബ്ബിനോടു തേടി ഒടുവില്‍ വാര്‍ധക്യത്തിന്റെ ഘട്ടത്തില്‍ തനിക്ക് സമ്മാനമായി ലഭിച്ച മകനെ മണ്ണില്‍ കിടത്തി കഴുത്തറുത്തിടാനായ് കത്തിയുയര്‍ത്തിയ നേരമതാ റബ്ബിന്റെ വിളംബരം:

'അല്ലയോ ഇബ്‌റാഹീം! നീ സ്വപ്‌നം സാക്ഷാല്‍കരിച്ചു കഴിഞ്ഞു.'

ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെ:

ഇബ്‌റാഹീം പ്രസ്താവിച്ചു: ഭഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!ഭ (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്‌റാഹീം പറയുന്നു: ഭമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?ഭ മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ് അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്‌റാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു: അല്ലയോ ഇബ്‌റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണം തന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിനു സലാം. സുജനങ്ങള്‍ക്ക് നാം ഇങ്ങനെത്തന്നെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്മാരില്‍പെട്ടവനായിരുന്നു. നാം അദ്ദേഹത്തിന് ഇസ്ഹാ ഖിന്റെ സുവിശേഷം നല്‍കി. സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. ഇന്നോ, അവരു ടെ സന്തതികളില്‍ ചിലര്‍ വിശിഷ്ടരാകുന്നു. ചിലര്‍ തങ്ങളോടു തന്നെ സ്പഷ്ടമായ അക്രമമനുവര്‍ത്തിക്കുന്നവരുമാകുന്നു.

ദൈവത്തെയല്ല തീറ്റിപ്പോറ്റേണ്ടതെന്നും മറിച്ച് പട്ടിണികിടക്കുന്ന മനുഷ്യരെയാണ് തീറ്റേണ്ടത് എന്ന മനുഷ്യാവകാശ പ്രഖ്യാപനമാണ് ഇസ്മാഈലിന്റെ ബലിയുടെ ചിത്രം നമ്മോടു പറയുന്നത്. ഹജ്ജിന്റെ മുഴുവന്‍ അനുഷ്ഠാനങ്ങളെയും ഹാജറയുടെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഉള്‍കാഴ്ചയോടുകൂടി വരച്ചുകാട്ടുന്നു 'ഹാഗാര്‍'. അവതരണ ശൈലിയിലും ഭാഷയിലും മികച്ചുനില്‍ക്കുന്ന പുസ്തകം ചരിത്രത്തെ ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്നു. സാഗാ ഓഫ് സംസം, കോള്‍ ഓഫ് അബ്രഹാം എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും അബ്രഹാമികം എന്ന മലയാള കവിതാ സമാഹാരവും, ഇബ്‌റാഹീം ചരിത്രവുമായി ബന്ധപ്പെട്ട് അഹ്മദ് കുട്ടി ശിവപുരം രചിച്ചിട്ടുണ്ട്. ഖുര്‍ആന്‍, ബൈബിള്‍, ഗീത എന്നിവയും അറബിക്, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, പേര്‍ഷ്യന്‍ എന്നീ ഭാഷകളിലുള്ള നിരവധി പുസ് തകങ്ങളും, എഴുത്തുകാരന്‍ വ്യക്തിപരമായ ചില അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളിച്ചാണ് 'ഹാഗാര്‍' ചിട്ടപ്പെടുത്തിയത്. ഹാജറയുടെ ചരിത്രം വിരളമായതുകൊണ്ടും, ഉള്ള ചരിത്രങ്ങളില്‍ വൈവിധ്യം കാണപ്പെടുന്നതുകൊണ്ടും ആധികാരികതയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും, ഹാജറയെ പഠനവിധേയമാക്കുകയും ഒരു ദൗത്യമെന്നോണം അത് പുസ്തക രൂപത്തിലാക്കുകയും ചെയ്ത രചയിതാവിന്റെ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top