പനിമനസ്സ്

വിശ്വനാഥന്‍ വടയം No image

      ഒരു ഭ്രാന്തിയെപ്പോലെ മഴ അലറിപ്പെയ്തു. ഇഷ്ടമില്ലാഞ്ഞിട്ടും എ.സി ഓണ്‍ ചെയ്താണ് ഡോക്ടര്‍ സരിഗ കാര്‍ ഡ്രൈവ് ചെയ്തത്. സാധാരണ നിലയില്‍ ഇരുവശത്തുമുള്ള ഗ്ലാസുകള്‍ അല്‍പം താഴ്ത്തി പുറത്തുനിന്നുള്ള ശുദ്ധവായു ആസ്വദിച്ചുകൊണ്ടാണ് സരിഗ ഡ്രൈവ് ചെയ്യാറ്.
എ.സിയുടെ തണുപ്പ് പതഞ്ഞിറങ്ങിയിട്ടും എവിടെയോ ചുട്ടുപൊള്ളുന്നതുപോലെ, സരിഗക്ക് അസ്വസ്ഥത തോന്നി.
രാവിലെ മുതല്‍ പനിച്ചൂടില്‍ തിളക്കുന്ന രോഗികളുമായുള്ള ഇടപെടല്‍.
പലതരം പനികള്‍ സ്ഥിരീകരിക്കുമ്പോഴും സരിഗ ഉള്ളില്‍ പ്രാര്‍ഥിച്ചു, തന്റെ രോഗികളിലാരും പനിച്ചൂടില്‍ തണുത്തുറഞ്ഞ് പോകരുതെന്ന്.
പത്രത്താളുകളില്‍ ഓരോ ദിവസവും പനിമരണങ്ങളുടെ കണക്കുകള്‍ കറുത്ത അക്ഷരങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്റെ രോഗികളിലാരും ആ കണക്കില്‍പെടാത്തതില്‍ ഡോക്ടര്‍ സരിഗ തെല്ലൊന്നുമല്ല ആശ്വസിച്ചത്.
രാവിലെ ഒ.പിയില്‍ രോഗികളുടെ തിരയിളക്കങ്ങള്‍. ചിലര്‍ക്ക് മരുന്ന് കുറിച്ചുകൊടുത്ത് വിടുമ്പോള്‍ മറ്റ് ചിലരെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു.
***
അച്ഛനെ കണ്ട ഓര്‍മ സരിഗക്കില്ല. അമ്മയാണ് അവള്‍ക്കെല്ലാം. പഠിക്കാന്‍ മിടുക്കി. ഉയര്‍ന്ന മാര്‍ക്കോടെ ക്ലാസുകള്‍ കയറിവരുമ്പോള്‍ അമ്മ മകളെയോര്‍ത്ത് അഭിമാനിച്ചു. എം.ബി.ബി.എസ് പാസായി ഹിപ്പോക്രാറ്റിയന്‍ ഓത്ത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സരിഗ മനസ്സില്‍ ഒരുറച്ച തീരുമാനമെടുത്തിരുന്നു. പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.
കുറഞ്ഞകാലംകൊണ്ട് ജനഹൃദയത്തില്‍ ഇടം നേടാന്‍ ഡോക്ടര്‍ സരിഗക്ക് കഴിഞ്ഞു. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടില്‍ രോഗികളെ പരിശോധിക്കാനായി ഒരു മുറി പണിതത് ബാങ്കില്‍നിന്നും പേഴ്‌സണല്‍ ലോണെടുത്ത്.
പിന്നീട് എന്‍ട്രസ് പരീക്ഷയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ എം.ഡിക്ക് അഡ്മിഷന്‍.
കോളേജ് ഹോസ്റ്റലിനടുത്ത് ഒരു ചെറിയ വീട് വാടകക്കെടുത്ത് അമ്മയേയും കൂട്ടി താമസിക്കാമെന്ന് ആഗ്രഹിച്ചതാണ്; അച്ഛനുറങ്ങുന്ന മണ്ണ് വിട്ട് അമ്മ വരില്ലെന്ന് അറിയാമായിരുന്നിട്ടും...
***
ഡോക്ടര്‍ രാജനുമായി പരിചയപ്പെടുമ്പോള്‍ അത് പ്രണയപ്പച്ചയായ് വളര്‍ന്നത് തീരെ നിനച്ചിരിക്കാതെയാണ്. അപ്പോഴും ഭാവനക്കപ്പുറത്തുള്ള ജീവിത യാഥാര്‍ഥ്യമായിരുന്നു സരിഗക്കു മുന്നില്‍. അവളത് മൂടിവെച്ചില്ല. സരിഗയെ ഉള്‍ക്കൊള്ളാന്‍ ഡോക്ടര്‍ രാജന് പ്രയാസം തോന്നിയില്ല. ഏറെ ആര്‍ഭാടമില്ലാത്ത ലളിതമായ വിവാഹച്ചടങ്ങുകള്‍. പരസ്പരം നോവിക്കാതെ അപസ്വരങ്ങളില്ലാതെ ജീവിതം; ഡോണ്‍ നദി ശാന്തമായൊഴുകും പോലെ....! ഏകമകന്‍ രാഹുല്‍ നാഥ് പത്താം തരം പാസായി, തുടര്‍പഠനത്തിനും കോച്ചിങ്ങിനുമായി നഗരത്തിലെ വിദ്യാലയത്തില്‍.
ഡോക്ടര്‍ രാജന്‍ ഹയര്‍ സ്റ്റഡീസും ഒപ്പം ജോലിയുമായി വിദേശത്ത്.
ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടും വിദേശത്ത് തനിച്ച് താമസിച്ചിട്ടും ഒരിക്കല്‍ പോലും സരിഗയോട് കൂടെ വരണമെന്ന് രാജന്‍ ആവശ്യപ്പെട്ടില്ല.
***
ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സരിഗ ഡ്രൈവിങ്ങ് പരിശീലനത്തിനു ചേര്‍ന്നത്. ഭയമായിരുന്നു ആദ്യം.
ആത്മവിശ്വാസം നല്‍കിക്കൊണ്ട് ഭര്‍ത്താവിന്റെ സാന്നിധ്യം അവള്‍ക്ക് ധൈര്യം നല്‍കി.
ആദ്യം ലേണിംഗ് ടെസ്റ്റ്. പിന്നെ യഥാര്‍ഥ ടെസ്റ്റ്. ആദ്യശ്രമത്തില്‍ തന്നെ ജയിച്ചപ്പോള്‍ സരിഗക്ക് വല്ലാത്ത ആശ്വാസം. ഭര്‍ത്താവായിരുന്നു പിന്നെ ഗുരു. സ്ത്രീകള്‍ അവരുടെ കാര്യത്തില്‍ സ്വയം പര്യാപ്തതനേടണം. ഭര്‍ത്താവിന്റെ ആ നിര്‍ബന്ധമാണ് ഇന്ന് സ്വയം ഡ്രൈവ് ചെയ്തുപോകാന്‍ സരിഗയെ പ്രാപ്തയാക്കിയത്.
***
ഇന്നലെ അഡ്മിറ്റ് ചെയ്ത ശാരദച്ചേച്ചി രാവിലെ റൗണ്ട്‌സിന് ചെന്നപ്പോള്‍ കുഴഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
'മോളേ, എന്റെ അസുഖം മാറ്വോ... എന്റെ കുട്ടീന്റെ കല്യാണത്തിന് മൂന്ന് മാസേള്ളൂ. അത് നടത്താനും കാണാനും എനിക്ക്...''
'ങ്ങക്ക് ത്ര വല്ല്യസുഖോന്നൂല്ല. ഏറിവന്നാല്‍ രണ്ട് ദിവസം കൂടി. പിന്നെ വീട്ട്‌പ്പോകാം...''
'അച്ഛനില്ലാത്ത മോളാ. ഓളൊരുത്തന്റെ കൈയിലേല്‍പ്പിച്ചാല്‍ എനിക്ക് സമാധാനായീറ്റ്...''
പെട്ടെന്ന് സരിഗ സ്വന്തം നില ഓര്‍ത്തുപോയി.
***
വീട്ടിലെത്തുമ്പോള്‍ അമ്മ പനിച്ചുവിറച്ച് കിടക്കുന്നു. കരിമ്പടത്തിനുള്ളില്‍ ശരീരം പൊതിഞ്ഞു വെച്ചിട്ടും വിറയല്‍ മാറാത്ത അമ്മ.
'അമ്മേ..'' സരിഗ സ്‌നേഹത്തോടെ വിളിച്ചു.
'മോളേ ന്റെ കടലാസെല്ലാം ശര്യായോ...''
'എന്ത് കടലാസ്''
'രാജന്റെ അടുത്ത് പോകാന്‍''
'അമ്മേന്താ പിച്ചും പേയും പറയാ...''
'എനിക്കറിയാം. എന്നോടുള്ള സ്‌നേഹം കൊണ്ടാഞ്ഞി ഓന്റട്ത്ത് പോകാത്തെ, എനിക്കറിയാം... എനിക്കറിയാം...''
വാശിപിടിക്കുന്ന കുട്ടിയെപ്പോലെ അമ്മ രാജേട്ടന്റെ കൂടെ വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ അമ്മയെ തനിച്ചാക്കി പോകുന്ന കാര്യം അവള്‍ക്ക് ആലോചിക്കാനേ കഴിയില്ല.
രാജേട്ടന്‍ ഒരിക്കല്‍പോലും നിര്‍ബന്ധിച്ചിട്ടില്ല. അമ്മയുടെ പനി പരിശോധിക്കാന്‍ സഹപ്രവര്‍ത്തകയായ സുധര്‍മ്മയെ വിളിച്ചു.
അവള്‍ അമ്മക്ക് ഒരു ഇഞ്ചക്ഷന്‍ കൊടുത്തു; രണ്ട് ഗുളികയും.
വെറും ജലദോഷപ്പനിയാണെന്ന് സുധര്‍മ്മ അമ്മയെ ആശ്വസിപ്പിച്ചു.
അല്‍പനേരം ഇരുന്ന് സംസാരിച്ച ശേഷം സുധര്‍മ്മ തിരിച്ചുപോയി.
അമ്മക്ക് ചൂടുള്ള ചായ കൊടുത്ത് പുറത്തു നില്‍ക്കുന്ന രോഗികളെ പരിശോധിക്കാന്‍ സരിഗ കണ്‍സല്‍ട്ടിംഗ് റൂമിലേക്ക് ചെന്നു.

***
അല്‍പനേരത്തെ ശമനത്തിനു ശേഷം മഴ വീണ്ടും അലറിപ്പെയ്യുകയാണ്.
അകത്ത് അമ്മ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതു കേട്ട് സരിഗ മുറിയിലേക്ക് ചെന്നു.
അര്‍ധബോധാവസ്ഥയിലെന്നപോലെ അമ്മ സംസാരിക്കുന്നത് രാജേട്ടനുമായാണ്.
'നീ വരണം. മോളന്റടുത്തേക്ക് കൂട്ടണം. എന്നെ നോക്കാന്‍ ഒരു നഴ്‌സിനെ ഏര്‍പ്പാടാക്ക്യാല്‍ മതി. ഞാനോളോട് കുറേ പറഞ്ഞ് നോക്ക്യേതാ. ഓള് കേക്കണ്ടേ. ഇപ്പെന്തായാലും ഞ്ഞി വരണം...''
അമ്മയില്‍നിന്നും ഫോണ്‍ വാങ്ങി.
അപ്പുറത്ത് രാജേട്ടന്‍ അസ്വസ്ഥനായിരുന്നു.
'എടോ സരീ അമ്മ...''
'അമ്മക്ക് നേരിയ പനീണ്ട്.''
'മരുന്ന് കൊടുത്തോ?''
'സുധര്‍മ്മ വന്ന് ഇഞ്ചക്ഷനും ഗുളികയും കൊടുത്തു.''
'ശരി, ഞനെന്തായാലും പുറപ്പെടാം. അമ്മയെ ഒന്ന് കാണണം. ബാക്കി നേരില്‍ പറയാം...''
ഫോണ്‍വെച്ച് അമ്മയെ തൊട്ടുനോക്കി. പുറത്ത് പെയ്തിറങ്ങുന്ന മഴയുടെ തണുപ്പിലും അമ്മയുടെ പനിച്ചൂട് കൂടിക്കൂടി വന്നു.
'അമ്മേ, നമുക്ക് ആശുപത്രിയിലേക്ക് മാറാം.''
'വേണ്ട മോളേ ഞ്ഞി രാജനെ വിളി. നിനക്കോന്റെ അടുത്തേക്ക് പോണ്ട കാര്യങ്ങള്‍...''
അമ്മ മകളുടെ കൈ മുറുകെപ്പിടിച്ചു. അമ്മയുടെ കൈകള്‍ തണുക്കാന്‍ തുടങ്ങിയിരുന്നു. മുറുകെപ്പിടിച്ച കൈകള്‍ അയയുന്നതിനിടയിലും അമ്മ അവ്യക്തമായി പറഞ്ഞുകൊണ്ടിരുന്നു.
'... മോളേ ഞ്ഞി രാജ..നെ വിളി. നീ ഓന്റടുത്തേക്ക്...''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top