പിതാവിനെ കാത്തിരിക്കുന്ന മക്കള്‍

റഷീദ സുബൈര്‍ No image

      'പ്പ ഇന്നലെ വരാന്‍ വൈകിയോ ഉമ്മാ' രാവിലെത്തന്നെ മകന്റെ നിഷ്‌കളങ്കമായ ചോദ്യം, 'ഇല്ല മോനൂ, ബാപ്പ പെട്ടെന്ന് തന്നെ വന്നല്ലോ, നീ നേരത്തെ കിടന്നുറങ്ങിയത് കൊണ്ടല്ലേ ബാപ്പാനെ കാണാഞ്ഞത്.' മകന്റെ തലയില്‍ സ്‌നേഹപൂര്‍വം തലോടിക്കൊണ്ട് മറുപടി പറയുമ്പോള്‍ മനസ്സിലൂടെ ഒത്തിരി ചോദ്യങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു.
      ഇങ്ങനെ എല്ലാ വീടുകളിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടാകില്ലേ? എല്ലാ ഉമ്മമാര്‍ക്കും കുട്ടികളുടെ ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി കൊടുക്കാന്‍ സാധിക്കുന്നുണ്ടാകുമോ?
      മാതാവും പിതാവും മക്കളും മാത്രം അടങ്ങിയതാണ് ഇന്നത്തെ കുടുംബം. പണ്ടൊക്കെ വല്യുപ്പയും, വല്യുമ്മയും അമ്മായിമാരും അമ്മാവനുമെല്ലാം അടങ്ങിയ രണ്ടോ മൂന്നോ തലമുറകള്‍ കൊണ്ട് വിശാലമായിരുന്നു നമ്മുടെ കൂട്ടുകുടുംബ സംവിധാനം. സ്‌നേഹം കൊണ്ടും അച്ചടക്കം കൊണ്ടും സമ്പന്നവും.
      ഇന്ന് തിരക്കുകളുടെ ലോകത്ത് മാതാപിതാക്കള്‍ അവരവരുടെ ഉത്തരവാദിത്തങ്ങള്‍ക്ക് വരെ അതിരുകള്‍ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സ്ത്രീക്ക് അകത്തളവും പുരുഷന് പുറംലോകവും. ഈ രണ്ടു മേഖലകളിലും സ്ത്രീയും പുരുഷനും പരസ്പരസഹകാരികളാകുമ്പോഴാണ് സന്തോഷ പ്രദമായ ഒരു കുടുംബാന്തരീക്ഷം രൂപപ്പെടുന്നത്. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ കിടന്നു വഴിതെറ്റിപ്പോകുന്ന മക്കളെ കുറിച്ചു മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു. ഉത്തരവാദിത്തങ്ങളില്‍ അലസത കാണിക്കുന്നുവെന്ന ആരോപണം പരസ്പരം കെട്ടിവെക്കാനുള്ള വ്യഗ്രതയില്‍ കുടുംബം തന്നെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
      ഗര്‍ഭധാരണവും പ്രസവവും സന്താന പരിപാലനവുമെല്ലാം പ്രകൃത്യാ സ്ത്രീയുടെ ദൗത്യമാണെന്നിരിക്കെത്തന്നെ കുടുംബ ഭരണവും അടുക്കള ജോലിയും മക്കളുടെ പഠന കാര്യങ്ങളുമെല്ലാം മാതാവിന്റെ മാത്രം ചുമതലയായി നിശ്ചയിച്ച് അധ്വാനത്തെയും സമ്പാദ്യത്തെയും കൂട്ടുപിടിച്ചു പിതാവ് തിരക്കുള്ള ആളായി മാറുന്നു. ഇതൊന്നും വേണ്ടായെന്നോ ഇങ്ങനെയുള്ളവര്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്നോ അല്ല, പക്ഷേ, കുടുംബത്തോടൊപ്പം കഴിയുന്ന എത്ര പുരുഷന്മാര്‍ തന്റെ ഭാര്യയോടും മക്കളോടുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നവരുണ്ട്. മക്കളോട് കുശലം പറയുന്നവരും അവരുടെ തീരാത്ത സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നവരുമുണ്ട്?
മക്കള്‍ ഉറങ്ങിക്കഴിഞ്ഞ് വീട്ടില്‍ കയറിവരികയും അവര്‍ ഉണരുന്നതിനു മുമ്പേ ജോലിക്കായി പോകുന്ന പിതാക്കന്മാരുമാണധികവും.
      തന്റെ മകന്‍ ഏതു ക്ലാസിലാണെന്നും ഏതു ഡിവിഷനിലാണെന്നും അറിയാത്ത ചില പിതാക്കന്മാരുണ്ട്. കുടുംബത്തെ പോറ്റാനുള്ള വ്യഗ്രതയാണെന്നതാണ് അതിന് ന്യായം.
      മക്കളുടെ മനസ്സിനെ വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. അടുക്കളയില്‍ തളച്ചിടുന്ന ഉമ്മമാര്‍ വെച്ചും വിളമ്പിയും കാലം കഴിക്കുമ്പോള്‍ ഇന്നത്തെ ലോകത്തിന്റെ അവസ്ഥയോ വഴികേടിലാകുന്ന തലമുറയെ പറ്റിയോ അറിയാതെപോകുന്നു. മക്കള്‍ അതിവിദഗ്ദമായി അവരെ പറ്റിക്കുകയും ചെയ്യുന്നു. ചില അമ്മമാരാകട്ടെ അവരുടേതായ പാര്‍ട്ടികളുടെയും ഷോപ്പിങ്ങുകളുടെയും ലോകത്ത് വ്യാപൃതരാകുന്നത് മൂലം മക്കളോട് സംസാരിക്കാനോ അവരുമായി കൂട്ടുകൂടാനോ സമയം കിട്ടാതെ വരുന്നു. തന്മൂലം തന്റെ മക്കള്‍ നല്ല വരാണെന്ന് സംതൃപ്തി കണ്ടെത്തുന്ന പല മാതാപിതാക്കളും നിറഞ്ഞ പ്രതീക്ഷളോടെ തങ്ങള്‍ പോറ്റി വളര്‍ത്തുന്ന തങ്ങളുടെ മക്കള്‍ അവരില്‍ നിന്നും എത്രയോ അകന്നുപോയിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം അറിയാതെപോകുന്നു.
      വിദേശത്ത് ജോലി ചെയ്തു കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം മുഴുവന്‍ മക്കളുടെ സന്തോഷത്തിനായി പുതിയ മോഡല്‍ ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും രൂപത്തില്‍ നാട്ടിലേക്കയക്കുമ്പോള്‍ മക്കള്‍ മാതാവിന്റെ അജ്ഞതയെ ചൂഷണം ചെയ്ത് ജീവിക്കുന്നു.
      മക്കളെ ഉത്തരവാദിത്തബോധത്തോടെ വളര്‍ത്തിയെടുക്കേണ്ടതും അവരില്‍ നന്മയുടെ വിത്ത് പാകി മുളപ്പിക്കേണ്ടതും മാതാവിന്റെ ദൗത്യത്തില്‍ തുടങ്ങുന്നെങ്കിലും പിതാവിന്റെ സംരക്ഷരണത്തില്‍ മാത്രമേ അതിനു പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
      വിവാഹാനന്തരം നീ നല്ലൊരു കുടുംബിനിയാകണം എന്നു മകളോട് ഉപദേശിക്കുമ്പോള്‍ തന്നെ മകന്‍ കെട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ കണ്ണീരു കുടിപ്പിക്കാനും മുന്‍പന്തിയിലാണെന്നത് ഇന്ന് കണ്ടുവരുന്ന സത്യം.
      വിദ്യാഭ്യാസം നേടിയ ഭാര്യ, ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി ജോലിക്ക് പോകാന്‍ തയാറായാല്‍, അവിടെ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു വീട്ടു ജോലികളില്‍ സഹായിച്ച് സഹകരണത്തോടെ മുന്നോട്ടു പോകുന്നതിനു പകരം മക്കളെ സ്‌കൂളിലയക്കുന്നതില്‍ തുടങ്ങി വീട്ടിലെ എല്ലാ പണികളും ചെയ്തുതീര്‍ത്ത ശേഷമായിരിക്കും ജോലിക്കായി പുറപ്പെടുന്നത്. ഇവിടെ എല്ലാ ജോലികളും അവളുടേത് മാത്രമായി പരിണമിക്കുന്നു. വീട്ടുജോലിയില്‍ ഭാര്യയെ സഹായിക്കുന്നത് കുറച്ചിലായി കാണുന്ന ഭര്‍ത്താക്കന്മാര്‍ 'പെങ്കോന്തന്‍' എന്ന വിളിയെ പേടിച്ചു ഒട്ടും സഹകരിക്കാതെ മാറി നില്‍ക്കുന്നു. ഭാര്യയാവട്ടെ ഒരു യന്ത്രത്തെ പോലെ പണികളില്‍ മുഴുകുകയും ചെയ്യുന്നു.
      പരസ്പര സഹകരണത്തിലൂടെയും കൂട്ടുത്തരവാദിത്വത്തിലൂടെയും മുന്നോട്ട് നീങ്ങിയാല്‍ നല്ലൊരു കുടുംബജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കും. അത് കണ്ടു ജീവിക്കുന്ന നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തിലും അത് പകര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കിട്ടുന്ന ശമ്പളം, അത് വിനിയോഗിക്കുന്ന രീതി, വീട്ടു ചെലവുകള്‍ ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍ അവരിലും കാര്യബോധം വളര്‍ന്നു വരും. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍, ഭാര്യയോടും മക്കളോടും കയര്‍ത്തു സംസാരിക്കുന്ന ഭര്‍ത്താവ് അതെന്തിനാണെന്ന് തുറന്നുപറയാന്‍ തയ്യാറായില്ലെങ്കില്‍, അതന്വേഷിക്കാന്‍ ഭാര്യയും മെനക്കെടുന്നില്ല എങ്കില്‍ ആ വീട്ടില്‍ സന്തോഷം ഉണ്ടാവില്ല. എല്ലാം കുടുംബത്തിനു വേണ്ടി സഹിച്ചു ജീവിക്കുന്നു എന്ന വാദം തികച്ചും നിരര്‍ഥകമാകാം.
      അണുകുടുംബമായി ജീവിക്കുന്ന നാം നമ്മിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. തുറന്നു പറച്ചിലുകളും സഹകരണ മനോഭാവവും എങ്ങോ പോയിമറഞ്ഞിരിക്കുന്നു. അതിലൂടെ കുടുംബജീവിതം ശിഥിലമാകുന്നു. നഷ്ടപ്പെട്ട നമ്മുടെ തനത് സംസ്‌കാരം തിരിച്ചു കൊണ്ടുവരാനായാല്‍ നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും മൂല്യവത്തായ ഒരുപാട് കാര്യങ്ങള്‍ കൂടുതലായി ചെയ്യാനാകും. മാതാപിതാക്കളെയും കുടുംബത്തിലെ മുതിര്‍ന്നവരെയും ബഹുമാനിക്കുന്ന, അവരുടെ വില അറിയുന്ന ഒരു പുതുതലമുറയാണ് നമുക്ക് വേണ്ടത്. ഭാര്യയും ഭര്‍ത്താവും പരസ്പരം അറിഞ്ഞു സ്‌നേഹിച്ചു മനസ്സ് തുറന്നു ജീവിക്കുമ്പോഴാണ് കുടുംബത്തില്‍ സന്തോഷവും സമാധാനവും വിളയാടുന്നത്. അവരുടെ പരസ്പരമുള്ള അകല്‍ച്ചയില്‍ നഷ്ടപ്പെടുന്നത് ചെറുതൊന്നുമല്ല . മത മൂല്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ ജീര്‍ണ്ണിച്ച സംസ്‌കാരത്തില്‍ നിന്നും നമുക്ക് മോചനം ലഭിക്കും. അതിലൂടെ നല്ലൊരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനും കഴിയും. പരസ്പര സ്‌നേഹവും കരുണയുമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്നത് നാം മറക്കാതിരിക്കുക...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top