മറ്റുള്ളവര്‍ക്ക് ചെവിയും മനസ്സും നല്‍കുക

എന്‍.പി ഹാഫിസ് മുഹമ്മദ് /മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

      ക്ലാസില്‍ ഏറ്റവും സജീവമായ മുഖഭാവങ്ങളോടെ പങ്കാളിയാവുന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു. പറയുന്ന കാര്യങ്ങളില്‍ ആ പെണ്‍കുട്ടി അതീവശ്രദ്ധ വെച്ചുപുലര്‍ത്തുന്നതായി തോന്നിയിരുന്നു. ചിലപ്പോള്‍ നോട്ട്ബുക്കില്‍ ആവശ്യമുള്ളത് കുറിച്ചുവെക്കുക പോലും ചെയ്തിരുന്നു.
      അധ്യാപകര്‍ക്ക് ഒരു സ്ഥിരം പരിശോധനാരീതിയുണ്ട്. ശ്രദ്ധയോടെ കേള്‍ക്കുന്നില്ല എന്ന് കരുതിയവരോട് വിശദീകരിച്ച കാര്യത്തോട് ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ പെട്ടെന്ന് ചോദിക്കും. ഉത്തരം കിട്ടില്ലെന്നറിഞ്ഞുകൊണ്ടാണ് പലരും ഈ ഏര്‍പ്പാട് നടത്തുന്നത്. സാധാരണ ആ വിദ്യാര്‍ഥികള്‍ക്ക് അതിനുത്തരം നല്‍കാനാവില്ല. ശ്രദ്ധിക്കുന്നവരോടാവും പിന്നെ അതേ ചോദ്യം ചോദിക്കുക. അവര്‍ പച്ചവെള്ളം പോലെ ഉത്തരം പറയും. ഉത്തരം പറയാത്തവരെ ശകാരിക്കാന്‍ കിട്ടുന്ന അവസരം ഈ അധ്യാപകര്‍ ഒഴിവാക്കുകയുമില്ല.
      ഒരിക്കല്‍ പറഞ്ഞ കാര്യത്തോട് ബന്ധപ്പെട്ട ഉത്തരം രണ്ടുമൂന്ന് പേര്‍ക്ക് നല്‍കാനാവാതെ വന്നപ്പോള്‍, അതീവ ശ്രദ്ധയോടെ ക്ലാസിലിരിക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ ചോദ്യം ചോദിച്ചു. ഒന്നും മനസ്സിലാക്കിയിട്ടില്ല. ഏതോ ഒരു അപരിചിത ഗോളത്തില്‍ പെട്ടെന്ന് എത്തിപ്പെട്ട ഭാവമായിരുന്നു പെണ്‍കുട്ടിക്ക്. പിന്നീട് നാലോ അഞ്ചോ തവണ അതാവര്‍ത്തിച്ചപ്പോള്‍ കാര്യം വ്യക്തമായി. പെണ്‍കുട്ടി ശ്രദ്ധയോടെ കേള്‍ക്കുന്നു എന്നു നടിക്കുന്നു. ഒന്നും ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. കേള്‍വിക്കാരില്‍, ശ്രദ്ധയോടെ കേള്‍ക്കുന്ന ഗ്രഹിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന, എന്നാല്‍ ഒന്നും ഗ്രഹിക്കാതെ പോവുന്ന ഇക്കൂട്ടരെ, കപട കേള്‍വിക്കാര്‍ (Pseudo listeners) എന്ന് വിളിക്കുന്നു.
      വേറെയും ചില കേള്‍വിക്കാരുണ്ട്. അവര്‍ തെരഞ്ഞെടുത്ത് കേള്‍ക്കുന്നവരാണ് (selective listeners); കഥ കേള്‍ക്കാനിഷ്ടമുള്ളവര്‍, സിനിമയെക്കുറിച്ച് കേള്‍ക്കാനിഷ്ടമുള്ളവര്‍, പരദൂഷണം കേള്‍ക്കാനിഷ്ടമുള്ളവര്‍. അത് മറ്റൊരാള്‍ പറയുമ്പോള്‍ കണ്ണും കാതും കൂര്‍പ്പിച്ച് കേള്‍ക്കും. അവരോട് തത്വശാസ്ത്രമോ സിദ്ധാന്തമോ ഫോര്‍മുലയോ പറയുമ്പോള്‍ ഇക്കൂട്ടര്‍ മറ്റൊരു ലോകത്തേക്ക് പോകും. ഇഷ്ടാനിഷ്ടങ്ങളാണ് ഇത്തരം കേള്‍വിയുടെ നിദാനം. അവര്‍ കീഴ്‌പെട്ട മുന്‍വിധികളുടെ അടിസ്ഥാനത്തിലായിരിക്കും ഇങ്ങനെ ചെയ്തുപോവുക. മറ്റുള്ളവരെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങളോ സ്വന്തം വീക്ഷണങ്ങള്‍ക്കോ ചിന്താഗതികള്‍ക്കോ അനുസരിച്ചുള്ള ഭാഷണമോ ഇവര്‍ ശ്രദ്ധയോടെ മനസ്സിലേക്ക് സ്വാംശീകരിക്കുന്നു. യോജിപ്പില്ലാത്ത കാര്യങ്ങളാവുമ്പോള്‍ കാടുകേറിപ്പോകുന്ന ശ്രദ്ധയുടെ ഉടമകളായി മാറുകയും ചെയ്യുന്നു.
      ചിലപ്പോള്‍ കേള്‍ക്കുകയും തൊട്ടുപിന്നാലെ അവര്‍പോലുമറിയാതെ കേള്‍ക്കാതെ പോവുകയും ചെയ്യുന്നവരാണ് മറ്റൊരു കേള്‍വിക്കാര്‍ (Insulated listeners). ക്ലാസ്‌റൂമിലോ നമ്മുടെ തൊട്ടടുത്തോ അവര്‍ കേള്‍ക്കാനിരിക്കുന്നുണ്ടാവും. എന്നാല്‍ കേട്ടുകൊണ്ടിരിക്കെ അവരുടെ ശ്രദ്ധയും കാര്യങ്ങള്‍ ഗ്രഹിക്കുന്നതും ഇല്ലാതാവുന്നു. ശ്രദ്ധ മാറിപ്പോകുന്ന പലരും ആന്തരിക മനോവ്യാപാരങ്ങളില്‍ മുഴുകുന്നു. ചിലപ്പോള്‍ അവര്‍ക്ക് ഒന്നും ശ്രദ്ധിക്കാനാവുന്നില്ലല്ലോ എന്ന വേവലാതിയില്‍ പിടയും. കണ്ണൊന്ന് തിരുമ്പി, നീണ്ടൊരു ശ്വാസം വിട്ട്, ചിലപ്പോള്‍ പേന കൈയിലെടുത്ത് ശ്രദ്ധിക്കാന്‍ തുനിയും. എന്നാല്‍ പലപ്പോഴും അവരറിയാതെ മറ്റൊരു ലോകത്തേക്ക് ഒലിച്ചുപോകുന്നു. കേള്‍ക്കാനാവാത്തതില്‍ സങ്കടപ്പെടുന്നവരാണ് ഇക്കൂട്ടര്‍.
      ശ്രദ്ധയോടെ കേട്ടിരിക്കുകയും അവസരം കിട്ടുമ്പോള്‍ പറയുന്നയാള്‍ക്കെതിരെ പറയുകയും ചെയ്യുന്ന കേള്‍വിക്കാരുണ്ട്. പതിയിരുന്ന് അക്രമിക്കാന്‍, വാദിച്ച് തോല്‍പ്പിക്കാന്‍ കേള്‍ക്കാനിരിക്കുന്നവരാണിവര്‍ (Ambushig listeners). അവര്‍ കേള്‍ക്കുന്നത് പറയുന്നയാളിനെ തോല്‍പിക്കാനാണ്.
      നമുക്ക് ഏറ്റവുമനുയോജ്യം ശ്രദ്ധയോടെ കേട്ട് ഗ്രഹിക്കുന്നവരാണ് (Effective listeners). മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കാത്തവര്‍ പോലും മനസ്സിലാഗ്രഹിക്കുന്നത് മറ്റുള്ളവര്‍ തന്നെ കേട്ട് മനസ്സിലാക്കണമെന്നാണ്. ഭര്‍ത്താവിനെ കേള്‍ക്കാത്ത ഭാര്യയും, ഭാര്യയെ കേള്‍ക്കാത്ത ഭര്‍ത്താവും, അധ്യാപകനെ/അധ്യാപികയെ കേള്‍ക്കാത്ത വിദ്യാര്‍ ഥിയും, വിദ്യാര്‍ഥിയെ കേള്‍ക്കാത്ത അധ്യാപികയും/ അധ്യാപകനും ഒക്കെ കൂടിവരികയാണോ? പരസ്പരം ശ്രദ്ധയോടെ കേട്ടുഗ്രഹിക്കുന്നവര്‍ നമ്മുടെ ഇടയില്‍ കുറവാകുകയാണോ? ശ്രദ്ധയോടെ മനസ്സും ശരീരവും നട്ട്, പറയുന്നത് ഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന നമ്മള്‍. എന്നാല്‍ പലരും ചെവികൊണ്ട് മാത്രമേ കേള്‍ക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നുള്ളൂ.
      നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ പരസ്പരം ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരുടെ എണ്ണം എമ്പാടുമുണ്ടാവില്ല. പരസ്പരം കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ കുടുംബാന്തരീക്ഷത്തിലും സാമൂഹിക സന്ദര്‍ഭങ്ങളിലും ലഭിക്കേണ്ട ധര്‍മ്മം (Function) നിര്‍വഹിക്കപ്പെടാതെ പോകുന്നുണ്ട്. പരസ്പരം പരിഗണിക്കുകയും മറ്റുള്ളവരെ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നത്, സ്വയം അങ്ങനെ ചെയ്യാത്തവരുടെ പോലും സങ്കടമാണിന്ന്. തന്റെ വാദഗതികളില്‍ കടിച്ചുതൂങ്ങുന്നവര്‍ പലപ്പോഴും മറ്റുള്ളവരെ പരിഗണിക്കുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ പറയുന്നത് അതീവ ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ അടിസ്ഥാനപരമായി ജനാധിപത്യവാദികളായിരിക്കും. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. മറ്റുള്ളവരുടെ വികാര- വിചാരങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നവരാണിവര്‍.
      മനുഷ്യര്‍ തമ്മിലുള്ള ഫലവത്തായ ബന്ധം സൃഷ്ടിക്കപ്പെടുന്നത് പറയുന്നതില്‍ മാത്രമല്ല, കേള്‍ക്കുകയും ചെയ്യുന്നതിലാണ്. പരസ്പരം പരിഗണനയോടെ കേള്‍ക്കുന്നവര്‍ ആരോഗ്യകരമായ കുടുംബാവസ്ഥയെയും മറ്റ് സാമൂഹ്യാവസ്ഥകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മനുഷ്യരുടെ മാനസികവും സാമൂഹികവുമായ സുരക്ഷിതത്വം പരസ്പരം ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കുന്ന ഒരു സമൂഹത്തിനേ നല്‍കാവൂ. ഭൗതികമായ ആവശ്യങ്ങള്‍ മാത്രം നിറവേറ്റപ്പെടുമ്പോള്‍ ഇതുണ്ടാവുന്നില്ല. ജീവിതത്തിലെ സാര്‍ഥകത ആസ്വദിക്കുന്നതിന് അങ്ങോട്ടുമിങ്ങോട്ടും ചെവികളും മനസ്സും കൊടുക്കുന്നവര്‍ ആവശ്യമാണ്.
      നാം പറയുന്നത് അതിന്റെ ആന്തരിക തലങ്ങളില്‍ ഗ്രഹിക്കാതെ (Decoding) പോകുമ്പോള്‍, അനാഥത്വം ഏറെ അനുഭവിക്കുന്നു. ആരുമെനിക്കില്ലെന്ന തോന്നല്‍ ഉണ്ടാവുന്നു. ജീവിതത്തിന്റെ വ്യര്‍ഥത അവരെ തളര്‍ത്തുന്നു. ഏറ്റവുമടുത്തുള്ളവരില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുമ്പോള്‍ കൂടുതല്‍ സങ്കടപ്പെടുന്നു.   പ്രിയപ്പെട്ടവര്‍ തങ്ങളുടെ തലച്ചോറും മനസ്സും ശ്രദ്ധയോടെ പരിഗണിക്കാതെ വരുമ്പോള്‍ ജീവിതം മടുത്തെന്നു തന്നെ പലര്‍ക്കും തോന്നുന്നു.   ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. ചിലര്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുന്നു. ചിലര്‍ ജീവിതമവസാനിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നു.       ആധുനിക കാലം ചിലരനുഭിവിക്കുന്ന ഏകാന്തതക്കും ഒറ്റപ്പെടലിനും പരസ്പരം കേള്‍ക്കുന്നവരുടെ അഭാവം കാരണമായിത്തീരുന്നുണ്ട്. എല്ലാവരുമുണ്ടായിട്ടും ആരുമില്ലല്ലോ എന്ന വിചാരം ചിലര്‍ക്കുണ്ടായിത്തീരുന്നു.
      നമ്മള്‍ വര്‍ത്തമാനം പറയാനും ശരിക്ക് ഉച്ചരിക്കാനും, വ്യാകരണം തെറ്റിക്കാതിരിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ഒരാശയം ഫലവത്തായി പറയാനുള്ള പാഠങ്ങള്‍ നല്‍കാറുണ്ട്. അച്ഛനമ്മമാരും രക്ഷിതാക്കളും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. കുറച്ചു കഴിയുമ്പോള്‍ കുട്ടികള്‍ക്ക് പ്രസംഗപരിശീലനവും നല്‍കുന്നു.   വലുതായാല്‍ പ്രൊഫഷണലായ പരിശീലനത്തോടെ സംഘത്തിലും വ്യക്തികളോടുമുള്ള ആശയവിനിമയത്തിനുമുള്ള അനുഭവജ്ഞാന പരിപാടികളും നടത്തുന്നു. എന്നാല്‍ കുട്ടികള്‍ക്കോ വലിയവര്‍ക്കോ എങ്ങനെ ശ്രദ്ധയോടെ കേള്‍ക്കണം എന്നതിന് യാതൊരുവിധ പാഠമോ പരിശീലനമോ നല്‍കാറില്ല. വിദ്യാലയങ്ങളിലോ വീട്ടിലോ ഇതിന് അവസരമില്ല. എങ്ങനെ ഒരാളെ കേട്ടുമനസ്സിലാക്കണമെന്നതിന് മതസ്ഥാപനങ്ങളോ മതപാഠശാലകളോ സന്നദ്ധസേവന സംഘടനകളോ ഉചിതമായ ഇടപെടലുകള്‍ നടത്തുന്നില്ല.
      കേള്‍വിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. കേള്‍ക്കുന്നവരുടെ ശാരീരികമായ (Physiological) ഘടകങ്ങളാണ് ആദ്യത്തേത്. ചെവികേള്‍ക്കാത്ത ഒരാളിന് കേള്‍വി എളുപ്പമല്ല. താല്‍കാലികമായ പ്രതികൂല ശാരീരികാവസ്ഥകളും ഈ വിഭാഗത്തില്‍ പെടുന്നു. കടുത്ത വിശപ്പനുഭവിക്കുകയോ ദാഹിക്കുകയോ ചെയ്യുന്ന ഒരാള്‍ക്ക് കേള്‍വി സുഗമമായ കാര്യമല്ല. മൂത്രശങ്കയിലിരിക്കുന്ന ഒരാളും ശ്രദ്ധയോടെ കേള്‍ക്കുന്നില്ല. ബാഹ്യസംബന്ധിയായ (Physical) തടസ്സങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ശബ്ദം, ബഹളം, മറ്റുള്ളവരുടെ ഉച്ചത്തിലുള്ള സംസാരം തുടങ്ങിയവ തടസ്സങ്ങളില്‍ പെടുന്നു. ഇവയെ ഒഴിവാക്കാനാവും. മാറ്റിനിര്‍ത്തിയോ, അത്   അടങ്ങിത്തീരാനോ ശ്രമിക്കുകയാണെങ്കില്‍ ഈ തടസ്സങ്ങളും ഇടപെടലും ഒഴിവാക്കാനാവുന്നു. മാനസികമായ തലങ്ങളില്‍ (Psychological) ഒരാളുടെ കേള്‍വിയെയും ശ്രദ്ധയെയും ബാധിക്കുന്ന ഘടകങ്ങളെ കൈകാര്യം ചെയ്യാനാണ് പലപ്പോഴും വിഷമമുണ്ടാവുക. കപട കേള്‍വിക്കാരും തെരഞ്ഞെടുത്ത് കേള്‍ക്കുന്നവരും ചിലപ്പോള്‍ കേള്‍ക്കുന്നവരും ആന്തരികമായ തടസ്സങ്ങളില്‍ ശ്രദ്ധിക്കാതെ പോകുന്നവരാണ്. ഫലവത്തായ ഒരാശയവിനിമയത്തില്‍ ഈ മൂന്ന് തടസ്സങ്ങളെയും (Noises) തരണം ചെയ്യേണ്ടതുണ്ട്.
      വ്യക്തമാവാത്ത കാര്യങ്ങള്‍ പറയുന്നയാളിനോട് അന്നേരങ്ങളില്‍ തന്നെ ചോദിച്ചറിയേണ്ടത് ശ്രദ്ധയോടെ ഗ്രഹിക്കുന്നതിനാവശ്യമാണ്. പറയുന്നതിനൊപ്പം മറുമൊഴി (Feed back) തേടുക എന്നതിലും നമുക്ക് പരിശീലനം ലഭിക്കേണ്ടതുണ്ട്. അവശ്യ സന്ദര്‍ഭങ്ങളില്‍ മറുമൊഴി, മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകാതെ നല്‍കുക എന്നത് ഫലവത്തായ ആശയവിനിമയത്തിന്റെ അടിത്തറയാണ്. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ തേടിക്കൊണ്ട് ആശയവിനിമയം പ്രയോജനകരമാക്കി മാറ്റാനും ശ്രമിക്കേണ്ടതുണ്ട്. പരസ്പരം സംഘര്‍ഷത്തിനടിപ്പെടുമ്പോള്‍, നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥലത്തും സമയത്തും ഫലവത്തായ ആശയവിനിമയത്തിന് ശ്രമിക്കുമ്പോള്‍ കുറച്ചൊക്കെ സംഘര്‍ഷവും ലഘൂകരിക്കാനാവും.
      അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരാള്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന കേന്ദ്രമുണ്ടെന്ന് വായിച്ചിട്ടുണ്ട്.   പറയുന്നതുകേള്‍ക്കാന്‍ പ്രൊഫഷണലുകള്‍ അവിടെയുണ്ടാവും. ഓരോ മിനുട്ടിനും നിശ്ചിത സംഖ്യ കൊടുക്കണമെന്ന് മാത്രം. നമ്മുടെ നാട്ടിലും പണം കൊടുത്ത് പറയുന്നത് കേള്‍പ്പിക്കുന്ന സാഹചര്യം വന്നുകൂടെന്നില്ല.
ശേഷക്രിയ
1. ശ്രദ്ധയോടെ കേട്ടുഗ്രഹിക്കാന്‍ ആദ്യം ശരീരത്തെ ഒരുക്കേണ്ടതുണ്ട്. കേള്‍വിക്ക് സഹായിക്കുന്നത് ചെവി മാത്രമല്ല. കണ്ണും മുഖഭാവവും പങ്കെടുക്കാതെ ഫലവത്തായ കേള്‍വി ഏറെ നേരം നടക്കുന്നില്ല.
2. മനസ്സിനെ മറ്റൊരാള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാക്കുക. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍, തീരുമാനങ്ങള്‍, മുന്‍വിധികള്‍ എന്നിവ മാറ്റിവെച്ചാലേ ഇത് സാധ്യമാവൂ.
3. ശ്രദ്ധയോടെ കേട്ടുഗ്രഹിക്കാന്‍ തടസ്സമുണ്ടാക്കുന്ന ഘടകങ്ങളെ (Noises) അതിജീവിക്കാന്‍ പറയുന്നവരും കേള്‍ക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട.് മാനസികവും ബാഹ്യവുമായ തടസ്സങ്ങളാണ് പലപ്പോഴും ശ്രദ്ധയോടെ കേള്‍ക്കുന്നതിന് തടസ്സമാകുന്നത്.
4. ഏകാഗ്രതയാണ് മറ്റൊരാളെ കേള്‍ക്കാനുള്ള പ്രധാന ഘടകം. മനസ്സിന്റെ ആന്തരിക വ്യാപാരങ്ങളെ നിയന്ത്രിക്കാന്‍ ചെറുപ്പത്തിലേ പരിശീലനം നല്‍കാവുന്നതാണ്. യോഗ, എക്‌സൈസ് എന്നിവ ഇതിന് സഹായിക്കുന്നു.
5. പരസ്പരം ശ്രദ്ധയോടെ കേള്‍ക്കാന്‍ അനുയോജ്യമായ ഒരന്തരീക്ഷം വേണം; പ്രത്യേകിച്ച് രണ്ടുപേരുടെ കാര്യഭാഷണമാവുമ്പോള്‍. സൗകര്യപ്രദമായി ഇരിക്കാനോ നില്‍ക്കാനോ ഉള്ള സൗകര്യമുണ്ടായിരിക്കണം.
6. മുഖത്ത് നോക്കി പറയുന്നതുപോലെ കേള്‍ക്കുന്നതും പ്രധാനമാണ്.
7. കേള്‍ക്കുന്നവര്‍ മറ്റേയാളിന്റെ ആശയങ്ങളിലോ അറിയിപ്പുകളിലോ വിവരങ്ങളിലോ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ശബ്ദത്തില്‍ മാത്രം ശ്രദ്ധവെച്ചാല്‍ ഫലവത്തായ കേള്‍വി നടക്കുന്നില്ല. പറയുന്നയാളിന്റെ ശരീരഭാഷ (Body language) ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഷേതരഘടകങ്ങള്‍ തിരിച്ചറിയാന്‍ (Non Verbal means) കണ്ണുകള്‍, മുഖഭാവം, അംഗവിക്ഷേപങ്ങള്‍, ശരീരത്തിന്റെ ഇളക്കങ്ങള്‍, വേഷം തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്.
8. ശ്രദ്ധയോടെ കേള്‍ക്കുന്നവരുടെ മറുമൊഴി/പ്രതികരണം പ്രധാനപ്പെട്ടതാണ്. കേള്‍ക്കുന്നവന്‍ എന്ത് മനസ്സിലായി എന്ന് സംക്ഷിപ്തമായി അറിയിക്കുന്നത് നല്ലതാണ്.
9. ശ്രദ്ധയോടെ ഒരാളെ കേള്‍ക്കുന്നത് ആ വ്യക്തിയുടെ ആന്തരിക വ്യാപാരങ്ങളെ മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ മാറ്റാനും സഹായിക്കുന്നു.
10. പരസ്പരം കേള്‍ക്കുന്നവര്‍ക്ക് അനുയോജ്യവും ആരോഗ്യകരവുമായ വളര്‍ച്ചക്ക് സാധ്യതകളുണ്ട്. അത് ജീവിതത്തെ സാര്‍ഥകമാക്കും. ജീവിക്കാനുള്ള മോഹം നിലനിര്‍ത്തും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top