കവിതയിലെ പുതുസ്വരം

വി.പി.എ അസീസ്‌ No image

അതിവേഗതയിലും ചുരുക്കപ്പദങ്ങള്‍ വഴിയും ആശയങ്ങള്‍ വിനിമയം ചെയ്യാനുതകുന്ന ട്വിറ്റര്‍, ഇന്റര്‍നെറ്റ്‌, എസ്‌.എം എസ്‌, ടെക്‌സ്റ്റ്‌ മെസ്സേജിംഗ്‌ സംവിധാനങ്ങള്‍ പ്രബലമായ ഈ കാലഘട്ടത്തില്‍ `കവിത' എന്ന മാധ്യമത്തിന്‌ പ്രസക്തി എന്ത്‌? കവിതയുടെയും കവികളുടെയും കൂമ്പടഞ്ഞുകൊണ്ടിരിക്കുകയല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ മറുപടിയെന്നോണം കരുത്തും ഓജസ്സും നിറയുന്ന കവിതകള്‍ രചിച്ചുകൊണ്ട്‌ കവിതയുടെ പ്രസക്തി വീണ്ടെടുക്കുകയാണ്‌ ട്രേസി കെ. സ്‌മിത്ത്‌ എന്ന അമേരിക്കക്കാരി. ഇതിനകം മൂന്ന്‌ കാവ്യസമാഹാരങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്നും വായനക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന്‌ വില്‍പനയില്‍ മുമ്പില്ലാത്ത തരംഗങ്ങള്‍ക്ക്‌ വഴിയൊരുക്കിയിരിക്കുന്നു.
അധ്യാപിക, പ്രസംഗക, പ്രബന്ധകാരി എന്നീ നിലയിലും ട്രേസി കെ. സ്‌മിത്ത്‌ സമൂഹത്തില്‍ സ്വന്തമായ മുദ്ര പതിപ്പിക്കുന്നു. അമേരിക്കയിലെ മസാച്ചൂസെറ്റ്‌സിലെ ഫാല്‍മൗത്തില്‍ 1972ലാണ്‌ ജനനം. ജീവിത സൗഭാഗ്യം തേടി അമേരിക്കയില്‍ കുടിയേറിയ ആഫ്രിക്കന്‍ കുടുംബത്തില്‍ പിറന്ന ഈ 39കാരി ഹാര്‍വാര്‍ഡ്‌, കൊളംബിയ സര്‍വകലാശാലകളില്‍ നിന്നാണ്‌ ഉപരിപഠനം പൂര്‍ത്തീകരിച്ചത്‌.
ഭാവനയുടെ മാധുര്യങ്ങളല്ല കഠിന യാഥാര്‍ഥ്യങ്ങളുടെ കയ്‌പു രുചികളാണ്‌ ഈ കവയിത്രിക്ക്‌ പഥ്യം. സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കിയ അനുഭവം മുതല്‍ യുദ്ധങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും അബൂഗുറൈബിലെ ജയില്‍ പീഡനങ്ങളും വരെ ട്രേസിയുടെ രചനകളില്‍ നിറഞ്ഞുവരുന്നു.
കാവ്യഗുണം ചോരാത്ത ആ കവിതകളുടെ രാഷ്ട്രീയ സന്ദേശം അബോധാവസ്ഥയിലും ഉത്തരവാദിത്ത രാഹിത്യത്തിലും കഴിയുന്ന സമൂഹത്തെ തൊട്ടുണര്‍ത്തുന്നതായി നിരൂപകര്‍ വാഴ്‌ത്തുന്നുണ്ട്‌. ആദ്യസമാഹാരമായ `ബോഡീസ്‌ ക്വസ്റ്റ്യന്‍' 2003ല്‍ പ്രസിദ്ധീകരിച്ചു. ആ വര്‍ഷത്തെ കേവ്‌ കാണം കവിതാ പുരസ്‌കാരം ഈ കൃതിക്ക്‌ ലഭിച്ചതോടെ ട്രേസി എന്ന പുതുമുറക്കാരിയുടെ സ്വരത്തിനായി അനുവാചകര്‍ പ്രത്യേകം കാതോര്‍ത്തു. കവിയരങ്ങുകളില്‍ അവര്‍ നിത്യസാന്നിധ്യമായി മാറുകയും ചെയ്‌തു. 2006ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ സമാഹാരമായ `ഡ്യൂക്‌അദര്‍ ഡേ' അക്കാഡമി കവിതാ പുരസ്‌കാരവും സ്വന്തമാക്കി. ഈ വര്‍ഷം പ്രസിദ്ധീകരിച്ച `ലൈഫ്‌ ഇന്‍ മാര്‍സ്‌' (ചൊവ്വയിലെ ജീവന്‍) അമേരിക്കയില്‍ ഉടനീളം ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കും ആസ്വാദന ചര്‍ച്ചകള്‍ക്കും നിമിത്തമായി ക്കൊണ്ടിരിക്കുന്നു.
ട്രേസിയുടെ കവിതകളിലൂടെയുള്ള യാത്ര വായനക്കാരനെ മാറ്റിത്തീര്‍ക്കുന്ന സഞ്ചാരമായി മാറാതിരിക്കില്ല. ഓരോ കവിതയും അഗാധമായ ചിന്തകളുടെ ആഴം പ്രതിഫലിപ്പിക്കുന്നു. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ സര്‍ഗരചനാ വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്‌ഠിക്കുന്ന ട്രേസി ബഹിരാകാശ ഗവേഷണ വിഭാഗത്തില്‍ എഞ്ചിനീയറായിരുന്ന തന്റെ പിതാവിന്റെ അകാല വിയോഗം സൃഷ്ടിച്ച വ്യഥകള്‍ പങ്കുവെച്ചു കൊണ്ടാണ്‌ `ലൈഫ്‌ ഇന്‍ മാര്‍സ്‌' അവതരിപ്പിക്കുന്നത്‌. ചൊവ്വയെ കുറിച്ച്‌ ഗവേഷണ പഠനം നടത്താനുള്ള അതേ ത്വരയില്‍ ആത്മാവിന്റെ രഹസ്യങ്ങള്‍ പഠിക്കാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന്‌ ട്രേസി ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. അത്തരം ആത്മവിചാരങ്ങളുടെ കവിതകള്‍ കൂടിയാണ്‌ പുതിയ സമാഹാരത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്നത്‌.
ഭര്‍ത്താവ്‌ റാഫേല്‍ അലിസനുമൊത്ത്‌ ബ്രൂക്ക്‌ലിന്‍ നഗരത്തില്‍ താമസിക്കുന്ന ഈ കവയിത്രിക്ക്‌ ഒരു മകളുണ്ട്‌. ഓര്‍മകളും ചരിത്രവും സമകാലികസംഭവങ്ങളും വിളക്കിച്ചേര്‍ത്ത്‌ കവിതയെ തീവ്രാനുഭവമാക്കുന്ന ഈ യുവപ്രതിഭ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top