ധാര്‍മികതയുടെ വീണ്ടെടുപ്പ്‌

നമ്മുടെ നാട്ടില്‍ ദിനേനയെന്നോണം പത്രങ്ങളുടെ തലക്കെട്ട്‌ പിടിച്ചു പറ്റുന്ന വാര്‍ത്തകളാണ്‌ പെണ്‍വാണിഭവും സ്‌ത്രീ പീഡനവുമൊക്കെ. പാല്‍മണം മാറാത്ത പിഞ്ചു പൈതങ്ങള്‍ മുതല്‍ ആരിലും ആകര്‍ഷണമുണ്ടാക്കാത്ത വയോവൃദ്ധകള്‍ വരെ ഇത്തരം ലൈംഗികാതിക്രമങ്ങളുടെ ഇരകളാണ്‌. ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താനും മാധ്യമങ്ങള്‍ക്ക്‌ സ്‌പെഷല്‍പ്പതിപ്പുകളിറക്കാനുമുള്ള വക എന്നതില്‍ കവിഞ്ഞ്‌ പ്രതികളാരും ശിക്ഷിക്കപ്പെട്ട ചരിത്രം നമ്മുടെ നാട്ടിലില്ല.
എല്ലാ പീഡന -ബലാല്‍സംഗ കേസുകളോടൊപ്പവും ചര്‍ച്ചയാവുന്നതാണ്‌ സ്‌ത്രീയുടെ പൊതുപങ്കാളിത്തവും ശരീരപ്രദര്‍ശനവും വസ്‌ത്രധാരണവുമെല്ലാം. അവളുടെ അഭിമാനവും നഗ്നതയുമൊക്കെ അപഹരിക്കുന്നവരെ നിലക്കുനിര്‍ത്താനുള്ള വഴിയെക്കാളുപരി പിന്നീടുള്ള ചര്‍ച്ചയും കോലാഹലങ്ങളുമൊക്കെ ഈ വഴിക്കാണ്‌ നീങ്ങാറ്‌. പെണ്‍മേനി പ്രദര്‍ശന വസ്‌തുവാക്കാത്തതിന്റെ വെപ്രാളമാണ്‌ പുരുഷന്മാര്‍ കാണിക്കുന്നതെന്ന 'സ്‌ത്രീ രക്ഷക വാദം' സജീവമായി കേള്‍ക്കാറുമുണ്ട്‌. ഇതിന്റെ പേരില്‍ പല സ്‌ത്രീകളും വിശ്വാസത്തിന്റെ ഭാഗമായി അണിയുന്ന വസ്‌ത്രം പോലും വിമര്‍ശന വിധേയമാകാറുമുണ്ട്‌.
പാശ്ചാത്യവും സ്‌ത്രീ നഗ്നതയെ ആവോളം പ്രകടിപ്പിക്കുന്നതുമായ വേഷവിധാനങ്ങളെ കമ്പോളം പരിചയപ്പെടുത്തുമ്പോള്‍ അതവരുടെ മാര്‍ക്കറ്റിന്റെ ആവശ്യമാണെന്ന തിരിച്ചറിവ്‌ സ്‌ത്രീകള്‍ക്ക്‌ തന്നെയും നഷ്ടപ്പെട്ടുപോകുന്നു . അതുകൊണ്ടാണവള്‍ പരസ്യമോഡലാകാനും സൗന്ദര്യപ്പട്ടം നേടാനും മത്സരിച്ചത്‌.
ഇതിനെല്ലാം നമ്മുടെ നാടന്‍ പെണ്‍കൊടിമാര്‍ക്ക്‌ പോലും മാതൃക പാശ്ചാത്യ മദാമ്മമാരായിരുന്നു. എന്നാല്‍ അവിടെ നിന്നാണിപ്പോള്‍ സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്‌ പെണ്‍മേനി പ്രദര്‍ശിപ്പിച്ചെന്ന ആരോപണവും അതേ തുടര്‍ന്നുള്ള കോലാഹലവും ഉണ്ടായിരിക്കുന്നത്‌. ഫ്രാന്‍സിലെ ലിനാ റോസെന്ന പെണ്‍കുട്ടിയുടെ മോഡല്‍ രംഗങ്ങളെ അതിരുകവിഞ്ഞ്‌ ചൂഷണം ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ പ്രതിഷേധം ഇരമ്പിയത്‌.
സ്‌ത്രീകള്‍ക്കെതിരായ അക്രമം ഒഴിവാക്കപ്പെടണമെങ്കില്‍ സ്‌ത്രീകള്‍ അശ്ലീല വസ്‌ത്രധാരണ രീതി ഉപേക്ഷിക്കണമെന്ന്‌ കഴിഞ്ഞ ജനുവരിയില്‍ കാനഡ നഗരത്തിലെ പോലീസ്‌ ഓഫീസര്‍ക്കും പറയേണ്ടി വന്നിട്ടുണ്ട്‌. 2005ല്‍ ദില്ലിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള പെണ്‍കുട്ടി ബലാല്‍സംഗത്തിന്‌ ഇരയായതിനെ തുടര്‍ന്ന്‌ അവിടെ നിന്നുള്ള പെണ്‍കുട്ടികളുടെ വസ്‌ത്ര ധാരണ രീതി പുരുഷന്മാരില്‍ ക്രോധത്തോടെയുള്ള പ്രതികരണം ഉണ്ടാക്കുന്നുവെന്ന്‌ ദല്‍ഹി സര്‍വകലാശാലയിലെ പ്രിന്‍സിപ്പാള്‍ അഭിപ്രായപ്പെടുകയുണ്ടായി.
പെണ്‍ പീഡനത്തിന്‌ കാരണം ഇത്‌ മാത്രമല്ലെന്നും പൊതു ഇടങ്ങളൊക്കെയും തങ്ങളുടെത്‌ മാത്രമാണെന്ന്‌ ധരിക്കുന്ന അക്രമിക്കൂട്ടങ്ങളെ രക്ഷിച്ചെടുക്കല്‍ ബാധ്യതയായി ഏറ്റെടുത്തവര്‍ പലതും പറയുമെന്നും വിശ്വസിച്ചാല്‍ തന്നെ, പാശ്ചാത്യ ലോകത്തു നിന്ന്‌ വരുന്ന സദാചാരപരമായ വാക്കുകളെ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌ത്രീയും പുരുഷനും അശ്ലീലമാകാത്ത വേഷവിധാനത്തോടെയും മാന്യമായ പെരുമാറ്റത്തോടെയും തന്നെയായിരിക്കണം പൊതു സ്ഥലങ്ങളിലേക്ക്‌ വരേണ്ടത്‌ എന്ന ധാര്‍മികതയെ സാക്ഷ്യപ്പെടുത്തുന്ന പാശ്ചാത്യലോകത്തിന്റെ തിരിച്ചറിവുകള്‍ക്ക്‌ പ്രത്യേകം പ്രസക്തിയുണ്ട്‌. സ്‌ത്രീ-പുരുഷ കാമനകളെ ബസ്സിലും സദസ്സിലും വെച്ച്‌ പൂര്‍ത്തീകരിക്കുന്ന മൃഗീയത ഒഴിവാക്കാനുള്ള എല്ലാ സൂക്ഷ്‌മതയും സ്‌ത്രീയും പുരുഷനും ഒരുപോലെ പാലിക്കണം. സദാചാരത്തിന്റെയും ധാര്‍മികതയുടെയും വീണ്ടെടുപ്പ്‌ മതവിശ്വാസികളുടെയും പെണ്ണിന്റെയും മാത്രമല്ല, മൊത്തം സമൂഹത്തിന്റെയും ബാധ്യതയാവുമ്പോഴാാണ്‌ സംസ്‌കൃത ചിത്തരായ പുതിയ തലമുറ പിറവിയെടുക്കുന്നത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top