കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരാണോ

മുഫ്‌സിറ മറിയം പി , സൈക്കോളജിസ്റ്റ് No image

പാരന്റിംഗ്
വീടകങ്ങളില്‍ പോലും കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരകളാകുന്ന സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

 

ക്ലിനിക്കിലേക്ക് കയറി വരുമ്പോള്‍ ആ ഉമ്മയും വാപ്പയും വല്ലാതെ തളര്‍ന്നിരുന്നു ; മുഖം വിവര്‍ണ്ണമായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥ, പേടി.  അവരുടെ കൂടെ വന്ന മൂന്ന് വയസ്സുകാരി മകള്‍ ഷഫയുമുണ്ട്. അവളും ക്ഷീണിത. കുട്ടിയെ പുറത്തെ കളിസ്ഥലത്ത് സുരക്ഷിതമായി ഇരുത്തി റൂമില്‍ വന്ന് രക്ഷിതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായി ഇരുന്നു. വളരെ പ്രയാസപ്പെട്ടാണ് വാപ്പ പറഞ്ഞു തുടങ്ങിയത്. വണ്ടി ഓടിക്കുന്ന കാശ് വര്‍ഷങ്ങളായി മിച്ചംവെച്ചാണ് നല്ലൊരിടം നോക്കി വീട് വാങ്ങിയത്. ചെറിയ വീടാണെങ്കിലും മക്കള്‍ക്ക് സ്‌കൂളിലും മദ്‌റസയിലും പോവാന്‍ സൗകര്യമുള്ള സ്ഥലം. പള്ളി, കടകള്‍ എല്ലാം അടുത്ത്. വീട് വന്ന് നോക്കിയ സമയത്ത് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അയല്‍ക്കാരാണ്. വളരെ തൊട്ടടുത്ത വീടുകള്‍. നല്ല സ്‌നേഹ ബന്ധമുള്ള മനുഷ്യര്‍. ഉമ്മയെയും അനിയന്മാരെയും വിട്ട് വരുന്നതില്‍ വിഷമമുണ്ടെങ്കിലും മക്കള്‍ക്ക് നല്ല കൂട്ടുകാരെയും ഉമ്മാമമാരെയും മാമന്‍മാരെയും മാമിമാരെയും കിട്ടുമെന്നും മനസ്സില്‍ കണ്ടു.
ഒരുപാട് കഷ്ടപ്പെട്ടാണെങ്കിലും ആ വീട് വാങ്ങി താമസം അങ്ങോട്ട് മാറ്റി. വളരെ പെട്ടെന്നാണ് ആ സ്ഥലം ഞങ്ങളുടെ ഇടമായി മാറിയത്. എന്താവശ്യങ്ങള്‍ക്കും ചുറ്റിലും ആള്‍ക്കാര്‍. കുട്ടികള്‍ക്കായിരുന്നു ഏറ്റവും സന്തോഷം. മുമ്പ് അങ്കണവാടിയില്‍ പോവാന്‍ മടി കാണിച്ചിരുന്ന ഷഹ മോള്‍ക്ക് ഇപ്പോള്‍ പുതിയ കൂട്ടുകാരൊക്കെയായി. ടീച്ചറോട് ഉമ്മയെക്കാള്‍ സ്‌നേഹമാണെന്ന് തോന്നിപ്പോകും. മിഠായി കിട്ടിയാലും കളിസാധനം കിട്ടിയാലും അവര്‍ക്ക് നല്‍കണം.
തൊട്ടടുത്ത വീട്ടിലെ ഫിദയായിരുന്നു അവളുടെ കൂട്ടുകാരി. ഫിദയുടെ വീട്ടുകാര്‍ക്ക് ഷഹയെ വല്യ കാര്യമായിരുന്നു. ഫിദയുടെ മാമന്‍ ഷഹല്‍ ഫിദയെയും ഷഹയെയും അടുത്ത കടയില്‍ കൊണ്ടുപോയി മിഠായി വാങ്ങിക്കൊടുക്കുന്നതും പതിവായിരുന്നു. ഷഹല്‍ മക്കളുടെ കൂടെ കളിക്കാനും അവരെ കളിപ്പിക്കാനും ഉഷാറായിരുന്നു. ഷഹല്‍ മാമനും ഉമ്മാമയുമെല്ലാം കൂട്ടുകാരെപ്പോലെയായി ഷഹ മോള്‍ക്ക്. രാവിലെ എഴുന്നേറ്റാല്‍ കണ്ണും തിരുമ്മി ആടിയാടി നടന്ന് അവള്‍ അവരുടെ മുറ്റത്ത് എത്തും. മോളുടെ കുഞ്ഞുസംസാരം അവര്‍ക്കുമിഷ്ടമായതോണ്ട് അതും കേട്ടിരിക്കാന്‍ അവര്‍ക്കൊരു മുഷിപ്പുമില്ല. മിക്കവാറും പല്ലുതേപ്പും ചായ കുടിയുമെല്ലാം അവിടെ നിന്നാണ്. അവര്‍ക്കത്രയും ഇഷ്ടമായിരുന്നവളോട്. അങ്കണവാടി ലീവായാലും ഫിദ മോള്‍ വിരുന്ന് പോയാലുമൊന്നും പിന്നീട് അവള്‍ക്ക് വിഷമമില്ലാതെയായി. ഷഹല്‍ മാമനും ഉമ്മാമയും മതി അവള്‍ക്ക്. കുറുമ്പിയായിരുന്ന, തന്റെ തട്ടത്തില്‍ തൂങ്ങിനടന്ന ഷഹ പുറത്തൊക്കെ പോയി കളിക്കാന്‍ തുടങ്ങിയതോടെ ഞാനും കുറേ ഫ്രീ ആയി. പണികള്‍ ചെയ്യാനും റെസ്റ്റ് എടുക്കാനുമെല്ലാം സമയം കിട്ടിത്തുടങ്ങി. ഉമ്മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നാലു ദിവസം മുന്നേ മകള്‍ രാത്രി ഉറങ്ങാതെ കരച്ചില്‍ തന്നെ. വയറു വേദനയാവുന്നു എന്നാണ് കരച്ചിലിനിടയില്‍ പറയുന്നത്. കുറച്ച് ദിവസമായി രാത്രി ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നുണ്ട് മോള്‍. ടോയ്‌ലറ്റില്‍ േോപായി മൂത്രമൊഴിക്കാന്‍ വല്ലാത്ത മടി. ഉമ്മയുമായി സ്ഥിരം വഴക്കായിട്ടുണ്ട് ഈ വിഷയത്തില്‍. അങ്കണവാടിയില്‍ പോവാനും കളിക്കാന്‍ പോവാനുമെല്ലാം ഒരു ഉന്മേഷക്കുറവ് കാണുന്നുണ്ട്. എപ്പോഴും മൊബൈല്‍ ഫോണിനു വേണ്ടി വാശിപിടിക്കലും കരച്ചിലും. കുറുമ്പ് മുമ്പത്തെക്കാള്‍ കൂടിയിട്ടുണ്ട്. അവളുടെ കൂട്ടുകാരി ഫിദ വിരുന്ന് പോയതിനാലുള്ള ഒറ്റപ്പെടലാവാം എന്നാണ് ഉമ്മ കരുതിയത്. വയറു വേദന സ്ഥിരമായപ്പോഴാണ് ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഡോക്ടര്‍ ദേഹപരിശോധനക്ക് ശേഷം കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ ആവശ്യപ്പെട്ടു.
അവള്‍ക്കേറെ പ്രിയപ്പെട്ട ഷഹല്‍ മാമന്‍ പല കളികളിലും അവളുടെ കൂടെ കൂടാറുണ്ട്. അവള്‍ക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങി നല്‍കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയൊരു കളി അവള്‍ക്ക് പഠിപ്പിച്ചു കൊടുത്തു മാമന്‍. ബെഡ്‌റൂമില്‍ കയറി മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച് കൊടുത്തതിന് ശേഷം വസ്ത്രങ്ങള്‍ ഊരി വീഡിയോയിലുള്ളതുപോലെ ചെയ്യുക എന്നതാണ് കളി. പലപ്പോഴും ഷഹല്‍ മാമന്റെ കൂടെ കാര്‍ട്ടൂണ്‍ വീഡിയോകളിലെ കളികള്‍ ചെയ്യാറുള്ളതുകൊണ്ട് തുടക്കത്തില്‍ കുട്ടിക്കതില്‍ കളിക്കപ്പുറം ഒന്നും തോന്നിയില്ല. പിന്നീട് മാറിടങ്ങളില്‍ വേദനയും യോനി ഭാഗത്ത് ചൊറിച്ചിലും മുറിവും മൂത്രമൊഴിക്കാന്‍ പ്രയാസവുമെല്ലാം കുട്ടിക്ക് അനുഭവപ്പെട്ടു. ഈ കളിക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചപ്പോഴും നിര്‍ബന്ധിച്ച് കുട്ടിയെക്കൊണ്ട് പലതും അയാള്‍ ചെയ്യിപ്പിച്ചു. ഈ പുതിയ കളിയെ കുറിച്ച് മറ്റാരോടും പറയരുതെന്ന് അയാള്‍ ബോധപൂര്‍വം കുട്ടിയെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. താന്‍ സുരക്ഷിതയല്ല എന്ന ബോധ്യം ഉണ്ടായപ്പോഴേക്കും രക്ഷപ്പെടാനാവാത്ത വിധം കുട്ടി ആ വലക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്നു.
ഇത്തരത്തില്‍ നമ്മുടെ കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരകളാകുന്ന സംഭവങ്ങള്‍ ഇന്ന് സാധാരണയായി മാറിയിരിക്കുന്നു. ഇതില്‍ ആണ്‍പെണ്‍, പ്രായവ്യത്യാസമില്ല. ഇത്തരം കേസുകളില്‍ 95% പീഡനങ്ങളും സംഭവിക്കുന്നത് കുട്ടിയും വീട്ടുകാരും ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ബന്ധുക്കളില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ ആണ്. ലൈംഗിക പീഡനത്തിനിരയാവുന്ന കുട്ടികളില്‍ സാധാരണയായി ചില സ്വഭാവ മാനസിക വ്യത്യാസങ്ങള്‍ കണ്ടുവരാറുണ്ട്. വെറുതെ കരയുക, അക്രമാസക്തമാവുക, കാരണമൊന്നുമില്ലാതെ ദേഷ്യപ്പെടുക, ശാരീരിക വേദനകള്‍ പരാതികളായി പറയുക,  ഉറക്കത്തില്‍ ഞെട്ടി എണീക്കുക, പേടിസ്വപ്നങ്ങള്‍ കാണുന്നതായി പറയുക, ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലും  നിലനിര്‍ത്തുന്നതിലും പ്രയാസം അനുഭവപ്പെടുക, എല്ലാറ്റിനെയും സംശയത്തോടെ കാണുക, കളിക്കുന്നതില്‍ താല്‍പര്യമില്ലാതാവുക, പ്രത്യേക സ്ഥലങ്ങളെയോ ആളുകളെയോ ഒഴിവാക്കുക, സാധാരണയില്‍നിന്ന് വ്യത്യസ്തമായി ലൈംഗിക സ്വഭാവങ്ങള്‍ കുട്ടിയില്‍ കാണുക, പഠനത്തില്‍ താല്‍പര്യക്കുറവുണ്ടാവുക, ജനനേന്ദ്രിയ ഭാഗങ്ങളില്‍ വീക്കം, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ വേദന, നടക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട്, മൂത്രനാളിയില്‍ അണുബാധയുടെ ലക്ഷണങ്ങള്‍, ലിംഗത്തില്‍ നിന്നോ യോനിയില്‍ നിന്നോ ഉള്ള ഡിസ്ചാര്‍ജ തുടങ്ങിയവ ഇതില്‍ ചിലതാണ്.
ഇത്തരം പോക്‌സോ കേസുകള്‍ കുറഞ്ഞുവരാന്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും സമൂഹവും ഒരുപോലെ ജാഗ്രത്താകേണ്ടതുണ്ട്. കുട്ടികള്‍ക്ക് മനസ്സിലാകുന്ന /പ്രായത്തിനനുയോജ്യമായ രീതിയില്‍ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കാന്‍ രക്ഷിതാക്കളും സ്‌കൂളുകളും ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും,  അസ്വസ്ഥതയുണ്ടാക്കുന്ന (unconfortable) നോട്ടങ്ങള്‍, സ്പര്‍ശനങ്ങള്‍ തുടങ്ങിയവ എങ്ങനെ തിരിച്ചറിയാമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഏത് തരത്തില്‍ ബന്ധമുള്ള വ്യക്തിയായാലും കുട്ടിക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന സംസാരമോ നോട്ടമോ സ്പര്‍ശനമോ മറ്റെന്തെങ്കിലുമോ ഉണ്ടായാല്‍ പേടികൂടാതെ ധൈര്യത്തോടെ പ്രതികരിക്കുന്ന മക്കളായി അവരെ വളര്‍ത്തണം. എല്ലാം തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷം കുടുംബത്തിലുണ്ടാക്കണം. എന്തു സംഭവിച്ചാലും കുറ്റപ്പെടുത്താതെ അവരുടെ കൂടെ നില്‍ക്കാന്‍ തങ്ങളുണ്ടാവുമെന്ന ഉറപ്പ് കുടുംബം  അവര്‍ക്ക് നല്‍കണം. പ്രത്യേകിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികളോട് അവരുടെ കൂട്ടുകാരെക്കുറിച്ചും കളിസ്ഥലത്തെക്കുറിച്ചും കളികളെക്കുറിച്ചും വ്യക്തമായി ചോദിച്ചറിയാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം. ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും വാക്കുകളില്‍ കൊണ്ടുവരാനുമുള്ള കഴിവും കുറവായിരിക്കുമെന്ന് നാം ഓര്‍ക്കണം. രക്ഷിതാക്കള്‍, ആരെയും അങ്ങനെ പൂര്‍ണമായി വിശ്വസിക്കരുത്. ആരില്‍ നിന്നെങ്കിലും കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പരിഭ്രാന്തരാകാതെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ കൂടെ നില്‍ക്കണം.  

കുട്ടികള്‍ക്ക് മനസ്സിലാകുന്ന /പ്രായത്തിനനുയോജ്യമായ രീതിയില്‍ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കാന്‍ രക്ഷിതാക്കളും സ്‌കൂളുകളും ശ്രദ്ധിക്കേണ്ടതുണ്ട്.

ആരില്‍ നിന്നെങ്കിലും കുട്ടികള്‍ക്ക് ദുരനുഭവങ്ങളുണ്ടായാല്‍ പരിഭ്രാന്തരാകാതെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ കൂടെ നില്‍ക്കണം.  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top