മൈക്രോ ഗ്രീന്‍സ് അടുക്കളയിലെ പച്ചപ്പ്

കെ.കെ.സക്കീന No image

ക്വാറന്റൈന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തീന്‍ മേശകളിലെ ഭക്ഷണ വൈവിധ്യം ഇല്ലാതാക്കുമ്പോള്‍ ഏറക്കുറെ അതിനുള്ള ചെറിയ വലിയ പരിഹാരമാണ് കൃഷി. ലോക്ക് ഡൗണ്‍ കാലത്ത് ഏറെ പ്രചാരം ലഭിച്ച പോഷക ഭക്ഷണമാണ് മൈക്രോ ഗ്രീന്‍സ്. വിത്തു മുളച്ചുയര്‍ന്ന് ഏതാനും ദിവസം മാത്രം പ്രായമായ ചെടികളാണിവ. മുളച്ചുയര്‍ന്ന് പത്തു ദിവസം പ്രായമാകുമ്പോഴാണ് ഇവ ഉത്തമം. ഇതിന് സ്ഥലമോ സമയമോ ഒന്നും തന്നെ ഒരു പ്രശ്‌നമല്ല. മണ്ണും വളവും ഒന്നുമില്ലാതെ അടുക്കളയിലെ ഇത്തിരി സ്ഥലത്ത് എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാനുമാകും. 
ഏറെ സൗകര്യപ്രദവും ഇപ്പോഴത്തെ ട്രന്റും അതിലേറെ പോഷകപ്രദവുമാണ് ഈ കൃഷിരീതി. ഇക്കാലത്ത് അപ്പാര്‍ട്ട്‌മെന്റുകളില്‍ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്ന ഒരുപാടാളുകള്‍ പരീക്ഷിച്ച് വിജയിച്ച കൃഷിരീതി കൂടിയാണിത്. 
വിത്തുകള്‍ മുളച്ച് ചെടിയായി വളര്‍ന്നു വരുന്നതു കാണുമ്പോള്‍ അത് മനസ്സിനും സന്തോഷം നല്‍കുന്നു. 
മൈക്രോ ഗ്രീന്‍സ് പോഷകസമൃദ്ധമാണ്. ധാന്യങ്ങളിലും പച്ചക്കറികളിലും ഇല്ലാത്ത പോഷകങ്ങള്‍ പോലും മൈക്രോഗ്രീനില്‍ നിന്നും കിട്ടും. രാസവളങ്ങളോ കീടനാശിനികളോ തീരെ ആവശ്യമില്ലാത്ത കൃഷിരീതി കൂടിയാണിത്. 
ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ് എന്നിവയില്‍നിന്നെല്ലാം മൈക്രോ ഗ്രീന്‍ ഉല്‍പാദിപ്പിക്കാം. വ്യത്യസ്ത ഇനം വിത്തുകള്‍ 6-7 മണിക്കൂര്‍ കുതിര്‍ത്ത ശേഷം വാരി വെച്ച് മുള വരാന്‍ അനുവദിക്കുക. ശേഷം പരന്ന പാത്രങ്ങളില്‍ ടിഷ്യു പേപ്പറോ ഇഴയകലമുള്ള കോട്ടണ്‍ തുണിയോ ചകിരിച്ചോറോ 3 അടുക്കുകളായി നിരത്തി വെള്ളം തളിക്കുക. ഇത്തരം ഒരുക്കിവെച്ച നനഞ്ഞ പരന്ന പാത്രങ്ങളിലേക്ക്  മുളച്ചുതുടങ്ങിയ വിത്തുകള്‍ വിതറിയ ശേഷം മൂടിവെക്കുക. ദിവസവും മുടങ്ങാതെ രണ്ടു നേരമെങ്കിലും നനക്കുക. രണ്ടു ദിവസത്തിനു ശേഷം മൂടേണ്ടതില്ല. 10-14 ദിവസങ്ങള്‍ക്കുള്ളില്‍ 34 ഇഞ്ച് നീളത്തില്‍ ഏതാനും ഇലകള്‍ തളിര്‍ത്തു വന്നിട്ടുണ്ടാവും. ഒരു വളര്‍ച്ചാ മാധ്യമവും ഇല്ലാതെയും മൈക്രോഗ്രീന്‍ വളര്‍ത്തിയെടുക്കാം. അരിപ്പ പോലെ ദ്വാരങ്ങളുള്ള പാത്രങ്ങളിലാണ് ഇങ്ങനെ വളര്‍ത്തുന്നത്. മുളവന്ന വിത്തുകള്‍ അരിപ്പ പാത്രത്തില്‍ നിരത്തുക. വേരിറങ്ങുമ്പോള്‍ മുട്ടാവുന്ന വിധത്തില്‍ അടിയില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വെക്കുക. നനഞ്ഞ തുണി കൊണ്ട് വിത്തു മൂടിയിടുന്നത് നല്ലതാണ്. 
അടിയിലെ പാത്രത്തിലെ വെള്ളം ദിവസവും മാറ്റണം. മൂന്നാം ദിവസം മൂടിയ തുണിയും ഒഴിവാക്കാം. ഉലുവയും ചെറുപയറും ഇങ്ങനെ വളര്‍ത്തിയാല്‍ 7-10 ദിവസം വളര്‍ച്ച എത്തുന്നതോടെ വേരോടെ സാലഡിനും മറ്റു കറികള്‍ക്കും ഉപയോഗപ്പെടുത്താം.
അടുക്കളയിലെ മേശപ്പുറത്തോ തുറസ്സായ ഷെല്‍ഫുകളിലോ ജനലുകളിലോ എവിടെ വേണമെങ്കിലും മൈക്രോഗ്രീന്‍ പാത്രങ്ങള്‍ വെക്കാം. 3-4 ദിവസം കൂടുമ്പോഴെങ്കിലും അല്‍പസമയം സൂര്യപ്രകാശം പതിക്കാന്‍ അനുവദിച്ചാല്‍ മതി. എന്നാല്‍ നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല.
എല്ലാ ഇനം വിത്തുകളും പൊതുവെ മൈക്രോഗ്രീന്‍ കൃഷിക്ക് ഉപയോഗിക്കാമെങ്കിലും തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഇലകള്‍ ഭക്ഷ്യയോഗ്യമല്ലത്രെ. 
ധാന്യങ്ങളുടെ വിത്തുകള്‍ ഗുണനിലവാരം തീരെ കുറഞ്ഞതാണെങ്കില്‍ എല്ലാ വിത്തുകളും മുളച്ചുവരണമെന്നില്ല. അതിനാല്‍ മുളപ്പിക്കാന്‍ ഉപയോഗിക്കുന്ന വിത്തുകള്‍ മുളപ്പിക്കുന്നതിന് മുമ്പുതന്നെ ഗുണനിലവാരം ഉറപ്പുവരുത്തുക.
വ്യത്യസ്ത ഇനങ്ങള്‍ ഒന്നിച്ചു വിളവെടുക്കുകയാണെങ്കില്‍ അരിഞ്ഞു കറിവെക്കുകയോ ഉപ്പേരിയാക്കുകയോ ചെയ്യാം. ഇത്തരം തൈകളുടെ വേരു പോലും ഇളയതായതിനാല്‍ ഒഴിവാക്കേണ്ടതില്ല. ഒരു നേരത്തേക്കുള്ള പയര്‍മണികള്‍ കൊണ്ട് 2 നേരത്തേക്കുള്ള മൈക്രോ ഗ്രീന്‍ വളര്‍ത്തിയെടുക്കാം. സാലഡുകള്‍ക്ക് പുറമെ മുട്ടയോ പരിപ്പോ ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാനും ഇവ നല്ലതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top