ശീതകാല-വേനല്‍ പച്ചക്കറി കൃഷിക്ക് തയ്യാറെടുക്കാം

ഷംന എന്‍.കെ No image

ട്ടുമിക്ക രോഗങ്ങള്‍ക്കും മരുന്നിനോടൊപ്പവും അല്ലാതെയും ഭക്ഷണത്തിനോടൊപ്പം ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിക്കുവാന്‍ നിര്‍ദേശിക്കാറുണ്ട്. പ്രായംചെന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കെല്ലാം ഇലക്കറികളും പച്ചക്കറികളും പ്രധാനമാണ്.

കടയില്‍നിന്ന് വലിയ വിലകൊടുത്ത് വാങ്ങുന്ന ഇത്തരം പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മറ്റുരോഗങ്ങള്‍ പിടികൂടുമോ എന്ന ഭയവും നമുക്കുണ്ടാവാറുണ്ട്.

പച്ചക്കറി - പഴവര്‍ഗങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാം വലിയ വിലകൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്നു എന്ന് കൂടി ഓര്‍ക്കുക. ഈ അവസ്ഥയില്‍ നമുക്കാവശ്യമായ പച്ചക്കറിയും പഴങ്ങളും നമ്മുടെ അടുക്കളത്തോട്ടത്തില്‍ അല്ലെങ്കില്‍ ടെറസില്‍ കൃഷിചെയ്യാവുന്നതെയുള്ളൂ. അതിന് ആദ്യം നാം മാനസികമായി തയ്യാറെടുക്കണം. ഓരോ ദിവസവും ഇതിന് കുറച്ച് സമയം കണ്ടെത്തിയാല്‍ എളുപ്പം ചെയ്യാവുന്നതെയുള്ളൂ.

 ഏതാനും പച്ചക്കറികള്‍ കൃഷി ചെയ്യാവുന്ന രീതി ഇവിടെ പരിചയപ്പെടുത്താം

തക്കാളി: എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതും നമ്മുടെ മണ്ണിനും കാലാവസ്ഥക്കും യോജിച്ചതുമാണ് തക്കാളി കൃഷി. പാകം ചെയ്യാതെ തന്നെ തക്കാളി കഴിക്കാന്‍ പൊതുവെ ഇഷ്ടപ്പെടുന്നവരാണ് നാം. അതുകൊണ്ടുതന്നെ വിഷം തീണ്ടാത്ത തക്കാളി കിട്ടിയേ തീരൂ. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് തക്കാളി കൃഷിക്ക് യോജിച്ചത്. പുളി രസമുള്ള മണ്ണ് ഒഴിവാക്കേണ്ടതാണ്.

മണ്ണില്‍ നേരിട്ടോ, ചട്ടി, ചാക്ക് ഗ്രോബാഗ്, എന്നിവയിലോ വളര്‍ത്താം. വിത്തുകള്‍ പാകി ഒരുമാസം കഴിഞ്ഞതിനുശേഷം പറിച്ച് നടാം. തുറസ്സായ സ്ഥലത്തായിരിക്കണം കൃഷിചെയ്യേണ്ടത്. തണ്ടുകള്‍ക്ക് ബലം കുറവായതിനാല്‍ താങ്ങുകള്‍ വെച്ച് കെട്ടിക്കൊടുക്കണം. ചാണക വെള്ളമോ പത്തിരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രമോ തളിച്ച് കൊടുക്കാവുന്നതാണ്. ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങളില്‍ പെട്ട തക്കാളികളാണ് കൃഷിചെയ്യാന്‍ നല്ലത്.

ഇലചുരുള്‍, വേരുചീയല്‍, കായ ചീയല്‍, വാട്ടം എന്നിവയാണ് തക്കാളിയിലെ പ്രധാനരോഗങ്ങള്‍. കീടങ്ങളെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ലായനി ഉപയോഗിക്കാം. മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ കായ തുരക്കുന്ന പുഴുവിനെ നിയന്ത്രിക്കാം.

വെള്ളരി: കായക്കറികളുടെ കൂട്ടത്തില്‍ സമുന്നതമായ സ്ഥാനമാണ് വെള്ളരി വര്‍ഗങ്ങള്‍ക്കുള്ളത്. ഇതില്‍ മുഖ്യനാണ് വെള്ളരി. ഒരു കാലത്ത് നാട്ടില്‍ സുലഭമായിരുന്നു. കൃഷിചെയ്യാന്‍ വലിയ അധ്വാനമൊന്നും വേണ്ട.

കണിവെള്ളരി, പൊട്ടുവെള്ളരി, കക്കിരി, സാലഡ് വെള്ളരി, എന്നീ ഇനം വെള്ളരികള്‍ കേരളത്തില്‍ കൃഷിചെയ്യുന്നു. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ പോലും കൃഷിചെയ്യാവുന്ന ഒന്നാണിത്. ഒരു മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ ഉണ്ടാക്കി നല്ലവണം കിളച്ച് ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് അതില്‍ നാല് - അഞ്ച് വിത്തുകള്‍ പാകാം. നാല് ദിവസത്തിനകം മുളപ്പ് വരും. നിലത്തില്‍ കൂടിയാണ് വള്ളികള്‍ പടരുന്നത്. വള്ളികള്‍ പടര്‍ന്ന് വരുമ്പോള്‍ പടര്‍ന്ന് പോകുവാന്‍ ഓലകള്‍ ഇട്ട് കൊടുക്കണം.

കാന്താരി മുളക്:
ഭക്ഷണത്തിന് വൈവിധ്യമാര്‍ന്ന രുചി ഏറെ ഇഷ്ടപ്പെടുന്ന കേരളീയരുടെ പ്രിയ മുളകിനമാണ് കാന്താരി. കൊളസ്‌ട്രോളും മറ്റും കുറക്കാനുള്ള ഇതിന്റെ ശേഷി വെളിപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ ധാരാളമായി അടുക്കളത്തോട്ടത്തില്‍ കാണപ്പെടുന്നു. കാന്താരിയുടെ തനതായ മണവും കുത്തുന്ന എരിവും ഇവയെ മറ്റു പച്ചമുളകില്‍നിന്ന് ഏറെ വ്യത്യസ്തമാക്കുന്നു.

പലനിറത്തിലും ഗുണത്തിലും ആകൃതിയിലും വലിപ്പത്തിലും വൈവിധ്യം പുലര്‍ത്തുന്ന ആരോഗ്യദായനിയായ ഈ പച്ചമുളകിനം നല്ല ആദായവും പ്രാധാനം ചെയ്യുന്നു. എരിവിനു കാരണമായ ''കാപ്‌സൈസിസന്‍'' എന്ന ഘടകം കാന്താരി മുളകില്‍ കൂടിയ നിരക്കില്‍ കാണപ്പെടുന്നു. കാപ്‌സൈസിന്‍ എന്ന ഘടകത്തിന് ഒട്ടനവധി ഔഷധമൂല്യങ്ങളുണ്ട്.

ദീര്‍ഘകാല വിളയാണ് കാന്താരിമുളക്. മൂന്ന് - നാല് വര്‍ഷം വരെ ചെടി നിലനില്‍ക്കുമെങ്കിലും ആദ്യ ഒന്നു രണ്ട് വര്‍ഷം മാത്രമേ സ്ഥായിയായ വിളവ് ലഭിക്കുകയുള്ളൂ. വേനല്‍കാലത്ത് നനച്ച് കൊടുക്കണം.

വിത്തുകള്‍ ചട്ടിയില്‍ പാകി ഒരു മാസമായ തൈകള്‍ പറിച്ച് നടണം. രോഗ കീടബാധ കുറവാണ്. ശല്‍ക്ക കീടങ്ങളുടെ ആക്രമണമുണ്ടായാല്‍ സോപ്പ് ലായനി തളിക്കുക.

വെണ്ട: ടെറസിലും അടുക്കളത്തോട്ടത്തിലും നന്നായി വളരും വെണ്ടക്ക. ദഹനത്തിന് സഹായകമായ നാരുകള്‍ വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പച്ചക്ക് കഴിക്കുന്നത് നല്ലതാണ്.

കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ഇളക്കി കളകള്‍ മാറ്റണം. കുമ്മായം ചേര്‍ത്ത് 15 ദിവസത്തിനുശേഷം വിത്തുകള്‍ നടാവുന്നതാണ്. നാല് - അഞ്ച് ദിവസത്തിനകം വിത്തുകള്‍ മുളക്കും. വിത്ത് അധികം ആഴത്തില്‍ ഇടരുത്. നാല് - അഞ്ച് ഇലകള്‍ വന്നാല്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൊടുക്കണം. ചാണക തെളിയോ, ഗോമൂത്രം നേര്‍പ്പിച്ചതോ, കടലപ്പിണ്ണാക്ക് നേര്‍പ്പിച്ചതോ വളമായി നല്‍കാവുന്നതാണ്.

ആല്‍ക്ക, അനാമിക, കിരണ്‍ എന്നിവയാണ് വിത്തിനങ്ങള്‍. ചെടി ശേഷി കുറഞ്ഞ് കായകള്‍ ചെറുതായി പോകുന്ന മൊസേക്ക് രോഗം വെണ്ടയില്‍ ധാരാളമായി കാണുന്നു. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് നല്ലതാണ്.

ചീര: മുറ്റത്തോ പറമ്പിലോ ചീര നടാവുന്നതാണ്. വേനല്‍കാലമാണ് ചീരക്ക് യോജിച്ചത്. പോഷകാംശങ്ങള്‍ നിറഞ്ഞ ഇലക്കറിയാണിത്.

കുറച്ച് റവകൂട്ടി കലര്‍ത്തിയ വിത്തുകള്‍ തൈകള്‍ക്കുവേണ്ടി നടണം. ഒരാഴ്ച കഴിയുമ്പോള്‍ വെയില്‍ ഉള്ള സ്ഥലത്ത് പറിച്ചുനടാം. രണ്ട് തൈകള്‍ തമ്മില്‍ കുറഞ്ഞത് അരയടി എങ്കിലും അകലം വേണം. പറിച്ചു നട്ട് 25 ദിവസത്തിനുശേഷം മുറിച്ച് എടുക്കാം. വീണ്ടും വളം ചേര്‍ത്ത് മണ്ണ് ഇളക്കിക്കൊടുത്താല്‍ വീണ്ടും സമൃദ്ധിയായി വളരും

ചതുരപ്പയര്‍: വളരെ പോഷക സമ്പുഷ്ടമായ മറ്റൊരു പച്ചക്കറി ഇനമാണ് ചതുരപ്പയര്‍. ഗോവാ ബീന്‍സ്, മനില ബീന്‍സ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്നതാണ് ചതുരപ്പയര്‍. ചീരയിലും, ബീന്‍സിലും, കാരറ്റിലും ഉള്ളതിനെക്കാള്‍ മുപ്പത് ഇരട്ടിയോളം മാംസ്യം ചതുരപ്പയറില്‍ അടങ്ങിയിട്ടുണ്ട്. മാംസ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ പോഷക മൂല്യങ്ങളുടെ അളവിലും ചതുരപ്പയര്‍ ഒരുപിടി മുന്നില്‍ തന്നെ. ദഹന പ്രക്രിയക്കും മറ്റും ആവശ്യമായ നാരിന്റെ അംശം ഇതില്‍ കൂടുതലാണ്.

നടുന്നതിനുമുമ്പ് വിത്ത് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കണം. സാമാന്യം വെയിലേല്‍ക്കും വിധം പടര്‍ത്തിയാണ് ഇത് നടേണ്ടത്. ഒരടി വീതിയും ആഴവുമുള്ള കുഴിയില്‍ വളം ചേര്‍ത്ത് രണ്ടോ മൂന്നോ വിത്തുകള്‍ നടാം. നട്ട് രണ്ടു മൂന്ന് മാസം കൊണ്ട് ചതുരപ്പയര്‍ കായ്ക്കുന്നു. പന്തലിലോ ശിഖരങ്ങള്‍ നാട്ടിയോ വള്ളികള്‍ പടര്‍ത്താം.

ഉള്ളികൃഷി: കേരളത്തില്‍ ഉള്ളികൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന ഉള്ളിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മലഞ്ചെരിവുകളിലും മഞ്ഞുകാലത്ത് ഉള്ളികൃഷി ചെയ്യാം.

സെപ്റ്റംബര്‍ - ജനുവരി വരെയുള്ള കാലമാണ് ഉള്ളികൃഷിക്ക് യോജിച്ച സമയം. സവാളയുടെ വിത്ത് (വലിയ ഉള്ളി) അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങേണ്ടി വരും. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിത്ത് കടയില്‍നിന്ന് വാങ്ങുന്നവയില്‍നിന്ന് തെരഞ്ഞെടുക്കാം. ഇതില്‍ നല്ല വിത്തുകള്‍ എടുത്ത് വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാം.

ഒരു മീറ്റര്‍ വീതീയിലും ആവശ്യത്തിന് നീളത്തിലും 25 സെന്റിമീറ്റര്‍ ഉയരത്തിലും വാരങ്ങള്‍ തയ്യാറാക്കുക. വാരങ്ങളില്‍ ചെറിയ ചാലുകള്‍ കീറി മുപ്പത് സെന്റിമീറ്റര്‍ അകലത്തില്‍ വിത്തുപാകി മേല്‍മണ്ണിട്ട് നനച്ച് കൊടുക്കണം. ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റി ക്കൊടുക്കല്‍ എന്നിവ യഥാസമയം ചെയ്യണം. ജനുവരി മാസത്തില്‍ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിയ ശേഷം വിളവെടുക്കാം.

സവാളവിത്ത് പാകി മൂന്ന് - നാല് ആഴ്ച പ്രായമായ തൈകളാണ് മേല്‍പറഞ്ഞ രീതിയില്‍ തയ്യാറാക്കി വാരങ്ങളില്‍ നടേണ്ടത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top