ഈ പത്രമെങ്ങാനും നിന്നുപോയാല്‍...

ശൈഖ് മുഹമ്മദ് കാരകുന്ന്

         'മാധ്യമം' ദിനപത്രം മലയാളി സമൂഹത്തെ രണ്ടായി പകുത്തിരിക്കുന്നു; അത് വായിക്കുന്നവരും വായിക്കാത്തവരും. മാധ്യമം വായനക്കാരുടെ മുമ്പില്‍ നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തെയും സംബന്ധിച്ച സത്യസന്ധവും വസ്തുനിഷ്ഠവുമായ അറിവുണ്ടാവും. അവരുടെ വിവരവും ബോധവും വരേണ്യവര്‍ഗത്തിന്റേതില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയില്ല. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ അവസ്ഥയും അവരുടെ പ്രശ്‌നങ്ങളും അവരുടെ ശ്രദ്ധയിലും ബോധമണ്ഡലത്തിലും സജീവമായിത്തന്നെയുണ്ടാകും.
ആദിവാസികള്‍ക്കും ദലിതര്‍ക്കും മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും കേരളീയ പൊതുമണ്ഡലത്തില്‍ ഇടം കിട്ടിയത് 'മാധ്യമ'ത്തിലൂടെയാണ്. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ചാ വിധേയമാക്കിയതും അവരിലെ എഴുത്തുകാര്‍ക്കും അവര്‍ക്കു വേണ്ടി എഴുതുന്നവര്‍ക്കും നിര്‍ലോഭം ഇടം അനുവദിച്ചതും 'മാധ്യമ'മാണ്. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പല ദലിത് എഴുത്തുകാരെയും രംഗത്ത് കൊണ്ടുവന്നത് ആ പത്രമാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും കൊടിയ ഭരണകൂട ഭീകരതയുടെ ഇരകളുമായ ഇറോം ശര്‍മിളയും ഡോ: ബിനായക് സെന്നുമൊക്കെ കേരളീയ സമൂഹത്തിന് സുപരിചിതരായത് 'മാധ്യമ'ത്തിലൂടെയാണ്. ആ പത്രം വായിക്കുന്നവരാണ് അവര്‍ക്കു വേണ്ടി കേരളക്കരയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കു പോലും അന്താരാഷ്ട്ര പേജുകളുണ്ടായത് 'മാധ്യമ'ത്തിന്റെ കടന്നുവരവിലൂടെയാണ്. എഡിറ്റോറിയല്‍ പേജ് ഗൗരവപൂര്‍വമായി വായിക്കപ്പെടാന്‍ തുടങ്ങിയതും അങ്ങനെതന്നെ.
ശബ്ദമില്ലാത്തവന്റെ ശബ്ദമെന്ന പ്രഖ്യാപനം 'മാധ്യമം' പത്രം അന്വര്‍ഥമാക്കുന്നു. ഇന്ത്യയിലെ ഏറ്റം പ്രമുഖമായ മതന്യൂനപക്ഷം മുസ്‌ലിംകളാണ്. ഏതൊരു രാജ്യത്തിന്റെയും ജനങ്ങളുടെയും സാംസ്‌കാരിക മാപിനി അത് ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന സമീപനമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട് സ്വീകരിക്കുന്ന പല സമീപനങ്ങളും രാജ്യത്തിന്റെ സല്‍പ്പേരിന് ചേര്‍ന്നതല്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ വരെ മുഖ്യപ്രശ്‌നം വര്‍ഗീയ കലാപങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ തൊണ്ണൂറുകള്‍ക്കു ശേഷം സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും ഏറ്റുമുട്ടല്‍ മരണങ്ങളും ഇന്ത്യന്‍ മുസ്‌ലിംകളുടെ സൈ്വരം കെടുത്താന്‍ തുടങ്ങി. അവരുടെ അരക്ഷിത ബോധം കുറയുകയല്ല; കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെവിടെയെങ്കിലും വല്ല ഭീകരാക്രമണമോ സ്‌ഫോടനമോ നടന്നാല്‍ ഉടനെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യധാരാ മാധ്യമങ്ങളും കുറ്റം മുസ്‌ലിംകളുടെ മേല്‍ ആരോപിക്കുന്നു. അവരിലെ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകുന്നു. വിചാരണപോലുമില്ലാതെ കൊല്ലങ്ങളോളം തടവിലിടുന്നു. കൊടിയ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കുന്നു. അവരുടെ കുടുംബങ്ങളെ നിരന്തരം വേട്ടയാടുന്നു. ആയിരക്കണക്കിന് നിരപരാധികളിപ്പോഴും ഇന്ത്യയുടെ തടവറകളില്‍ കിടന്ന് നരകിക്കുന്നു. അതുകൊണ്ടു തന്നെ സ്‌ഫോടനം, ഭീകരത, പോലീസ്, ഐ.ബി തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുന്നതു പോലും മുസ്‌ലിം സാധാരണക്കാരില്‍ ഞെട്ടലുണ്ടാക്കുന്നു. രാജ്യത്തെ പ്രബലമായ ഒരു മതസമൂഹം തട്ടാന്റെ തൊടികയിലെ മുയലുകളെപോലെയാകുന്നത് നമ്മുടെ നാടിനു തന്നെ ഗുണകരമല്ലെന്ന വസ്തുത ഉത്തരവാദപ്പെട്ട ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും മറക്കുന്നു.
ഇവിടെയാണ് 'മാധ്യമം' ദിനപത്രം മഹാ ദൗത്യം നിര്‍വഹിക്കുന്നത്. അത് നീതിയുടെ പക്ഷത്ത് നിലകൊള്ളുന്നു. നിരപരാധികള്‍ക്കു വേണ്ടി നിര്‍ഭയം വാദിക്കുന്നു. പരമാവധി ഇരകളുടെ പക്ഷം ചേര്‍ന്നു നില്‍ക്കുന്നു. മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍ പുറത്തു കൊണ്ടുവരുന്നു. ഇന്ത്യയിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുകള്‍ക്ക് ഇടം നല്‍കുന്നു. തീവ്രവാദികളുടെയും ഭീകരന്മാരുടെയും അതിക്രമങ്ങളെയും ക്രൂരവൃത്തികളെയും എതിര്‍ക്കുന്നപോലെത്തന്നെ ഭരണകൂട ഭീകരതകളെയും തുറന്നു കാണിക്കുന്നു.
'മാധ്യമം' വായിക്കാത്തവരുടെ മുമ്പില്‍ പാര്‍ലമെന്റ് ആക്രമണം സംഘടിപ്പിച്ചത് മുസ്‌ലിം ചെറുപ്പക്കാരാണ്. എന്നാല്‍ വളരെ ആസൂത്രിതമായി വളര്‍ത്തപ്പെട്ട ഈ പൊതുബോധം തെറ്റും തിരുത്തപ്പെടേണ്ടതുമാണെന്ന് 'മാധ്യമം' വായനക്കാര്‍ മനസ്സിലാക്കുന്നു. വിനോദ്. കെ ജോസിന്റെയും അരുന്ധതീറോയിയുടെയും മറ്റും വെളിപ്പെടുത്തലുകളും ഇന്നോളം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും മാധ്യമത്തിലൂടെ വായിച്ചവരാണല്ലോ അവര്‍. മുംബൈയിലും മറ്റുമുണ്ടായ ഭീകരാക്രമണങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ഈ പത്രം വായിക്കാത്തവരുടെ കാഴ്ചപ്പാടില്‍ അതിന്റെയും സൂത്രധാരകര്‍ മുസ്‌ലിംകളാണ്. എന്നാല്‍ എസ്.എം മുശ്‌രിഫ് ഉള്‍പ്പെടെയുള്ള ധീരദേശാഭിമാനികളുടെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പുറത്തു വന്ന അനിഷേധ്യ വസ്തുതകള്‍ ഈ പത്രത്തിലൂടെ വായിച്ചറിഞ്ഞവര്‍ അതിന്റെ വേരുകള്‍ ഇസ്രായേല്‍ കോണ്‍സുലേറ്റിലും അമേരിക്കയിലുമാണ് തേടേണ്ടതെന്ന് ഉറച്ചുവിശ്വസിക്കുന്നു.
അസിമാനന്ദയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കപ്പെട്ട പോലെ മക്കാ മസ്ജിദ്, സംതോധാ എക്‌സ്പ്രസ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചത് മുസ്‌ലിം ചെറുപ്പക്കാരല്ലെന്നും തീവ്ര ഹിന്ദുത്വവാദികളാണെന്നും 'മാധ്യമം' സംഭവം നടന്ന ഉടനെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് തെളിയിച്ചതാണ്. അന്‍സല്‍പ്ലാസ, ഡല്‍ഹി, നാഗ്പൂര്‍, ഗോവ പോലുള്ള കുപ്രസിദ്ധ സ്‌ഫോടനങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
ഇസ്‌റത്ത് ജഹാന്‍, ജാവേദ് തുടങ്ങി നിരവധി പേരുടെ ഏറ്റുമുട്ടല്‍ മരണങ്ങളുടെ രഹസ്യം 'മാധ്യമം' യഥാസമയം പുറത്തു കൊണ്ടുവരികയുണ്ടായി.
കേരളത്തിലെ ലൗജിഹാദ്, തപാല്‍ ബോംബ്, വധഭീഷണി, തീരദേശ തീവ്രവാദം തുടങ്ങിയ ഒട്ടേറെ കളളക്കഥകളുടെ കള്ളി വെളിച്ചത്താക്കാനും അതിനു സാധിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ 'മാധ്യമം' നിരപരാധികളും നിരാലംബരുമായ ചെറുപ്പക്കാരുടെ രക്ഷക്കെത്തുന്നു. അവര്‍ക്കു വേണ്ടി ധീരമായി വാദിക്കുന്നു. അവരെ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കുന്നു. അതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നു. അങ്ങനെ അവരുടെ അരക്ഷിത ബോധമകറ്റാന്‍ ശ്രമിക്കുന്നു. ഇത് വമ്പിച്ച ദേശസേവനപ്രവര്‍ത്തനവും ഉയരാനും സഹായിച്ചു.
1980-ല്‍ തന്നെ ഒരു ദിനപത്രത്തെ സംബന്ധിച്ച തീര്‍ത്തും അനൗപചാരികമായ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ 1987 ല്‍ വെള്ളിമാട്കുന്നിലെ ഐ.എസ്.ടി ബില്‍ഡിംഗില്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അതേകുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ച നടത്തിയത്. ദീര്‍ഘമായ കൂടിയാലോചനക്കു ശേഷം പത്രം നടത്താനുള്ള സാധ്യതകള്‍ ആരായാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താനും കെ.എം രിയാലുവിനെ ചുമതലപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി നേരിട്ട് പത്രം നടത്തേണ്ടതില്ലെന്നും സംഘടനയുടെ മുഖപത്രമാകേണ്ടതില്ലെന്നും അന്നു തന്നെ തീരുമാനിച്ചു. അതോടൊപ്പം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മറ്റു മര്‍ദിതരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ക്കായി പത്രം നിലകൊള്ളണമെന്നും അതിനെ ജമാഅത്ത് പിന്തുണക്കുമെന്നും തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന് പലതവണ യോഗം ചേര്‍ന്ന് പത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തി.
താല്‍പര്യമുള്ളവരില്‍നിന്ന് ഷെയര്‍ സ്വീകരിച്ച് കമ്പനി രൂപീകരിച്ച് പത്രം തുടങ്ങാനായിരുന്നു ആദ്യതീരുമാനം. മുപ്പത് ലക്ഷം രൂപയായിരുന്നു അന്നത്തെ ബജറ്റ്. അങ്ങനെയാണ് 1984-ല്‍ വെള്ളിമാട്കുന്നില്‍ രോഷ്‌നി പ്രസ് സ്ഥാപിക്കുന്നത്. അത് പത്രം അടിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഓഫ്‌സെറ്റ് പ്രസ്സായിരുന്നു.
ദിനപത്രത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ മനസ്സിലായി മുപ്പത് ലക്ഷം കൊണ്ട് അങ്ങനെയൊന്ന് ആരംഭിക്കുക സാധ്യമല്ലെന്ന്. അതോടൊപ്പം ഷെയര്‍ പിരിച്ച് പത്രമാരംഭിച്ചാല്‍ ലാഭവിഹിതം നല്‍കാനാവില്ലെന്നും അത് നഷ്ടത്തിനിടവരുത്തുമെന്നും ബോധ്യമായി. അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.
ദിനപത്രത്തിന്റെ അനിവാര്യത അനുദിനം ബോധ്യപ്പെട്ടുകൊണ്ടിരുന്നു. എന്തു ത്യാഗം സഹിച്ചും സാഹസപ്പെട്ടും അതാരംഭിക്കുക തന്നെ വേണമെന്ന ചിന്ത ബന്ധപ്പെട്ടവരില്‍ രൂപപ്പെട്ടു. വിവിധ കോണുകളില്‍ നിന്ന് അതിനായി ശക്തമായ ആവശ്യവും സമ്മര്‍ദ്ദവുമുണ്ടായി. അങ്ങനെയാണ് 1985-ല്‍ പത്രമാരംഭിക്കുകയെന്ന തീരുമാനത്തോടെ പ്രൊഫസര്‍ കെ.എ സിദ്ധീഖ് ഹസന്‍ സാഹിബിനെ ചുമതലപ്പെടുത്തുന്നത്. കെ.സി അബ്ദുല്ല മൗലവിയുടെ അത്യസാധാരണമായ ഇച്ഛാശക്തിയും സിദ്ധീഖ് ഹസന്‍ സാഹിബിന്റെ കര്‍മോത്സുകതയും വി.കെ ഹംസ സാഹിബിന്റെ സാഹസികതയും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു കരുത്തായി മാറി. കമ്പനി വേണ്ടെന്നു വെച്ചു. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന് രൂപം നല്‍കി. നാട്ടിലും ഗള്‍ഫ് നാടുകളിലുമുളള മുഴുവന്‍ ജമാഅത്ത് പ്രവര്‍ത്തകരില്‍ നിന്നും അവരുടെ ഒരു മാസത്തെ വരുമാനം ശേഖരിച്ചു. ചില ഉദാരമതികള്‍ സഹകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ന് കേരളീയ സമൂഹത്തിന്റെ പൊതുവിലും ശബ്ദം നിഷേധിക്കപ്പെട്ട മര്‍ദ്ദിതരുടെ വിശേഷിച്ചും അഭിമാനമായി മാറിയ 'മാധ്യമം' ജന്മംകൊള്ളുന്നത്.
1987 ജൂണ്‍ ഒന്നിന് വെള്ളിമാട്കുന്നില്‍ വെച്ച് 'മാധ്യമം' ദിനപ്പത്രം പ്രസിദ്ധീകരണമാരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നെയ്യാറാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ധീരതയുടെ ആള്‍രൂപമായിരുന്ന പി.കെ ബാലകൃഷ്ണനായിരുന്നു ആദ്യത്തെ ചീഫ് എഡിറ്റര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്‌നേഹപൂര്‍ണമായ കല്‍പനയോടുകൂടിയ കത്താണ് അദ്ദേഹത്തെ 'മാധ്യമ'വുമായി ബന്ധിപ്പിച്ചത്.
ഒ. അബ്ദുറഹ്മാന്‍ സാഹിബിന്റെ അത്യസാധാരണമായ കഴിവും സാമര്‍ഥ്യവും സമര്‍പണ സന്നദ്ധതയും പക്വമായ മേല്‍നോട്ടവും സിദ്ധീഖ് ഹസന്‍ സാഹിബിന്റെ കരുത്തുറ്റ നേതൃത്വവും ഒ.അബ്ദുല്ല സാഹിബിന്റെ മൂര്‍ച്ചയുള്ള പേനയും സരസമായ ശൈലിയും അനിഷേധ്യമായ പ്രതിബദ്ധതയും 'മാധ്യമ'ത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ധിക്കാരത്തിന്റെ കാതലായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു വാരാദ്യ മാധ്യമത്തിന്റെ ചുമതല വഹിച്ചിരുന്നത്. പി.കെ ബാലകൃഷ്ണനു ശേഷം ഏതാനും വര്‍ഷം പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനായിരുന്നു ചീഫ് എഡിറ്റര്‍. ടി.പി ചെറൂപ്പ, ഹസയിന്‍ കാരന്തൂര്‍, ജമാല്‍ കൊച്ചങ്ങാടി, എ.പി കുഞ്ഞാമു തുടങ്ങിയവരോടൊപ്പം കേരളത്തിലെ നല്ലവരായ വ്യാപാരികളും വ്യവസായികളും 'മാധ്യമ'ത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പത്രം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും ലക്ഷങ്ങളുടെ കടബാധ്യത ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. പത്രം നിര്‍ത്തുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചു. അപ്പോള്‍ മര്‍ഹൂം കെ.സി അബ്ദുല്ല മൗലവി ശക്തമായി ഇടപെട്ടു. അദ്ദേഹം യോഗത്തില്‍ പറഞ്ഞ വാചകം ഇന്നും ഓര്‍ക്കുന്നു. ''ഈ പത്രമെങ്ങാനും നിന്നുപോയാല്‍ ഒരു നൂറ്റാണ്ടുകാലത്തേക്ക് ധീരവും മഹത്തരവുമായ ഒരു കാര്യത്തിലും ഏര്‍പ്പെടാന്‍ സമുദായം മുന്നോട്ട് വരില്ല.''
അതോടെ എന്തും നേരിടുക എന്ന തീരുമാനത്തോടെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. വീണ്ടും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരെ സമീപിച്ച് അര മാസത്തെ വരുമാനം കൂടി ആവശ്യപ്പെട്ടു. അതിനകം പത്രത്തെ അനുഭവിച്ചറിഞ്ഞ അവര്‍ സന്തോഷപൂര്‍വം അതംഗീകരിച്ചു. അങ്ങനെ കടബാധ്യത തീര്‍ത്ത് മുന്നോട്ട് കുതിച്ചു. ദൈവാനുഗ്രഹത്താല്‍ അതിന്നും തുടരുന്നു.
പ്രത്യേക ഉടമകളില്ലാത്ത പത്രമാണ് 'മാധ്യമം'. അതുകൊണ്ടുതന്നെ അതിനെ സഹായിച്ചവരും സേവിച്ചവരും ഇന്നും അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവരുമെല്ലാം അതിന്റെ ഉടമകളാണ്. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് അവര്‍ക്കു വേണ്ടി അത് നടത്തിക്കൊണ്ടുപോകുന്നു എന്നു മാത്രം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top