പെണ്ണ് ഇടം തേടുമ്പോള്‍

മാറിയ സാമൂഹ്യസാഹചര്യത്തില്‍ ചിന്തകളിലൂടെയും കര്‍മങ്ങളിലൂടെയും എല്ലാ രംഗത്തും വളരെ സര്‍ഗാത്മകമായി സ്ത്രീ തന്റെ ആവിഷ്‌കാരങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ശരീരസൗന്ദര്യത്തിന്റെയും ലൈംഗികതയുടെയും അളവുകോല്‍ വെച്ചുകൊണ്ടുമാത്രം സ്ത്രീയെ കാണാത്ത സമൂഹത്തിനും വ്യക്തികള്‍ക്കും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അത് ഗുണപരമായി കാണാനും കഴിയുന്നുമുണ്ട്. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ ആശാവഹമായ കാര്യം തന്നെയാണ് ഈ നേട്ടങ്ങള്‍. തൊഴില്‍-വിദ്യാഭ്യാസപരമായി നോക്കുമ്പോള്‍ സ്ത്രീയുടെ അവസ്ഥ പുരോഗമനം തന്നെ എന്ന്പറയാം.
സ്ത്രീ അവളുടെ ഇടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും കാലങ്ങള്‍ അവളിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അസ്തിത്വത്തിനു നേരെയുള്ള വെല്ലുവിളികളെ അതിജയിക്കാന്‍ സ്ത്രീസമൂഹത്തിന് വല്ലാതെയൊന്നും കഴിഞ്ഞിട്ടില്ല. ലിംഗത്തിന്റെ പേരിലുള്ള അസമത്വം ഗര്‍ഭാശയത്തില്‍ വെച്ചുതന്നെയാണ് തുടങ്ങുന്നത്. പെണ്ണാണെന്നറിഞ്ഞാല്‍ ഒഴിവാക്കപ്പെടാന്‍ യാതൊരു മടിയും ഇല്ല. സ്ത്രീധനത്തിന്റെ കാര്യത്തിലായാലും സ്ത്രീ പീഡനങ്ങളുടെ കാര്യത്തിലായാലും അതിക്രമങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. അറിവും കഴിവും അനുഭവങ്ങളുമായി ഇറങ്ങിത്തിരിക്കുന്ന പെണ്ണിനെ കാത്തിരിക്കുന്നത് അഭിനന്ദനവും അംഗീകാരവും മാത്രമല്ല, മാനഹാനികൂടിയാണ്.
പെണ്‍മാനം സംരക്ഷിക്കാന്‍ വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുന്ന, കൊലപാതകികള്‍ക്ക് കല്‍ത്തുറങ്കുകള്‍ പണിയുന്ന, അഴിമതിക്കാര്‍ക്കെതിരെ വിലങ്ങണിയിക്കാന്‍ ബാധ്യസ്ഥരായ ഭരണകര്‍ത്താക്കളോ ഉന്നത സ്ഥാനത്തിരിക്കുന്നവരോ അവരുടെ സഹചാരികളോ ആണ് തുടര്‍ച്ചയായി പ്രതികളായി ആരോപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനല്ല നമ്മുടെ സാമാജികര്‍ നിയമസഭയിലെത്തുന്നത്. പെണ്ണിനെ ബലാത്സംഗം ചെയ്തതിന്റെയും കൂട്ടിക്കൊടുത്തതിന്റെയും കൊന്നുതള്ളിയതിന്റെയും ആരോപണപ്രത്യാരോപണങ്ങള്‍ ചര്‍ച്ച ചെയ്യലാണ് അവരുടെ സ്ഥിരം പണി. നമ്മുടെ നാട് എത്തിപ്പെട്ട ദുര്യോഗമാണ് ഇതിലൂടെ വെളിവാകുന്നത്. ബലാത്സംഗ വീരന്മാരെയും കൊലപാതകികളെയും രക്ഷിച്ചെടുക്കാനുള്ള തന്ത്രം മെനയലാണ് നമ്മുടെ സമാജികര്‍ക്കുള്ള പ്രധാന പണി.
ജനസംഖ്യയില്‍ ഏറിയകൂറും പെണ്ണാണെങ്കിലും ജനായത്ത നാട്ടിലെ പാര്‍ലമെന്റില്‍ ഈ സ്ത്രീകളെ പ്രതിനിധീകരിക്കാനുള്ള പ്രാതിനിധ്യമില്ല. നിയമനിര്‍മാണസഭകളില്‍ 33 ശതമാനമെന്ന സംവരണം നല്‍കാനൊരു ബില്ല് ഇതുപോലുള്ളൊരു മാര്‍ച്ച് 8-ന് വനിതാദിന സമ്മാനമായി രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ലോക്‌സഭയില്‍ അവതരിപ്പിച്ച് അതിനിയും നിയമമായി നമുക്ക് കിട്ടിയിട്ടില്ല. എല്ലാ തരത്തിലുള്ള അഴിമതിക്കും സമവായം ഉണ്ടാക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സമവായം സാധ്യമായിട്ടില്ല പോലും. അത് നിലവിലുള്ള രൂപത്തില്‍ നിയമമായതുകൊണ്ട് വലിയ കാര്യവുമില്ല. കാരണം, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സ്ത്രീ വിഭാഗത്തിന്റെ പ്രാതിനിധ്യം അടയാളപ്പെടുത്താത്ത ബില്ലാണത്. നീതിയും അവകാശവും ആണിനും പെണ്ണിനും ഒരുപോലെ കിട്ടുമ്പോഴേ രാജ്യപുരോഗതി സാധ്യമാവൂ എന്നതുപോലെ തന്നെ പ്രധാനമാണ് രാജ്യത്തിലെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും തുല്യനീതിയും തുല്യാവകാശവും കിട്ടുകയെന്നതും. അല്ലായെങ്കില്‍ സ്ത്രീകള്‍ക്കിടയില്‍ തന്നെ സാമൂഹികമായ വലിയൊരു അസന്തലിതാവസ്ഥ രൂപപ്പെടാന്‍ അതിടയാക്കും. ഈ വനിതാ ദിനത്തിലെങ്കിലും അത്തരമൊരു നിയമം പാസാക്കിയെടുക്കാന്‍ നമ്മുടെ ഭരണകൂടത്തിനു കഴിയട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top