കുട്ടികളോടോ ക്രൂരത?

ജീവിതത്തിന്റെ തിരക്കുകളിലാണ് നാം. ഈ തിരക്കും ബദ്ധപ്പാടും കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിതന്നെയാണ് മിക്കവരും നടത്തുന്നത്. എന്നാല്‍ മുതിര്‍ന്നവരുടെ ജീവിത തത്രപ്പാടിനിടയിലോ ആസ്വാദനത്തിനിടയിലോ ശ്രദ്ധിക്കാന്‍ മറന്നുപോവുകയോ കണ്ടിട്ടും കാണാതെ നടിക്കുകയോ ചെയ്യുകയാണ് കുഞ്ഞുമനസ്സിന്റെ ആവലാതികളും വേവലാതികളും. താങ്ങാന്‍ കഴിയാത്ത പഠനഭാരത്തെ കുറിച്ചും കളിമുറ്റം നിഷേധിക്കുന്നതിനെ കുറിച്ചുമൊക്കെ അക്കാദമിക പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ പോലും പഠനത്തിനും കളിക്കുമപ്പുറം വിശപ്പും ദാഹവും ശമിപ്പിക്കാനാവാതെ ജീവിതത്തിനു മുന്നില്‍ പകച്ചുപോയവരുടെ ഇടയില്‍ വലുതായി ശ്രദ്ധപതിപ്പിക്കുന്നതായി തോന്നുന്നില്ല.
സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലും വിവിധ മതജാതിക്കാരുടെ കീഴിലും പ്രവര്‍ത്തിക്കുന്ന അനാഥ അഗതി മന്ദിരങ്ങള്‍ നിലകൊള്ളുന്ന മണ്ണില്‍ തന്നെയാണ് വിശപ്പിന്റെ വിളിക്കുത്തരം നല്‍കാന്‍ ഞാവല്‍ മരത്തില്‍ വലിഞ്ഞ് കേറിയ ജൂഡും വിശപ്പടക്കാന്‍ വിഷക്കായ പറിച്ച് തിന്ന ജംഷീദയും മരിച്ചുവീണത്.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുവരുന്നതിനിടയില്‍ തന്നെയാണ് ആണും പെണ്ണുമായ കുഞ്ഞുമക്കള്‍ ശാരീരികവും മാനസികവുമായ പീഡനത്തിനിരയായി മരണപ്പെട്ടുപോകുന്നത്. ക്രൂരമായ അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ നമ്മുടെ ചുറ്റുവട്ടത്തേറെയുണ്ട്. നാം കാണുന്നില്ലെന്ന് മാത്രം. കുഞ്ഞുങ്ങളോടുള്ള ക്രൂരത സിനിമയിലും കഥകളിലും മാത്രമല്ലെന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞമാസം കോഴിക്കോട് നഗരത്തില്‍ രണ്ടാനമ്മയുടെ കൈകളാല്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട് ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി മരിച്ചത്. രണ്ടാനമ്മയോടൊപ്പം ജന്മം നല്‍കിയ പിതാവും ഈ ക്രൂരതക്ക് കൂട്ടുനിന്നു എന്നറിയുമ്പോഴാണ് മനുഷ്യന് എത്രമാത്രം ക്രൂരനാകാം എന്ന് നാം അറിയുന്നത്. മുതിര്‍ന്നവരുടെ കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെപോലും ചോദ്യം ചെയ്യുന്ന വിധത്തില്‍ പോലീസും സിവില്‍ സൊസൈറ്റിയും ഇടപെടാന്‍ കാണിക്കുന്ന ജാഗ്രതകളൊന്നും ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ല. ജുവൈനല്‍ ജസ്റ്റിസ് ഫോറവും ബാല നീതി നിയമവും നിലവിലുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ ഇതൊന്നും നമ്മുടെ വീട്ടിലെ കാര്യമല്ല എന്നമട്ടില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മടിക്കുകയാണ് പലരും.
മാതാവും പിതാവും ചേര്‍ന്ന് എന്നെ പരിപാലിക്കണം, അവരെ കൂടെ എനിക്ക് താമസിക്കണം എന്ന് ചിന്തിക്കാന്‍ പോലും അവകാശമില്ലാത്തവരായിപ്പോയ എത്രയോ മക്കള്‍ നമ്മുടെ ഇടയിലുണ്ട്. അച്ഛന്റെ കൈയോ അമ്മയുടെ കൈയോ പിടിക്കേണ്ടതെന്ന് നിശ്ചയമില്ലാതെ കോടതി വരാന്തയില്‍ നിസ്സഹായരായിപ്പോവുന്ന ഈ കുഞ്ഞു മനസ്സുകള്‍ വിവാഹ മോചനക്കേസുകളുടെ ഇരകളാണ്.
വേണ്ടത്ര പരിഗണനയും സുരക്ഷിതത്വവും ലാളനയും കിട്ടാത്ത മക്കളാണ് ക്രിമിനലുകളായും സാമൂഹ്യവിരുദ്ധരായും മാറുന്നത് എന്നത് യാഥാര്‍ഥ്യമാണ്. മദ്യ-മാഫിയാ ക്രിമിനലുകള്‍ക്ക് നേരെ നേരായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം നീളുന്നത് അവര്‍ കുട്ടികളെ ഏത് തരത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്കാണ്. തീ പൊള്ളിച്ചും പട്ടിണിക്കിട്ടും കൊല്ലപ്പെടുന്ന മക്കളും അറിയാതെ നാം സാമൂഹ്യദ്രോഹികളുടെ കൈകളില്‍ ഏല്‍പിച്ചുകൊടുക്കുന്ന മക്കളും സ്വന്തം രക്തത്തില്‍ പിറന്നതല്ലെങ്കില്‍ പോലും അവരെ രക്ഷിച്ചെടുക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. നാളെയുടെ പൗരന്മാരും തലമുറയുടെ അവകാശികളുമൊക്കെയുമായ കുഞ്ഞുങ്ങളോടുളള മുതിര്‍ന്നവരുടെ സമീപനം അവരുടെ സാമൂഹ്യ നിലവാരത്തിന്റെ അളവുകോലാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top