കേരളത്തെ ഇളക്കിമറിച്ച അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം

ശൈഖ് മുഹമ്മദ് കാരകുന്ന്‌

ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം നടക്കുന്ന നാടുകളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്താന്‍. അവിടെ ഇപ്പോഴും കൂട്ടക്കൊലകള്‍ നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ചുടുചോരകൊണ്ട് ചുവക്കാത്ത നഗരങ്ങളും ഗ്രാമങ്ങളും മലമടക്കുകളും അവിടെ വളരെ കുറവാണ്. അഫ്ഗാനിസ്താനിലെ കൂട്ടക്കൊലകള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഇപ്പോഴത്തെ സംഘര്‍ഷം ആരംഭിക്കുന്നതു തന്നെ 1975 ഡിസംബര്‍ 25-ലെ സോവിയറ്റ് യൂണിയന്റെ കടന്നു കയറ്റത്തോടെയാണ്. പന്തീരായിരം സോവിയറ്റ് സൈന്യങ്ങളാണ് അന്ന് അഫ്ഗാനിസ്താനിലേക്ക് കടന്നത്. അവര്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കി.
1978-ല്‍ കമ്യൂണിസ്റ്റ് അനുയായികളായ പട്ടാളക്കാര്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ദാവൂദിനെതിരെ രംഗത്ത് വന്നു. അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും അടുത്ത സഹായികളെയും കൊന്നൊടുക്കി. തുടര്‍ന്ന് കമ്യൂണിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍ നേതാവ് മുഹമ്മദ് തറാക്കിയെ പ്രസിഡണ്ടായി നിശ്ചയിച്ചു. പ്രധാനമന്ത്രിയും അയാള്‍ തന്നെയായിരുന്നു. പിന്നീട് 1979 മാര്‍ച്ചില്‍ പ്രധാനമന്ത്രിസ്ഥാനം ഹാഫിളുല്ലാ അമീനു നല്‍കി. അവരിരുവരും ചേര്‍ന്ന് നാടിനെ ഇസ്‌ലാമില്‍ നിന്ന് അകറ്റാന്‍ ശ്രമമാരംഭിച്ചു. അതോടെ തദ്ദേശീയര്‍ അതിനെതിരെ രംഗത്ത് വന്നു. തത്ഫലമായി തറാക്കി മരണപ്പെട്ടു. തുടര്‍ന്ന് അമീന്‍ അധികാരമേറ്റു. അദ്ദേഹം വിപ്ലവം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഈ അവസരമുപയോഗിച്ചാണ് സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്താനിലേക്ക് കടന്നു കയറിയത്. എന്നാല്‍ അവര്‍ക്ക് അമീനെ രക്ഷിക്കാനായില്ല. 1979 ഡിസംബര്‍ 27-ന് അദ്ദേഹം വധിക്കപ്പെട്ടു. അതോടെ ബാബ്രക് കാര്‍മല്‍ അധികാരത്തിലേറി. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ അവരുടെ ഭരണം കാര്‍മല്‍ നടത്താനാണ് ശ്രമിച്ചത്. അതോടെ അഫ്ഗാന്‍ ജനത സോവിയറ്റ് അധിനിവേശത്തിനെതിരെ രംഗത്തു വന്നു.
ഏഴ് മുസ്‌ലിം സംഘടനകളാണ് സോവിയറ്റ് യൂണിയന്റെ കടന്നു കയറ്റത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചത്. അവരുടെ വിമോചനപോരാട്ടത്തെ പ്രതിരോധിക്കാനാവാതെ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സൈനികരുടെ എണ്ണം 118000 ആക്കി വര്‍ധിപ്പിച്ചു. അവരോടൊപ്പം അമ്പതിനായിരം അഫ്ഗാന്‍ പട്ടാളക്കാരും ഉണ്ടായിരുന്നു. അവര്‍ക്കെതിരെ 130000 സ്വാതന്ത്ര്യ സമര സേനാനികള്‍ അണിനിരന്നു. ഗത്യന്തരമില്ലാതെ സോവിയറ്റ് യൂണിയന്‍ ബറാക്കിനെ മാറ്റി മുഹമ്മദ് നജീബുല്ലയെ അധികാരത്തിലേറ്റി. എന്നാല്‍ അതൊന്നും മുജാഹിദുകളുടെ പോരാട്ട വീര്യം കെടുത്താന്‍ ഒട്ടും ഉപകരിച്ചില്ല.
അഫ്ഗാന്‍ മുജാഹിദുകളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ സോവിയറ്റ് സൈന്യം പതറി. അത് ക്രമേണ ആ നാടിന്റെ തന്നെ തകര്‍ച്ചക്ക് കാരണമാവുകയായിരുന്നു. 1985-ല്‍ മിഖായേല്‍ ഗോര്‍ബചേവ് സോവിയറ്റ് യൂണിയനില്‍ അധികാരത്തിലെത്തിയതോടെ തങ്ങളുടെ തെറ്റ് തിരിച്ചറിയാന്‍ തുടങ്ങി. രാജ്യത്തെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് മനസ്സിലാക്കി. മുജാഹിദുകളെ തോല്‍പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പട്ടാളക്കാരെ പിന്‍വലിക്കാന്‍ തയ്യാറായി. അങ്ങനെ 1988 ഏപ്രിലില്‍ അഫ്ഗാനിസ്താനും പാകിസ്താനും സോവിയറ്റ് യൂണിയനും അമേരിക്കയും ചേര്‍ന്ന് സൈനിക പിന്മാറ്റം സംബന്ധിച്ച തീരുമാനത്തിലെത്തി. 1988 മെയ് മാസത്തിലാരംഭിച്ച സൈനിക പിന്‍മാറ്റം 1989 ഫെബ്രുവരിയോടെ പൂര്‍ത്തിയായി.
അഫ്ഗാനിസ്താനിലെ സോവിയറ്റ് കടന്നു കയറ്റം ലോകമെങ്ങും പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. മുസ്‌ലിം നാടുകളിലെ വിമോചന പോരാളികള്‍ അഫ്ഗാനില്‍ പോയി പൊരുതാന്‍ വരെ സന്നദ്ധരായി. ജനാധിപത്യ നാടുകളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ അത് കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിക്കുകയായിരുന്നു. സോവിയറ്റ് യൂണിയനെ ചെങ്കരടിയായി അവതരിപ്പിക്കുന്ന അത്യധികം ആകര്‍ഷകവും അര്‍ഥഗംഭീരവുമായ പോസ്റ്ററുകള്‍ കേരളത്തിന്റെ ചുമരുകളില്‍ നിറഞ്ഞു നിന്നു. സോവിയറ്റ് സോഷ്യലിസ്റ്റ് സാമ്രാജ്യത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം അഫ്ഗാന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സോവിയറ്റ് ചെമ്പടയോട് പ്രതിഷേധിച്ചും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. തെരുവുനാടകങ്ങള്‍ ധാരാളമായി അവതരിപ്പിക്കപ്പെട്ടു. വിദ്യാലയ വാര്‍ഷികങ്ങളിലും പൊതു യോഗങ്ങളിലും അഫ്ഗാന്‍ പോരാളികളുടെ വിമോചന പോരാട്ടത്തെ പിന്തുണക്കുകയും വിപ്ലവ വീര്യത്തെ പ്രകീര്‍ത്തിക്കുകയും അവര്‍ക്ക് വിജയം നേരുകയും ചെയ്യുന്ന പാട്ടുകളും ഗാനങ്ങളും ധാരാളമായി ആലപിക്കപ്പെട്ടു. മാര്‍ച്ചിംഗ് സോംഗുകള്‍ അക്കാലത്തെ പരിപാടികള്‍ക്ക് പൊലിമയേകി.
അഫ്ഗാനിസ്താന്റെ സോവിയറ്റ് അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കാളിയാവാനും നേതൃനിരയോട് ചേര്‍ന്ന് നില്‍ക്കാനും കഴിഞ്ഞു എന്നത് ഇന്നും ആഹ്ലാദം നല്‍കുന്ന മധുരമുള്ള ഓര്‍മകളായി നിലനില്‍ക്കുന്നു. സോവിയറ്റ് യൂണിയന്റെ പിന്മാറ്റം അഫ്ഗാനിസ്താന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്നതും തുടര്‍ന്നുണ്ടായ ആഭ്യന്തര കലഹങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശവും ഏറെ നിര്‍ഭാഗ്യകരവും ദുഃഖകരവും തന്നെ. സോവിയറ്റ് യൂണിയന്റെയും തുടര്‍ന്ന് മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ച ലോകത്തിന്റെ ശാക്തിക സന്തുലിതത്വം ഇല്ലാതാക്കിയെന്നതും അത് ഇസ്‌ലാമിക പ്രവര്‍ത്തകരുള്‍പ്പെടെ ലോകമെങ്ങുമുള്ള വിമോചനവും സ്വാതന്ത്ര്യവും കൊതിക്കുന്ന ജനകോടികള്‍ക്ക് ചില പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചുവെന്നതും അനിഷേധ്യമത്രെ. എന്നാല്‍ അഫ്ഗാന്‍ അധിനിവേശം പ്രതിരോധിക്കപ്പെടാതെ നിലകൊള്ളുകയും സോവിയറ്റ് യൂണിയന്റെ സാമ്രാജ്യത്വം അതേപടി തുടരുകയും ചെയ്തിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഗുരുതരവും അപകടകരവുമായിരുന്നു. അതുകൊണ്ടു തന്നെ അഫ്ഗാന്‍ പോരാളികളെ പിന്തുണച്ചതിലും സോവിയറ്റ് കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്തതിലും അല്‍പം പോലും ദുഃഖമോ ഖേദമോ തോന്നുന്നില്ല. അനല്‍പമായ അഭിമാനം അനുഭവിക്കുകയും ചെയ്യുന്നു.
സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ സൈനിക സഹായത്തോടെ കമ്യൂണിസം നേടിക്കൊണ്ടിരിക്കുന്ന ആധിപത്യം കേരളത്തിലെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ അഹങ്കാരത്തിന്റെയും ദാര്‍ഷ്ട്യത്തിന്റെയും പാരമ്യതയിലെത്തിച്ചിരുന്നു. അതവരെ കടുത്ത ധിക്കാരികളും വലിയ പൊങ്ങച്ചക്കാരുമാക്കി മാറ്റി. അതിരറ്റ അഹന്തയോടെ അവരവകാശപ്പെട്ടു: ''ലോകത്തിന്റെ മൂന്നില്‍ രണ്ടും ചുവന്നിരിക്കുന്നു. അവശേഷിക്കുന്ന മൂന്നിലൊന്നുകൂടി ചുവക്കാതിരിക്കില്ല. ചോരയുടെ നിറം ചുവപ്പാണെങ്കില്‍ ലോകം ചുവക്കുക തന്നെ ചെയ്യും. ഇടവപ്പാതിയില്‍ മഴ പെയ്താല്‍ തവര മുളച്ചു പൊങ്ങുന്നതുപോലെ പ്രകൃതി നിയമമാണ് കമ്യൂണിസം നിലവില്‍ വരികയെന്നത്.
സാധാരണ ജനങ്ങളെ ഏറെ സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിരുന്ന ഈ അവകാശ വാദങ്ങളെ ആശയ പരമായി ജനാതിപത്യ മാര്‍ഗത്തിലൂടെ ഫലപ്രദമായി നേരിട്ടുകൊണ്ടിരുന്നു ഇസ്‌ലാമിക പ്രസ്ഥാനം. സ്വാതന്ത്ര്യത്തെയും വിമോചനത്തെയും സാമ്രാജ്യത്വ വിരുദ്ധതയെയും സംബന്ധിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന കമ്യൂണിസത്തിന്റെ എല്ലാ അവകാശ വാദങ്ങളെയും ശക്തമായി നേരിടാനും കടന്നാക്രമിക്കാനും അഫ്ഗാന്‍ അധിനിവേശം കൂടുതല്‍ സഹായകമായി. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യത്തെ സംബന്ധിച്ച വര്‍ത്തമാനങ്ങളൊക്കെയും വ്യാജമാണെന്ന് തെളിയിക്കാനും അതുപകരിച്ചു. സ്വാഭാവികമായും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇത്തരം ഇടപെടലുകള്‍ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ പ്രകോപിതരാക്കി. റഷ്യയെ കരടിയായി ചിത്രീകരിച്ചതാണ് അവരെ ഏറെ അരിശം കൊള്ളിച്ചത്. എന്നാല്‍ ഇതൊന്നും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സിമ്പോസിയങ്ങള്‍ക്കുമപ്പുറം അക്രമത്തിന്റെയോ ഫാസിസത്തിന്റെയോ രീതിയിലേക്കെത്തിയില്ല. അതുകൊണ്ടു തന്നെ അതൊക്കെയും കേരളീയ സമൂഹത്തെ കൂടുതല്‍ ആരോഗ്യകരവും പ്രബുദ്ധവുമാക്കുകയായിരുന്നു. സ്റ്റേജുകളിലും പോജുകളിലും ഇന്നത്തേക്കാള്‍ കടുത്ത ഭാഷയും രൂക്ഷമായ ശൈലിയും ഉപയോഗിച്ചിരുന്നുവെങ്കിലും അതൊന്നും കയ്യേറ്റങ്ങള്‍ക്കോ കടന്നാക്രമണങ്ങള്‍ക്കോ കാരണമായില്ല. കമ്യൂണിസവുമായുള്ള ആശയ സമരങ്ങളുടെ സുവര്‍ണ കാലമായിരുന്നു അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിന്റെയും അതിനെതിരെ നടന്ന വിമോചന പോരാട്ടങ്ങളുടെയും വര്‍ഷങ്ങള്‍. അതുകൊണ്ടു തന്നെ മധുരോദാരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന കാലവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top