ഐ.പി.എച്ചില്‍ കാല്‍ നൂറ്റാണ്ട്‌

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

1945-ലാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആരംഭിക്കുന്നത്. അക്കാലത്ത് കേരളത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ പോലും അറബി മലയാളമായിരുന്നു. മുസ്‌ലിംകളുടെ സംസാര ഭാഷ മറ്റുള്ളവരെപ്പോലെ തന്നെ മലയാളമായിരുന്നെങ്കിലും ലിപി അറബി മലയാളമായിരുന്നു. അതിനാല്‍ സഹോദര സമുദായങ്ങള്‍ക്ക് അവ വായിക്കാന്‍ സാധിച്ചിരുന്നില്ല. മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. അത്തരമൊരു അവസ്ഥയിലാണ് ഏതു മലയാളിക്കും പ്രയാസമൊട്ടുമില്ലാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന ഇസ്‌ലാമിക പുസ്തകങ്ങള്‍ ഐ.പി. എച്ച് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. അതിന്റെ മൂലധനം എഴുന്നൂറ് രൂപയായിരുന്നു. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം 'ഇസ്‌ലാംമത'വും. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ലോകപ്രശസ്തമായ 'രിസാലെ ദീനിയ്യാതി'ന്റ പരിഭാഷയാണിത്. ഇതിനകം എണ്‍പതിലേറെ ഭാഷകളിലേക്ക് പ്രസ്തുത പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ സ്ഥാപക നേതാവും പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ വി.പി മുഹമ്മദലി ഹാജിയാണ് ഇസ്‌ലാം മതത്തിന്റെ പരിഭാഷകന്‍. മലയാള ഭാഷാ പണ്ഡിതന്‍ പരിശോധിച്ച ശേഷമാണ് പ്രസ്തുത പുസ്തകം പുറത്തിറക്കിയത്. കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസാധനാലയമായ ഐ.പി. എച്ചിന്റെ തുടക്കം അങ്ങനെയായിരുന്നു. മലയാളത്തിലെ നിരവധി ഇസ്‌ലാമിക പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ഐ.പി.എച്ചിനു സാധിച്ചു.
1982 ഡിസംബറില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെടുമ്പോള്‍ 139 പുസ്തകങ്ങളാണ് അത് പ്രസിദ്ധീകരിച്ചിരുന്നത്. ചുമതല ഏല്‍ക്കുമ്പോള്‍ പ്രസാധന രംഗത്ത് കാര്യമായ പരിചയമുണ്ടായിരുന്നില്ല. ജമാഅത്ത് നേതൃത്വത്തിന്റെ ശാസനകളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ എക്കാലത്തും പരമാവധി ശ്രമിച്ചു പോന്നിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ഐ.പി.എച്ചിന്റെ ചുമതല ഏറ്റെടുത്തത്. ഉള്ളടക്കം കൂടുതല്‍ മെച്ചപ്പെടുത്തുകയും കെട്ടും മട്ടും നന്നാക്കുകയും വേണമെന്നായിരുന്നു നേതൃത്വത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശം. രണ്ടിലും കഴിയാവുന്നത്ര ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്തു. 1983-ല്‍ ദഅ്‌വത്ത് നഗറില്‍ നടന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു ഡസനിലേറെ പുസ്തകങ്ങളാണ് ചുമതലയേറ്റ ശേഷം ആദ്യം പ്രസിദ്ധീകരിച്ചത്. അവയുടെ കെട്ടും മട്ടും മെച്ചപ്പെടുത്തുന്നതില്‍ പി.കോയ സാഹിബ് വഹിച്ച പങ്ക് വളരെ വലുതാണ്.
ഐ.പി.എച്ചിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ജീവിതം വെള്ളിമാട്കുന്നിലേക്ക് പറിച്ചു നടപ്പെട്ടു. വീട്ടില്‍ അതിഥിയെപ്പോലെ സന്ദര്‍ശകന്‍ മാത്രമായി മാറി. ആ അവസ്ഥ ഇപ്പോഴും തുടരുന്നു. വീട്ടു സാധനങ്ങള്‍ വാങ്ങുന്നതും കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതും ആശുപത്രികളില്‍ കൊണ്ടു പോകുന്നതും കൃഷിപ്പണി ചെയ്യിക്കുന്നതും മറ്റു കുടുംബ കാര്യങ്ങളുമെല്ലാം സഹധര്‍മിണി ഭംഗിയായി നിര്‍വഹിച്ചുപോന്നു. അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങളൊരിക്കലും ഐ.പി. എച്ചിന്റെയോ പ്രസ്ഥാനത്തിന്റെയോ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നും ഇതു തന്നെ.
സയ്യിദ് മൗദൂദിയുടെ വിശ്വവിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ലെന്നത് ഏറ്റവും വലിയ പോരായ്മയായി പരക്കെ ചൂണ്ടിക്കാണിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ചുമതല ഏറ്റതോടെ മുഖ്യ ശ്രദ്ധയും ശ്രമവും അതിന്റെ പ്രസിദ്ധീകരണത്തില്‍ കേന്ദ്രീകരിച്ചു. ഒന്നാം വാള്യം മാത്രമേ വെളിച്ചം കണ്ടിരുന്നുള്ളൂ. അതിന്റെ പരിഭാഷ തയ്യാറാക്കിയത് മര്‍ഹൂം ടി. ഇസ്ഹാഖലി മൗലവിയും ടി.കെ അബ്ദുല്ല സാഹിബും ചേര്‍ന്നായിരുന്നു. പ്രായോഗിക കാരണങ്ങളാല്‍ ബാക്കി അഞ്ച് ഭാഗങ്ങളും തയ്യാറാക്കാന്‍ ടി.കെ ഉബൈദ് സാഹിബിനെ ചുമതലപ്പെടുത്തി. തഫ്ഹീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ സയ്യിദ് മൗദൂദിയുടെ 'ഖുര്‍ആന്‍ ഭാഷ്യവും' പുറത്തിറക്കി. കര്‍മശാസ്ത്രത്തില്‍ സയ്യിദ് സാബിഖിന്റെ 'ഫിഖ്ഹുസ്സുന്ന'യും മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ലോകമെങ്ങും പരന്നുകിടക്കുന്ന പ്രമുഖ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മലയാളികളെ പരിചയപ്പെടുത്തുമെന്ന് തീരുമാനിക്കുകയും അതിനായി നിരവധി സുഹൃത്തുക്കളുടെ സഹായം നിരന്തരം തേടുകയും ചെയ്തു.
അങ്ങനെ ഇമാം ഗസ്സാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശഹീദ് ഹസനുല്‍ബന്ന, സയ്യിദ് ഖുത്വുബ്, ഹമീദാ ഖുത്വുബ്, മുഹമ്മദ് ഖുത്വുബ്, ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ഡോ: യൂസുഫുല്‍ ഖറദാവി, അബുല്‍ഹസന്‍ അലി നദ്‌വി, റജാ ഗരോഡി, അലിജാ അലി ഇസ്സത് ബഗോവിച്ച്, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് അസദ്, അലി ശരീഅത്തി, മറിയം ജമീല, സൈനബുല്‍ ഗസ്സാലി, മുറാദ് ഹോഫ് മാന്‍, മുഫ്തീ മുഹമ്മദ് മുശ്താഖ്, മോറിസ് ബുക്കായി തുടങ്ങിയ നിരവധി പണ്ഡിതന്മാരുടെയും ചിന്തകന്മരുടെയും വിപ്ലവകാരികളുടെയും മഹദ് ഗ്രന്ഥങ്ങള്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കാന്‍ സാധിച്ചു. 'മക്കയിലേക്കുള്ള പാത'യും 'ഇസ്‌ലാം രാജമാര്‍ഗ'വും പോലുള്ള ധാരാളം അത്യുജ്ജ്വല ഗ്രന്ഥങ്ങളും അവയില്‍ പെടുന്നു. പ്രസ്തുത ഗ്രന്ഥങ്ങളുടെ വിവര്‍ത്തകന്മാരെല്ലാം ഐ.പി.എച്ചിനോട് വലിയ താല്‍പര്യം കാണിക്കുകയും അങ്ങേയറ്റം സഹകരിക്കുകയും ചെയ്തു.
എം.എന്‍ കാരശ്ശേരി തയ്യാറാക്കിയ 'തിരുവരുള്‍' എന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സമാഹാരത്തിലെ ചില ഗുരുതരമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് ജമാല്‍ മലപ്പുറം പ്രബോധനം വാരികയില്‍ 'തിരുവരുളിന്റെ കാണാപ്പുറങ്ങള്‍' (വാള്യം:48, ലക്കം:7,8) എന്ന ലേഖനമെഴുതി. അതിന്റെ ഭാഷ രൂക്ഷമായിരുന്നു. അതില്‍ പ്രകോപിതനായ എന്‍.പി. മുഹമ്മദ,് ജമാല്‍ മലപ്പുറത്തെ വിമര്‍ശിച്ച് 'കത്തിക്ക് വിവേകം അന്യം' എന്ന ശീര്‍ഷകത്തില്‍ പ്രബോധനത്തില്‍ തന്നെ മറുപടി എഴുതി. (വാള്യം: 48 ലക്കം:13) അതിന് ജമാല്‍ മലപ്പുറം വീണ്ടും ഒരു പ്രതികരണമെഴുതി. 'മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കിലും' എന്ന തലക്കെട്ടില്‍. അതില്‍ പ്രതിഷേധിച്ച് 'ഇസ്‌ലാം രാജമാര്‍ഗ'ത്തിന്റെ വിവര്‍ത്തകനായ എന്‍.പി തന്റെ പേര് പുസ്തകത്തില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് ശഠിച്ചു. ആ നിലപാടില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നിരവധി നാള്‍ നിരന്തരം ശ്രമിക്കേണ്ടി വന്നു. വിവര്‍ത്തക കുറിപ്പില്‍ എന്‍.പി തന്നെ അതിങ്ങനെ സൂചിപ്പിക്കുന്നു. 'രണ്ടുപേര്‍ ഈ വിവര്‍ത്തനം പൂര്‍ത്തിയാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഒന്ന് എന്റെ ഭാര്യ... രണ്ടാമത്തെയാള്‍ ഐ.പി.എച്ചിന്റെ ഭാരവാഹിയായ ശൈഖ് മുഹമ്മദ് കാരകുന്നാണ്.' ഞാനും അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനവും ഇപ്പോഴും വിപരീത ദിശയില്‍ നിലയുറപ്പിച്ചതാണ്. സൗഹാര്‍ദപരമായ അഭിപ്രായ ഭിന്നതകള്‍ ശത്രുതയുടെ നിലവാരത്തിലേക്ക് താഴുന്നില്ല. എന്നെക്കൊണ്ടിത് ചെയ്യിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കസിലെ ട്രപ്പീസിയം കളി പോലെയായിരുന്നു. ബാലന്‍സൊന്നു തെറ്റിയാല്‍ നേരെ കുത്തനെ തറയില്‍ വീണ് കൈയൊടിയും. ഞങ്ങള്‍ പലപ്പോഴും എതിരിട്ടിട്ടുണ്ട് ഈ സംരംഭത്തില്‍. എന്റെ ദുഃസ്വഭാവത്തിന്റെ ദുസ്വാദ് പലപ്പോഴും അദ്ദേഹത്തിന് സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അസാധാരണമായ അദ്ദേഹത്തിന്റെ സഹനശക്തിക്കു മുമ്പില്‍ ഞാന്‍ തോറ്റുപോയതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ വിവര്‍ത്തനം.
എന്നാല്‍ പ്രബോധനത്തിലെ ചര്‍ച്ചയുടെ കാര്യവും കാലവും മാറ്റി നിര്‍ത്തിയാല്‍ എനിക്കും പ്രൊഫസര്‍ കോയ സാഹിബിനും അനുഭവിച്ചറിയാന്‍ കഴിഞ്ഞ എന്‍.പി സ്‌നേഹസമ്പന്നനും ഉദാരനും പ്രസാദാത്മകമായ പെരുമാറ്റത്തിന്റെ ഉടമയുമാണ്. 'രാജമാര്‍ഗ'ത്തിന്റെ വിവര്‍ത്തനം പരിശോധിക്കുന്ന വേളയില്‍ നിരവധി നാളുകള്‍ ഈ ലേഖകനും കോയ സാഹിബും അദ്ദേഹത്തിന്റെ വീട്ടില്‍ രാപകലുകള്‍ കഴിച്ചു കൂട്ടിയിട്ടുണ്ട്. ആതിഥ്യമര്യാദയും സല്‍കാരപ്രിയതയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഐ.പി.എച്ചിന്റെ നിലവാരമുയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഹപ്രവര്‍ത്തകനാണ് കെ.ടി അബ്ദുസ്സലാം മേലാറ്റൂര്‍. അദ്ദേഹത്തോടൊന്നിച്ചിരുന്ന് കേരളീയ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഏറ്റം ശാശ്വതവും ഏറെ ബൃഹത്തുമായ സംഭാവനയെക്കുറിച്ച ആലോചനകള്‍ക്കിടയിലാണ് സമഗ്രമായ ഒരു ഇസ്‌ലാമിക വിജ്ഞാനകോശം എന്ന ആശയമുയര്‍ന്നുവന്നത്. അതോടെ ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന വിജ്ഞാന കോശത്തെ സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഗുണകാംക്ഷികളുമായും ചര്‍ച്ച നടത്തി. ഏകദേശ രൂപം കണ്ടതോടെ പദ്ധതി ഐ.പി.എച്ച് ഡയറക്ടര്‍ ബോര്‍ഡിന്റെയും തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയുടെയും മുമ്പില്‍ സമര്‍പ്പിച്ചു. എല്ലാ തലത്തിലും അംഗീകാരം ലഭിച്ചതോടെ ഉപദേശക സമിതിയും എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു. വിജ്ഞാനകോശത്തിന് വൈജ്ഞാനിക സംഭാവന നല്‍കാന്‍ സാധിക്കുന്നവരുടെ പട്ടിക തയ്യാറാക്കി. തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ പഠനം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് സലാം മേലാറ്റൂര്‍, പി.പി അബ്ദുറഹ്മാന്‍ കൊടിയത്തൂര്‍, പിടി. അബ്ദുറഹ്മാന്‍ മുന്നൂര് എന്നിവരോടൊന്നിച്ച് കല്‍കട്ടയിലെ നാഷണല്‍ ലൈബ്രറി, പാറ്റ്‌നയിലെ ഖുദാ ബക്ഷ് ലൈബ്രറി, ലെക്‌നോവിലെ നദ്‌വത്തുല്‍ ഉലൂം ലൈബ്രറി തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ പ്രശസ്തങ്ങളായ നിരവധി ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിച്ചു.
വിജ്ഞാന കോശത്തിന്റെ നടത്തിപ്പിനായി ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച ഡോ: എ.എ ഹലീം, കെ.എ ഹുസൈന്‍ എന്നിവരെ നിയമിച്ചു. നേരത്തെ ഐ.പി. എച്ചില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അബ്ദുറഹ്മാന്‍ മുന്നൂരും വിജ്ഞാന കോശത്തിന്റെ ജോലിയില്‍ പ്രവേശിച്ചു. വൈകാതെ കെ.ടി ഹുസൈന്‍ നദ്‌വിയും പിന്നീട് ശിഹാബുദ്ദീന്‍ ആരാമ്പ്രവും വിജ്ഞാന കോശത്തില്‍ ചേര്‍ന്നു. അങ്ങനെ 1993-ല്‍ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ ജോലിയാരംഭിച്ചു. 1995 ഡിസംബര്‍ 24-ന് ഒന്നാം വാള്യം പുറത്തിറങ്ങി. 2007-ല്‍ ഐ.പി.എച്ച് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞപ്പോഴേക്കും ഒമ്പത് വാള്യം പ്രസിദ്ധീകൃതമായി. കൃത്യം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അസിസ്റ്റന്റ് അമീറായി നിശ്ചയിക്കപ്പെട്ടതിനാല്‍ ഐ.പി.എച്ച് ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്. സ്ഥാപനത്തെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ വിവിധ തലങ്ങളിലെ പ്രാപ്തിക്കുറവ് കാരണം വേണ്ടവിധത്തില്‍ വിജയിക്കാനായില്ല. വ്യക്തിപരമായ പരിമിതികള്‍ ഐ.പി.എച്ചിന്റെ പുരോഗതിയെ ബാധിച്ചിട്ടുണ്ടോ എന്ന ഭയം പലപ്പോഴും മനസ്സിനെ വേട്ടയാടുകയും ചെയ്യാറുണ്ട്. ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും കാര്യമായ പരിക്കൊന്നും പറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഐ.പി.എച്ചില്‍ നിന്ന് വിരമിക്കുമ്പോള്‍ 510 പുസ്തകങ്ങളാണ് പുറത്തിറക്കിയിരുന്നത്. കൂടുതല്‍ കഴിവും കരുത്തുമുള്ള വ്യക്തികളെ- ടി.കെ ഫാറൂഖ്, വി.എ കബീര്‍, കെ.ടി ഹുസൈന്‍ നദ്‌വി- ഏല്‍പ്പിച്ചാണ് ഉത്തരവാദിത്തം ഒഴിഞ്ഞതെന്നത് ചാരിതാര്‍ഥ്യജനകമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top