ചികിത്സ വേണ്ടത് തൊലിപ്പുറത്തല്ല

നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനത്തെക്കുറിച്ചും ബലാല്‍സംഗവീരന്മാര്‍ക്ക് എന്ത് ശിക്ഷ കൊടുക്കണമെന്നതിനെ കുറിച്ചും ഗൗരവമായ ആലോചന നടന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹി പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് രണ്ടാഴ്ചയോളം ജീവനുവേണ്ടി കെഞ്ചി ദാരുണമായി മരണപ്പെട്ടത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ക്ക് മുമ്പില്‍ ചോദ്യമായി മാറുകയും ഭരണസിരാകേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ട് ജനകീയ മുന്നേറ്റമുണ്ടാവുകയും ചെയ്ത പാശ്ചാത്തലത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാനുള്ള ആലോചനയും അതിനുവേണ്ടി കമ്മീഷനുകളെ നിയമിക്കുകയും ചെയ്തത്. കേരളത്തിലും സ്ത്രീ സുരക്ഷക്കായി കൂടുതല്‍ നിയമങ്ങളെ കുറിച്ച് ആലോചിക്കുകയും അത് നടപ്പിലാക്കുന്നതിനാവശ്യമായ പദ്ധതികള്‍ സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ ആസൂത്രണം ചെയ്യാനുള്ള തീരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അരുതായ്മകള്‍ സമൂഹത്തില്‍ പെട്ടെന്നൊരു നാള്‍ ഉണ്ടായതല്ല. അതൊരു രീതിയും ചര്യയുമായി കൊണ്ടാടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള വെപ്രാളം കാണുമ്പോള്‍ തോന്നും ഇന്ത്യാ മഹാരാജ്യത്ത് ഇത്തരം വൃത്തികേടുകള്‍ക്ക് യാതൊരു നിയമവുമില്ലെന്ന്. സ്ത്രീക്കെതിരെ നടക്കുന്ന വിവിധ അക്രമങ്ങള്‍ക്കെതിരെ കാലാകാലങ്ങളില്‍ പല കമ്മറ്റികളുടെയും മനോഗതം അനുസരിച്ച് നിയമവും, സ്ത്രീകള്‍ക്ക് മാത്രമായി കേന്ദ്ര സംസ്ഥാന കമ്മീഷനുകളും നിലവിലുണ്ട്. അതിന്റെ തലപ്പത്തും സ്ത്രീ അധ്യക്ഷകള്‍ തന്നെയാണ്.
എന്നിട്ടും ഇക്കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് കേരളത്തില്‍ മാത്രം 15372 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തുലോം വിരളം. ദല്‍ഹിയില്‍ പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒന്ന് മാത്രമാണെന്നറിഞ്ഞത് ബസ്സിലെ സംഭവത്തോടെയാണ്. ദല്‍ഹി സംഭവം പത്രത്താളുകളില്‍ നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. യഥാര്‍ഥത്തില്‍ ശിക്ഷകളുടെ അപര്യാപ്തത കൊണ്ടല്ല ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നത്. ശിക്ഷ നടപ്പിലാക്കേണ്ടവരുടെ ആര്‍ജ്ജവക്കുറവുകൊണ്ടും അവരുടെ ആശീര്‍വാദത്തോടെയും ഒത്താശയോടെയും കാര്യങ്ങള്‍ എളുപ്പമാകുന്നതുകൊണ്ടും കൂടിയാണ്.
സ്ത്രീകള്‍ക്ക് മാന്യതയും അന്തസ്സോടെയുള്ള ജീവിതവും സാധ്യമാവണമെങ്കില്‍ അവരോടതിക്രമം ചെയ്യുന്നവരെ സമൂഹത്തിന് പാഠമാകുന്ന തരത്തില്‍ ശിക്ഷിക്കാന്‍ ഭരണകൂട നീതിന്യായ വ്യവസ്ഥകള്‍ ജാഗത്ര കാണിക്കണം. കുറ്റം ചെയ്യാനുള്ള പാശ്ചാത്തല സൗകര്യങ്ങളെ നിരാകരിക്കുകയും വേണം. യുവാക്കളെ മദ്യഷാപ്പിനു മുന്നില്‍ ക്യൂ നിര്‍ത്തിയും യുവതികളെ സൗന്ദര്യാസ്വാദന വസ്തു മാത്രമായി ചിത്രീകരിക്കുന്ന സിനിമാ- സീരിയല്‍- പരസ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചും സര്‍ക്കാര്‍ റവന്യൂ വരുമാനമുണ്ടാക്കുന്ന നയവും മാറണം. ഇതോടൊപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും- അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെയും ദലിത് ആദിവാസി സ്ത്രീകളെയും മറ്റും ഭരണകൂട മിഷനറികളായ പോലീസ് സേനാ വിഭാഗങ്ങള്‍ അധീശത്ത ചിന്തയോടെ ബലാത്സംഗം ചെയ്യുന്ന പ്രവണത ചര്‍ച്ച ചെയ്യുകയും കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുകയും വേണം.
അതിനെല്ലാമപ്പുറം തങ്ങളുടെ ആണ്‍ -പെണ്‍ മക്കള്‍ക്ക് പവിത്രമായ സ്ത്രീ പുരുഷ ബ്‌നധങ്ങളെക്കുറിച്ചും വീടിനകത്തും പുറത്തും സമൂഹ്യജീവിതത്തിലും ഇടപെടേണ്ട സാമൂഹ്യ-സദാചാര മര്യാദകളെ കുറിച്ചുമുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ജാഗ്രത കാണിക്കണം. ശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള സ്ത്രീ പുരുഷ കൂടിച്ചേരലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ വഴിവിട്ട ഉപയോഗവും നിയന്ത്രിക്കപ്പെടണം. ദൈവം പാലിക്കാന്‍ കല്‍പിച്ച ധാര്‍മിക സദാചാര വ്യവസ്ഥയെ മുഖവിലക്കെടുത്തെങ്കില്‍ മാത്രമേ ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ട മകളെ കുറിച്ചും അതിന് കാരണക്കാരനായ മകനെ കുറിച്ചും ഖേദിക്കാത്തവരായി നാം മാറൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top