മദീനാ യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന് No image

പ്രവാചക ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവം ഹിജ്റയാണ്. അത് പരാജിതന്റെ ഒളിച്ചോട്ടമായിരുന്നില്ല. ബഹിഷ്കരിക്കപ്പെട്ടവന്റെ രക്ഷപ്പെടലുമായിരുന്നില്ല. മറിച്ച് വിജയകരമായ ഒരു മുന്നേറ്റമായിരുന്നു. ഭരണാധികാരം ഏറ്റെടുക്കാനുള്ള ബോധപൂര്‍വമായ പുറപ്പാട്. ഇസ്ലാമിനെ വിജയപഥത്തില്‍ പ്രതിഷ്ഠിക്കാനുള്ള പ്രയാണം.
ഹിജ്റയോടെ ഒരു പുതിയ രാഷ്ട്രം പിറന്നു. വളരെ വ്യവസ്ഥാപിതമായ ഒരു ഭരണകൂടം സ്ഥാപിതമായി. മനുഷ്യചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം നിലനിന്ന ഭരണസംവിധാനം. പതിനാലു നൂറ്റാണ്ട് നിലനിന്ന മറ്റൊരു ഭരണകൂടവും ലോകത്ത് വേറെയില്ല.
ഒരു തുള്ളി ചോരപോലും ചിന്താതെയാണ് ഹിജ്റയിലൂടെ ഇസ്ലാമികരാഷ്ട്രം ജന്മമെടുത്തത്. ആര്‍ക്കും ഒരായുധവും എടുക്കേണ്ടി വന്നില്ല. എന്നല്ല ഹിജ്റയിലൂടെ ചെന്നെത്തിയ നാട് പ്രവാചകനെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയായിരുന്നു. ഭരണാധികാരിയായി അവരോധിക്കുകയായിരുന്നു. അവര്‍ തങ്ങളുടെ നാടായ യസ്രിബിന് പ്രവാചകന്റെ നഗരി എന്നര്‍ഥം വരുന്ന 'മദീനതുന്നബി' എന്ന പേര്‍ നല്‍കി.
നോമ്പും സകാത്തും ഹജ്ജും നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് അല്ലാഹു നബി തിരുമേനിയിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്. അപ്പോള്‍ മുസ്ലിംകള്‍ മദീനയില്‍ ചെറിയ ന്യൂനപക്ഷമായിരുന്നു. പതിനഞ്ചു ശതമാനത്തിനു താഴെ. പതിനായിരത്തിലേറെ ജനങ്ങളുണ്ടായിരുന്ന മദീനയിലെ മുസ്ലിംകള്‍ ആയിരത്തി അഞ്ഞൂറില്‍ താഴെയായിരുന്നു. എന്നിട്ടും ഇസ്ലാം അവിടുത്തെ ഭരണ വ്യവസ്ഥയായി. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന അവിടെ രൂപം കൊണ്ടു. അറുപതോളം ഖണ്ഡികകളുള്ള പ്രസ്തുത ഭരണഘടനയിലെ പാതിയോളം ഇസ്ലാമികേതര സമൂഹങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും വിശദീകരിക്കുന്നവയാണ്. മദീനയിലേത് ഒരു ബഹുസ്വര സമൂഹവും രാഷ്ട്രവുമായിരുന്നു.
ഇസ്ലാമിലെ എല്ലാ ആരാധനാ കര്‍മങ്ങളും രാഷ്ട്രവും ഭരണകൂടവുമായി ബന്ധപ്പെട്ടവയാണ്. അവയുടെ പൂര്‍ണതക്ക് ഇസ്ലാമിക രാഷ്ട്രം അനിവാര്യമാണ്. അഞ്ചുനേരത്തെ നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്ന പ്രതിനിധിയോ ആണ്. ജുമുഅ ഖുത്തുബയും അവ്വിധം തന്നെ. നോമ്പും പെരുന്നാളും ഉറപ്പിക്കേണ്ടത് ഇസ്ലാമിക ഗവണ്‍മെന്റാണ്. സകാത്ത് ശേഖരിച്ച് വിതരണം നടത്തുന്നതും ഭരണകൂടമായിരിക്കണം. ഹജ്ജിന് നേതൃത്വം നല്‍കേണ്ടത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആണ്. അതിനാല്‍ ഹിജ്റയിലൂടെയാണ് ഇസ്ലാമിലെ ഈ ആരാധനാ കര്‍മങ്ങളുടെ പൂര്‍ണാര്‍ഥത്തിലുള്ള നിര്‍വ്വഹണത്തിന് സാധ്യതയും സാഹചര്യവുമൊരുങ്ങിയത്.
അതോടൊപ്പം ഹിജ്റയിലൂടെ പുതിയൊരു സംസ്കാരവും നാഗരികതയും രൂപം കൊണ്ടു. അതുകൊണ്ടു തന്നെ ഹിജ്റ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണ്. ഖലീഫ ഉമറുല്‍ ഫാറൂഖ് ഇസ്ലാമിക കലണ്ടറിന്റെ അടിസ്ഥാനമായി ആണ് ആ മഹദ് സംഭവത്തെ സ്വീകരിച്ചത്.
പ്രവാചകന്റെ ഹിജ്റയെ അനുസ്മരിച്ച് മദീന യാത്ര നടത്താനും നബി തിരുമേനിയുടെ നഗരി കാണാനുമുള്ള മോഹം ഏതൊരു വിശ്വാസിയുടെയും മനസ്സില്‍ ആഴത്തില്‍ വേരൂന്നിയിരിക്കും. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായതോടെ മദീനയിലെത്താനുള്ള തിടുക്കത്തിലായിരുന്നു. എങ്കിലും ഏതാനും നാളുകള്‍ക്ക് ശേഷം ഡിസംബര്‍ 16 നാണ് അത് സാധ്യമായത്.
ഒരു ടാക്സി കാറിലായിരുന്നു യാത്ര. മലയാളിയായും ഇന്ത്യക്കാരനായും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാകിസ്ഥാനികളായിരുന്നു സഹയാത്രികരിലേറെ പേരും. ഇശാ നമസ്കാരത്തിന് ശേഷമായിരുന്നു യാത്ര. ക്ഷീണം കാരണം പെട്ടെന്നുറങ്ങിപ്പോയി. ഗാഢനിദ്രയിലായിരുന്നതിനാല്‍ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത് അറിഞ്ഞതേയില്ല. ബോധം തെളിഞ്ഞപ്പോള്‍ പോലീസ് വാഹനത്തിലാണ്. ശരീരവും വസ്ത്രവും രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തിലും വസ്ത്രത്തിലും പറ്റിപ്പിടിച്ച മണലില്‍ നിന്ന് മനസ്സിലായി ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചു വീണതായിരിക്കുമെന്ന്. മദീനാ ആശുപത്രിയിലേക്കാണ് പോലീസ് കൊണ്ടുപോയത്. അവിടെ പരിശോധനക്ക് നേതൃത്വം നല്‍കിയത് ഈജിപ്ഷ്യന്‍ ഡോക്ടര്‍മാരാണ്. കോളര്‍ബോണ്‍ പൊട്ടിയെന്നതൊഴിച്ചാല്‍ കൈക്കും നെറ്റിക്കും സംഭവിച്ച ചെറിയ മുറിവുകളേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടര്‍മാര്‍ വേണ്ടത്ര സമര്‍ഥരല്ലാതിരുന്നതിനാല്‍ പൊട്ടിയ എല്ല് ഘടിപ്പിച്ചത് കൃത്യതയോടെയല്ല. അത് അപ്രധാനമായ എല്ലായതിനാല്‍ പ്രശ്നമൊന്നുമില്ലെന്ന് നാട്ടിലെത്തിയ ശേഷം ഉറപ്പുവരുത്തി.
ആശുപത്രിയിലെ സംവിധാനവും ജോലിക്കാരുടെ സേവനവും പ്രത്യേകം പ്രശംസ അര്‍ഹിക്കും വിധം ഉജ്വലമാണ്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് മനസ്സിലായത്. ഉച്ചയോടെ ആശുപത്രി വിട്ടു. പോലീസുകാര്‍ നേരെ കൊണ്ടു പോയത് കോടതിയിലേക്കാണ്. അപ്പോള്‍ ഡ്രൈവറെ അറസ്റു ചെയ്തു കോടതിയില്‍ കൊണ്ടു വന്നിരുന്നു. ജഡ്ജി പ്രധാനമായും ചോദിച്ചത് "നഷ്ടപരിഹാരം വേണമോ എന്നാണ്.'' അപ്പോള്‍ ആരാണ് നഷ്ടപരിഹാരം തരികയെന്ന് അന്വേഷിച്ചു. ഡ്രൈവറാണ് കുറ്റക്കാരനെന്നും അതിനാല്‍ അയാളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും പറഞ്ഞു. സര്‍ക്കാര്‍ അതു തരുമെന്നും ഡ്രൈവര്‍ അതു അടച്ചു തീര്‍ത്തില്ലെങ്കില്‍ ജയിലിലകപ്പെടുമെന്നും ജഡ്ജി അറിയിച്ചു. അതുകൊണ്ടു തന്നെ ഞാന്‍ കാരണമായി ആ പാവം പാകിസ്ഥാനി പ്രയാസപ്പെടേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ നഷ്ടപരിഹാരം വേണ്ടതില്ലെന്ന് എഴുതിക്കൊടുത്തു. പ്രതിക്കൂട്ടിലകപ്പെട്ട ഡ്രൈവറുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി നല്‍കിയ സംതൃപ്തി ഇപ്പോഴും ഓര്‍ക്കുന്നു.
കോടതിയില്‍ നിന്നും പോലീസുകാര്‍ തന്നെ അവരുടെ വാഹനത്തില്‍ മുത്വവ്വിഫിന്റെ അടുത്തെത്തിച്ചു. കൈയിലും നെറ്റിയിലും കെട്ടുണ്ടായിരുന്നതിനാലും വലതു കൈ കഴുത്തില്‍ കെട്ടിയ വടത്തിനുള്ളിലായതിനാലും മുത്വവ്വിഫ് അബ്ദുസ്സമദ് കാശ്മീരിക്ക് കൂടെ നിര്‍ത്തുന്നതില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ശരീരത്തിലും വസ്ത്രത്തിലും മണ്ണും രക്തവും പുരണ്ടതിനാല്‍ അവ വൃത്തിയാക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ചില്ലറ സംഖ്യതന്ന് മുതവ്വിഫ് എന്നെ പറഞ്ഞു വിട്ടു. പുറത്തിറങ്ങിയപ്പോഴേക്കും കരുവാരക്കുണ്ടിലെ ഒരു മലയാളി സഹോദരനെ കണ്ടുമുട്ടി. എന്റെ നല്ലൊരു വായനക്കാരനായിരുന്നതിനാല്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കരുവാരക്കുണ്ട് സ്വദേശികളായ നാലഞ്ചു പേര്‍ ഉണ്ടായിരുന്നു. അവര്‍ എന്റെ വസ്ത്രം കഴുകിത്തരികയും കുളിക്കാന്‍ സൌകര്യമൊരുക്കുകയും ചെയ്തു. അനിവാര്യ കര്‍മങ്ങളൊക്കെ പൂര്‍ത്തീകരിച്ച ശേഷം ഭക്ഷണം കഴിച്ച് മസ്ജുദുന്നബവിയിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് മദീനയില്‍ താമസിച്ച നാളുകളത്രയും മുഴുവന്‍ പരിചരണവും നിര്‍വ്വഹിച്ചത് കരുവാരക്കുണ്ടിലെ ആ സഹോദരങ്ങളാണ്. അവരുടെ പേരും വിലാസവും കുറിച്ചെടുക്കാന്‍ വലതുകൈ തടവിലായിരുന്നതിനാല്‍ സാധിച്ചില്ല. അന്നത് കുറിച്ച് വാങ്ങാതിരുന്നത് വലിയ നഷ്ടമായി അനുഭവപ്പെടുന്നു. അപകടമുണ്ടാക്കിയ ശാരീരിക പ്രശ്നങ്ങളെക്കാള്‍ ആ വിവരം ഗര്‍ഭിണിയായ പ്രിയതമ അറിഞ്ഞാലുണ്ടാകുന്ന മാനസിക പ്രയാസത്തെ സംബന്ധിച്ച ചിന്തയാണ് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത്. അതിനാല്‍ നാട്ടില്‍ വിവരമറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നിട്ടും മൂന്നാഴ്ചക്കകം വിവരം എങ്ങനെയോ അവളുടെ കാതുകളിലുമെത്തി.
കൃത്യം പത്തു കൊല്ലത്തിനു ശേഷം സൌദി സന്ദര്‍ശന വേളയില്‍ ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് പോവുകയായിരുന്നു. തിരക്കുപിടിച്ച പരിപാടികളായിരുന്നതിനാല്‍ രാവിലെ വിമാനം വഴി പോയി വൈകുന്നേരം മടങ്ങാമെന്നായിരുന്നു തീരുമാനം. ടിക്കറ്റും അതിനനുസൃതമായി ഒരുക്കിവെച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ ഒലിപ്പുഴ സ്വദേശിയും ശാന്തപൂരം ഇസ്ലാമിയാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കെ.കെ. അബ്ദുല്ല സാഹിബാണ് എന്നെ വിമാനത്താവളത്തില്‍ വിട്ടത്. ഓഫീസിലെത്താനുണ്ടായിരുന്നതിനാല്‍ അദ്ദേഹം സ്ഥലംവിട്ടു. വിമാനത്തില്‍ കയറാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പത്രം വാങ്ങാന്‍ പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് പൈസ എടുക്കാന്‍ മറന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. മദീനാ വിമാനത്താവളത്തില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ പണം വേണം. ഭക്ഷണം കഴിക്കാതിരുന്നാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുകയില്ല. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നു. ഉടനെത്തന്നെ എന്തെങ്കിലും ഒരു വഴി ഉണ്ടാകുമെന്നും അല്ലാഹു പ്രയാസപ്പെടുത്തുകയില്ലെന്നും മനസ്സ് മന്ത്രിച്ചു. അല്ലാഹുവില്‍ ഭരമേല്‍പിച്ച് വിമാനത്തില്‍ കയറി. വിമാനം പുറപ്പെടാറായപ്പോള്‍ അടുത്തിരിക്കുന്ന സഹയാത്രികനുമായി പരിചയപ്പെട്ടു. ലണ്ടനില്‍ സ്ഥിരതാമസക്കാരനായ പാകിസ്ഥാന്‍ സ്വദേശി. സംസാരത്തിനിടയില്‍ പ്രൊഫസര്‍ ഖുര്‍ശിദ് അഹമ്മദിനെയും ലണ്ടനില്‍ താമസിക്കുന്ന സഹോദരന്‍ അനീസ് അഹമ്മദിനെയും അറിയുമോ എന്നു ചോദിച്ചു. അത് അദ്ദേഹത്തില്‍ കൌതുകമുണര്‍ത്തി. അതിനാല്‍ എന്നോട് തിരിച്ചു ചോദിച്ചു. "ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള താങ്കള്‍ക്കെങ്ങനെ അവരെ അറിയാന്‍ സാധിച്ചു.'' ആ സന്ദര്‍ഭം ഉപയോഗിച്ച് ഞാനെന്റെ വായനാനുഭവം വിശദീകരിച്ചു. അത്യാവശ്യമുള്ളത്ര സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. സംസാരം മുന്നോട്ട് പോവുകയും ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്തപ്പോള്‍ ഞാന്‍ ചോദിച്ചു: "മടക്കം എപ്പോഴാണ്?'' ഞാന്‍ മടങ്ങുന്ന അതേ വിമാനത്തിലാണ് എന്ന് അറിയിച്ചപ്പോള്‍ ഞാനെന്റെ നിസ്സഹായത വ്യക്തമാക്കി. അത്യാവശ്യമുള്ള സംഖ്യ കടം ചോദിച്ചു. മടക്കത്തില്‍ ജിദ്ദാ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചു കൊടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അങ്ങനെ മദീനാ സന്ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ ഒരേ വിമാനത്തില്‍ ജിദ്ദയില്‍ വന്നിറങ്ങി. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അവിടെ എത്തിയിരുന്ന കൊണ്ടോട്ടിയിലെ പറമ്പാടന്‍ കുഞ്ഞി മുഹമ്മദ് സാഹിബില്‍ നിന്നും കടം വീട്ടാനാവശ്യമായ സംഖ്യ വാങ്ങി അദ്ദേഹത്തിന് നല്‍കി. വളരെ പ്രയാസപ്പെട്ട ഘട്ടത്തില്‍ വലിയ ഉപകാരം ചെയ്ത ആ സുഹൃത്തിനോട് നന്ദിപറഞ്ഞ് പിരിഞ്ഞു. ഈ സംഭവം മനസ്സില്‍ എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കി. പിന്നീട് എത്ര കടുത്ത പ്രതിസന്ധി വരുമ്പോഴും അല്ലാഹു തുണക്കുമെന്ന വിശ്വാസവും പ്രതീക്ഷയും വലിയ കരുത്തും പ്രത്യാശയും നല്‍കിപ്പോന്നു. ഭൌതിക സാധ്യതകളൊന്നുമില്ലാതിരിക്കുമ്പോള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും ഭരമേല്‍പ്പിക്കാനും സാധിക്കുകയെന്നത് മഹാഭാഗ്യം തന്നെ. വിശ്വാസികള്‍ക്കു മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.ഭൂമിയില്‍ അവരനുഭവിക്കുന്ന ഏറ്റവും വലിയ അനുഗ്രഹവും അതുതന്നെ. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top