ആദ്യത്തെ ഹജ്ജനുഭവം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ചെറുപ്രായത്തില്‍ നമസ്‌കാരം ആരംഭിച്ചതോടെ കഅ്ബയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അത് എന്താണെന്നും എങ്ങനെയാണെന്നും അറിയാനുള്ള ബാല്യ സഹജമായ കൗതുകം മനസ്സിലുദിച്ചു. വളര്‍ന്നു വരുംതോറും അത് കാണാനുള്ള കൊതിയും കൂടിക്കൊണ്ടിരുന്നു. എന്നാല്‍ അന്നത്തെ ചുറ്റുപാടില്‍ അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനോ സ്വപ്നം കാണാനോ സാധ്യമായിരുന്നില്ല.
ആദ്യ വിദേശയാത്രയുടെ ആലോചനാവേളയില്‍ തന്നെ കഅ്ബയുടെ അടുത്തെത്തി ഹജ്ജ് നിര്‍വഹിക്കാനുള്ള സാധ്യതയെ സംബന്ധിച്ച ചിന്ത രൂപപ്പെട്ടിരുന്നു. എങ്കിലും അത് സാധ്യമാകുമോ എന്ന കടുത്ത ആശങ്ക നിലനിന്നു. സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുന്നവര്‍ക്ക് ഹജ്ജിനുപോകാന്‍ അനുമതി ലഭിക്കാന്‍ പ്രയാസമാണെന്ന് പല പരിചിതരും പറഞ്ഞിരുന്നു. കുവൈത്തിലേക്കുള്ള യാത്രോദ്ദേശ്യം ഹജ്ജിനുമുമ്പ് പൂര്‍ത്തീകരിക്കപ്പെടുമോയെന്ന ഭയവുമുണ്ടായിരുന്നു.
ജമാല്‍ മലപ്പുറത്തിന്റെ സഹായത്തോടെ കുവൈത്ത് ദൗത്യം ഒട്ടൊക്കെ പൂര്‍ത്തിയാക്കി. ബാക്കി കാര്യങ്ങള്‍ അദ്ദേഹം സ്വയം ഏറ്റെടുക്കുകയും ചെയ്തു. അതോടെ ഹജ്ജിനു വഴി തെളിഞ്ഞു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. കുവൈത്ത് ഔഖാഫ് മന്ത്രാലയം തന്നെ ഹജ്ജ് വിസക്കാവശ്യമായ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതോടെ മക്കയിലെത്തി ഹജ്ജ് നിര്‍വഹിക്കാന്‍ ഹൃദയം തുടികൊട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും പി.കെ ജമാല്‍ സാഹിബ് ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞിരുന്നു. ജമാല്‍ മലപ്പുറം നേരത്തെ ഹജ്ജ് നിര്‍വഹിച്ചിരുന്നതിനാലും കുവൈത്തില്‍ ചില ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നതിനാലും യാത്ര തനിച്ചായിരുന്നു.
1977- നവംബര്‍ 13-ന് രാവിലെ 7.30-ന് കുവൈത്ത് എയര്‍വെയ്‌സില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. കൂടെ പരിചിതര്‍ ആരുമുണ്ടായിരുന്നില്ല. എന്നല്ല, മലയാളിയായി ഞാനേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള സീറ്റിലിരുന്ന കുവൈത്ത് സ്വദേശി ഞാന്‍ ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഉസ്താദ് മൗദൂദിയെ അറിയുമോ എന്നായിരുന്നു. ഇതെന്നില്‍ അതിരറ്റ അഭിമാനബോധമുണര്‍ത്തി.
വിമാനത്തില്‍ കയറുന്നതിനു മുമ്പുതന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഒരു മണിക്കൂറും പത്ത് മിനുട്ടും പിന്നിട്ടപ്പോഴേക്കും ജിദ്ദ വിമാനത്താവളത്തില്‍ എത്തി. അന്ന് ഹജ്ജിന് എത്തുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ടെര്‍മിനലുണ്ടായിരുന്നില്ല. ജിദ്ദ വിമാനത്താവളം ഇന്നത്തെപ്പോലെ വികസിതമോ പരിഷ്‌കൃതമോ സൗകര്യപ്രദമോ ആയിരുന്നില്ല. കസ്റ്റംസ് പരിശോധന വളരെ ലളിതവും സുഖകരവുമായിരുന്നെങ്കിലും പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കിട്ടാന്‍ എഴ് മണിക്കൂര്‍ എടുത്തു. അക്കാലത്ത് വിമാനത്താവളം ശീതികരിച്ചിരുന്നില്ല. എന്നല്ല; ഫാന്‍ പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ ഏഴ് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നത് പ്രായമായവരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. അന്നും ഇന്നത്തെപ്പോലെ തന്നെ വിമാനത്താവളം വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പെട്ടവരില്‍ നല്ലൊരു ശതമാനം മലയാളികളായിരുന്നു.
ജിദ്ദ- മക്ക ബസ് യാത്രയും ഇന്നത്തെ അപേക്ഷിച്ച് ദുഷ്‌കരമായിരുന്നു. എങ്കിലും മക്കയിലെത്താനും കഅ്ബ കാണാനുമുള്ള മനസ്സിന്റെ തിടുക്കം എല്ലാ പ്രയാസങ്ങളെയും ശാരീരിക ക്ഷീണത്തെയും മറപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു. അസര്‍ നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പേ മക്കയിലെത്തി. മലപ്പുറം ജില്ലയിലെ ചെറുകോട്ടുകാരനായ സുഹൃത്തിനെ സഹായത്തിനു ലഭിച്ചതിനാല്‍ കര്‍മങ്ങളെല്ലാം അനായാസം നിര്‍വഹിക്കാന്‍ സാധിച്ചു. ഹജ്ജിനെയും ഉംറയെയും സംബന്ധിച്ച് എത്ര വിശദമായി പഠിച്ചാലും പരസഹായം കൂടാതെ അവ നിര്‍വഹിക്കാനാവില്ലെന്ന് അനുഭവം എന്നെ ബോധ്യപ്പെടുത്തി.
മക്കയില്‍ സ്ഥിരതാമസമാക്കി സൗദി പൗരത്വം നേടിയ ഉത്തരേന്ത്യക്കാരന്‍ യൂസുഫ് സൈഫുദ്ദീനായിരുന്നു മുത്വവ്വിഫ്. വളരെ നല്ലവനും സ്‌നേഹസമ്പന്നനുമായ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച സ്‌നേഹവും സഹകരണവും ഒരിക്കലും മറക്കാനാവാത്തവിധം ഹൃദ്യമായിരുന്നു. ഇന്ത്യക്കാരനായി ഞാന്‍ മാത്രമേ അദ്ദേഹത്തിന്റെ ഹാജിമാരായി ഉണ്ടായിരുന്നുള്ളുവെന്നതും പ്രത്യേക പരിഗണനക്ക് കാരണമായിട്ടുണ്ടാവാം.
വിശുദ്ധ മക്കയില്‍ കാലെടുത്തുവെച്ചപ്പോഴുണ്ടായ മാനസികാവസ്ഥയും കഅ്ബ കണ്ണില്‍ പെട്ടപ്പോള്‍ ഉണ്ടായ വികാരവിചാരങ്ങളും കുറിച്ചിടാന്‍ എന്റെ വശം വാക്കുകളോ ഭാഷയോ ഇല്ല. സാധ്യമാകുംവിധം ഞാനത് എന്റെ ഹജ്ജ് യാത്രാ വിവരണകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഹജ്ജ്: ചര്യ, ചരിത്രം, ചൈതന്യം' എന്ന പ്രസ്തുത പുസ്തകത്തിന്റെ ആദ്യപതിപ്പ് കോട്ടയം 'ഡി.സി ബുക്‌സും' രണ്ടാം പതിപ്പ് 'വചനം ബുക്‌സും' മൂന്നാം പതിപ്പ് 'മാതൃഭൂമി ബുക്‌സു'മാണ് പ്രസിദ്ധീകരിച്ചത്. എന്റെ സുഹൃത്ത് എം.പി അബ്ദുസ്സമദ് സമദാനിയാണ് അതിന് അവതാരിക എഴുതിയത്.
ഹജ്ജ് യാത്രയിലെ മാനസികാവസ്ഥ, ഹുദൈബിയാ സന്ധിയെ സംബന്ധിച്ച സ്മരണകളുണര്‍ത്തുന്ന ശുമൈസി, വിശുദ്ധ മക്കയുടെ ചരിത്രവും സവിശേഷതയും, മക്കയുടെ മാതാവായ ഹാജറയുടെ ചരിത്രവും ത്യാഗവും, കഅ്ബയുടെ ചരിത്രവും പ്രാധാന്യവും, ത്വവാഫിന്റെ ചൈതന്യം, ത്വവാഫിലെ പ്രബഞ്ചഘടനയോടുള്ള താദാത്മ്യം, സംസമെന്ന മരുഭൂമിയിലെ മഹാത്ഭുതം, സഅ്‌യിന്റെ ചരിത്രവും അതുണര്‍ത്തുന്ന ചിന്തകളും, മക്ക ഉള്ളിലൊതുക്കിയ മഹത്‌വ്യക്തികളുടെ മഹിതസ്മരണകള്‍ , മിനായെന്ന പ്രത്യാശയുടെ താഴ്‌വര, അറഫയിലെ പകല്‍, വിശപ്പും ദാഹവും മറപ്പിക്കുന്ന ആത്മീയാനുഭവം, ബലിയുടെ പൊരുള്‍, പ്രഭാതം വിടര്‍ന്ന ഹിറാ ഗുഹയില്‍, ഹിജ്‌റ സ്മരണകളുണര്‍ത്തുന്ന സൗര്‍ ഗുഹയില്‍, നബിയുടെ നഗരി നല്‍കുന്ന നിര്‍വൃതി, ചരിത്രസാക്ഷ്യങ്ങള്‍ തുടങ്ങിയവയെല്ലാം കഴിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് പരമാവധി ലളിതമായും ഹൃദ്യമായും അതില്‍ കുറിച്ചിട്ടിട്ടുണ്ട്.
2003-ല്‍ പ്രിയതമയോടൊന്നിച്ചും അതിനുമുമ്പ് അവരുടെ മാതാവിനോടൊന്നിച്ചും ഹജ്ജ് നിര്‍വഹിച്ച ശേഷമാണ് പ്രസ്തുത കൃതി രചിച്ചത്. അതുകൊണ്ട് തന്നെ ഈ ഓര്‍മക്കുറിപ്പുകളില്‍ ഹജ്ജുമായി ബന്ധപ്പെട്ടവയൊന്നും ഉള്‍പ്പെടുത്തുന്നില്ല.
ശാന്തപുരത്തെ പി.കെ അബ്ദുല്ല മൗലവി നെടിയിരുപ്പ് ടി. മുഹമ്മദ് മൗലവി, എം.വി മുഹമ്മദ് സലീം മൗലവി, ഹൈദരലി ശാന്തപുരം, ഡോ. സഈദ് മരക്കാര്‍, അബുല്‍ജലാല്‍ മൗലവി, എം. മുഹമ്മദ് മൗലവി, ടൊറണ്ടോയിലെ വി.പി അഹമ്മദ് കുട്ടി, അവിടത്തെ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറായിരുന്ന ടി.കെ ഇബ്‌റാഹീം ഹുസയിന്‍ തുടങ്ങിയവരെല്ലാം കൂടെയുണ്ടായിരുന്നതിനാല്‍ ഹജ്ജ് കര്‍മങ്ങളെല്ലാം അനായാസം നിര്‍വഹിക്കാന്‍ സാധിച്ചു. അന്നത്തെ ഹജ്ജ് അനുഭവങ്ങള്‍ തുടര്‍ന്നുള്ളവക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്തു. അബുല്‍ജലാല്‍ മൗലവിയും എം. മുഹമ്മദ് മൗലവിയും ടി മുഹമ്മദ് മൗലവിയും ഇന്ന് നമ്മോടൊപ്പമില്ല.
ജമാഅത്തെ ഇസ്‌ലാമി അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ്, ദഅ്‌വത്ത് പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിം സാഹിബ്, പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മിയാന്‍ തുഫൈല്‍ മുഹമ്മദ്, മൗലാനാ മൗദൂദിയുടെ സെക്രട്ടറി ഖലീല്‍ ഹാമിദി, ബംഗ്ലാദേശ് മുന്‍ അമീറും ലണ്ടനില്‍ പ്രവാസിയുമായ ഗുലാം അഅ്‌സം, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ അബ്ദുറഹീം സാഹിബ് തുടങ്ങിയവരുമായി പരിചയപ്പെടാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചത് മഹാഭാഗ്യമായി കരുതുന്നു. പ്രമുഖപണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് ഖുതുബ് മിനായിലും തുര്‍ക്കിയിലെ ഇസ്‌ലാമിക നവജാഗരണത്തിന്റെ ഊര്‍ജസ്രോതസ്സായ നജ്മുദ്ദീന്‍ അര്‍ബകാന്‍ മുസ്‌ലിം വേള്‍ഡ് ലീഗ് യോഗത്തിലും നടത്തിയ പ്രഭാഷണങ്ങള്‍ അവിസ്മരണീയമായ അനുഭവമായിരുന്നു. പിന്നീടുള്ള ഹജ്ജ് വേളകളിലൊന്നും ഇത്രയേറെ മഹത് വ്യക്തികളെ ഒന്നിച്ച് കാണാനോ ബന്ധപ്പെടാനോ അവസരം ലഭിച്ചിട്ടില്ല.
കൂടുതല്‍ അവധാനതയോടെയും സാവധാനത്തിലും നിര്‍വഹിക്കാന്‍ സാധിച്ചത് കുടുംബിനിയോടൊന്നിച്ചുള്ളതും അവരുടെ മാതാവിന്റെ കൂടെയുള്ളതുമാണെങ്കിലും വളരെയേറെ വികാരനിര്‍ഭരവും ഹൃദയസ്പര്‍ശിയുമായ ഹജ്ജനുഭവം ആദ്യത്തേതു തന്നെ. അന്നത്തെ അനുഭവ പരിചയം പിന്നീടുള്ളവയുടെ നിര്‍വഹണത്തില്‍ ഏറെ സഹായകമായി വര്‍ത്തിക്കുകയും ചെയ്തു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top