ആകാശം പൊട്ടിപ്പിളരുന്ന നേരങ്ങള്‍

ജുവൈരിയ സലാം

''ഹാവൂ...! ജീവിതത്തിലെ നെടുനാളത്തെ ഒരു സ്വപ്നമാണ് പൂവണിയുന്നത്.'' അയാള്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന വീട് നോക്കി നെടുവീര്‍പ്പിട്ടു.
''അത് പിന്നെ പറയണോ, ഞാനും എന്നേ താലോലിച്ച കിനാവുകളിലൊന്നല്ലേ...''  സലീനയുടെ മനസ്സിലും നിര്‍വൃതിയുടെ മഴച്ചാര്‍ത്ത്.
''കിനാവുകള്‍ വേറെയും ഉണ്ടായിരുന്നോ''
 ''ഏറ്റവും മധുരമുള്ള കിനാവല്ലേ എന്റെ ഇക്ക''
അന്നേരം അവളുടെ കണ്‍കോണുകളില്‍ പ്രകാശം പൂവിട്ടിരുന്നു. ഓര്‍മകളിലെ പട്ടിണിയുടെയും പ്രാരാബ്ധത്തിന്റെയും ഭൂതകാലം അവള്‍ക്ക് മുന്നിലൂടെ മിന്നിമറിഞ്ഞു. താന്‍ പുര നിറഞ്ഞ് നില്‍ക്കുന്നതും പിന്നാലെ നാലുപേര്‍ വളര്‍ന്നുവരുന്നതും നെടുവീര്‍പ്പോടെ കാണാനുള്ള വിധിയേ ഉമ്മക്കുണ്ടായിരുന്നുളളൂ. കടത്തിന്റെയും കഷ്ടപ്പാടിന്റെയും  ഇടയിലായിരുന്നു ഉപ്പ. ഒടുവില്‍ മരം വെട്ടുകാരനായ ഉപ്പ മരത്തിന്റെ നെറുകയില്‍ നിന്ന് ....
'' നീയെന്താ കരയുകയാണോ എന്തുപറ്റി സലീ...?''
''ഏയ് ഇക്കാക്ക് തോന്നിയതായിരിക്കും.''
''പറയ,് എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും?''
''ഒന്നുമില്ല, ഈ സൗഭാഗ്യങ്ങളൊക്കെ കണ്ട്...''
''ഓ അത്രേയുള്ളൂ. ഇതിപ്പോള്‍ കണ്ണീര്‍ വാര്‍ക്കാനുള്ള സമയമല്ലല്ലോ, ആസ്വദിക്കേണ്ട മുഹൂര്‍ത്തമല്ലേ...'' അയാള്‍ അവളുടെ കവിളിണയില്‍ ചാലുകീറിയ മിഴിബാഷ്പം കരംകൊണ്ട് തുടച്ചു.
''സലീ... കരയുമ്പോള്‍ ഈ മുഖമെത്ര മനോഹരമാണ്! ഈറനണിഞ്ഞ കരിനീല മിഴികള്‍ക്കു താഴെ ചെമന്ന കവിളിണ''
''ഓ..ഓ.. കവിത വരണ്ണ്ട്‌ലേ...''
''കളിയാക്കാതെ പൊന്നേ... നീ കണ്ടോ, ഒരിക്കല്‍ ഈ അഴകില്‍ എന്റെ മനസ്സിന്റെ മുനമുക്കി ഞാനൊരു കവിത കുറിക്കും.''
''തമാശ പറഞ്ഞിരുന്നാല്‍ മതിയോ ഇക്കാ. തിരക്കു പിടിച്ച പണികള്‍ ഇനിയും ബാക്കിയുണ്ട്.'' അവര്‍ ജോലി തീര്‍ന്ന ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങി. എല്ലാം ഗംഭീരം! മനോഹരമായ ഫിനിഷിംഗ്. ചേതോഹരമായ കൊത്തുപണിയും ചിത്രാലങ്കാരവും വീടിന് കാല്‍പനിക ഭാവം പകരുന്നു.
 ''എങ്ങനെയുണ്ടെടീ പ്‌ളാനും ഡിസൈനുമൊക്കെ?''
''ഉഷാര്‍! എന്തൊരു പകിട്ടും പത്രാസും. ഗള്‍ഫിലെ കത്തുന്ന സൂര്യനു ചുവട്ടില്‍ ചോര നീരാക്കുമ്പോഴും ഈ മാളികയുടെ സ്വപ്നമാണ് എനിക്ക് കുളിരായി നിന്നത്.''
''അതുശരി, ഇപ്പോള്‍ ഈ പാവം ഔട്ട്.''
''സലീ  ആ മണിമാളികയില്‍ മാണിക്യ കൊട്ടാരത്തില്‍ ഞാനൊരു രാജകുമാരിയെ വാഴിച്ചിരുന്നു. ഈ രാജാത്തിയുടെ ഓര്‍മയുടെ ലഹരിയാണ് വന്യമായ ഏകാന്തതയിലും എനിക്ക് ഊര്‍ജമായി നിന്നത്.''
''എനിക്കറിയൂലേ എന്റെ ഇക്കാക്ക് എന്നും ആശയും ആവേശവുമായി നിന്നത് ഈയുള്ളവളാണെന്ന്.'' അവളുടെ അധരങ്ങള്‍ അഭൗമികമായ വികാരവര്‍ഷത്താല്‍ വിറപൂണ്ടിരുന്നു. ''നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന നാള്‍ മുതല്‍ ഞാന്‍ താലോലിച്ചുപോന്ന സ്വപ്നത്തിന്റെ സഫലീകരണം കൂടിയാണിത്.'' അയാള്‍ കൂട്ടിച്ചേര്‍ത്തു.
''കുടിയിരിക്കല്‍ പെട്ടെന്ന് നടത്തണം. എനിക്ക് തിരിച്ചു പോവാനായി.''
 ''ശരിയാ, എന്തിനാ വൈകിക്കുന്നത്?''
''ഹൗസ്‌വാമിംഗ് ഗംഭീരമായിരിക്കണം. ഒരാഘോഷത്തിനും ഭാഗ്യമില്ലാതെ പോയവളാണല്ലോ നീ. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഇതൊരു ഉത്സവമാകട്ടെ.'' അയാളുടെ കണ്ണുകള്‍ ഭാവസാന്ദ്രമായി. കുളിര്‍മഴ തലച്ചോറിലെവിടെയോ പെയ്യുന്നതായി അയാളറിഞ്ഞു.
''ഞാനും വിചാരിക്കാഞ്ഞിട്ടല്ല, കൊല്ലം രണ്ടുമൂന്നു കഴിഞ്ഞിട്ടല്ലേ മക്കള്‍ ഉപ്പയേ കാണൂ.''
''ദാ നോക്ക് ഇത് ഇങ്ങനെയായിരുന്നില്ല ഫിറ്റ് ചെയ്യേണ്ടിയിരുന്നത്.'' മേഞ്ഞുനടന്ന അയാളുടെ കണ്ണുകള്‍ അവിടെ എവിടെയോ ഉടക്കി. അയാള്‍ കൈ ചൂണ്ടിയിടത്തേക്ക് അവള്‍ കണ്ണെറിഞ്ഞു. ശരിയാണ് ചുമരില്‍ ഘടിപ്പിച്ച കണ്ണാടി അകവും പുറവും മാറിപ്പോയിരിക്കുന്നു.
''എന്താ ഇനി ചെയ്യാ, എല്ലാം ഇങ്ങട്ത്ത്‌ലേ''
''അതിനെന്താ ആശാരിയേയും വിളിച്ച് ഞാനുടനെ വരാം.''
''ഇപ്പോ ഇനി എങ്ങോട്ട് പോകാനാ നേരം''
''സാരമില്ലെന്നേ,  മക്കളേ.. ഉപ്പച്ചി ഇപ്പം വരാം കേട്ടോ''
'' ഉപ്പച്ചി പോണ്ടാ'' ഇളയ മകന്‍ ഫാസില്‍ ചിണുങ്ങാന്‍ തുടങ്ങി. അവന്‍ ഉപ്പയെ ഓടിവന്ന് ചുറ്റിപ്പിടിച്ചു. അയാള്‍ അവന്റെ അവകാശമാണല്ലോ, അവന് പിതാവിനെ കണ്ട് മതിവന്നിട്ടില്ല. അയാളുടെ നെഞ്ചിന്റെ ഊഷ്മളതയില്‍ കുതൂഹലം കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ''മോന് ഉപ്പച്ചി ഹലുവ വാങ്ങിക്കൊണ്ടരാം.''
''ഉറപ്പാണല്ലോ''
''ഓ''
''നിക്കും ഇക്കാക്കക്കും സൈക്കിളും'' രണ്ടാമന്റെ ഡിമാന്റ്.
''അതൊക്കെ നാളെ കോഴിക്കോട് പോകുമ്പോ''
 ''മാനാഞ്ചിറ സ്‌ക്വയറിലും പോണേ.'' അത് മൂത്തവന്റെ അഭിലാഷമാണ്. കുറെനാളായി അവന്‍ മനസ്സില്‍ താലോലിച്ചു വരുന്ന മോഹമാണ് കുടുംബമൊന്നിച്ചൊരു യാത്ര.
''സമ്മതിച്ചേ, ബീച്ചില്‍ പോകാം, സര്‍കസ് കാണാം, ഐസ്‌ക്രീം കഴിക്കാം- പോരെ.'' അയാളുടെ വാക്കുകള്‍ ആവേശത്തിന്റെ മലമുകളിലേക്ക് ആരോഹണം ചെയ്യുകയായിരുന്നു അപ്പോള്‍.
''കുട്ടികളൊക്കെ ഇങ്ങ്‌പോരെ, ഉപ്പച്ചി പൊയ്‌ക്കോട്ടെ''
സലീന അവരെ ശാസിച്ചു. പുറപ്പെടാന്‍ കാലുകള്‍ മുന്നോട്ട്‌വെച്ചെങ്കിലും അജ്ഞാതമായ സമ്മര്‍ദത്തില്‍ അയാള്‍ പിറകോട്ട് നോക്കി. അരുമക്കിടാവ് തന്റെ നേരെ കൈനീട്ടി നില്‍ക്കുന്നു. കൊടുങ്കാറ്റിന്റെ തീക്ഷ്ണതയില്‍ അയാള്‍ അവനെ വാരിപ്പുണര്‍ന്നു. പിന്നെ അയാള്‍ അകലങ്ങളിലേക്ക് മറഞ്ഞു.
'' മോനേ നാസി, സമയമെത്രയായി''
''പത്തു മണിയായല്ലോ ഉമ്മച്ചി.''
''ഉപ്പച്ചി ഇനിയും വന്നില്ലല്ലോ'' സലീനയുടെ മസ്തിഷ്‌കത്തില്‍ പുക പൊങ്ങി. ''അതാ ഞാനും ആലോചിക്കണത്. ഇവിടെ നമ്മള്‍ ഒറ്റക്കല്ലേ ഉള്ളൂ എന്ന് ഉപ്പച്ചിക്കറിയുന്നതല്ലേ.''
''വേറെ എന്തെങ്കിലും ജോലി കാണും. കൂട്ടുകാര് കുറെ ഉള്ളതല്ലേ.'' അവള്‍ ആത്മഗതം ചെയ്തു.
''ഇങ്ങോട്ട് വരട്ടെ, ഇന്ന് പിണങ്ങിയിട്ട് തന്നെ ബാക്കി കാര്യം.'' അവളുടെ അന്തരംഗത്ത് പരിഭവം പരന്നു. കണ്ടന്‍പൂച്ചയുടെ കരച്ചില്‍ കേട്ടാണ് സലീന ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. മുറിച്ചുവെച്ച മീനില്‍ കണ്ണ് വെച്ച് കുറേ നേരമായി മര്‍ജാരകുമാരന്‍ പ്രദക്ഷിണം തുടങ്ങിയിട്ട്.
പുഴമീന്‍ അയാളുടെ ലഹരിയാണ.് ഗള്‍ഫില്‍ നിന്നും വന്നതില്‍ പിന്നെ സ്വാദിഷ്ടമായതൊന്നും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ഈ പുഴമീന്‍ വറുത്ത് ഊട്ടണം, സ്‌നേഹവിരുന്നായി.  നിര്‍വൃതിയുടെ നിലാവെളിച്ചത്തില്‍ അവള്‍ മസാലക്കൂട്ട് കൊണ്ട് മീന്‍ കഷ്ണങ്ങള്‍ പൊതിഞ്ഞു.
'' ഈ പ്രേമോപഹാരം ഒരുപാട് ഇഷ്ടമായി സലീ..'' എന്ന് മൊഴിയുന്നത് കേട്ട് തന്റെ മനസ്സ് കുളിരണിയണം.
''ഉപ്പച്ചി ഹല്‍വ കൊണ്ടോന്നോ ഉമ്മച്ചീ?''
''ഫാസിമോന്‍ ഉറങ്ങീല്ലേ!''
''ഞാനൊറങ്ങൂലാ ഹല്‍വ കിട്ടീട്ടേ ഒറങ്ങൂ.'' ഫാസില്‍ വാശിയിലാണ്.
''ദേ ഞാനീ വരച്ചതൊന്ന് നോക്കിയേ ഉമ്മച്ചീ'' റാസി അപ്പോഴേക്കും എന്തോ കൗതുകം ഒപ്പിച്ചിട്ടുണ്ട്. സലീന അവന്റെ കൈയിലെ വെള്ള കടലാസിലേക്ക് ദൃഷ്ടികളയച്ചു. നിറയെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. ''ഈ സൈക്കിളില്‍ ആരാന്നറ്യോ? മുന്നില്‍ ഇക്കാക്കയും പിന്നില്‍ ഞാനും. ഇത് ഫാസി, ഹല്‍വ തിന്ന്ണ്.''
''ഉപ്പക്ക് കവിതാ കമ്പം. മോന് ചിത്രോം, ജോറായീണല്ലോ..'' അവള്‍ മോന്റെ പുറത്ത് മെല്ലെ കൊട്ടി.
''ഈ നിക്കണദ് ഉമ്മച്ചി''
''ആ വിമാനത്തില്‍ കേറ്ണത് ആരാ?''
''അത് ഉപ്പച്ചി''
സലീന ആ ചിത്രത്തിലേക്ക് ഗാഢമായി നോക്കി. കടും ചുവപ്പ് നിറമായിരുന്നു അതിന്.
''ഉപ്പച്ചി ഗള്‍ഫിലേക്ക് വിമാനം കേറിപ്പോണത് ഉമ്മച്ചി നോക്കി നിക്കണത് കണ്ടില്ലേ?''
''മോനേ''
''എന്താ ഉമ്മച്ചീ''
''...........''   
കുനിഞ്ഞിരിക്കുന്ന ഉമ്മയുടെ മുഖം അവന്‍ പിടിച്ചുയര്‍ത്തി. അപ്പോള്‍ അവന്റെ കൈയില്‍ ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു വീണു.
''ഉമ്മച്ചീ...''
''മോനെ, ആ ചിത്രം ചീന്തിക്കളയെടാ.'' അവന്റെ കണ്ണില്‍ ആശ്ചര്യം.
പെട്ടെന്ന് പുറത്ത് വണ്ടിയുടെ ആരവം.
''ഹായ് ഉപ്പച്ചി വന്നതാ''
അവന്‍ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. സലീന ജനലിലൂടെ നോക്കി. ഒന്നും വ്യക്തമാകുന്നില്ല.
''ഹോ, ഇപ്പോഴെങ്കിലും ഇങ്ങെത്തിയല്ലോ. അവള്‍ സാരിത്തുമ്പ് കൊണ്ട് മിഴിയിണ തുടച്ചു. മുഖം കഴുകി. കണ്ണാടിയില്‍ നോക്കി. ഇപ്പോള്‍ മുഖം മുമ്പത്തേക്കാള്‍ പ്രസാദാത്മകമാണ്. ചുണ്ടുകള്‍ സര്‍വോപരി വശ്യം. അവള്‍ തന്റെ പ്രതിച്ഛായ നോക്കി മന്ദഹസിച്ചു. പൂനിലാവ് പൂക്കുന്നതു പോലെ! മിഴികളില്‍  പ്രകാശം പൂവിട്ട് നില്‍ക്കുന്നു.
''ഉപ്പച്ചീ.. ഉപ്പച്ചീ''
നാസി നീട്ടി വിളിച്ചു. പോളിഷ് ചെയ്യാത്ത സിമന്റുഭിത്തിയുടെ രൗദ്രമായ സുഷിരങ്ങളിലേക്കും  പുറത്ത് മൗനത്തിന്റെ ആഴങ്ങളിലേക്കും ആ ശബ്ദം ഊര്‍ന്നിറങ്ങി.
''എന്തേ മക്കളേ ഉപ്പച്ചി?'' അയാളുടെ പാദപതനത്തിന് അവള്‍ കാതോര്‍ത്തു.
നിമിഷങ്ങള്‍ ചൂട് പിടിക്കുന്നു.
''ഇക്ക ഇനിയുമെന്തേ പടി കയറി വരാത്തേ?''
തന്റെ മസ്തിഷ്‌കത്തിന്റെ അടരുകളില്‍ എവിടെയോ വിഭ്രാന്തിയുടെ നാമ്പ് കിളിര്‍ക്കുന്നത് അവള്‍ അറിഞ്ഞു. ആരാണ് അടക്കം പറയുന്നത്... ആരൊക്കെയാണ് നടന്നടുക്കുന്നത്... മനസ്സില്‍ എവിടെയൊക്കെയോ സൂചിമുനകള്‍ ചുട്ടുപഴുക്കുന്നു.
അപ്പോള്‍ കൂടുതല്‍ തെളിഞ്ഞു വന്ന വെളിച്ചത്തില്‍ അവളത് വായിച്ചു:
'ആംബുലന്‍സ്!'
പൊടുന്നനെ രാക്ഷസീയമായ ഇടിമിന്നലിന്റെ അണമുറിയാത്ത പ്രവാഹത്തില്‍ ആകാശം പൊട്ടിപ്പിളരുകയും ഭൂമി കടപുഴകുകയും ചെയ്തു.   |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top