ഇമാം അബൂഹനീഫയുടെ ഇടപെടല്‍

സഈദ് മുത്തനൂര്‍ No image

മാം അബൂഹനീഫയുമായി ഖലീഫാ മന്‍സൂര്‍ ഒരു കൂടിക്കാഴ്ച നടത്തി. ഖലീഫ, ഇമാമിനോട് ഒട്ടേറെ കാര്യങ്ങളില്‍ സംശയനിവാരണം നടത്തി. തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ രണ്ടായിരം ദിര്‍ഹമടങ്ങിയ ഒരു കിഴി ഖലീഫ അദ്ദേഹത്തിന് വെച്ചു നീട്ടി. പണക്കിഴി തിരസ്‌കരിച്ചു കൊണ്ട് ഇമാം പറഞ്ഞു: ''എന്റെ അടുക്കല്‍ ഇത് സൂക്ഷിക്കാനുള്ള പെട്ടകമില്ല; ഒളിച്ചു വെക്കാനുള്ള ഇടങ്ങളും. ഇവിടെത്തന്നെ വെക്കുക. ആവശ്യമായി വരുമ്പോള്‍ വന്ന് വാങ്ങിക്കൊള്ളാം!!
'ശരി', ഖലീഫ സമ്മതിച്ചു. ഈ കൂടിക്കാഴ്ചക്കു ശേഷം അല്‍പദിവസം കഴിഞ്ഞ് ഇമാം അബൂഹനീഫ പരലോകം പ്രാപിച്ചു. അപ്പോഴാണ് മന്‍സൂറിനെ ഞെട്ടിച്ച ആ സംഭവം ലോകം അറിഞ്ഞത്. ഇമാമിന്റെ വീട്ടില്‍ എത്രയോ പേരുടെ സ്വത്തുക്കളും അനേകരുടെ വസ്തുക്കളും വിശ്വസിച്ചേല്‍പ്പിച്ചതായുണ്ടായിരുന്നു. അതൊക്കെ സൂക്ഷിക്കാനുള്ള ഇടവും അവിടെ ഉണ്ടായിരുന്നു. ഈ രംഗം കണ്ട് ഖലീഫാ മന്‍സൂര്‍ അത്ഭുതപ്പെട്ടു. അദ്ദേഹം പ്രാര്‍ഥിച്ചു: ''ദൈവമേ, ഇമാം അബൂ ഹനീഫയോട് കാരുണ്യം കാണിച്ചാലും! എന്റെ ഉപഹാരം അദ്ദേഹത്തിന് പഥ്യമായി തോന്നിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അതൃപ്തി പച്ചയായി പുറത്ത് കാട്ടിയുമില്ല. ഉപഹാരം തിരസ്‌കരിക്കുകയും ചെയ്തു.''
കൈയിലുള്ള നാണയത്തുട്ടുകള്‍ തന്റെ ശിഷ്യഗണങ്ങള്‍ക്കും സതീര്‍ഥ്യര്‍ക്കും ചെലവഴിച്ച ഇമാം ഒരിക്കലും ആരില്‍ നിന്നും ഉപഹാരങ്ങളോ സമ്മാനങ്ങളോ സ്വീകരിച്ചതുമില്ല. ആവശ്യക്കാരെ കണ്ടെത്തി അദ്ദേഹം സഹായിച്ചു. നിത്യചെലവിന് വകയില്ലാത്തവര്‍ക്ക് ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.
***
പട്ട് വസ്ത്രങ്ങള്‍ വില്‍ക്കുന്ന വ്യാപാരിയായിരുന്നു ഇമാം. അദ്ദേഹത്തിന്റെ കച്ചവടസ്ഥാപനം അശരണരുടെയും ആലംബഹീനരുടെയും ആശ്രയ കേന്ദ്രമായിരുന്നു. വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ലാഭത്തിന്റെ ഒരു വിഹിതം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും സാധുജന ക്ഷേമത്തിനും അദ്ദേഹം നീക്കിവെക്കും. അത് നല്‍കുമ്പോള്‍ അദ്ദേഹം അവരോട് പറയും: ''ഇതെന്റെ വകയല്ല. കച്ചവടത്തിന്റെ ലാഭത്തില്‍ നിങ്ങളുടെ വിഹിതമാണ്. ഇത് ദൈവം എന്നെ ഏല്‍പ്പിച്ചു. ഞാനത് നല്‍കി. അത്രമാത്രം. അല്ലാഹു നല്‍കിയ വിഭവങ്ങളില്‍ മറ്റാര്‍ക്കും ഒരു പങ്കുമില്ല.''
ഒരിക്കല്‍ ഒരു ചങ്ങാതി ഇമാമിനെ കാണാന്‍ ചെന്നു. അയാള്‍ കീറിപ്പറിഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. ചുറ്റുവട്ടത്തില്‍ നിന്ന് ആളുകളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ തന്റെ ചങ്ങാതിയോട് ഒരു മൂലയിലേക്ക് ചൂണ്ടിക്കൊണ്ട് അവിടെയുള്ള നീളക്കുപ്പായം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതില്‍ ആയിരം വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു. ''ഇതെടുത്തോളൂ, ഇതുകൊണ്ട് നല്ല വസ്ത്രം വാങ്ങി ധരിക്കുക. എന്നിട്ട് അഭിമാനമായി നടക്കൂ.'' ഇമാം അയാളോട് ആവശ്യപ്പെട്ടു.
ചങ്ങാതിയുടെ മറുപടി: ''എനിക്കതിന്റെ ആവശ്യമില്ല. ദൈവം തന്നത് മതി.''
ഇമാം: ''ദൈവം നിനക്ക് കൂടുതല്‍ അനുഗ്രഹം ചൊരിയാന്‍ ഉദ്ദേശിച്ചാലോ? അങ്ങനെ ഔദാര്യം ലഭിച്ചാല്‍ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ കാണുകയും വേണം. റസൂല്‍ തിരുമേനി (സ) പഠിപ്പിച്ചത് നിനക്കറിയില്ലേ?' 'തന്റെ അടിയാറുകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ട് അല്ലാഹു ഏറെ സംപ്രീതനാകും. അതാവട്ടെ നിന്റെ കൂട്ടുകാര്‍ക്ക് സന്തോഷം പകരുകയും ചെയ്യും.'' ഇമാം കൂട്ടിച്ചേര്‍ത്തു.
അബൂഹനീഫയുടെ ഔദാര്യവും ആര്‍ദ്രതയും അറിയപ്പെട്ടതാണ്. തന്റെ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി എത്ര പണം ചെലവഴിക്കുന്നുവോ അത്രയും തുക പാവങ്ങള്‍ക്കും പരമ സാധുക്കള്‍ക്കും അദ്ദേഹം നീക്കിവെക്കും. വീട്ടില്‍ ഒരു പുതിയ ഉടുപ്പ് വാങ്ങിയാല്‍ ഒരു പാവപ്പെട്ടവനും അതേപോലെയൊന്ന് വാങ്ങിക്കും. ആഹാരം കഴിക്കുമ്പോള്‍ തന്റെ ആഹാരത്തില്‍ നിന്ന് ഒരു ഭാഗം സാധുക്കള്‍ക്ക് വേണ്ടി നീക്കിവെക്കും.
***
ഇമാം അബൂഹനീഫയുടെ ബുദ്ധിസാമര്‍ഥ്യത്തിന്റെ മുമ്പില്‍ ആരും തോറ്റുപോകും. ചരിത്രത്തില്‍ പുകള്‍പെറ്റതാണ് അദ്ദേഹത്തിന്റെ യുക്തിചിന്ത. ഇമാം ഒരുകാര്യം പ്രസ്താവിച്ചാല്‍ അതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ടാവുമെന്ന് തീര്‍ച്ച.
കൂഫയില്‍ ഒരു വ്യക്തി ദൈവനിഷേധവും യുക്തിവാദവുമായി ഇറങ്ങിയ വിവരം ഒരു സന്ദര്‍ഭത്തില്‍ ഇമാം അറിഞ്ഞു. ഈ വ്യക്തിയുടെ വാക്ചാതുര്യത്തില്‍ ചിലര്‍ ചെന്ന് പെടുകയും ചെയ്തു. ഹസ്രത്ത് ഉസ്മാന്‍ (റ) യഹൂദിയാണെന്ന് അയാള്‍ വാദിക്കുന്നുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ചിട്ടും ഉസ്മാന്‍ ആ വിശ്വാസം കയ്യൊഴിച്ചിട്ടില്ലായിരുന്നു എന്നാണയാളുടെ ആരോപണം! ജനങ്ങളെ വഴിപിഴപ്പിക്കാനുള്ള ഈ ശ്രമം ശ്രദ്ധയില്‍ പെട്ട ഇമാം പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം യുക്തിവാദിയുടെ വീട്ടിലെത്തി കുശലാന്വേഷണങ്ങള്‍ക്കു ശേഷം പറഞ്ഞു: ''എന്റെ ഒരു സ്‌നേഹിതന്‍ താങ്കളുടെ മകളെ കല്യണം ആലോചിക്കുന്നു.''
''അതിനെന്താ താങ്കള്‍ കൊണ്ടുവന്ന വിവാഹം എന്തു കൊണ്ടും എനിക്ക് സമ്മതമാണ്. ആരാണ് വരന്‍?'' അയാള്‍ ആരാഞ്ഞു.
ഇമാം: ''അവന്‍ എല്ലാ അര്‍ഥത്തിലും തന്റെ സമൂഹത്തില്‍ നന്മ നിറഞ്ഞ വ്യക്തിയാണ്. ഔദാര്യത്തിലും ധര്‍മനിഷ്ഠയിലും മുമ്പനും സല്‍സ്വഭാവത്തില്‍ തന്റെ സമപ്രായക്കാര്‍ക്ക് മാതൃകയുമാണവന്‍. അരോഗ ദൃഢഗാത്രനും വിജ്ഞാനവുമുള്ളവന്‍.''
''താങ്കള്‍ വിവരണം നിര്‍ത്തൂ. വല്ല അമീറുല്‍ മുഅ്മിനീന്റെയും പേരക്കുട്ടിയോ മറ്റോ ആണോ പ്രതിശ്രുത വരന്‍?'' അയാള്‍ ഇടക്ക് കയറി ചോദിച്ചു.
പക്ഷേ അവന് ഒരു കുഴപ്പമുണ്ടെന്നായി ഇമാം.
''ങ്ങും! അതെന്താ?''
''ഈ ചെറുപ്പക്കാരന്‍ യഹൂദിയാണ്.'' ഇമാം പറഞ്ഞു. ഇത് കേട്ടപ്പോള്‍ അയാള്‍ പൊട്ടിത്തെറിച്ചു. ''ഒരു ജൂതന് എന്റെ മകളെ കെട്ടിച്ച് കൊടുക്കുകയോ? പൂര്‍വസൂരികളുടെ എന്ത് മേന്മ നിങ്ങള്‍ പറയുന്ന ആള്‍ക്കുണ്ടെങ്കിലും അത് നടക്കില്ല.''
അപ്പോള്‍ ഇമാം അബൂഹനീഫ സാവകാശം തന്റെ വാള്‍ അയാള്‍ക്ക് നേരെ ഉയര്‍ത്തി. ''ഒരു ജൂതന് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ താന്‍ തയ്യാറല്ലെങ്കില്‍ പിന്നെ റസൂല്‍ തിരുമേനി (സ) തന്റെ രണ്ട് പെണ്‍മക്കളെ നീ ആരോപിക്കുന്ന തരത്തിലുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയോ?'' ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് ഒരു തരം പരിഭ്രാന്തി അനുഭവപ്പെട്ടു. തന്റെ തെറ്റില്‍ അയാള്‍ ഖേദിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അയാള്‍ ഇമാമിനോട് വിലപിച്ചു കൊണ്ടിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top