ആരാമം മാസിക

ജാതി മതഭേദമന്യേ നീതിയും ക്ഷേമവും ഉറപ്പുവരുത്തുക, സാമൂഹിക-സാംസ്‌കാരിക-സദാചാരമേഖലകളില്‍ സ്ത്രീ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, മൂല്യബോധമുള്ള സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കുക- ഇതൊക്കെയായിരുന്നു ഒരു മാസിക തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ പ്രസ്ഥാനം മുന്നില്‍കണ്ട പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ആലപ്പുഴ സ്വദേശിയായ സയ്യിദ് ഹുസൈന്‍ അല്‍ഹാദി ആറ്റക്കോയ തങ്ങളെ ഇവിടെ സ്മരിക്കാതെ വയ്യ. ഒരു മാസികയെന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായത് അദ്ദേഹത്തിലൂടെയായിരുന്നു. അദ്ദേഹം സ്വന്തമായി നടത്തിയിരുന്ന 'ആരാമം' എന്ന പ്രസിദ്ധീകരണം ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിനി വിഭാഗമായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പേരില്‍ അദ്ദേഹം എഴുതിത്തരികയും അങ്ങനെ 1985-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകസംഘടനയായ ജി.ഐ.ഒ വിന്റെ മുഖപത്രമായി 'ആരാമം' കോഴിക്കോട് പിറവിയെടുക്കുകയും ചെയ്തു. ഹലീമാ ബീവിയുടെ പത്രപ്രവര്‍ത്തനത്തെ മാതൃകയാക്കിക്കൊണ്ട് സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ കെ.കെ ഫാത്തിമ സുഹറ എഡിറ്റും കെ. കെ. ശ്രീദേവി സബ്എഡിറ്ററുമായി മാസിക നിലവില്‍ വന്നു. മലയാളത്തിലെ മിക്ക വനിതാപ്രസിദ്ധീകരണങ്ങളിലും പിന്നില്‍ പുരുഷന്മാര്‍ പണിയെടുക്കുമ്പോള്‍ തുടക്കം മുതലേ ആരാമം എഡിറ്റോറിയല്‍ ബോര്‍ഡില്‍ സ്ത്രീകളുടെ സക്രിയ പങ്കാളിത്തം ഉണ്ടായിരുന്നു. കെ.കെ. ശ്രീദേവി, ആശാപോള്‍ ഫൗസിയ മുഹമ്മദ്കുഞ്ഞ്, ആയിശ, ഹംഷീന, റജീന, ഖാസിദ കലാം എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ എഡിറ്റോറിയല്‍ ഡസ്‌കില്‍ പ്രവര്‍ത്തിച്ചവരാണ്.

പി.ടി. അബ്ദുറഹ്മാന്‍ മുന്നൂര്, ഖാദിര്‍ കുട്ടി മരേക്കാട്, ബഷീര്‍ തൊടിയില്‍, എന്‍ എന്‍ ഗഫൂര്‍, അന്‍വര്‍ പാലേരി, ഡോ: അബ്ദുസ്സലാം വാണിയമ്പലം. പി.എ.എം ഹനീഫ് തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ ആരാമം പത്രാധിപ സമിതിക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. കുറഞ്ഞ കാലം പ്രബോധനം, മാധ്യമം എന്നിവയുടെ പത്രാധിപ സമിതിക്ക് കീഴിലും ആരാമം പ്രസിദ്ധീകരിച്ചിരുന്നു. എന്നാലിന്ന് എഡിറ്റര്‍ കെ. കെ ഫാത്തിമ സുഹറ, സബ് എഡിറ്റേഴ്‌സുമാരായ ഫൗസിയ ഷംസ്, ബിഷാറ മുജീബ് ടൈപ്പിംഗ് -ലേഔട്ട് ആര്‍ട്ടിസ്റ്റ് ഷിഫാന എന്നിവരുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായ വനിതാ എഡിറ്റോറിയല്‍ ബോര്‍ഡിനു കീഴിലാണ്.

തീര്‍ത്തും സ്ത്രീകളുടെ കൈകളാല്‍ ഇറങ്ങുന്നു എന്നതിനാല്‍ സങ്കീര്‍ണമായ സ്ത്രീപ്രശ്‌നങ്ങളെ പൊതുമധ്യത്തില്‍ കൊണ്ടുവരാനും സമൂഹത്തിന്റെ സജീവ ചര്‍ച്ചക്ക് വിധേയമാക്കാനും മാസികക്കായിട്ടുണ്ട്. സമൂഹത്തിലെയും സമുദായത്തിലെയും സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളില്‍ സജീവസാന്നിധ്യമാകുമാറ് സ്ത്രീയുടെ സ്വകാര്യപൊതു മണ്ഡലങ്ങളെയും പുരുഷാധികാരത്തിന്റെ വിന്യാസങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങളും ചര്‍ച്ചകളും അഭിമുഖങ്ങളും ഇതിലൂടെ വെളിച്ചം കണ്ടു.

കാലിക മാമൂലുകളുടെ മറ ഭേദിക്കാനും സ്ത്രീസ്വത്വത്തിന്റെ വെളിച്ചവും വിശാലതയും ബോധ്യപ്പെടുത്താനും ശ്രമിച്ച 'ആരാമം' പുതിയ കാലത്ത് ഉറകുത്തിക്കൊണ്ടിരിക്കുന്ന 'കുടുംബം' എന്ന മഹത്തായ സ്ഥാപനത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. പ്രമുഖ എഴുത്തുകാരികള്‍ ആരാമത്തിന്റെ താളുകളിലൂടെ വായനക്കാര്‍ക്ക് സുപരിചിതരായതുപോലെ കാമ്പസുകള്‍ക്കും പുതിയ എഴുത്തുകാരികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രചോദനം നല്‍കി സ്ത്രീ എഴുത്തുകാരികളെ വളര്‍ത്തിക്കൊണ്ടുവരുവാനും ശ്രമിക്കുന്നു.

വിജ്ഞാനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഖുര്‍ആന്‍- ഹദീസ് പംക്തികള്‍, മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുന്ന ലേഖനങ്ങള്‍, സദാചാര ധാര്‍മിക മേഖലക്ക് ഊന്നല്‍കൊടുത്തുകൊണ്ട് തന്നെ പൊതുഇടങ്ങളെ സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാനും ശാക്തീകരിക്കാനുമുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ എന്നിവ ആരാമത്തിന്റെ താളുകളിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

ഇസ്‌ലാം സ്ത്രീക്കുനല്‍കുന്ന അവകാശങ്ങളെ കുറിച്ച് ബോധവതികളാക്കുകയും നാട്ടാചാരങ്ങളാലും ശീലങ്ങളാലും സ്തീത്വത്തിനുമേല്‍ കെട്ടിയടക്കപ്പെട്ട തുറസ്സുകളെ പരിചയപ്പെടുത്തി ഇസ്‌ലാമികമായ സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബത്തെയും സമൂഹത്തെയും സ്ത്രീത്വത്തെയും ധന്യമാക്കുക എന്നതാണ് ആരാമം ഏറ്റെടുത്ത വലിയ കാര്യം. അത്തരമൊരു ലക്ഷ്യത്തോടെയാണ് പൂര്‍ണമായും വനിതാ നിയന്ത്രണത്തില്‍ ഇറങ്ങുന്ന ആരാമത്തിന്റെ ഓരോ മാസത്തെയും താളുകള്‍ വായനക്കാരിലേക്കെത്തുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top